ppf

ദായനികുതി ആനുകൂല്യംകൂടി ലക്ഷ്യമിട്ട് 2003-04 സാമ്പത്തിക വര്‍ഷത്തിലാണ് ആലുവ സ്വദേശിയായ അരവിന്ദ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം തുടങ്ങിയത്.

നികുതി ആനുകൂല്യം ലഭിക്കുന്നതിന്, 80 സി പ്രകാരം കിഴിവിന് അര്‍ഹമായ മുഴുവന്‍ തുകയും (ആനുകൂല്യത്തിന് അര്‍ഹമായ പരമാവധി തുക 2003 മുതല്‍ 2014വരെ ഒരു ലക്ഷം രൂപയായിരുന്നു. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് 1.50ലക്ഷമായി ഉയര്‍ത്തി) എല്ലാവര്‍ഷവും മുടങ്ങാതെ അരവിന്ദ് നിക്ഷേപിച്ചു. 

ഒറ്റനോട്ടത്തില്‍

  1. നികുതിയിളവിനുള്ള പരമ്പരാഗത നിക്ഷേപ പദ്ധതിയാണ് പിപിഎഫ്
  2. മൂന്ന് മാസത്തിലൊരിക്കാലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുക. കാലാവധിയെത്തുംമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.
  3. എന്‍പിഎസുമായി താരതമ്യം ചെയ്യുമ്പോള്‍ പദ്ധതി ആകര്‍ഷകമല്ല(എന്‍പിഎസിനെക്കുറിച്ച് മറ്റൊരു പാഠത്തില്‍ വിശദമാക്കാം).  
  4. ​നിലവിലെ പലിശനിരക്ക് പ്രകാരം പദ്ധതി ആകര്‍ഷകമല്ല. പലിശ നിരക്കുകള്‍ കുറയാന്‍ ഇനിയും സാധ്യതയുമുണ്ട്. 

മാറ്റങ്ങള്‍:
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ഷത്തിലൊരിക്കലായിരുന്നു നേരത്തെ പരിഷ്‌കരിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നേട്ടവുമായി ബന്ധപ്പെടുത്തി മൂന്ന് മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്ന രീതി ഈയിടെയാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ സെക്യൂരിറ്റിയില്‍നിന്നുള്ള ആദായത്തേക്കാള്‍ 0.25 ശതമാനം അധികം പലിശയാണ് പിപിഎഫിന് നല്‍കിവരുന്നത്.  2015-16 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്ന പലിശ 2016 ഏപ്രില്‍ മുതല്‍ 8.1ശതമാനമാക്കി കുറച്ചു.  

പ്രത്യേകതകള്‍:
യോഗ്യത: ഇന്ത്യന്‍ പൗരനാകണം.

വയസ്സ്: അക്കൗണ്ട് തുടങ്ങാന്‍ നിശ്ചിത വയസ്സ് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെപേരില്‍ രക്ഷാകര്‍ത്താവിന് അക്കൗണ്ട് തുടങ്ങാം. കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷംതന്നെ അക്കൗണ്ട് തുടങ്ങുന്നതാണ് ഉചിതം. ജന്മദിനത്തിലോ മറ്റ് ആഘോഷ വേളകളിലെ നിശ്ചിതതുക നിക്ഷേപിച്ചാല്‍ ഭാവിയില്‍ കുട്ടിയുടെ ആവശ്യത്തിന് തുക ഉപകരിക്കും(അരവിന്ദിനെ മാതൃകയാക്കാം). കുട്ടിയുടെ പേരിലുള്ള നിക്ഷേപത്തിന് മാതാപിതാക്കള്‍ക്ക് നികുതിയിളവ് ലഭിക്കും. നോമിനേഷന്‍ സൗകര്യമുണ്ട്.

നിക്ഷേപം: ഏറ്റവും കുറഞ്ഞത് പ്രതിവര്‍ഷം 500 രൂപ. കൂടിയത് പ്രതിവര്‍ഷം 1.50 ലക്ഷം രൂപ. വര്‍ഷത്തല്‍ പരമാവധി 12 തവണയായി നിക്ഷേപിക്കാന്‍ അവസരമുണ്ട്. 

പലിശ: 8.10 ശതമാനം വാര്‍ഷിക പലിശ.

