stock

ആദ്യവാങ്ങലിനുമുമ്പ്
ഓഹരി വാങ്ങുന്നതിന് ബാങ്ക് അക്കൗണ്ട്, ട്രേഡിങ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകല്‍ ആവശ്യമാണ്. 

ബാങ്ക് അക്കൗണ്ട്
ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും.

ട്രേഡിങ് അക്കൗണ്ട്
സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. 

രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് വഴി ട്രേഡിങ് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്.

ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും. ഇതെല്ലാം പരിശോധിച്ചശേഷംമതി ട്രേഡിങ് അക്കൗണ്ട് എടുക്കുന്നത്. 

ഡീമാറ്റ് അക്കൗണ്ട്
നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെ ഓഹരികള്‍ സൂക്ഷിക്കുന്ന ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരി വാങ്ങിയാല്‍ നിങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുക. അതുപോലെതന്നെ വിറ്റാല്‍ അക്കൗണ്ടില്‍നിന്ന് പ്രസ്തുത ഓഹരി പിന്‍വലിക്കുകയും ചെയ്യും. 

ഇന്ത്യയില്‍ എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നീ രണ്ട് ഡെപ്പോസിറ്ററികളാണുള്ളത്. ഈവയിലേതെങ്കിലുമൊന്നില്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപകന്‍ നേരിട്ടല്ല, ഓഹരി ബ്രോക്കര്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുക. 

ഓണ്‍ലൈന്‍ അക്കൗണ്ട്
ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ കുതിപ്പ് തന്നെയുണ്ടായിട്ടുണ്ട്. നിക്ഷേപകന് ഓണ്‍ലൈനായി ഓഹരി വാങ്ങാനും വില്‍ക്കാനും കഴിയും. കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇത് സാധ്യമാണ്. ആരെയും ആശ്രയിക്കാതെ നേരിട്ടുതന്നെ ടെര്‍മിനലില്‍നിന്ന് ഓഹരി വാങ്ങാന്‍ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ കഴിയും. ഓഹരി വിലയുടെ നീക്കങ്ങള്‍ നേരിട്ട് കാണുകയുമാകാം. യാത്രയിലാണെങ്കില്‍പോലും ഓഹരി വാങ്ങാനും വില്‍ക്കാനും മൊബൈല്‍ ആപ്പ് സഹായിക്കും.

ഓഹരി ഇടപാട് എങ്ങനെ?
digit1ഓണ്‍ലൈന്‍ ടെല്‍മിനല്‍വഴിയോ, ടെലഫോണിലൂടെ ഓഹരി ബ്രോക്കര്‍ വഴിയോ ഓഹരി വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാം.

digit2നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിലുള്ള പണമെടുത്ത് ഓഹരി ബ്രോക്കര്‍ ഓഹരി വാങ്ങുന്നു. അല്ലെങ്കില്‍ ടെര്‍മിനലില്‍ നിങ്ങള്‍ പ്രസ്തുത ഓഹരിയുടെ നിശ്ചിത എണ്ണം വാങ്ങുന്നതിന് ഓണ്‍ലൈന്‍ വഴി നേരിട്ട് ഓര്‍ഡര്‍ നല്‍കുന്നു.

digit3ഓഹരി വാങ്ങി രണ്ട് ദിവസം കഴിഞ്ഞാല്‍ പ്രസ്തുത ഓഹരി നിങ്ങളുടെ ഡീമാറ്റ്‌ അക്കൗണ്ടില്‍ ചേര്‍ക്കുന്നു. വില്‍ക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് ഓഹരി പിന്‍വലിക്കുകയും ചെയ്യുന്നു.

ചെലവ്
ഓഹരി വാങ്ങുന്നതിനും വില്ക്കുന്നതിനും രണ്ട് തരം ചെലവുകളാണുള്ളത്. ഓരോ ഇടപാടിന് ഈടാക്കുന്ന ബ്രോക്കര്‍ ഫീസും സ്ഥിരം നിരക്കും.

