STOCK

സുരേഷും വിനോദും ഒരുവര്‍ഷമായി പരസ്പരം സംസാരിച്ചിട്ട്. ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്ന അവരെ ഓഹരി നിക്ഷേപമാണ് അകറ്റിയത്. 

2008ല്‍ ഓഹരി വിപണി കൂപ്പുകുത്തിയപ്പോള്‍ കനത്ത നഷ്ടം നേരിട്ട വിനോദിന് ആ കറുത്ത ദിനങ്ങള്‍ ഇനിയും മറക്കാനായിട്ടില്ല. അതോടെ ഇനി ഓഹരിയെന്ന 'ചൂതാട്ട'ത്തിലേയ്ക്കില്ലെന്ന കടുത്ത നിലപാടെടുക്കുകയും ചെയ്തു. വിശ്വസ്ത സുഹൃത്തായ സുരേഷിന്റെ ഉപദേശം കളഞ്ഞുകുളിച്ചത് ഒന്നും രണ്ടും രൂപയല്ല. 20 ലക്ഷം!

ഡേ ട്രേഡിങില്‍ ആവേശം മൂത്ത വിനോദ്, കമ്മോഡിറ്റി ട്രേഡിങ്ങിലും സജീവമായി. ഇതേതുടര്‍ന്നാണ് നഷ്ടം ഇത്രയും കൂടിയത്. ഏതായാലും, സുരേഷിന്റെ ഉപദേശമാണ് തന്നെ ഈ കുഴിയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന വിശ്വാസത്തിലാണ് ഇപ്പോഴും അയാള്‍.

സുരേഷാകട്ടെ, വിനോദിനോട് പലതവണ സംസാരിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വിഷമത്തിലാണ്.

എച്ച്ഡിഎഫ്‌സി
യുടെനേട്ടക്കണക്കിങ്ങനെ:

900
വാങ്ങിയ ഓഹരികള്‍

1200
സ്പ്‌ളിറ്റിലൂടെ ലഭിച്ചത്

2100
മൊത്തം ഓഹരികളുടെ എണ്ണം

5.05 ലക്ഷം
നിക്ഷേപിച്ച തുക

26.06 ലക്ഷം
നിലവിലെ മൂല്യം

21 ലക്ഷത്തിലേറെ
നേട്ടം

41.10
ശതമാനക്കണക്കിലാണെങ്കില്‍

71,960 രൂപ
ലഭിച്ച ലാഭവിഹിതം

(2016 ഒക്ടോബര്‍ 18, സമയം: 10.45 ലെ കണക്ക് പ്രകാരം)

2008ലെ കനത്ത തകര്‍ച്ചയില്‍ നഷ്ടം നേരിട്ട സുരേഷ് ചിട്ടയായ നിക്ഷേപത്തിലൂടെ ആനഷ്ടം നേട്ടമാക്കി. എപ്പോള്‍ വിപണി തകരുന്നുവോ അപ്പോഴെല്ലാം കയ്യിലുള്ള പണത്തിനനുസരിച്ച് ഓഹരികള്‍ വാങ്ങാന്‍ അയാള്‍ ശ്രദ്ധിച്ചു.

അതിനുവേണ്ടി ആദ്യം ഒരു കാലാവധി നിശ്ചയിച്ചു. 10 വര്‍ഷത്തിനപ്പുറമുള്ള ലക്ഷ്യം മുന്നില്‍ കണ്ടു. മികച്ച പത്ത് ഓഹരികളുടെ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കി. 

ചെറിയ തുകയായാലും എസ്‌ഐപി മാതൃകയില്‍ അദ്ദേഹം നിക്ഷേപം തുടര്‍ന്നു. പോര്‍ട്ട് ഫോളിയോയില്‍ 10 ലക്ഷം രൂപവരെ നേട്ടമുണ്ടായപ്പോഴും വിറ്റ് ലാഭമെടുക്കാന്‍ അയാള്‍ തയ്യാറായില്ല. കടുത്ത തീരുമാനമാണെങ്കിലും അത് വേണ്ടെന്ന നിലാപടുതന്നെയായിരുന്നു അദ്ദേഹത്തിന്. 

എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് സുരേഷിന്റെ പോര്‍ട്ട് ഫോളിയോയിലെ പ്രധാന ഓഹരികള്‍.

വിനോദിന് സംഭവിച്ചത്:
2007ല്‍ പുതിയതായി ഓഹരി വിപണിയില്‍ പ്രവേശിച്ച വിനോദ്, ഒരു പ്രമുഖ ഓഹരി ബ്രോക്കറില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ് അക്കൗണ്ട് എടുത്തു. 

വിനോദ് ജോലിക്കുപോകുന്നതിനാല്‍ വീട്ടമ്മയായ അദ്ദേഹത്തിന്റെ ഭാര്യയാണ് കമ്പ്യൂട്ടറിന് മുന്നില്‍ തപസ് തുടങ്ങിയത്. 

ഒരേദിവസം തന്നെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. അത്യാവശ്യഘട്ടത്തില്‍ ഭാര്യ വിനോദിനെ ഫോണില്‍ വിളിച്ച് ഉപദേശവും തേടി. 200 രൂപയുടെ ഓഹരി 210 രൂപയായാല്‍ ഉടനെ വിറ്റ് ലാഭമെടുക്കാന്‍ തുടങ്ങിയതോടെ ആവേശം ഇരട്ടിച്ചു. 