കാലാവധി: 15 വര്‍ഷം. കാലാവധി പൂര്‍ത്തിയായാല്‍ അഞ്ച് വര്‍ഷംകൂടി നീട്ടാന്‍ അവസരമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഫലത്തില്‍ 16 വര്‍ഷമെടുക്കും കാലാവധി പൂര്‍ത്തിയാകാന്‍. പതിനേഴാം വര്‍ഷത്തിന്റെ ആദ്യദിനത്തിലാണ് പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുക. 

കാലാവധി പൂര്‍ത്തിയാകാന്‍ ഇനി രണ്ടുവര്‍ഷംകൂടി നിക്ഷേപിക്കണം. അങ്ങനെയെങ്കില്‍ 2019ല്‍ അരവിന്ദിന് ലഭിക്കുക 36.50 ലക്ഷം രൂപ. തുക മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് അരവിന്ദ്. 

16 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപയാണ് അരവിന്ദ് അടച്ചിട്ടുണ്ടാകുക. നേട്ടംമാത്രം ശരാശരി 16.50 ലക്ഷം രൂപ. ഇതിനു പുറമെയാണ് 80 സിപ്രകാരം നിക്ഷേപിച്ചയുടനെ ലഭിച്ച നികുതിയിളവ്. 

ഇങ്ങനെ പ്രതിവര്‍ഷം ലാഭിക്കുന്ന 10,000 രൂപ സഹകരണ ബാങ്കിലോ മറ്റോ 9 ശതമാനം പലിശ നിരക്കില്‍ 16 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാല്‍ ശരാശരി 4.20 ലക്ഷം രൂപയുടെ അധികനേട്ടവും ലഭിക്കും. ഇതുപ്രകാരം നിക്ഷേപകന് ലഭിക്കുന്ന മൊത്തം തുക 40.70 ലക്ഷം രൂപ. നിക്ഷേപിച്ചതാകട്ടെ 20 ലക്ഷം രൂപയും. ഫലത്തില്‍ ഇരട്ടിയിലേറെ നേട്ടം.

ജോലിക്കാര്‍ക്ക് മാത്രമല്ല, ആര്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം
പൊതുജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുളള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 1968 ജൂലായ് ഒന്നിനാണ് പദ്ധതി നിലവില്‍വന്നത്. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വയസ്സുകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പദ്ധതിയില്‍ നിക്ഷേപിക്കുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും ആദായനികുതി ഇളവുകളുണ്ട്. ഓരോ വര്‍ഷവും നിക്ഷേപിക്കുന്ന 1.50 ലക്ഷം രൂപയ്ക്കുവരെയാണ് നികുതിയിളവ് ലഭിക്കുക. 

മുലധന സുരക്ഷ
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയായതിനാല്‍ നഷ്ടസാധ്യത തീരെയില്ല. റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് മികച്ച നിക്ഷേപ പദ്ധതിയാണിത്. കോടതിക്കുപോലും നിക്ഷേപതുക കണ്ടുകെട്ടാനാവില്ല. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുമായി ബന്ധപ്പെട്ടാണ് പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത്. 

പണംപിന്‍വലിക്കല്‍
ഉന്നത വിദ്യാഭ്യാസത്തിനോ, ചികിത്സാ ആവശ്യങ്ങള്‍ക്കോ പിപിഎഫിലെ നിക്ഷേപം കാലാവധിയെത്തുംമുമ്പ് പിന്‍വലിക്കാം. നിക്ഷേപം തുടങ്ങി അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിനുശേഷംമാത്രമെ ഇങ്ങനെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കൂ. 

15 വര്‍ഷകാലാവധിയുള്ള നിക്ഷേപമാണെങ്കിലും മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ വായ്പ എടുക്കാം. ഓരോ സാമ്പത്തികവര്‍ഷവും അക്കൗണ്ടില്‍ അവശേഷിക്കുന്ന മൊത്തംതുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. 36 മാസംകൊണ്ട് പലിശസഹിതം വായ്പതുക തിരിച്ചടയ്ക്കണം. പലതവണയായോ ഒറ്റത്തവണയായോ തിരിച്ചടയ്ക്കാം. 2011 ഡിസംബര്‍ ഒന്നിനുമുമ്പ് ഒരുശതമാനമായിരുന്നു പലിശയെങ്കില്‍ നിലവില്‍ ഇത് രണ്ട് ശതമാനമാണ്. 

