ഭാവിയെക്കുറിച്ച് നിറമാര്‍ന്ന സ്വപ്‌നങ്ങളില്ലാത്തവരില്ല. കാറ് വാങ്ങണം, നല്ലൊരു വീട് വെയ്ക്കണം, കുടുംബവുമൊത്ത് വിദേശത്തേയ്ക്ക് വിനോദയാത്ര പോകണം എന്നിവയെല്ലാം സ്വപ്‌നങ്ങളാണ്.
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയര്‍മെന്റ് കാലത്തെ ജീവിതം എന്നിവയും ഭാവില്‍ പൂര്‍ത്തിയാക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളാണ്.
മുന്നില്‍ ലക്ഷ്യങ്ങളുണ്ടായാലെ അവയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പരിശ്രമിക്കാന്‍ കഴിയൂ. ലക്ഷ്യം മുന്നിലില്ലെങ്കില്‍ സമ്പാദിക്കേണ്ട ആവശ്യമില്ലല്ലോ?
ഏതായിരിക്കണം ആദ്യം പ്ലാന്‍ ചെയ്യേണ്ടത്? സംശയമില്ല, റിട്ടയര്‍മെന്റ് കാലത്തെ ജീവിതംതന്നെ. റിട്ടയര്‍മെന്റ് കാല ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കണോ? അത് കുറച്ചുകൂടി കഴിഞ്ഞ് ചിന്തിച്ചാല്‍പോരെയെന്നാകും പലരുടെയും ചിന്ത. എപ്പോള്‍ ജോലി കിട്ടിയോ അന്നുതന്നെ റിട്ടയര്‍മെന്റ് കാലത്തേയ്ക്കുള്ള നിക്ഷേപം തുടങ്ങണമെന്നാണ് അതിനുള്ള മറുപടി.
ജോലി കിട്ടിയതല്ലേയുള്ളൂ..ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഇപ്പോഴേ കഴിയുന്നില്ല..പിന്നേയല്ലേ? എന്നാകും പലരുടെയും മനസിലിരിപ്പ്. ജോലിയും വരുമാനവും ഉള്ളകാലത്ത് ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വിരമിച്ചുകഴിയുമ്പോള്‍ അതിന് കഴിയുമോ?
ലക്ഷ്യങ്ങള്‍
കാറ്
5-10 ലക്ഷം
വീട്
25-50 ലക്ഷം
വിനോദയാത്ര
3-5 ലക്ഷം
കുട്ടികളുടെ വിദ്യാഭ്യാസം
1.5 കോടി
വിവാഹം
1 കോടി
റിട്ടയര്‍മെന്റ്കാല ജീവിതം
5 കോടി
സാമ്പത്തിക ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാല്‍, ലക്ഷ്യം നിറവേറ്റാന്‍ ഭാവിയില്‍ എത്രതുക വേണ്ടിവരുമെന്ന് കണക്കാക്കാം.
നിലവില്‍ ഉന്നത വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ ചെലവ് വരുമെന്ന് കരുതുക. പണപ്പെരുപ്പം ഏഴ് ശതമാനമാണെങ്കില്‍ 15 വര്‍ഷത്തിനുശേഷം 1.2 കോടി രൂപയെങ്കിലും വേണ്ടിവരും. ഇപ്പോള്‍ നിങ്ങളുടെ കുഞ്ഞിന് ഒരുവയസ്സാണ് പ്രായമെങ്കില്‍ 15 വര്‍ഷം കഴിഞ്ഞ് ലക്ഷ്യം നിറവേറ്റാന്‍ 1.2 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരുമെന്ന് ചുരുക്കം.
റിട്ടയര്‍മെന്റ് കാല ജീവിതത്തിലേയ്ക്ക് നോക്കുക. നിലവില്‍ പ്രതിമാസം 50,000 രൂപയാണ് ജീവിത ചെലവെന്നുകരുതുക. പണപ്പെരുപ്പനിരക്ക് ഏഴ് ശതമാനത്തില്‍ തുടരുകയാണെങ്കില്‍ 15 വര്‍ഷത്തിനുശേഷം ഇതുപോലെ നിങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ പ്രതിമാസം 1.37 ലക്ഷം രൂപവേണ്ടിവരും.
തുകയുടെ വലിപ്പംകണ്ട്, ഇതൊക്കെ വേണ്ടിവരുമോയെന്ന് സംശയിക്കേണ്ട. ഒരുകാര്യം മനസിലാക്കുക....ഇന്നത്തെ രീതിയില്‍ തന്നെ അന്ന് ജീവിക്കണമെങ്കില്‍ ആവശ്യമുള്ള ചുരുങ്ങിയ തുകയാണ് മുകളില്‍ സൂചിപ്പിച്ചത്.
അതുകൊണ്ടാണ് സാമ്പത്തിക ലക്ഷ്യം തീരുമാനിക്കുമ്പോള്‍ ഭാവിയില്‍ ആവശ്യമുള്ള തുക മുന്നില്‍ കാണണമെന്ന് പറയുന്നത്. പണപ്പെരുപ്പം മൂലമുള്ള ഭാവിയിലെ വിലവര്‍ധന മുന്നില്‍കാണാതെയാകരുത് തുക നിശ്ചയിക്കല്‍.
ലക്ഷ്യ തുകയില്ലാതെ നിക്ഷേപം നടത്തുന്നത് വായുവില്‍ കൊട്ടാരം നിര്‍മിക്കുന്നതിന് തുല്യമാണെന്നകാര്യം മറക്കേണ്ട. സാമ്പത്തികശേഷിക്കുതകുന്നരീതിയിലുള്ള ആസൂത്രണമാണ് അതിനുവേണ്ടി നടത്തേണ്ടത്. സമയം പാഴാക്കാതെ മികച്ച രീതിയില്‍ നിക്ഷേപം നടത്തി മുന്നോട്ടുപോയാല്‍ പൂര്‍ത്തിയാക്കാവുന്നതേയൂള്ളൂ ഈ ലക്ഷ്യങ്ങളെല്ലാം.
feedbacks to:
antonycdavis@gmail.com
പാഠം എട്ട്:
റിട്ടയര്‍മെന്റ്കാല ജീവിതം
ഉടനെ പ്രതീക്ഷിക്കാം