ഓഹരി വിലകൂടിയാല്‍ ഉടനെ ബ്രോക്കിങ് സ്ഥാപനത്തില്‍നിന്ന് വിളിയും വന്നുകൊണ്ടിരുന്നു. പിന്നീടാണ് കമ്മോഡിറ്റി ട്രേഡിങ്(ഗോള്‍ഡ്) തുടങ്ങിയത്. നഷ്ടം കുറയ്ക്കാനുള്ള തത്രപ്പാടില്‍ മൊത്തം നഷ്ടമായത് 20 ലക്ഷം രൂപ!

ഇതേസമയം, നിക്ഷേപിച്ചിരുന്ന ഓഹരിയുടെ വില ഉയരുമ്പോള്‍ ബ്രോക്കിങ് സ്ഥാപനത്തില്‍നിന്ന് വില്ക്കാനുള്ള പ്രേരണ 'കിളി' മൊഴിയായി സുരേഷിനും ലഭിച്ചിരുന്നു.

ഇടയ്ക്കിടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ട്രേഡിങ്ങല്ല മൂല്യാധിഷ്ടിത നിക്ഷേപമാണ് ലക്ഷ്യമെന്ന് വെളിപ്പെടുത്തിയതോടെ വിളി നിന്നു. അത്യാവശ്യ നിര്‍ദേശങ്ങള്‍ക്കല്ലാതെ പിന്നീട് അവര്‍ വിളിച്ചതേയില്ല.

നിശ്ചയിച്ചുറപ്പിച്ച പോര്‍ട്ട് ഫോളിയോയിലെ ഓഹരികളുടെ വിലയില്‍ താഴ്ചവരുമ്പോഴെല്ലാം സുരേഷ് ഓഹരി വാങ്ങിക്കൊണ്ടിരുന്നു. മൊബൈല്‍ അപ്ലിക്കേഷന്‍കൂടി വന്നതോടെ യാത്രക്കിടെയും വാങ്ങല്‍ തുടര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ പോര്‍ട്ട്ഫോളിയോ പരിശോധിച്ച് ആവശ്യംവേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 25 ശതമാനത്തിലേറെയാണ് ഒമ്പത് വര്‍ഷത്തെ മൊത്തം നേട്ടം.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നേട്ടം പരിശോധിക്കാം
2007 ഒക്ടോബര്‍ മുതല്‍ 2015 ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഓരോ വര്‍ഷവും എച്ച്ഡിഎഫ്സി ബാങ്കിന്റെ 100 ഓഹരികള്‍ വീതം അദ്ദേഹം വാങ്ങി(പട്ടിക കാണുക). 2011ല്‍ ഓഹരി സ്പ്ളിറ്റ് ചെയ്തതിനെതുടര്‍ന്ന് മൊത്തം ഓഹരികളുടെ എണ്ണം 900ല്‍നിന്ന് 2100ആയി ഉയര്‍ന്നു. 

അത് എങ്ങനെയെന്ന് നോക്കാം. 2007 മുതല്‍ 2010 വരെ 100 ഓഹരികള്‍ വീതമാണ് അദ്ദേഹം വാങ്ങിയത്. ഇത്രയും ഓഹരികളാണ് സ്പ്ലിറ്റിന് അര്‍ഹതനേടിയത്. ഇത് പ്രകാരം 2011 ജൂലായ് 14ന് 1200 ഓഹരികള്‍ അദ്ദേഹത്തിന് കൂടുതലായി ലഭിച്ചു. അങ്ങനെയാണ് 2015 ഒക്ടോബര്‍വരെ നിക്ഷേപിച്ച 900 ഓഹരിയോടൊപ്പം 1200 ഓഹരികള്‍കൂടി ചേര്‍ന്നത്. 

ഇത്രയും ഓഹരികള്‍ വാങ്ങാന്‍ ഒമ്പത് വര്‍ഷംകൊണ്ട് അദ്ദേഹം മുടക്കിയത് 5.05 ലക്ഷം രൂപയാണ്. 2016 ഒക്ടോബര്‍ 18ലെ വില(1243.40രൂപ)പ്രകാരം 26.06 ലക്ഷം രൂപയാണ് ഈ ഓഹരിയുടെ മൊത്തം മൂല്യം. അതായത് 21 ലക്ഷത്തിലേറെ രൂപയാണ് നേട്ടം. ശതമാനക്കണക്കിലാണെങ്കില്‍ നേട്ടം 41.10 ശതമാനവും.

ഇതിന് പുറമെ അദ്ദേഹത്തിന് വര്‍ഷംതോറും ലാഭവിഹിതവും ലഭിച്ചിരുന്നു. 71,960 രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്.

feedbacks to:
antonycdavis@gmail.com

ആര്‍ക്കൊക്കെ ഓഹരിയില്‍
നിക്ഷേപിക്കാം?

നിക്ഷേപിച്ചാല്‍ കാശ് പോകുമോ? 
ചൂതാട്ടമാണോ?  
കടംവാങ്ങി നിക്ഷേപിക്കാമോ? ഇത്യാദി ഒരുകൂട്ടം സംശയങ്ങള്‍ ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് പലര്‍ക്കും ഉണ്ടാകാം .അതേക്കുറിച്ചെല്ലാം അറിയാന്‍ അടുത്ത പാഠങ്ങള്‍ക്കായി കാത്തിരിക്കുക.