യുലിപുകളും എന്‍ഡോവ്‌മെന്റ് പ്ലാനുകളും മലയാളികള്‍ക്കിടയില്‍ ജനകീയമായ നിക്ഷേപ പദ്ധതികളാണ്. അറിഞ്ഞോ അറിയാതെയോ ഈ രണ്ട് പദ്ധതികളിലും പണംമുടക്കുന്നു. ഇതിനുപകരമായി മികച്ച നിക്ഷേപ പദ്ധതികള്‍ നിലവിലുള്ളപ്പോള്‍ത്തന്നെ. കാരണം, ഏജന്റുമാര്‍ വന്‍തോതില്‍ നേട്ടംപെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ പദ്ധതിയിലേയ്ക്ക് ആകര്‍ഷിക്കുന്നതുതന്നെ.
രണ്ടുപ്ലാനുകളെക്കുറിച്ചും അറിയാം
ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തിയിട്ടുള്ള പദ്ധതിയാണ് എന്‍ഡോവ്‌മെന്റ് പ്ലാനും യുലിപും. അതുകൊണ്ടുതന്നെ നിങ്ങള്‍ അടയ്ക്കുന്ന പണകൊണ്ട് പരമാവധി സമ്പത്ത് വര്‍ധിപ്പിക്കുന്നതിനോ ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനോ കഴിയാതെ പോകുന്നു.
വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ്(മാര്‍ക്കറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം)യുലിപ്. ഈ പദ്ധതിവഴി ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്താം. കാലാവധിയെത്തുമ്പോള്‍ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നവയാണ് എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍.
എന്തുകൊണ്ട് ഇവ ജനകീയമായി?
- പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാതെ നികുതിയിളവ് ലക്ഷ്യമാക്കി പലരും ഇത്തരം പദ്ധതികളില്‍ ചേര്‍ന്നു.
- ഇന്‍ഷുറന്‍സ് ഏജന്റ് നിങ്ങളുടെ സുഹൃത്തോ, അയര്‍ക്കാരനോ, ബന്ധുവോ ആയിക്കാം. അവരോട് നോ പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അധികം ആലോചിക്കാതെതന്നെ നിങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടാകും.
- ആകര്‍ഷകമായ കമ്മീഷന്‍ ലഭിക്കുന്നതിനാലാണ് ഏജന്റുമാര്‍ ഈ പദ്ധതികള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. നിങ്ങള്‍ കേട്ടിട്ടില്ലേ, 'കോടിപതി'കളാകുന്ന ഏജന്റുമാരെക്കുറിച്ച്!
- ഒരു അനാവശ്യ പദ്ധതിയായാണ് ഇന്‍ഷുറന്‍സിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ അതില്‍നിന്ന് വരുമാനവും ലഭിക്കുമല്ലോയെന്ന് കരുതി ഇത്തരം പ്ലാനില്‍ ചേരുന്നവരും ഏറെയാണ്. എന്നാല്‍ വിലക്കയറ്റ(പണപ്പെരുപ്പം)ത്തോട് ഏറ്റുമുട്ടുമ്പോള്‍ ഈ പദ്ധതികള്‍ അമ്പേ പരാജയമാണെന്ന് അറിയാതെ പോകുന്നവരുണ്ട്.
എന്തുകൊണ്ട് ഈ പദ്ധതികള്‍ യോജിച്ചതല്ല?
ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയോ നിങ്ങളുടെ നിക്ഷേപ ലക്ഷ്യമോ പൂര്‍ത്തീകരിക്കാന്‍ യോജിച്ചതല്ല ഈ പദ്ധതികള്‍. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സും നിക്ഷേപവും രണ്ടായികാണണം. പകരം മികച്ച നേട്ടംനല്‍കുന്ന നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കണം. അതുപോലെതന്നെ കുറഞ്ഞ തുകയില്‍ കൂടുതല്‍ തുക പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പ്ലാനുകളും ഉള്‍പ്പെടുത്തണം.
ഇന്‍ഷുറന്‍സ്
ആവശ്യത്തിന് ഇന്‍ഷുറന്‍സ് കവറേജുണ്ടോയെന്ന് പലര്‍ക്കും അറിയില്ല. ഉദാഹരണത്തിന്, നാലംഗങ്ങളുള്ള കുടുംബത്തിലെ വരുമാനദാതാവായ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിന് അഞ്ചുലക്ഷം രൂപ മതിയോ?
വായ്പയടക്കമുള്ള ബാധ്യതകള്‍ കുടുംബത്തിന്റെ ചുമലില്‍വരും. കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും. അതിന് പരിഹാരമാണ് ടേം പ്ലാന്‍. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാന്‍ വര്‍ഷംതോറും ശരാശരി അടയ്‌ക്കേണ്ടിവരിക 7000 രൂപയാണ്. ഇത്രയും തുകയ്ക്കുള്ള പരിരക്ഷ ലഭിക്കണമെങ്കില്‍ യുലിപ് പ്ലാനില്‍ നിങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും.
കമ്മീഷന്‍
ഇത്തരം പദ്ധതികള്‍ക്കുള്ള വിവിധ ചാര്‍ജുകളാണ് നിങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുന്നത്. നിങ്ങള്‍ അടയ്ക്കുന്ന പ്രീമിയത്തില്‍നിന്ന് ഈ തുകകള്‍ കിഴിവുചെയ്ത് ബാക്കിയുള്ള ഭാഗമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്.
