ncd

50 രൂപ നിക്ഷേപിച്ച് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍,  10 ലക്ഷം നിക്ഷേപിച്ച് 34 ലക്ഷം നേടാം, ബാങ്കില്‍ നിക്ഷേപിച്ച് 10 ശതമാനം നേട്ടമുണ്ടാക്കാം- എന്നൊക്കെ എഴുതി വായനക്കാരെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തിക്കൂടെയെന്ന് വിമര്‍ശിച്ച്‌ അങ്കമാലിയില്‍നിന്ന് ആനന്ദക്കുട്ടന്റെ ഇ-മെയില്‍ ലഭിച്ചത് ഈയിടെയാണ്. 

മലയാളികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് മികച്ച നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടുത്തുകയെന്നതാണ് ഈ പംക്തിയുടെ ലക്ഷ്യം.  എത്രയെഴുതിയാലും അതിനെ വിശകലന മനോഭാവത്തോടെ സമീപിക്കാതെ കണ്ണുമടച്ച് അധിക്ഷേപിക്കുന്ന രീതിയിലാണ് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പലതും. നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള അജ്ഞത അത്രകണ്ട് വലുതാണെന്ന് ആശങ്കപ്പെടുകയേ നിവൃത്തിയുള്ളൂ. 

ഏതായാലും നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടുത്തുന്നത് തുടരട്ടെ. മലയാളിക്ക് നിക്ഷേപമെന്നാല്‍ ബാങ്ക് എഫ്ഡിയാണെന്ന ചിന്ത വ്യാപകമായുള്ള നിലയ്ക്ക് (ഓഹരിയും ഓഹരി അധിഷ്ടിത പദ്ധതികളും മലയാളിക്ക് ചൂതാട്ടമാണല്ലോ!) താരമ്യേന സുരക്ഷിതമായ മറ്റൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. 

10 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷംകൊണ്ട് 17 ലക്ഷം നേടാവുന്ന പദ്ധതി. നേട്ടം 12 ശതമാനവും!

കൂടുതല്‍ നേട്ടമുണ്ടാക്കാന്‍

10 ലക്ഷം രൂപ കടപ്പത്രത്തില്‍ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, 9.5 ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് പ്രതിമാസം ലഭിക്കുക 7916 രൂപയാണ് പലിശ ലഭിക്കുക(വാര്‍ഷിക പലിശയാണെങ്കില്‍ 95,000 രൂപയും). ഈ തുക പ്രതിമാസ എസ്‌ഐപിയായി മികച്ച ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കാം. 

അതായത് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രതിമാസം 7916 രൂപവീതം ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടായ ബിര്‍ള സണ്‍ലൈഫ് ഷോര്‍ട്ട് ടേം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ നിലവിലെ നിരക്ക് പ്രകാരം ലഭിക്കുക 6.11 ലക്ഷം രൂപയാണ്. നിക്ഷേപിച്ചതാകട്ടെ 4.74 ലക്ഷം രൂപയും. ലഭിച്ച റിട്ടേണ്‍ 10.36 ശതമാനം. അഞ്ച് വര്‍ഷ കാലാവധിയെത്തുമ്പോള്‍ കടപ്പത്രത്തിലെ നിക്ഷേപ തുകയായ 10 ലക്ഷം രൂപ തിരിച്ചുകിട്ടുകയുംചെയ്യും. അതായത് 16.11 ലക്ഷം രൂപയാണ് മൊത്തം ലഭിക്കുക. അതിനിടെ പണത്തിന് ആവശ്യംവന്നാല്‍ എസ്‌ഐപി നിര്‍ത്തുകയോ നിലവിലുള്ള ഫണ്ടില്‍നിന്ന് ഭാഗികമായോ പൂര്‍ണമായോ നിക്ഷേപം പിന്‍വലിക്കുകയോ ചെയ്യാം. 

ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍

പ്രതിമാസം 7196 രൂപ നിരക്കില്‍ ടാറ്റ ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ, നിലവിലെ നേട്ടപ്രകാരം നിങ്ങള്‍ക്ക് ലഭിക്കുക 7.65 ലക്ഷം രൂപയാണ്. മൊത്തം നിക്ഷേപിച്ചതാകട്ടെ, 4.74 ലക്ഷം രൂപയും. അതായത് നേട്ടം 19.77 ശതമാനവും. 

