ബെംഗളുരുവിലെ പ്രമുഖ ഐടി കമ്പനിയില്‍ ജോലിക്കാരനായ ഷാജു ജോര്‍ജിന് അവിചാരിതമായി അടുത്തയിടെയാണ് ജോലി നഷ്ടമായത്. കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതുവരെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നായി ആശങ്ക.
ഭാര്യയും ഒന്നാംക്ലാസുകാരിയായ മകളും ഷാജുവിനൊപ്പമുണ്ട്. വീടിന് വാടക നല്‍കണം, മകളുടെ ഫീസ് അടയ്ക്കണം. മറ്റ് ചെലവുകള്‍ വേറെ. പുതിയ ജോലി ലഭിക്കുന്നതുവരെ എങ്ങനെ ചെലവുകള്‍ നേരിടുമെന്നായി ചിന്ത.
സാമ്പത്തിക കാര്യങ്ങളില്‍ സാമാന്യം മികച്ച തീരുമാനമെടുത്തിരുന്ന ഷാജു ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. ജോലി നഷ്ടപ്പെട്ടാലും ആറുമാസമെങ്കിലും കഴിയാനുള്ള തുക കരുതല്‍ധനമായി ഒരുമാസംമുമ്പുവരെ ഷാജു സൂക്ഷിച്ചിരുന്നു.
എമര്‍ജന്‍സി ഫണ്ട്
3-6 മാസത്തെ ശമ്പളം
ആരോഗ്യ ഇന്‍ഷുറന്‍സ്
3-5 ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടര്‍
ടേം ഇന്‍ഷുറന്‍സ്
വാര്‍ഷിക വരുമാനത്തിന്റെ 10-15 ഇരട്ടി പരിരക്ഷ
നാട്ടില്‍ സഹപാഠിയായിരുന്ന സുബിന്‍ ആയിടെയാണ് ഷാജുവിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചത്. പ്രതിസന്ധിയില്‍ സഹായിക്കുന്നത് തന്റെ കടമയാണെന്നുതന്നെ ഷാജു കരുതി.
തെറ്റുപറയാന്‍ കഴിയില്ല. കരുതല്‍ധനമായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ കൂടുതലൊന്നും ആലോചിക്കാതെതന്നെ സുബിന് ബാങ്ക് വഴികൈമാറി. അധികം താമസിയാതെ തിരിച്ചുതരാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്.
പണം തിരിച്ചുചോദിച്ചാലോ? ഏതായാലും, ഷാജു ഉടനെതന്നെ സുബിനുമായി ബന്ധപ്പെട്ടു. സുബിന്റെ യഥാര്‍ത്ഥ അവസ്ഥ അപ്പോഴാണ് ഷാജുവിന് ബോധ്യമായത്. ഇനി എന്തുചെയ്യും?
ഭാര്യയുടെ ആഭരണം പണയംവെയ്ക്കാന്‍ മനസുവന്നില്ല. ഒടുവില്‍ 15 ശതമാനം പലിശയ്ക്ക് ഷാജുവിന് പേഴ്‌സണല്‍ ലോണ്‍ എടുക്കേണ്ടിവന്നു!
സാമ്പത്തിക ആസൂത്രണത്തില്‍ തരക്കേടില്ലാത്ത മികവ് പുലര്‍ത്തിയിരുന്ന ഷാജുവിന്റെ കാര്യം ഇതാണെങ്കില്‍...?
ചിട്ടയായി നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്. അടിയന്തര ആവശ്യത്തിനായി കരുതല്‍ധനം(എമര്‍ജന്‍സി ഫണ്ട്)സൂക്ഷിക്കുക. രണ്ടാമതായി തന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക. മൂന്നാമതായി കുടുംബത്തിന്റെ സുരക്ഷയ്ക്കായി ഒരു ടേം ഇന്‍ഷുറന്‍സ് കരുതിവെയ്ക്കുക.
കരുതല്‍ധനം
ബാങ്കുകള്‍ ആര്‍ബിഐയില്‍ കരുതല്‍ധനം സൂക്ഷിക്കുന്നതുപോലെ എമര്‍ജന്‍സി ഫണ്ടായി ഒരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിശ്ചിത തുക സേവിങ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്.ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്.
3-6 മാസത്തെ ശമ്പളമാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ജോലി നഷ്ടമായാല്‍ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാന്‍ കരുതല്‍ധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകള്‍ എന്നിവയ്ക്കും ഈ തുക വിനിയോഗിക്കാം.
ഇന്നുതന്നെ എമര്‍ജന്‍സി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവര്‍ ഒരു ആര്‍ഡി ചേര്‍ന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാല്‍പോലും ഈ പണം ആര്‍ക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട!
ആരോഗ്യ ഇന്‍ഷുറന്‍സ്
മെട്രോ നഗരങ്ങളില്‍ ഉള്‍പ്പടെ ചികിത്സാ ചെലവുകള്‍ അടിക്കടി വര്‍ധിച്ചുവരികയാണ്. ഒരു അസുഖംമതി പലരേയും കടക്കെണിയിലാക്കാന്‍.
നമ്മുടേയോ കുടുംബാംഗങ്ങളുടേയോ അസുഖങ്ങള്‍ സാമ്പത്തിക അടിത്തറ തകര്‍ക്കാതിരിക്കാന്‍ യോജിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്നുതന്നെ എടുക്കാം. ഓരോരുത്തരുടെയും വരുമാനത്തിനനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് ലക്ഷംവരെയുള്ള ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകളാണ് അനുയോജ്യം.
ടേം ഇന്‍ഷുറന്‍സ്
വരുമാനദാതാവിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ടേം ഇന്‍ഷുറന്‍സാണ് അനുയോജ്യം.
കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 10 മുതല്‍ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളയാള്‍ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നല്‍കുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം.
നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇന്‍ഷുറന്‍സ്, എന്‍ഡോവ്‌മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇന്‍ഷുറന്‍സ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാന്‍ 30വയസ്സുള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയോളമാണ് പ്രീമിയമായി നല്‍കേണ്ടിവരിക.
ഇതൊക്കെ ആവശ്യമുണ്ടോ?
സ്വാഭാവികമായും ഈ ചോദ്യം പലരും ഉന്നയിച്ചേക്കാം. ഓരോരുത്തരുടേയും ഭാവി പ്രവചനാതീതവും അനിശ്ചിതത്വം നിറഞ്ഞതുമാണെന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?
തൊഴിലിലും കച്ചവടത്തിലും അനിശ്ചിതിത്വം ഏറെയുള്ളകാലമാണിത്. അതിനുമപ്പുറമാണ് ജീവിതത്തിന്റേതും. എന്തെങ്കിലും പ്രതിസന്ധി നേരിടേണ്ടിവരുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ ഉഴറുന്ന നിരവിധിപേരെ ചുറ്റുപാടും കാണാം. ഈ സാഹചര്യത്തിലാണ് മേല്‍പറഞ്ഞ മുന്‍കരുതലുകള്‍ ഗുണംചെയ്യുക.
അപ്രതീക്ഷിതമായുണ്ടാകുന്ന അസുഖം ചിട്ടയായ നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണ്. വരുമാനദാതാവന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കാന്‍ ടേം ഇന്‍ഷുറന്‍സും. ഇക്കാര്യങ്ങള്‍ മറക്കേണ്ട.
feedbacks to
antonycdavis@gmail.com
പാഠം ആറ്:
എവിടെ നിക്ഷേപിച്ചാല്‍
മികച്ച നേട്ടമുണ്ടാക്കാം?
ഉടനെ പ്രതീക്ഷിക്കാം