സ്ഥിരം നിരക്ക്
വാര്‍ഷിക മെയിന്റനന്‍സ് ചെലവായി ഓഹരി ബ്രോക്കര്‍മാര്‍ ഈടാക്കുന്നതാണിത്. നിങ്ങളുടെ അക്കൗണ്ടിലുള്ള ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 1000 രൂപവരെ പ്രതിവര്‍ഷം ഈടാക്കുന്ന ബ്രോക്കര്‍മാരുണ്ട്. ചെറിയ തുകയ്ക്ക് നിക്ഷേപം നടത്തിയിട്ടുള്ളവരില്‍നിന്ന് ഈ തുക ഈടാക്കാറില്ല. 250 രൂപ മുതല്‍ 350 രൂപവരെയാണ് സാധാരണ ഓഹരി ബ്രോക്കര്‍മാര്‍ ഈടാക്കുന്നത്. 

ഇടപാടിനുള്ള നിരക്ക്
ഇടപാട് നടത്തുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്. 

ബ്രോക്കര്‍ ഫീസ്: ഇടപാടിന്റെ മൂല്യമനുസരിച്ച് 0.3 ശതമാനംമുതല്‍ 0.75 ശതമാനംവരെ ബ്രോക്കര്‍ ഫീസ് ഈടാക്കിവരുന്നു. ചിലരാകട്ടെ ഒരു ഇടപാടിന് ഇത്ര നിരക്ക് എന്നരീതിയിലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ബ്രോക്കറുമായി വിലപേശല്‍ നടത്തി നിരക്ക് കുറയ്ക്കാന്‍ അവസരമുള്ളകാര്യം മറക്കേണ്ട.

ട്രാന്‍സാക് ഷന്‍ ചാര്‍ജ്:  ഓരോ ഇടപാടിനും സ്റ്റോക് എക്‌സചേഞ്ചുകള്‍ ഓഹരി ബ്രോക്കര്‍മാരില്‍നിന്ന് ഈടാക്കുന്ന നിരക്കാണിത്. നാഷ്ണല്‍ സ്‌റ്റോക്ക് എക്‌സചേഞ്ച്(എന്‍എസ്ഇ)0.00325 ശതമാനവും ബോംബെ സ്‌റ്റോക് എക്‌സചേഞ്ച്(ബിഎസ്ഇ) 0.00275 ശതമാനവുമാണ് ഈടാക്കുന്നത്. ഈ തുക ബ്രോക്കര്‍ നിക്ഷേപകനില്‍നിന്ന് ഈടാക്കും.

സെബി ടേണോവര്‍ ഫീസ്: മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഈടാക്കുന്ന നിരക്കാണിത്. ഇടപാടിന്റെ 0.0002ശതമാനമാണിത്.

ഡിപി ട്രാന്‍സാക് ഷന്‍ ചാര്‍ജ്: ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഈടാക്കുന്ന നിരക്കാണിത്. 12 രൂപ മുതല്‍ 25 രൂപവരെയാണ് നിരക്ക്. 

നികുതികള്‍:
സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി: ഇടപാടിന്റെ 0.1 ശതമാനമാണ് ഈ നികുതി.

സര്‍വീസ് ടാക്‌സ്: ബ്രോക്കര്‍ ഫീസ്, ട്രാന്‍സാക്ഷ്ന്‍ ഫീസ് എന്നിവയിന്മേലുള്ള നികുതിയാണിത്. ഓഹരി വാങ്ങുന്ന വിലയുമായോ വില്‍ക്കുന്ന വിലയുമായോ ഇതിന് ബന്ധമില്ല.

സ്റ്റാമ്പ് ഡ്യൂട്ടി: ഓരോ സംസ്ഥാനത്തും ഇത് വ്യത്യസ്തമാണ്. 

ഓഹരി ബ്രോക്കറെ എങ്ങനെ തിരഞ്ഞെടുക്കാം?