അഞ്ച് വര്‍ഷ കാലാവധിയില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപകൂടിചേര്‍ത്താല്‍ മൊത്തം ലഭിക്കുക 17.65 ലക്ഷം രൂപ. മൊത്തം നേട്ടം 12 ശതമാനവും

എന്‍സിഡിയെന്നാല്‍
ബിസിനസ് വിപുലീകരിക്കുന്നതിനുവേണ്ടി പൊതുജനങ്ങളില്‍നിന്ന് വായ്പ എടുക്കുന്നതിന് കമ്പനികള്‍ക്കുള്ള മാര്‍ഗമാണ് കടപ്പത്രമിറക്കല്‍. പണം ആവശ്യമായിവരുമ്പോള്‍ മൊത്തം ഒരുതുക നിശ്ചയിച്ച് അതിനെ നിശ്ചിത വിലയ്ക്കുള്ള കടപ്പത്രങ്ങളായി വിഭജിച്ച്  അവ വിറ്റ് പണം ശേഖരിക്കുന്നു. നിശ്ചിത പലിശ അതിന് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. 

സ്ഥിര നിക്ഷേപ പദ്ധതികളുടെയെല്ലാം പലിശ നിരക്കുകള്‍ താഴുമ്പോള്‍ നിക്ഷേപകന് അല്പമെങ്കിലും കൂടുതല്‍ നേട്ടം സ്വകാര്യമേഖലയിലെ നിക്ഷേപ പദ്ധതികളില്‍നിന്നാണ് ലഭിക്കുക. പലിശ വരുമാനത്തില്‍ രണ്ടുശതമാനംവരെ കൂടുതല്‍ നേട്ടം നല്‍കുന്നവയാണ് നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറു(എന്‍സിഡി)കള്‍. 

കോര്‍പ്പറേറ്റ് എഫ്ഡികളെപ്പോലെതന്നെ നിശ്ചിത കാലാവധിയില്‍ പുറത്തിറക്കുന്നവയാണ് എന്‍സിഡികള്‍. സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയുന്നത് തുടര്‍ക്കഥയായതിനാല്‍ അടുത്തകാലത്ത്‌ പുറത്തിറക്കിയ എന്‍എസ്ഡികളെല്ലാം ചൂടപ്പംപോലെയാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. 

ഈയിടെ പുറത്തിറക്കിയ എഡല്‍വെയ്‌സ് ഹൗസിങിന്റെ എന്‍സിഡി ഒരൊറ്റദിവസംകൊണ്ടാണ് ലക്ഷ്യംകണ്ടത്. കോര്‍പ്പറേറ്റ് എഫ്ഡികള്‍ക്ക് നല്‍കുന്നതിനേക്കാള്‍  രണ്ടോ മൂന്നോ ശതമാനം അധിക പലിശയാണ് എന്‍സിഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 

500 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 9.57 ശതമാനം പലിശ നിരക്കിലാണ് ഏഡല്‍വെയ്‌സ് എന്‍സിഡി പുറത്തിറക്കിയത്. മാസംതോറുമുള്ള പലിശയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 120 മാസത്തെ നിക്ഷേപത്തിന് വര്‍ഷത്തിലൊരിക്കല്‍ പലിശ ആവശ്യമുള്ളവര്‍ക്ക് പത്ത് ശതമാനമാണ് ലഭിക്കുന്ന നേട്ടം.  

മൂന്ന് വര്‍ഷകാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്നത് ശരാശരി ഏഴ് ശതമാനം(എസ്ബിഐ) പലിശയാണ്. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള നേട്ടമാകട്ടെ 7.31 ശതമാനവുമാണ്. 

ബാങ്ക് പലിശയും സര്‍ക്കാര്‍ ബോണ്ടുകളില്‍നിന്നുള്ള നേട്ടവും കുറയുന്നതിനനുസരിച്ച് എന്‍സിഡികളിലും നേട്ടത്തിന്റെ നിരക്കുകളിലും വ്യതിയാനംവരും. എങ്കിലും രണ്ടുമുതല്‍ മൂന്ന് ശതമാനംവരെ അധികനേട്ടം ഇവ വാഗ്ദാനം ചെയ്യാറുണ്ട്. 

