investment

വേലിയില്‍ കിടക്കുന്ന പാമ്പിനെ പിടിച്ച് തോളിലിടേണ്ട ആവശ്യമുണ്ടോ? അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ടു ചോദിക്കുകയാണ് ഓഹരിയില്‍ നിക്ഷേപിക്കേണ്ട ആവശ്യമുണ്ടോ? ഓഹരിയെക്കുറിച്ചോ മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചോ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പലതും ഇതുപോലെയുള്ളതാണ്.

പണംകളയാതെ നേട്ടമുണ്ടാക്കാന്‍ മറ്റ് മാര്‍ഗങ്ങളുള്ളപ്പോള്‍ പിന്നെയെന്തിനാണ് നഷ്ടസാധ്യതയുള്ള ഓഹരിയില്‍ നിക്ഷേപിക്കുന്നത്?  പലര്‍ക്കും ഉണ്ടാകാവുന്ന സംശയമാണിത്. 

ഈ സംശയം നിലനില്‍ക്കുന്നിടത്തോളംകാലം ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. അതിനുമപ്പുറം സംശയം ദുരീകരിക്കാനായാല്‍ ഓഹരി നിക്ഷേപത്തെക്കുറിച്ച് ആലോചിക്കാം!

ഇനി ഓഹരി നിക്ഷേപകരുടെ ചിന്താഗതി പരിശോധിക്കാം.

സുരേഷിന്റെ 2011 മെയിലെ ജീവിത ചെലവ്: 

4000 രൂപ
പലവ്യഞ്ജനം

1000
വസ്ത്രം

10,000
വാടക

15,000
മൊത്തം

15,000
പേഴ്‌സിലുള്ള പണം 

2016 സപ്തംബറിലെ
ചെലവ്:

5,850.61
പലവ്യഞ്ജനം

1514.94
വസ്ത്രം

13,832.60
വാടക

21,198.15
മൊത്തം

15,000 രൂപ 2011ല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ (20 ശതമാനം നികുതി ദായകനാണ് നിങ്ങളെങ്കില്‍) ലഭിക്കുക 20,959 രൂപയാണ്. ആദായ നികുതി മാറ്റിനിര്‍ത്തിയാല്‍ 22,711 രൂപയുമാണ് ലഭിക്കുക. 

ഇതൊരു താരതമ്യം മാത്രമാണ്. 2011ല്‍ 10,000 രൂപ വാടക കൊടുത്തിരുന്ന ആളാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ 13,832.60 രൂപയാണോ കൊടുക്കുന്നത് എന്നുമാത്രം ആലോചിക്കുക. വാടക ചെലവിനത്തില്‍തന്നെ അന്തരം പ്രകടമാണല്ലോ! ചികിത്സാ ചെലവിലെ അന്തരം ഇതിലുമേറെയാണ്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണെങ്കില്‍ താരതമ്യംചെയ്യാന്‍ പോലും കഴിയില്ല. 

10,000 രൂപ ഇന്ന് നിക്ഷേപിച്ച്‌ നാളെയോ മറ്റെന്നാളോ 20,000 രൂപ ലഭിക്കണമെന്നാണ് ഓഹരിയില്‍ പുതിയതായെത്തുന്ന പലരുടെയും ചിന്ത. അങ്ങനെയൊരു ലക്ഷ്യമുണ്ടെങ്കില്‍ നിക്ഷേപിച്ച 10,000വും പോകുമെന്നുറപ്പ്. 

ബാങ്കിലോ, മറ്റ്  പദ്ധതികളിലോ നിക്ഷേപിച്ച് നാളെ ഇരട്ടി ലഭിക്കുമെന്ന് ആരും മോഹിക്കാറില്ല. കാലാവധി പൂര്‍ത്തിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കും. അത്രയും ക്ഷമ എന്തുകൊണ്ട് ഓഹരി നിക്ഷേപകര്‍ കാണിച്ചുകൂടാ? 

അഞ്ച് വര്‍ഷമോ അതിലധികമോ കാലയളവ് മുന്നില്‍ കണ്ടാണ് ഓഹരിയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ വിജയപാതയില്‍ ഒരു ചുവടുകൂടി നിങ്ങള്‍ മുന്നോട്ടുവെച്ചു എന്നര്‍ഥം. 

