lesson4

സേവിങ് അക്കൗണ്ടിലുള്ള പണം മാനേജരുടെ ശ്രദ്ധയില്‍പ്പെട്ടെന്നുതോന്നുന്നു. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ഫോണ്‍വിളി വരാന്‍ തുടങ്ങിയിരിക്കുന്നു.  മാവൂര്‍ സ്വദേശി സുമേഷാണ്‌  ഇക്കാര്യം അറിയിച്ചത്.

ചിട്ടിയില്‍നിന്ന്‌ ലഭിച്ച രണ്ട് ലക്ഷം രൂപ തൊടാതെ വിച്ചിരിക്കുകയാണ്. അതോടൊപ്പം മിച്ചംപിടിച്ചുതുടങ്ങിയ തുകയുമുണ്ട്. അടുത്ത പാഠം ഏതായിരിക്കുമെന്ന് നോക്കിയിട്ടാകെട്ട നിക്ഷേപമെന്നാണ് സുമേഷിന്റെ നിലപാട്. 

നിക്ഷേപ സാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ സമയമായെന്ന് ചുരുക്കം. 

നിക്ഷേപത്തിനിറങ്ങുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്
1. സുരക്ഷിതമാണെന്നുകരുതി ഒരിക്കലും പണംമുഴുവന്‍ ബാങ്കില്‍ നിക്ഷേപിക്കരുത്. വളരെ കുറഞ്ഞ പലിശയാണ് നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത് മനസിലാക്കുക. സേവിങ്‌സ് ബാങ്കില്‍ അലസമായി പണമിടുന്നത്  കുറ്റകൃത്യമായാണ് നിക്ഷേപലോകം വിലയിരുത്തുന്നത്. 

2. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ്,  ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനാകാമെന്ന ചിന്താഗതി മാറ്റുന്നത്. ഇന്ന് നിക്ഷേപിച്ച് നാളെ ഇരട്ടി നേട്ടമുണ്ടാക്കാമെന്ന് കരുതിയാണ് പലരും ഓഹരിയില്‍ നിക്ഷേപിക്കുന്നത്! 

ഓരോ നിക്ഷേപപദ്ധതിക്കും അതിന്റേതായ പ്രവര്‍ത്തനരീതികളും മേന്മയും ന്യൂനതകളുമുണ്ടെന്ന് ആദ്യം മനസിലാക്കുക. ഇവയില്‍നിന്ന് യോജിച്ചത് തിരഞ്ഞെടുക്കുന്നതിലാണ് വിജയം.

digit1ഹ്രസ്വകാലം
കുറച്ചുകാലത്തേയ്ക്ക് ആവശ്യമുള്ള പണമാണെങ്കില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ബാങ്കില്‍ നിക്ഷേപിക്കാം.


digit2ഇടക്കാലം
ആറ് മാസം മുതല്‍ ഒരുവര്‍ഷംവരെയുള്ള ലക്ഷ്യത്തിനായി ബാങ്ക് സ്ഥിര നിക്ഷേപത്തിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപം നടത്താം.


digit3ദീര്‍ഘകാലം
അഞ്ച് വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യത്തിനാണ് നിക്ഷേപമെങ്കില്‍ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 
അനാവശ്യമായ നഷ്ടസാധ്യതകള്‍ ഒഴിവാക്കാനാണ് കാലാധിഷ്ടിതമായി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്.  

വളരെ ചുരുങ്ങിയ കാലയളവില്‍ ആവശ്യമുള്ള പണമാണെങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലോ ചുരുങ്ങിയ കാലാവധിയുള്ള എഫ്ഡിയിലോ നിക്ഷേപിക്കുക. ബാങ്ക് നിക്ഷേപത്തേക്കാളും സുരക്ഷ മറ്റൊന്നിനും വാഗ്ദാനംചെയ്യാനാവില്ല. അതുമാത്രമല്ല നിശ്ചിത നേട്ടം ഉറപ്പായും എഫ്ഡിയില്‍നിന്ന് ലഭിക്കുകയും ചെയ്യും. 