നികുതി ബാധ്യത
കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് യാതൊരു നികുതി ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് ഓര്‍ക്കുക. അതുപ്രകാരം 9.5 ശതമാനം പലിശ ലഭിക്കുന്ന എന്‍സിഡിക്ക് പത്ത് ശതമാനം ടാക്‌സ് സ്ലാബിലുള്ളവര്‍ക്ക് ആദായ നികുതി നല്‍കിയാല്‍ ലഭിക്കുക 8.55 ശതമാനം നേട്ടമാണ്. 20 ശതമാനം നികുതി സ്ലാബിലുള്ളവര്‍ക്കാകട്ടെ 7.6 ശതമാനമാകുംം നികുതികിഴിച്ചുള്ള ആദായം.

പണമാക്കല്‍
കോര്‍പ്പറേറ്റ് എഫ്ഡികളെ അപേക്ഷിച്ച് എന്‍സിഡികള്‍ പണമാക്കാന്‍ എളുപ്പമാണ്. സ്‌റ്റോക്ക് എക്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ അത്യാവശ്യംവന്നാല്‍ അന്നത്തെ വിലയ്ക്ക് വിറ്റ് പണംനേടാനുള്ള അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ മൊത്തം ലഭിക്കുന്ന ആദായത്തെ അത് ബാധിച്ചേക്കാം. 

ദ്വിതീയ വിപണി 
ദ്വിതീയ വിപണിയില്‍നിന്ന് കടപ്പത്രം വാങ്ങണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. സ്റ്റോക്ക് എക്‌സചേഞ്ചില്‍നിന്നാണ് വാങ്ങുന്നതെങ്കില്‍ ടിഡിഎസ് കിഴിവ് ചെയ്യില്ലെന്ന നേട്ടവുമുണ്ട്. സര്‍ട്ടിഫിക്കറ്റ് രൂപത്തിലാണെങ്കില്‍, വാര്‍ഷിക പലിശ 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് കിഴിവ് ചെയ്തശേഷമാകും തുക ലഭിക്കുക. ബാങ്കുകളുടെയും കമ്പനികളുടെയും സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയുമ്പോള്‍ ദ്വിതീയ വിപണിയിലെ കടപ്പത്രങ്ങളുടെ ഇടപാട് ആകര്‍ഷകമാകും. 

കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന നേട്ടം കൃത്യമായി കണക്കാക്കിവേണം സ്റ്റോക്ക് എക്‌സചേഞ്ച് വഴി ഇടപാട് നടത്താന്‍. യൂണിറ്റ് വിലയും കാലാവധിയും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന പലിശയും കണക്കാക്കി നേട്ടം എത്രലഭിക്കുമെന്ന് വിലയിരുത്താം. ഇങ്ങനെ വാങ്ങുന്നവര്‍ കാലാവധി എത്തുന്നതുവരെ കടപ്പത്രം കൈവശം സൂക്ഷിക്കേണ്ടിയുംവരും. ഇടയ്ക്ക് അനായസേന പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണിത്.

മ്യൂച്വല്‍ ഫണ്ട് വഴിയും നിക്ഷേപിക്കാം
നേരിട്ട് നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണംനേടാം. ഏത് സമയത്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നമെച്ചവും ഫണ്ട് നിക്ഷേപത്തിനുണ്ട്. ചെറിയ തുകയ്ക്കുപോലും നിക്ഷേപം നടത്തുകയുമാകാം(മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് പിന്നീട് വിശദമാക്കുന്നതാണ്).

