സ്വന്തം പേരിൽ ഒന്നിലേറെ വീടുകൾ, ആവശ്യത്തിലധികം കാറുകൾ, ഏക്കറുകണക്കിന് സ്ഥലം. എന്നാൽ, അത്യാവശ്യം വന്നപ്പോൾ 10,000 രൂപ തികച്ചെടുക്കാനില്ല കൈയിൽ. ഇതാണ് നല്ലൊരു പങ്ക് മലയാളിയുടെയും അവസ്ഥ. സ്ഥലവും സ്വർണവുമായി കോടികളുടെ ആസ്തിയുള്ളവരുടെ കൈയിൽപ്പോലും സാമ്പത്തികാവശ്യങ്ങൾക്ക് റെഡി കാഷാക്കി മാറ്റാൻ പറ്റുന്ന തുക വളരെ കുറവായിരിക്കും. 

ലിക്വിഡ് മണി തന്നെ ശരണം
 വർഷങ്ങളോളം ഗൾഫിലായിരുന്ന ഒരു പ്രവാസി മലയാളി പ്രായമായതോടെ സമാധാന ജീവിതം ആഗ്രഹിച്ചാണ് ജോലി നിർത്തി നാട്ടിലെത്തിയത്.  കേരളത്തിൽ പലയിടത്തായി ഭൂമി വാങ്ങിച്ചതും സ്വർണ നിക്ഷേപവുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾ. എന്നാൽ ജോലി മതിയാക്കി നാട്ടിലെത്തിയതോടെ സ്ഥിര വരുമാനം ഇല്ലാതായി.

 ദൈനംദിന കാര്യങ്ങൾ പോലും അവതാളത്തിലാകുമെന്ന അവസ്ഥയിൽ കടം വാങ്ങിക്കുകയോ, ലോൺ എടുക്കുകയോ അല്ലാതെ  വഴിയില്ലാതെ വന്നു. മാസ വരുമാനത്തിനായി ജോലി നോക്കേണ്ട അവസ്ഥയിലുമെത്തി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ പുതിയതല്ല. സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ റെഡി കാഷാക്കി പെട്ടെന്നു മാറ്റാവുന്ന നിക്ഷേപങ്ങൾ അല്ലെങ്കിൽ സമ്പാദ്യ പദ്ധതികൾ മലയാളികൾക്ക് അത്ര പരിചിതമല്ലെന്നു ചുരുക്കം.
 
കൈയിൽ കരുതണം ലിക്വിഡ് മണി
 ബാങ്ക് അക്കൗണ്ട്, ചെക്കുകൾ എന്നിവ മുഖേന മാറാവുന്ന പണം, നിശ്ചിത കാലയളവിലേക്കുള്ള വാഗ്ദാന പത്രങ്ങൾ, ട്രഷറി ബില്ലുകൾ, സർക്കാർ ഉടമ്പടികൾ തുടങ്ങിയവയെല്ലാം ലിക്വിഡ് മണിയാണ്. അതുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളിൽ തുക പിൻവലിച്ച് ഉപയോഗിക്കാം. മാത്രമല്ല, മണി മാർക്കറ്റ് ഫണ്ട് സ്റ്റോക്സ്, ബോണ്ട്‌സ്, മ്യൂച്വൽ ഫണ്ട്‌സ് ഇത്തരം നിക്ഷേപങ്ങളും ലിക്വിഡ് അസറ്റ്‌സ് ആണ്. ഇത്തരം സമ്പാദ്യങ്ങൾ കാഷാക്കി മാറ്റി കൈയിലെത്താൻ കാലതാമസം വേണ്ടിവരില്ല. സാമ്പത്തിക ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം.
 
നിക്ഷേപമെന്നാൽ റിയൽ എസ്റ്റേറ്റ് മാത്രമല്ല
 റിയൽ എസ്റ്റേറ്റ്, സ്വർണം എന്നീ നിക്ഷേപങ്ങൾ മാത്രമാണ് ഭൂരിഭാഗം മലയാളികൾക്കും പരിചയമുള്ളത്. കൈയിലുള്ള പണം ചെലവായിപ്പോകേണ്ടെന്നു കരുതി സ്ഥലവും സ്വർണവും വാങ്ങുന്നവരാണ് കൂടുതലും. എന്നാൽ, റിയൽ എസ്റ്റേറ്റിലും സ്വർണത്തിലും മാത്രമാണ് നിങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുന്നതെങ്കിൽ, അത്യാവശ്യം വരുമ്പോൾ പണമുണ്ടാകില്ലെന്ന വസ്തുത പലർക്കും അറിയില്ല.

കാരണം ആശുപത്രി ചെലവോ, മക്കളുടെ വിദ്യാഭ്യാസ ആവശ്യമോ, അങ്ങനെ ഓർക്കാപ്പുറത്ത് പണത്തിന് ആവശ്യം വരുമ്പോഴാണ് പലരും ലിക്വിഡ് കാഷ് ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കുക. ഒരു സ്ഥലം വിൽക്കണമെങ്കിൽ, കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും. അത്യാവശ്യ ഘട്ടത്തിൽ ചിലപ്പോൾ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടതായും വരും. 

വീടുകൾ സുരക്ഷിത നിക്ഷേപമോ
 വീട് വാങ്ങിക്കൂട്ടുന്നതിലും പുതിയത് നിർമിക്കുന്നതിലും താത്പര്യമുള്ളവരാണ് പൊതുവെ മലയാളികൾ. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വീട് നിർമാണത്തിനായി ചെലവഴിക്കുന്നവരുമുണ്ട്. എന്നാൽ വീട് ഒരു ഫിനാൻഷ്യൽ അസെറ്റ് അല്ലെന്നത് പണി തീർന്ന് താമസിച്ചു തുടങ്ങിയാലാണ് പലർക്കും ബോധ്യമാവുക. വീടിനുമേൽ ചെലവഴിക്കുന്ന പണം കൂടുകയല്ലാതെ കുറയില്ല.

ആവശ്യത്തിലധികം വീടുകൾ വാങ്ങിക്കൂട്ടുന്നതിനു പകരം ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടിലോ, ബാങ്കിലോ നിക്ഷേപിച്ചാൽ പെട്ടെന്നുള്ള ആവശ്യത്തിന് ഉപകരിക്കും. സ്വർണ നിക്ഷേപവും സൂക്ഷിച്ചില്ലെങ്കിൽ തിരിച്ചടിയാവും. വിപണി വില കുറഞ്ഞ സമയത്താണ് സ്വർണം വിൽക്കേണ്ടി വരുന്നതെങ്കിൽ വലിയ നഷ്ടമാണുണ്ടാവുക, മാത്രമല്ല പണയം വയ്ക്കുകയാെണങ്കിൽ ഉയർന്ന പലിശനിരക്കും ബാധ്യതയാവും.
 
(ഹെഡ്ജ് വെൽത്ത് മാനേജ്‌മെന്റ് സർവീസസിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)ഇ-മെയിൽ: alex@hedgeequities.com