അക്കൗണ്ട് തുടങ്ങി നാല് വര്‍ഷത്തിനുശേഷമാണ് പണംപിന്‍വലിക്കുന്നതെങ്കില്‍ സാമ്പത്തികവര്‍ഷം പരമാവധി പിന്‍വലിക്കാവുന്ന തുക അക്കൗണ്ടില്‍ അവശേഷിക്കുന്ന മൊത്തംതുകയുടെ 50 ശതമാനമാണ്. ഉദാഹരണത്തിന്, 2010-2011 സാമ്പത്തിക വര്‍ഷത്തിലാണ് അക്കൗണ്ട് തുടങ്ങിയതെങ്കില്‍ 2016-17 സാമ്പത്തികവര്‍ഷത്തില്‍ 50 ശതമാനംതുക പിന്‍വലിക്കാം. അതായത്, 2013 മാര്‍ച്ച് 31നോ, 2016 മാര്‍ച്ച് 31നോ അക്കൗണ്ടിലുള്ള തുക(മേല്‍പ്പറഞ്ഞ തിയതികളില്‍ ഏറ്റവും കുറവ് തുക എപ്പോഴാണോ ഉള്ളത് ആതുക)യുടെ 50 ശതമാനമാണ് ഓരോ വര്‍ഷവും പിന്‍വലിക്കാന്‍ അനുവദിക്കുക.

ട്രാന്‍സ്ഫര്‍ സൗകര്യം
ഒരു പോസ്റ്റ് ഓഫീസില്‍നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്‌ക്കോ ബാങ്കിലേയ്‌ക്കോ അല്ലെങ്കില്‍ മറിച്ചോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. 

ppf table

നികുതിയിളവ്
80 സി പ്രകാരം 1.50 ലക്ഷംവരെയുള്ള വാര്‍ഷിക നിക്ഷേപത്തിന് ആദായനികുതി ആനുകൂല്യം ലഭിക്കും. പിന്‍വലിക്കുമ്പോഴുള്ള തുകയ്ക്ക് മൂലധനനേട്ട നികുതിയോ സ്വത്തുനികുതിയോ ബാധകമല്ല.

അക്കൗണ്ട് എവിടെ തുടങ്ങാം?
* പോസ്റ്റ് ഓഫീസുകള്‍
*എസ്ബിഐ-എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകള്‍(ഉദാ: എസ്ബിടി).
*പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകള്‍.
*സ്വകാര്യ ബാങ്കുകള്‍(ഉദാ: ഐസിഐസിഐ)

എങ്ങനെ തുടങ്ങാം?
*അപേക്ഷ ഫോം.

ppf table
2016 ഏപ്രിലില്‍ പലിശ നിരക്ക്
8.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അത്പ്രകാരം ടേബിളില്‍ നല്‍കിയിട്ടുള്ള
നേട്ടത്തില്‍ നേരിയ കുറവുണ്ടാകും.

*രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
*തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും(പാസ് പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ).
*പാന്‍ ഇല്ലെങ്കില്‍ ഫോം നമ്പര്‍ 60 അല്ലെങ്കില്‍ ഫോം നമ്പര്‍ 61-ല്‍ സത്യപ്രസ്താവന നല്‍കണം.
*അക്കൗണ്ട് തുടങ്ങുന്ന സമയത്ത് പരിശോധനയ്ക്കായി യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണം.
*നോമിനിയെ തീരുമാനിക്കണം. സാക്ഷി ഒപ്പിടുകയും വേണം.

ഓണ്‍ലൈന്‍ വഴി
എസ്ബിഐ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ ഓണ്‍ലൈന്‍വഴി അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് വഴി ഈ സൗകര്യം നിലവില്‍ ലഭ്യമല്ല.

feedbacks to:
antonycdavis@gmail.com

പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍
പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ പിപിഎഫിലെ നിക്ഷേപം ആകര്‍ഷകമല്ല. നിലവില്‍ 8.10 ശതമാനമാണ് പലിശനിരക്ക്. പണപ്പെരുപ്പനിരക്ക് പലിശനിരക്കില്‍നിന്ന് കുറവ് ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ് യഥാര്‍ത്ഥനേട്ടം. അതായത് പലിശനിരക്ക് 8.10 ശതമാനവും പണപ്പെരുപ്പനിരക്ക് 7 ശതമാനവുമാണെങ്കില്‍ ലഭിക്കുന്ന നേട്ടം 1.10 ശതമാനംമാത്രമാണെന്ന് ചുരുക്കം.