എന്തുകൊണ്ട് ഓഹരി?
രാജ്യത്തെ പലിശ നിരക്കുകള്‍ താഴുകയാണ്. ഓരോ തവണ നിക്ഷേപ പലിശ കുറയ്ക്കുമ്പോഴും ആകുലപ്പെടുന്ന ഒരു വിഭാഗമുണ്ട്, ബാങ്ക് നിക്ഷേപകര്‍. 

നിങ്ങള്‍ ഒരുകാര്യം ചെയ്യുക. 100 രൂപ കൊടുത്ത് ഒരു കിലോ ആപ്പിള്‍ വാങ്ങുക. അല്ലെങ്കില്‍ ആ തുക എട്ട് ശതമാനം പലിശ നല്‍കുന്ന ബാങ്കില്‍ നിക്ഷേപിക്കുക. 

ഒരുവര്‍ഷം കഴിയുമ്പോള്‍ നിക്ഷേപത്തിന്റെ മൂല്യം 108 രൂപയായിട്ടുണ്ടാകും. നിങ്ങള്‍ 30 ശതമാനം ആദായ നികുതി നല്‍കുന്നയാളാണെന്ന് കരുതുക. ആദായം എട്ട് ശതമാനത്തില്‍നിന്ന് 5.6 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും. അതായത് ഒരുവര്‍ഷത്തെ കാലാവധിയെത്തുമ്പോള്‍ മുതലും പലിശയുംകൂടി ലഭിക്കുക 105.60 രൂപമാത്രം.

ഈ തുകകൊണ്ട് വിപണിയിലെത്തി ഒരു കിലോ ആപ്പിള്‍ വാങ്ങാന്‍ ശ്രമിക്കുക. പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമാണെങ്കില്‍ ആപ്പിളിന്റെ വില 106 രൂപയായിട്ടുണ്ടാകും. ഒരു വര്‍ഷം മുമ്പ് 100 രൂപയ്ക്ക് വാങ്ങിയ ആപ്പിള്‍ ഇപ്പോള്‍ ആവിലയ്ക്ക് ലഭിക്കുമെന്ന് ആരും കരുതാറില്ല. 

ബാങ്കില്‍ നിക്ഷേപിച്ചതുകയും പലിശയുംകൊണ്ട് അന്ന് വാങ്ങിയ ആപ്പിള്‍ ഇപ്പോള്‍ വാങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമായി. 40 പൈസ് കയ്യില്‍നിന്ന് കൂടുതലായി ചേര്‍ക്കണം!. 

ഇതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് മനസിലായത്? ഒരുവര്‍ഷംകൊണ്ട് നിങ്ങളുടെ പണത്തിന്റെ മൂല്യം കുറഞ്ഞിരിക്കുന്നു! ഇത് വെറുമൊരു ആപ്പിള്‍ കഥമാത്രം. 

രാജ്യത്തെ പലിശ നിരക്കുകകളും പണപ്പെരുപ്പ നിരക്കുകളും തമ്മില്‍ കാര്യമായ അന്തരമുണ്ടെന്ന് മനസിലാക്കുക. താരതമ്യേന സുരക്ഷിതമായ സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ യഥാര്‍ത്ഥത്തില്‍ പണത്തിന്റെ മൂല്യം നഷ്ടമാകുകയാണ് ചെയ്യുന്നത്. ഇവതമ്മിലുള്ള ദീര്‍ഘകാലത്തെ വ്യതിയാനം ഇതിലുമേറെയായിരിക്കും. 

വ്യത്യസ്ത കാലയളവിലെ മാസചെലവ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും(ബോക്‌സില്‍ നല്‍കിയിരിക്കുന്ന ജീവിത ചെലവ് താരതമ്യം പരിശോധിക്കുക).

പണം നഷ്ടപ്പെടുമോ?
മുതലെങ്കിലും തിരിച്ചുലഭിക്കുമോ? എന്നാണ് ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് പലരും ചിന്തിക്കുക. 10,000 രൂപ ഓഹരിയില്‍  നിക്ഷേപിച്ച് അതിന്റെ കയറ്റ ഇറക്കങ്ങള്‍ നിമിഷംതോറും നോക്കിയിരുന്നാല്‍ ഉറപ്പായും ഉറക്കം നഷ്ടപ്പെട്ട് ഒരു മാനസിക രോഗിയായി നിങ്ങള്‍ മാറാന്‍ അധികം താമസംഉണ്ടാകില്ല.

