നിങ്ങള്‍ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോര്‍ക്കിലെ ആന്‍ഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങള്‍ക്ക് പറ്റാതിരിക്കാന്‍ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്.

സംഭവമിങ്ങനെ. 90 വയസ്സുള്ള ജീന്‍ ക്ലെമന്റുമായി ആന്‍ഡ്രെ ഒരുകരാറിലെത്തി. ന്യൂയോര്‍ക്കിലെ വിന്‍സെന്റ് വാന്‍ഗോഗിലുള്ള അവരുടെ അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കാന്‍ അവര്‍ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളര്‍) നല്‍കാമെന്നായിരുന്നു കരാര്‍. 

വളരെ ആകര്‍ഷകമായ കരാറായാണ് ആന്‍ഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീന്‍ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ!

പക്ഷേ, റാഫ്രെ 77ാമത്തെ വയസില്‍ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടര്‍ന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളര്‍) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നല്‍കിയിരുന്നു. എന്നിട്ടും അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാര്‍ട്ടുമെന്റ് വാങ്ങാന്‍ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.

77ാമത്തെ വയസ്സില്‍ ആന്‍ഡ്രെ മരിക്കുമ്പോള്‍ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവര്‍ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റല്‍. 1995 ഡിസംബര്‍ 29ന് ന്യൂയോര്‍ക്ക് ടൈംസാണ് ഈവര്‍ത്ത ലോകത്തെ അറിയിച്ചത്.

കഥ അവിടെ നിര്‍ത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തില്‍നിന്ന് 2012-16ലെത്തിയപ്പോള്‍ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വര്‍ഷത്തില്‍നിന്ന് 68.7 വര്‍ഷത്തിലെത്തിയിരിക്കുന്നു. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബര്‍ 30നാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കണക്കെടുത്തവര്‍ഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജീന്‍ ക്ലമെന്റിനെപ്പോലെ നിരവധിപേര്‍ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. 

വലിയൊരു ചോദ്യം അത് നിങ്ങള്‍ക്കുമുന്നില്‍ ഉയര്‍ത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയര്‍മെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? 

എത്ര പണം നീക്കിവെയ്ക്കണം
എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയര്‍മെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. 

സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീര്‍ഘകാലത്തെ റിട്ടയര്‍മെന്റ് ജീവിതംതന്നെ മുന്നില്‍കാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. 

പെന്‍ഷന്‍ ആയതിനുശേഷം ജീവിക്കാന്‍ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീര്‍ണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്.

നിങ്ങള്‍ക്ക് നിലവില്‍ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവില്‍ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സില്‍ ലഭിക്കണമെന്ന് ആഗ്രഹിച്ചാല്‍ എത്രതുക വേണ്ടിവരും?

നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും.

നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്‌ക്കേണ്ടിവരിക 12,600 രൂപയുമാണ്.

നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താന്‍ മറ്റുചില മാര്‍ഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയര്‍ ചെയ്യുക. നിങ്ങള്‍ ശമ്പള ജോലിക്കാരനാണെങ്കില്‍ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെന്‍ഷന്‍ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോള്‍ ജോലിയില്‍നിന്ന് റിട്ടയര്‍ചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. 

രണ്ടാമതായി, പെന്‍ഷന്‍ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതല്‍ അനുയോജ്യം. എന്നാല്‍ അതിനായി പണം കണ്ടെത്താന്‍ നിലവില്‍ നിങ്ങള്‍ ഇപ്പോഴത്തെ ജീവിതചെലവുകള്‍ ക്രമീകരിക്കേണ്ടിവരും.

മൂന്നാമതായി, ജീവിത ചെലവുകള്‍ ക്രമീകരിച്ച് മികച്ച രീതിയില്‍ നിക്ഷേപം നടത്തുക. പെന്‍ഷനാകാന്‍ മുന്നില്‍ വര്‍ഷങ്ങള്‍ നീണ്ടുകിടക്കുന്നുണ്ടെങ്കില്‍ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക.

ഹൃസ്വകാലയളവില്‍ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓര്‍ത്തുവെയ്ക്കുക. ദീര്‍ഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്.

ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയര്‍മെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ 30-40 വയസ്സ് പ്രായമുള്ളവര്‍ക്ക് റിട്ടയര്‍മെന്റിന് ദീര്‍ഘകാലം മുന്നിലുള്ളതിനാല്‍ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാം. 

ആസ്തി വിഭജനം
റിട്ടയര്‍മെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളില്‍ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികള്‍ റിസ്‌ക് കുറഞ്ഞവയില്‍ ഉള്‍പ്പെടുത്താം. ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലര്‍ത്തിയ പദ്ധതികള്‍ ഉപേക്ഷിക്കണം.

ഓഹരി അല്ലെങ്കില്‍ ഹൈബ്രിഡ് പദ്ധതികള്‍ പരിഗണിക്കുമ്പോള്‍ ഡൈവേഴ്‌സിഫൈഡ് മ്യൂച്വല്‍ ഫണ്ടുകളും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവും(എന്‍പിഎസ്)ഉള്‍പ്പെടുത്താം. 80 സി പ്രകാരം വര്‍ഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കില്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്‌കീ(ഇഎല്‍എസ്എസ്)മില്‍ നിക്ഷേപിക്കുകയുമാകാം.

നീട്ടിവെയ്ക്കരുത്
വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയര്‍മെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ ഇന്നുതന്നെ ആരംഭിക്കാം.

പെന്‍ഷന്‍പറ്റാന്‍ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാന്‍ മടിക്കേണ്ട. പെന്‍ഷന്‍പറ്റിയശേഷം തുടക്കകാലങ്ങളില്‍ ജീവിക്കാന്‍ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതില്‍നിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം.

 

 

Lesson 48: How Long Will You Live After Being Pensioned?