പ്രത്യേകിച്ച് ആദ്യവര്‍ഷങ്ങളില്‍ ഈ നിരക്കുകള്‍ കൂടുതലായിരിക്കും. വിവിധ നിരക്കുകളും ഫീസുകളുമായി നല്ലൊരുതുക കമ്പനികള്‍ ഈടാക്കുന്നു. ഏജന്റുമാരുടെ കമ്മീഷനാണ് ഇതില്‍ പ്രധാനം.
ഇങ്ങനെ കിഴിവുചെയ്തശേഷം നിക്ഷേപിക്കുന്നതുകയില്‍നിന്നുള്ള ആദായം സ്വാഭാവികമായും കുറവായിരിക്കും. ദീര്‍ഘകാലയളവില്‍ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ അതുകൊണ്ടുതന്നെ കഴിയാതെവരും.
യുലിപ്-ഒരു ഉദാഹരണം
വയസ്സ്-35
വാര്‍ഷിക പ്രീമിയം-50,000 രൂപ
സം അഷ്വേഡ്-5 ലക്ഷം
യുലിപിന് ഈടാക്കുന്ന വിവിധ ചാര്‍ജുകളാണ് താഴെയുള്ള പട്ടികയില്‍ നല്‍കിയിട്ടുള്ളത്. ഈചാര്‍ജുകളൊന്നും രഹസ്യമായി ഈടാക്കുന്നതല്ല. എങ്കിലും പോളിസി പേപ്പറുകളില്‍ വേണ്ടത്ര പാധാന്യം ഇവയ്ക്ക് നല്‍കികാണാറില്ല. ഈ നിരക്കുകളെല്ലാം ഉൾപ്പടെ 7 ശതമാനത്തോളം തുക കഴിഞ്ഞ് ബാക്കിയുള്ളതാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്.
യുലിപ്-ഈടാക്കുന്നചാർജുകൾ | ||||||||
ചാർജുകൾ | ആദ്യവർഷം | 2-3 വർഷം | 4-5 വർഷം | 6-10 വർഷം | 11 വർഷം മുതൽ | |||
പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് | 5-6(%) | 4-5(%) | 3-4 (%) | 1-2 (%) | ഇല്ല | |||
ഫണ്ട് മാനേജുമെന്റ് ചാർജ് | 1.35 ശതമാനം | |||||||
പോളിസി അഡ്മിൻ ചാർജ് | മാസംതോറും 50 രൂപ | |||||||
മോർട്ടാലിറ്റി ചാര്‍ജ് | ഇൻഷുർ ചെയ്യുന്ന ഓരോ 1000 രൂപയ്ക്കും 1.43 ശതമാനം | |||||||
അടച്ച പ്രീമിയം | വർഷം 50,000 രൂപ | |||||||
ബാക്കി നിക്ഷേപിക്കുന്നതുക | 45,510 | 46010 | 46510 | 47510 | 48010 |
ഇതില്‍നിന്ന് വ്യക്തമാകുന്നത്: 10 വര്‍ഷംകൊണ്ട് നിങ്ങള്‍ അടയ്ക്കുന്നത് 5 ലക്ഷം. ചാര്‍ജുകളെല്ലാം കിഴിച്ച് നിക്ഷേപിക്കുന്നതാകട്ടെ 4.68 ലക്ഷവും.
പകരം എന്ത്?
എപ്പോഴും ഇന്‍ഷുറന്‍സിനെയും നിക്ഷേപത്തെയും രണ്ടായി കാണുന്നതാണ് നല്ലത്. ആശ്രിതരായി കുടുംബമുണ്ടെങ്കില്‍ ആവശ്യമുള്ള പരിരക്ഷ(വാര്‍ഷിക വരുമാനത്തിന്റെ 20 ഇരട്ടിയെങ്കിലും)യ്ക്കായി ടേം പ്ലാന്‍ എടുക്കുക. ഭാക്കിയുള്ള തുക മികച്ച മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുക.
അതുമല്ല, നിങ്ങള്‍ക്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ താല്‍പര്യമില്ലെങ്കില്‍ ടേം പ്ലാനില്‍ ചേര്‍ന്നശേഷം പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍(പിപിഎഫ്)നിക്ഷേപിക്കുക. എന്‍ഡോവ്‌മെന്റ് പ്ലാനിനേക്കാള്‍ ആദായം ഇങ്ങനെ ചെയ്താല്‍ ലഭിക്കും.
ശ്രദ്ധിക്കാന്‍: മ്യൂച്വല്‍ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളില്‍ ചേര്‍ത്തുന്ന ഏജന്റുമാര്‍ നിരവധിയുണ്ട്. ഫീഡ്ബാക്കായി ലഭിക്കുന്ന ഇ-മെയിലുകളില്‍ പലരും പറയുന്നത് അവര്‍ നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്വല്‍ ഫണ്ടിലെന്നാണ്. ഏജന്റ് അവരെ ചേര്‍ത്തിയിരിക്കുന്നത് യുലിപിലാണെന്നകാര്യം പോലും പല നിക്ഷേപകര്‍ക്കും അറിയില്ല. മ്യൂച്വല്‍ ഫണ്ടിന് ദോഷപ്പേര് മിച്ചം. ഏജന്റുമാർ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചറിയാൻ നെറ്റിൽ പരതുക. എളുപ്പമാർഗം അതാണ്. അപ്പോഴറിയാം അത് ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതിയാണെന്ന്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതിയാണെങ്കിൽ പറയുക 'നോ'.
feedbacks to: antonycdavis@gmail.com