ഓഹരിയില്‍ നിക്ഷേപിച്ച് ദിനംപ്രതിയുള്ള കയറ്റ ഇറക്കങ്ങള്‍ വീക്ഷിക്കേണ്ട ആവശ്യം ഇല്ല. ഒരുമാസം കഴിയുമ്പോഴേയ്ക്കും നേട്ടത്തിലാണെങ്കില്‍ വിറ്റ് ലാഭമെടുക്കണോയെന്ന് അന്വേഷിക്കുകയോ ഭാവിയില്‍ വില കൂടുമോ കുറയുമോയെന്ന വിപണി വിഗദ്ധരുടെ വിലയിരുത്തലിനായി കാത്തിരിക്കുകയോ വേണ്ട. ഓഹരിയുടെ വില ഉയരുന്നതും താഴുന്നതും ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ലെന്ന് മനസിലാക്കുക. 

പിന്നെ എന്താണ് ചെയ്യേണ്ടത്?
ഒരു താരതമ്യത്തിലേയ്ക്ക് വരാം.
കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരനാണ് നിങ്ങളെന്ന് കരുതുക. അതേസമയം, നിങ്ങളൊരു ഓഹരി നിക്ഷേപകനുമാണ്. ഫറോക്ക് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇതാ നിരവധി പേര്‍ ഇറങ്ങിപ്പോകുന്നു. നിങ്ങള്‍ യാത്രചെയ്യുന്നത് തൃശ്ശൂരിലേയ്ക്കാണെങ്കില്‍ കുറേ പേര്‍ ഇറങ്ങിപ്പോകുന്നതുകണ്ട് നിങ്ങളും ഫറോക്കില്‍ ഇറങ്ങുമോ? ഇല്ല. യാത്രക്കാര്‍ ഇറങ്ങിപ്പോകുന്നത് ശാന്തമായി നോക്കികാണുകമാത്രമാണ് ചെയ്യുക. 

നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തുന്നതിനുമുമ്പേ, തയ്യാറെടുപ്പുകള്‍ നടത്തി ട്രെയിന്‍ നിര്‍ത്തുമ്പോള്‍ തിരക്കുവരും മുമ്പേ യഥാസമയം ഇറങ്ങുകയും ചെയ്യുന്നു. 

ലളിതമായി പറഞ്ഞാല്‍ ഇതുതന്നെയാണ് ഓഹരി നിക്ഷേപകനും ചെയ്യേണ്ടത്. വിപണി ഇടിഞ്ഞുവീഴുന്നതുകണ്ട് മറ്റ് നിക്ഷേപകര്‍ കൂട്ടത്തോടെ വില്പന നടത്തുന്നതില്‍ ആശങ്കപ്പെട്ട് കയ്യിലുള്ള ഓഹരികള്‍ വില്പന നടത്തുകയല്ല വേണ്ടത്. 

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍, നിക്ഷേപ ലക്ഷ്യത്തിലും കാലപരിധിയിലുമാണ് നിങ്ങള്‍ ശ്രദ്ധയൂന്നേണ്ടത്.  

അതിനിടെ ഒരുകാര്യം മറക്കേണ്ട. തൃശ്ശൂരിലേയ്ക്കു പോകേണ്ട നിങ്ങള്‍ കണ്ണൂരിലേയ്ക്കുള്ള ട്രെയിനിലാണ് കയറിയതെങ്കില്‍ ഉടനെ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി യഥാര്‍ത്ഥ ദിശയിലുള്ള തീവണ്ടിയില്‍ കയറണം. 

നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കും കാലയളവിനും യോജിച്ച ഓഹരിയിലല്ല നിക്ഷേപം നടത്തിയതെന്ന് ബോധ്യമായാല്‍ ഉടനെ വിറ്റ് പിന്മാറാന്‍ മടിക്കരുതെന്ന് ചുരുക്കം.

Feedbacks to:
antonycdavis@gmail.com

കഥഅവസാനിക്കുന്നില്ല..
അടുത്തപാഠത്തിനായി
കാത്തിരിക്കുക