താരതമ്യം
 
Debt Fund Balanced Fund
Fund Birla SL Short Term Opportunities Tata Balanced
SIP Amount 7196 7196
Duration 5Year 5Year
Investment 4.74Lakh 4.74Lakh
Return(Rs) 6.11Lakh 7.65Lakh
Return(%) 10.36 19.77
നിക്ഷേപിച്ച കാലാവധി: 2011 സപ്തംബര്‍ 1 മുതല്‍ 2016 ആഗസ്ത് 1വരെ
Return as on 1 Aug, 2016
 

റേറ്റിങ് പ്രധാനം
ബാങ്കില്‍ നിക്ഷേപിക്കുന്ന തുക താരതമ്യേന സുരക്ഷിതമായാണ് കുരുതന്നത്. എന്നാല്‍ അത്തരത്തില്‍ നിക്ഷേപം തിരിച്ചുലഭിക്കുമെന്ന ഒരുഉറപ്പും കമ്പനികള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക.  റേറ്റിങ് ഏജന്‍സികള്‍ മികച്ച റേറ്റിങ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ക്രിസില്‍, കെയര്‍, ഐസിആര്‍എ, ഫിച്ച് തുടങ്ങിയ ഏജന്‍സികളാണ് കമ്പനികളുടെ സാമ്പത്തിക നില പരിശോധിച്ച് റേറ്റിങ് നല്‍കുന്നത്. ട്രിപ്പിള്‍-എ ആണ് ഏറ്റവും ഉയര്‍ന്ന റേറ്റിങ്. ഡബിള്‍ എയും മികച്ചതായി പരിഗണിക്കുന്നു. 

ആര്‍ക്കാണ് യോജിച്ചത്
ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്ഥിര നിക്ഷേപ പദ്ധതികള്‍ തേടുന്നവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. അഞ്ച് വര്‍ഷത്തിനുമുകളിലെങ്കിലും നിക്ഷേപം കൈവശംവെയ്‌ക്കേണ്ടിവരും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. ബാങ്ക് നിക്ഷേപത്തേക്കാള്‍ രണ്ടോ മൂന്നോ ശതമാനം പലിശ കൂടുതല്‍  ലഭിക്കുമെന്നതാണ് ആകര്‍ഷകം.
  2. നഷ്ടസാധ്യത കൂടുതലാണ്. നിക്ഷേപതുകയും പലിശയും തിരികെ ലഭിക്കുമെന്നതിന് പൂര്‍ണമായ ഉറപ്പില്ല.
  3. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കില്‍ കമ്പനിയുടെ ആസ്തിയിലും മറ്റും നിക്ഷേപകന് അവകാശം ഉന്നയിക്കാനാവില്ല.
  4. സാമ്പത്തിക വര്‍ഷം 5000 രൂപയ്ക്കുമുകളിലുള്ള പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. നികുതി ഒഴിവിന് അര്‍ഹതയുള്ളവര്‍ക്ക് ഫോം 15 ജി/എച്ച് നല്‍കി ഒഴിവ് നേടാം.
  5. കാലാവധിക്കുമുമ്പ് പിന്‍വലിക്കാനോ നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കാനോ സൗകര്യമില്ല.
  6. നഷ്ടസാധ്യത കുറയ്ക്കാന്‍ ഒരു കമ്പനിയില്‍മാത്രം നിക്ഷേപിക്കാതെ മികച്ച റേറ്റിങ് ഉള്ള വിവിധ കമ്പനികളില്‍ നിക്ഷേപം നടത്താം.
  7. ഉയര്‍ന്ന പലിശ നിരക്ക് നിലവിലുള്ളപ്പോള്‍ ഉയര്‍ന്ന കാലാവധിയും കുറഞ്ഞ പലിശ നിരക്കുള്ള സമയത്ത് ഹ്രസ്വകാലാവധിയിലും നിക്ഷേപം നടത്തുക. 

feedbacks to:
antonycdavis@gmail.com

എവിടെ ലഭിക്കും?
ഐപിഒ പോലെതന്നെ ലക്ഷ്യ തുക നിശ്ചയിച്ച് നിശ്ചിത കാലപരിധിയിലാണ് എന്‍സിഡികള്‍ക്ക് അപേക്ഷ സ്വീകരിക്കുക. ഈ സമയത്ത് ബാങ്കുകള്‍, ബ്രോക്കര്‍മാര്‍ എന്നിവ വഴി അപേക്ഷ നല്‍കാം. ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് ദ്വിതീയ വിപണിവഴി എപ്പോള്‍ വേണമെങ്കിലും കടപ്പത്രങ്ങള്‍ വാങ്ങാനുള്ള അവസരമുണ്ട്.