ണ്ടുകോടി രൂപ നിക്ഷേപമുണ്ട്. ഉടനെ വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. നിക്ഷേപത്തില്‍നിന്ന് പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനം ലഭിക്കുമോ? ഈ ചോദ്യവുമായെത്തിയ നിക്ഷേപകന് നല്‍കിയ മറുപടിക്ക് 70ലേറെ കമന്റുകളാണ് ലഭിച്ചത്. 

പ്രതികരണങ്ങളിലേറെയും വിവരക്കേടുവിളമ്പുന്നതായിരുന്നു. റിട്ടയര്‍മെന്റുകാല ജീവിതത്തെക്കുറിച്ച് പലരും ആലോചിച്ചിട്ടുപോലുമില്ല. അതുമാത്രമല്ല പണപ്പെരുപ്പം നിക്ഷേപത്തിന്റെ മൂല്യമിടക്കുമെന്നും ആര്‍ക്കും അറിയുകയുമില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനുവേണ്ടി നിക്ഷേപിക്കുന്നവര്‍ നിലവിലെ ജീവിത ചെലവിനൊപ്പം ആറു ശതമാനമെങ്കിലും വാര്‍ഷിക പണപ്പെരുപ്പുകൂടി കണക്കാക്കിവേണം അന്നത്തെ ജീവിത ചെലവ് കണക്കാക്കാന്‍. 85 വയസ്സുവരെ ജീവിക്കുമെന്നും മുന്‍കൂട്ടികാണുകയുംവേണം.

പുതിയ തുടക്കം
റിട്ടയര്‍ചെയ്യുകയെന്നാല്‍ മുന്നില്‍ നീണ്ടുകിടക്കുന്ന ജീവിതത്തിന് പുതിയ തുടക്കമിടുകയെന്നതാണ്. അതുവരെ തുടര്‍ന്നുവന്ന ജോലിയും അതില്‍നിന്നുള്ള സമ്പാദ്യവും ഇല്ലാതാകുമെന്ന സാഹചര്യമുണ്ടാകും. 

പണപ്പേരുപ്പത്തിനനുസരിച്ച് വര്‍ധിച്ചുകൊണ്ടിരുന്ന ശമ്പളം മാസംതോറും കയ്യില്‍കിട്ടാതാകുന്നു. അതിനെ മറികടക്കാന്‍, പണപ്പെരുപ്പ നിരക്കിനപ്പുറം ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കേണ്ടിവരും. 

റിട്ടയര്‍മെന്റുകാല ജീവിതത്തിന് എന്തുകൊണ്ടും യോജിച്ചത് സ്ഥിര നിക്ഷേപ പദ്ധതികളാണെന്നതില്‍ സംശയമില്ല. വയസ്സുകാലത്ത് ഓഹരി നിക്ഷേപം പരിമിതപ്പെടുത്തുന്നത് നല്ലതാണ്. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ മാത്രമേ പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ലഭിക്കുകയുമുള്ളൂ എന്നകാര്യം മറക്കാനും പാടില്ല.

കക്ഷത്തിലുള്ളത് പോകാനുംപാടില്ല ഉത്തരത്തിലുള്ളത് എടുക്കുകയുംവേണം. ഈ അവസ്ഥയിലാണ് ഒരു പെന്‍ഷന്‍കാരന്റെ ജീവിതം. അതുകൊണ്ടുതന്നെ കക്ഷത്തിലുള്ളതുപോകാതെ ഉത്തരത്തിലുള്ളത് വിഗദ്ധമായി എടുക്കാന്‍ പഠിക്കണം! മൊത്തം നിക്ഷേപത്തില്‍ 25 മുതല്‍ 30 ശതമാനംവരെ ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിച്ച് ഇത് സാധ്യമാക്കാം. 

ചെയ്യേണ്ടത്
മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ ആവശ്യമുള്ള തുക മികച്ച ആദായം ലഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുക. അതില്‍ ആദ്യത്തെ ചോയ്‌സ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് നല്‍കുക. മികച്ച പലിശയും റഗുലറായി നിശ്ചിത വരുമാനവും ഉറപ്പായ ആദായവും നല്‍കുന്ന പദ്ധതിയാണത്. 

നിങ്ങളുടെ ജീവിത ചെലവും മൊത്തം നിക്ഷേപവും എത്രയാണെന്നതിനെ അനുസരിച്ചായിരിക്കും ഇതിലെ നിക്ഷേപം ക്രമീകരിക്കേണ്ടത്. കാരണം പരമാവധി 15 ലക്ഷംരൂപവരെയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ കഴിയൂ. ഭാര്യയുടെ പേരിലുംകൂടിയാകുമ്പോള്‍ 30 ലക്ഷംരൂപവരെ നിക്ഷേപിക്കാം. 8.60 ശതമാനമാണ് 2020 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ പദ്ധതിയുടെ പലിശ. 

30 ലക്ഷത്തില്‍നിന്നുള്ള പലിശ നിങ്ങളുടെ പ്രതിമാസ ജീവിത ചെലവിന് തികയുകയില്ലെങ്കില്‍ ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകൂടി നിക്ഷേപത്തിനായി പരിഗണിക്കാം. 8-9 ശതമാനം വാര്‍ഷിക ആദായം ഇതില്‍നിന്ന് പ്രതീക്ഷിക്കാം. 

കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകള്‍
അഞ്ചുവര്‍ഷംവരെയുള്ള നിക്ഷേപം ഇങ്ങനെ ക്രമീകരിച്ചുകഴിഞ്ഞാല്‍ 25-30 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പണപ്പെരുപ്പ നിരക്കിനെ അതിജീവിക്കുകയുംവേണം ഓഹരിയില്‍ നിക്ഷേപവുംവേണം അതോടൊപ്പം റിസ്‌ക്ക് കുറയ്ക്കുകയുംവേണം എന്നുവരുമ്പോള്‍ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളാണ് അനുയോജ്യം. 

ഈ ഫണ്ടുകള്‍ 25 ശതമാനം തുകമാത്രമാണ് ഓഹരി വാങ്ങാന്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ള തുക ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുന്നത്. 

റിട്ടയര്‍മെന്റ് കാലം മുഴുവനും പരമാവധി 25-30 ശതമാനത്തില്‍ ഓഹരി നിക്ഷേപം ഒതുക്കാന്‍ ശ്രമിക്കണം. അതിന് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകള്‍ ഉപകരിക്കും. ജീവിതകാലം മുഴുവനും അതില്‍ നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുകയുംവേണം. തുടക്ക കാലങ്ങളില്‍ ഈ നിക്ഷേപത്തില്‍നിന്ന് പരമാവധി അഞ്ചുശതമാനത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അഞ്ചുവര്‍ഷംകഴിയുമ്പോള്‍ പ്രതിമാസം നിശ്ചിത തുകവീതം സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍വഴി പിന്‍വലിച്ച് ആവശ്യങ്ങള്‍ നിറവേറ്റാം. മികച്ച കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകളില്‍നിന്ന് പത്ത് ശതമാനത്തിലേറെ വാര്‍ഷിക ആദായം ലഭിക്കാം. 

 

 

 

Lesson 45: Where is the money allocated for retirement life?