ഷോര്‍ട്ട്-മീഡിയം കാലാവധിയിലുള്ള ലക്ഷ്യമാണ് മുന്നിലുള്ളതെങ്കില്‍ അല്പം നഷ്ടം സഹിച്ചാലും കുഴപ്പമില്ല, നേട്ടംകൂടുതല്‍ ലഭിക്കാന്‍ ഡെറ്റ് ഫണ്ടുകള്‍ തിരിഞ്ഞെടുക്കാം. ബാങ്ക് നിക്ഷേപത്തേക്കാള്‍ നേരിയതോതില്‍ നഷ്ടസാധ്യത കൂടുതലാണെങ്കിലും എഫ്ഡിയേക്കാള്‍ നേട്ടം ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കും.

ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടക്കാന്‍ യോജിച്ചവയാണ് ഓഹരി അധിഷ്ടിത മ്യൂച്വല്‍ഫണ്ടുകള്‍. മറ്റേത് നിക്ഷേപത്തേക്കാളും മികച്ച നേട്ടംനല്‍കാന്‍ ഓഹരിയിലെ നിക്ഷേപം സഹായിക്കും. ഒറ്റത്തവണയായല്ലാതെ തുടര്‍ച്ചയായി ദീര്‍ഘകാലം നിക്ഷേപിക്കണമെന്ന് നിര്‍ദേശിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ്.

കമ്പനിയുടെ ബാലന്‍സ് ഷീറ്റും നേട്ടസാധ്യതകളും വിശകലനംചെയ്ത് തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടെങ്കില്‍ ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നത് മ്യൂച്വല്‍ഫണ്ടികളിലേതിനേക്കാള്‍ നേട്ടം നല്‍കുമെന്നകാര്യം മറക്കേണ്ട.

അതീവ നഷ്ടസാധ്യതയുള്ളതിനാലാണ് ഓഹരി നിക്ഷേപം ഹ്രസ്വകാലയളവില്‍ പരിഗണിക്കാത്തതെന്ന് മനസിലാക്കുക. ഒരൊറ്റ ദിവസംകൊണ്ട് സമ്പന്നനാകാമെന്നുകരുതി ഓഹരിയില്‍ പണമിറക്കി കയ്പ്‌നീര് കുടിക്കേണ്ടിവന്ന നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഓഹരി നിക്ഷേപം എന്നുകേട്ടാല്‍ ചൂടുവെള്ളംവീണ പൂച്ചയെപോലെയാണ്. പച്ചവെള്ളം കണ്ടാലും പേടിക്കും! എത്രനേട്ടം ലഭിക്കുമെന്ന് പറഞ്ഞാലും അവര്‍ തിരിഞ്ഞുനോക്കില്ല.

ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍
ഓഹരിയില്‍ തുടര്‍ച്ചയായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ ധൈര്യമായി നിക്ഷേപം തുടങ്ങാം. അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യത്തിനാകണം നിക്ഷേപം. 

ദീര്‍ഘകാല ലക്ഷ്യത്തിനായി ഓഹരിയിലോ ഓഹരി അധിഷ്ടിത ഫണ്ടുകളിലോ നിക്ഷേപിക്കുമ്പോള്‍ കാലാവധിയെത്തുന്നതിന് രണ്ട് വര്‍ഷംമുമ്പെങ്കിലും മൊത്തം നിക്ഷേപവും പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. മികച്ച നേട്ടത്തിലാണ് അപ്പോള്‍ ഓഹരി വിപണിയെങ്കില്‍ ഒന്നും ആലോചിക്കേണ്ട നിക്ഷേപം മുഴുവന്‍ പിന്‍വലിച്ച് സുരക്ഷിത നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റാം. അവസാന നിമിഷത്തേയ്ക്ക് കാത്തിരുന്നാല്‍ വിപണി തിരുത്തലിന്റെ സമയമാണെങ്കില്‍ നിങ്ങളുടെ നേട്ടത്തെ അത് ബാധിക്കും. 

Feedbacks to
antony@mpp.co.in