lesson 3

 

തുള്ളി പെരുവെള്ളം-എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. പഴഞ്ചൊല്ലെന്നുപറഞ്ഞ് തള്ളിക്കളയുന്നവരേറെയാണെന്നുമാത്രം. ഒരു സുപ്രഭാതത്തില്‍ പണക്കാരായ അയല്‍ക്കാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അങ്ങനെ ധനവാനാകാന്‍ മാജിക് ഫോര്‍മുലയൊന്നും ആരുടെയും കൈവശമില്ലെന്നകാര്യം മനസിലാക്കുക. 

ധനവാന്മാരായ വ്യക്തികളെ ചൂണ്ടി ചിലര്‍ പറയാറുണ്ട്. തെക്കുവടക്ക് നോക്കി നടന്നിരുന്നയാളാണ്. എത്രപെട്ടെന്നാണ് കാശുകാരനായത്! ലോട്ടറി അടിച്ചില്ലെങ്കിലും ഈ വിഭാഗത്തിലുള്ളവരെ ഭാഗ്യവാന്‍ എന്നാകും വിശേഷിപ്പിക്കുക. 

പെട്ടെന്ന് പണമുണ്ടാക്കാന്‍ മാജിക് ഫോര്‍മുലകളൊന്നുമില്ലെന്ന് അറിയുക. മികച്ച നിക്ഷേപകനായാല്‍ ആര്‍ക്കും പണമുണ്ടാക്കാം. 

നിക്ഷേപിക്കുന്ന ഓരോരൂപയും നിങ്ങള്‍ക്കുമുന്നില്‍ സമ്പത്തിന്റെ വാതില്‍ തുറക്കും. സംശയം വേണ്ട. നിങ്ങള്‍കൂട്ടിവെയ്ക്കുന്ന ഒരോ രൂപയും ദീര്‍ഘകാലത്തേയ്ക്ക് വന്‍തുകയായി മാറുമെന്നകാര്യം മറക്കേണ്ട.

ദുര്‍വ്യയം ഒഴിവാക്കാം
സമ്പത്തുനേടാന്‍ ഏറ്റവും മികച്ച മാര്‍ഗം ദുര്‍വ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരുരൂപയായാലും നിക്ഷേപം നടത്തുക. 

ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകള്‍ക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മള്‍ട്ടിപ്ലക്‌സില്‍ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക. 

നിക്ഷേപിക്കാനുള്ള മനോഭാവം വളര്‍ത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം ? പേഴ്‌സില്‍നിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരു ചിന്ത മനസില്‍ ഉയരണം. ഇതെനിക്ക് ഇപ്പോള്‍ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ?  

വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കില്‍ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയില്‍നിന്ന് എന്ത് വാങ്ങുകയാണെങ്കിലും ഈയൊരു ചിന്ത മനസിലുണ്ടായാല്‍ മതി. നിങ്ങള്‍ക്കും ധനവാനാകാം. 

ഒഴിവാക്കുക
അനാവശ്യ ചെലവുകള്‍ 

ധാരണ ഉണ്ടാക്കുക
ചെലവുകളെക്കുറിച്ച് 

വളര്‍ത്തുക
നിക്ഷേപ മനോഭാവം 

ഇന്നുതന്നെ
നിക്ഷേപം തുടങ്ങുക

എത്ര പണമുണ്ടായാലും പോരാത്ത കാലമാണിത്.  വാങ്ങിയാല്‍ തീരാത്ത അത്ര ഉത്പന്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതിനുപുറമേ, അധികകാലം കഴിയുംമുമ്പേ അവയുടെ പുതിയ മോഡലുകള്‍ വന്നുകൊണ്ടിരിക്കും. പുതിയവ വാങ്ങാന്‍ സാഹചര്യങ്ങള്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടുമിരിക്കും. എല്ലാം നമുക്ക് ആവശ്യമുള്ളതാണോയെന്നതിലാണ് കാര്യം. പണം ചെലവാക്കുന്നതിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്.  

പ്രതിമാസം എത്ര രൂപ ചെലവാക്കുന്നു എന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ചെലവാക്കുന്ന തുക ഓരോ ദിവസവും എഴുതിവെയ്ക്കുക. മാസാവസാനം വിലയിരുത്തുക. കുറച്ചുമാസം ഇങ്ങനെ ചെയ്യുമ്പോള്‍ അനാവശ്യമായ ചെലവുകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കുതന്നെ ബോധ്യമാകും. 

അടുത്തഘട്ടമായി നിക്ഷേപം ആസുത്രണംചയ്യാം. ഒന്ന് മനസിലാക്കുക, നിക്ഷേപം തുടങ്ങാനുള്ള ദിവസം ഇന്നലെയായിരുന്നു എന്ന്. അതായത് ആ ദിനം കഴിഞ്ഞുപോയിരിക്കുന്നു. നാളെയാകട്ടെ...നാളെയാകട്ടെ എന്ന് നീട്ടിവെയ്ക്കുന്നവരാണ് ഇതാദ്യം മനസിലാക്കേണ്ടത്.

നിങ്ങള്‍ക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരു ദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപത്തിന്റെ മൂല്യംകുറയ്ക്കും. 

ഉദാഹരണം നോക്കാം. 
ഏഴ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രതിമാസം 10,000 രൂപ നിങ്ങള്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. 30 വര്‍ഷംകൊണ്ട് അത് 1.22 കോടിയായി വളരും. 15 വര്‍ഷത്തിനുശേഷം നിക്ഷേപം നടത്തുന്ന ഒരാള്‍ പ്രതിമാസം 31,000 രൂപയിലേറെ നിക്ഷേപിച്ചെങ്കില്‍ മാത്രമേ 15 വര്‍ഷംകൊണ്ട് ഒരു കോടി രൂപയെങ്കിലും സമ്പാദിക്കാനാകൂ.

20 വര്‍ഷമാണ് പാഴാക്കിയതെങ്കിലോ? ഒരു കോടി രൂപ ലഭിക്കാന്‍ പ്രതിമാസം 57,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരും! കണക്കുകൂട്ടാന്‍ എളുപ്പത്തിന് വെറും ഏഴ് ശതമാനം പലിശയാണ് നിക്ഷേപത്തിനൊപ്പം ചേര്‍ത്തിട്ടുള്ളതെന്നകാര്യം മനസിലാക്കുക. ഇതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപമാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുമെന്നകാര്യത്തില്‍ സംശയമില്ല.

ഗുണപാഠം: 
പണമോ സമയമോ പാഴാക്കരുത്. നിക്ഷേപിക്കാന്‍ വന്‍തുകയ്ക്കുവേണ്ടി ഒരിക്കലും കാത്തിരിക്കരുത്. കൈവശമുള്ള ഒരു രൂപപോലും ഭാവിയില്‍ നിങ്ങളെ കോടീശ്വരനാക്കാന്‍ ഉപകരിക്കും. 

feedbacks to 
antony@mpp.co.in