retirement

രാജീവ് ദേവദാസിന് ജോലി ലഭിച്ചിട്ട് രണ്ടുവര്‍ഷമായി. ഇപ്പോള്‍ വയസ് 30. ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ജീവിക്കുന്നതിനുള്ള തുകയക്കുള്ള നീക്കിവെയ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

വിവാഹിതനായ രാജീവിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 30,000 രൂപയാണ്. 30 വര്‍ഷം കഴിഞ്ഞ് അറുപതാമത്തെ വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ എത്ര തുകയാണ് രാജീവിന് വേണ്ടിവരിക?

30,000
പ്രതിമാസ ചെലവ്

2.28ലക്ഷം
2046ലെ പ്രതിമാസ ചെലവ്

7ശതമാനം
പണപ്പെരുപ്പം

80 വയസ്
ജീവിതകാലയളവ്

4.62കോടി
മൊത്തം ആവശ്യമുള്ള തുക

13227 രൂപ
പ്രതിമാസ നിക്ഷേപം

12%
പ്രതീക്ഷിക്കുന്ന ആദായം

പണപ്പെരുപ്പ നിരക്കു(ശരാശരി ഏഴ് ശതമാനം)കളുമായി വിലയിരുത്തുമ്പോള്‍ പ്രതിമാസം 2.28 ലക്ഷം രൂപ അന്ന് വേണ്ടിവരും. അതായത് ഇപ്പോള്‍ 30,000 രൂപയ്ക്ക് നിറവേറ്റുന്ന ജീവിത ചെലവുകള്‍ 2046ല്‍ നിറവേറ്റാന്‍ 2.28 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ചുരുക്കം.

ഇതുപ്രകാരം റിട്ടയര്‍ ചെയ്ത ആദ്യവര്‍ഷത്തെ ചെലവുകള്‍ക്കായി 27.40 ലക്ഷം രൂപ അദ്ദേഹം കരുതണം. 80 വയസുവരെ ജീവിക്കാന്‍ വേണ്ടിവരിക 4.62 കോടി രൂപയും!

പെന്‍ഷന്‍ പദ്ധതികള്‍
വാര്‍ദ്ധക്യ കാലത്ത് പ്രയോജനപ്പെടുത്താനായി സമ്പത്ത് കാലത്ത് കൂട്ടിവെയ്ക്കാന്‍ നിക്ഷേപകനെ സഹായിക്കുകയെന്നതാണ് പെന്‍ഷന്‍ പദ്ധതികളുടെ ലക്ഷ്യം. ജോലിക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അനുയോജ്യമായ നിരവധി പെന്‍ഷന്‍ പദ്ധതികളുണ്ട്. 

എന്‍പിഎസ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം 2004ല്‍ സര്‍ക്കാര്‍ അതരിപ്പിച്ചത്. പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ ചേരാന്‍ അവസരം നല്‍കിയത് 2009 മെയ് ഒന്നുമുതലാണ്. 

2016 ജൂലായ് 31ലെ കണക്കുപ്രകാരം ഒരു കോടി പേര്‍ പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. 1.38 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ആസ്തി. അതേസമയം, വ്യക്തികള്‍ സ്വന്തം നിലയ്ക്ക് ചേര്‍ന്നിട്ടുള്ള അക്കൗണ്ടുകളുടെ എണ്ണം ഏഴ് ലക്ഷംമാത്രമാണ്. ഇതിലെ മൊത്തം ആസ്തി 12,000 കോടി രൂപയും.

ആര്‍ക്കാണ് യോജിച്ചത്?
റിട്ടയര്‍മെന്റ് കാല ജീവിതത്തിന് യോജിച്ച നിരവധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്. അതിനൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കാണാം. ഇവയില്‍നിന്ന്  ഓരോരുത്തര്‍ക്കും അനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിലാണ് മികവ് കാണിക്കേണ്ടത്.

നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി പഠിച്ച് നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ആവശ്യമെങ്കില്‍ നിക്ഷേപരീതിയില്‍ മാറ്റംവരുത്തി മുന്നേറാന്‍ സമയമോ കഴിവോ ഇല്ലാത്തയാളാണ്‌ നിങ്ങള്‍ എങ്കില്‍ എന്‍പിഎസില്‍ ചേരാന്‍ മടിക്കേണ്ട. ജോലി ചെയ്യുന്ന 20-30 വര്‍ഷ കാലയളവില്‍ ചിട്ടയായി നിക്ഷേപിച്ച് പെന്‍ഷന്‍ ഫണ്ട് സ്വരൂപിക്കാം. 

അതായത് 30 വയസില്‍ എന്‍പിഎസില്‍ ചേരുന്ന ഒരാള്‍ക്ക് വിരമിക്കാന്‍ 30വര്‍ഷമാണ് പൂര്‍ത്തിയാക്കേണ്ടത്. 80വയസുവരെയെങ്കിലും ജീവിക്കുമെന്നും കരുതുക. അങ്ങനെയെങ്കില്‍ 50വര്‍ഷം നീണ്ടുനില്‍ക്കുന്ന നിക്ഷേപ പദ്ധതിയിലാണ് നിങ്ങള്‍ എന്‍പിഎസിലൂടെ തുടക്കമിടുന്നതെന്ന് ചുരുക്കം.  

നിങ്ങള്‍ക്കുവേണ്ടി ഫണ്ട് മാനേജര്‍മാര്‍ വിദഗ്ധമായ നിക്ഷേപ മാനേജ്‌മെന്റിലൂടെ ഇത് നിര്‍വഹിക്കും. കടപ്പത്രം, ഓഹരി തുടങ്ങിയ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പരമാവധി നേട്ടം നിക്ഷേപകന് നല്‍കാന്‍ ഇവര്‍ ശ്രമിക്കുന്നത്. നിക്ഷേപകന്‍ ഇതേക്കുറിച്ചൊന്നും കാര്യമായി വേവലാതിപ്പെടേണ്ടതില്ലെന്ന് ചുരുക്കം.

നികുതിയിളവ്
80സിക്ക് പുറമെ, എന്‍പിഎസില്‍ പ്രതിവര്‍ഷം 50,000 രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവും(80സിസിഡി 1ബി) സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായ നികുതിയിളവ് ലഭിക്കും.

എന്താണ് ടയര്‍ 1 അക്കൗണ്ട്
രണ്ട് തരത്തിലുള്ള അക്കൗണ്ടാണ് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നത്. ടയര്‍ 1, ടയര്‍ 2. ടയര്‍ 1 അക്കൗണ്ട് അടിസ്ഥാന പെന്‍ഷന്‍ അക്കൗണ്ടാണ്. ഈ എക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ടയര്‍ 2 നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഈ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാം. ടയര്‍ 2 അക്കൗണ്ട് തുടങ്ങാന്‍ ടയര്‍ 1 അക്കൗണ്ട് ആവശ്യമാണ്.

ആര്‍ക്കൊക്കെ ചേരാം
18 വയസിനും 65 വയസിനും ഇടയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചേരാം. മേല്‍വിലാസവും ഐഡന്റിറ്റിയും തിരിച്ചറിയുന്നതിന് കവൈസി നിബന്ധനകള്‍ പാലിക്കണം.

പ്രവാസികള്‍ക്കും നിക്ഷേപിക്കാം.
പ്രവാസികള്‍ക്കും എന്‍പിഎസില്‍ ചേരാം. ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുപയോഗിച്ച് പദ്ധതിയിലേയ്ക്ക് തുക കൈമാറാം. 

feedbacks to:
antonycdavis@gmail.com

എന്‍പിഎസില്‍ ചേരാനുള്ള വഴികള്‍? 
ടയര്‍ 2 അക്കൗണ്ടില്‍
പരമാവധി തുക
നിക്ഷേപിച്ച് എങ്ങനെ നിങ്ങളുടെ ലക്ഷ്യതുക കൈവരിക്കാം.
അതേക്കുറിച്ചെല്ലാം അറിയാന്‍

പാഠം 21