വാഗ്ദാനം ചെയ്യുന്ന സേവനത്തെ അടിസ്ഥാനമാക്കി മൂന്ന് തരത്തിലുള്ള ബ്രോക്കര്‍മാരാണുള്ളത്.

ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ്: പുതുതലമുറ ബ്രോക്കര്‍മാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ ബ്രോക്കര്‍മാര്‍ ഇടപാടുകാര്‍ക്ക് ഓഹരി വാങ്ങാനും വില്‍ക്കാനുമായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളാണ് നല്‍കുന്നത്. സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം. 10 രൂപ മുതല്‍ 20 രൂപവരെയാണ് ഓരോ ഇടപാടിനും ഇവര്‍ ഈടാക്കുക. 

ഫുള്‍ സവീസ് ബ്രോക്കേഴ്‌സ്: പരമ്പരാഗത ബ്രോക്കര്‍മാരാണിവര്‍. ഓണ്‍ലൈന്‍ വഴിയോ, ഓഫ് ലൈനായോ ഓഹരി വാങ്ങാന്‍ ഇവര്‍ സൗകര്യമൊരുക്കും. ഇടപാടുകാരെ സഹായിക്കാന്‍ പ്രാദേശിക തലത്തില്‍പോലും ഓഫീസുകളോ ശാഖകളോ ഉണ്ടാകും. ഇടപാട് തുകയുടെ 0.3 മുതല്‍ 0.6ശതമാനംവരെയാണ് ബ്രോക്കറേജ് ഫീസായി ഇവര്‍ ഈടാക്കുക.

3 ഇന്‍ 1:  ബാങ്കുകളാണ് ഈ വിഭാഗത്തില്‍ പ്രധാനമായുമുള്ളത്. ബാങ്ക് അക്കൗണ്ടിനോടൊപ്പം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കാം. ഇടപാട് തുകയ്ക്കനുസരിച്ച് ബ്രോക്കര്‍ ഫീസും വാര്‍ഷിക മെയിന്റനന്‍സ് ചെലവുകളും ഈടാക്കും. 

മൂന്ന് തരത്തിലുള്ള ബ്രോക്കര്‍മാരെക്കുറിച്ച് വ്യക്തമായി മനസിലായി. ഇനി ഏത് ബ്രോക്കറെ തിരഞ്ഞെടുക്കും? 

ഓഹരി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ചെലവ് കുറവ് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍വഴി ഇടപാട നടത്തുമ്പോഴാണ്. ഒരു ലക്ഷം രൂപയുടെ ഇടപാടിനും 10,000 രൂപയുടെ ഇടപാടിനും നിശ്ചിത തുകയാണ് ഇവര്‍ ഈടാക്കുക. 

എന്നാല്‍ പരമ്പരാഗത ബ്രോക്കര്‍മാര്‍ ഇടപാട് തുകയുടെ നിശ്ചിത ശതമാനത്തിനാണ് ഫീസ് ഈടാക്കുക. സ്വന്തമായി ഓഹരികള്‍ തിരഞ്ഞെടുത്ത് വാങ്ങാനും വില്‍ക്കാനും മാത്രമാണ് ബ്രോക്കറുടെ സഹായം ആവശ്യമുള്ളൂവെങ്കില്‍ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരുടെ അടുത്ത് അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലത്. 

എവിടെ അക്കൗണ്ട് തുടങ്ങിയാലും എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവിടങ്ങളിലൊന്നിലാകും നിങ്ങളുടെ ഓഹരികള്‍ സൂക്ഷിക്കുന്നത്.

ഇനി താമസിക്കേണ്ട, മികച്ച ഓഹരി ബ്രോക്കറെ കണ്ടെത്തി നിക്ഷേപം തുടങ്ങിക്കോളൂ! 

feedbacks to:
antonycdavis@gmail.com

അടുത്ത പാഠം
മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാകട്ടെ
കാത്തിരിക്കാം.