Child's Future

ബാംഗ്ലൂരിലെ ടെക്കിയായ സജിത് മകളുടെ ഒന്നാം ജന്മദിനം മുന്തിയ ഹോട്ടലില്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഒരു സുഹൃത്ത്‌വഴി സജിത് ഫിനാന്‍ഷ്യല്‍ പ്ലാനറെ കാണുന്നത്. 

മകളുടെ ഭാവിയ്ക്കുവേണ്ടി നിക്ഷേപം തുടങ്ങാന്‍ പറ്റിയസമയം ഒന്നാം ജന്മദിനമാണെന്ന ഉപദേശം സ്വീകരിച്ച സജിത് തീരുമാനമെടുത്തു. 

ജന്മദിനാഘോഷം ഹോട്ടലില്‍നിന്ന് ഫ്‌ളാറ്റിലേയ്ക്ക് മാറ്റി. സൃത്തുക്കളും ബന്ധുക്കളുമായി വേണ്ടപ്പെട്ടവരെമാത്രം ക്ഷണിച്ചു. അങ്ങനെ സേവ് ചെയ്ത രണ്ട് ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സജിത് നീക്കിവെച്ചു.

വയസ്സ്
2
എംബിഎ(നിലവിലെ ചെലവ്)
10 ലക്ഷം
22 വയസ്സാകുമ്പോള്‍
(പ്രതീക്ഷിക്കുന്ന ചെലവ്)
46.60 ലക്ഷം

നിക്ഷേപം
2 വയസ്സില്‍ തുടങ്ങിയാല്‍
പ്രതിമാസ നിക്ഷേപതുക
5,067 രൂപ*

നാല് വയസ്സില്‍ തുടങ്ങിയാല്‍
6,549 രൂപ

ആറ് വയസ്സില്‍ തുടങ്ങിയാല്‍
8,540 രൂപ

10 വയസ്സില്‍ തുടങ്ങിയാല്‍
11,271 രൂപ

12 വയസ്സില്‍ തുടങ്ങിയാല്‍
20,805 രൂപ
*(12% വാര്‍ഷിക ആദായനിരക്കില്‍)

ഇക്കാര്യം തന്റെ സൃഹൃത്തായ വിനോദിനോട് സജിത് പങ്കുവെച്ചു. മകള്‍ക്ക് ആറ് വയസ്സായെങ്കിലും വിനോദ് ഇതുവരെ അതേക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. ആ സമയമാകുമ്പോള്‍ എങ്ങനെയെങ്കിലും അതൊക്കെ നടന്നുകൊള്ളുന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് വിനോദില്‍നിന്നുണ്ടായത്. പിന്നെയെന്തിനാണ് വിദ്യാഭ്യാസ ലോണ്‍? പരിഹാസത്തോടെയുള്ള ചോദ്യവും.

കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണ് മലയാളികളില്‍ പലരും. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നകാര്യത്തില്‍ ശ്രദ്ധചെലുത്തുന്നവരുമാണവര്‍. എന്നാല്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് നേരത്തെ നിക്ഷേപം തുടങ്ങുന്നകാര്യത്തില്‍ ഏറ്റവും പിന്നിലാണുതാനും.

ഉന്നത വിദ്യാഭ്യാസത്തിനുള്ള കോഴ്‌സ് ഫീ ഓരോ വര്‍ഷവും റോക്കറ്റിനെപ്പോലെയാണ് കുതിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള സ്ഥാപനങ്ങളുടെ ഫീസുതന്നെ ലക്ഷങ്ങളാണിപ്പോള്‍. പിന്നെ സ്വാശ്രയ സ്ഥാപനങ്ങളിലേത് പറയേണ്ടതില്ലല്ലോ.

ഐഐടിയില്‍നിന്ന് എഞ്ചിനിയറിങ് ഡിഗ്രി പൂര്‍ത്തിയാക്കണമെങ്കില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ ഫീസ് നല്‍കണം. 90,000ല്‍നിന്ന് ഒറ്റയടിക്ക് ഈയിടെയാണ് ഇത്രയും ഫീസ് ഉയര്‍ത്തിയത്.

ടൂഷ്യന്‍ ഫീസ് മാത്രമാണിത്. എക്‌സാം ഫീ, രജിസ്‌ട്രേഷന്‍ ഫീ, ഹോസ്റ്റല്‍ ഫീ, മെസ് ചാര്‍ജ്, സ്റ്റുഡന്റ് ബെനവലന്റ് ഫണ്ട് എന്നിങ്ങനെ മറ്റ് ചെലവുകള്‍ വേറെയുംവരും. നാല് വര്‍ഷത്തെ എഞ്ചിനിയറിങ് ഡിഗ്രി പൂര്‍ത്തിയാക്കണമെങ്കില്‍ ഫീസുമാത്രം എട്ട് ലക്ഷം രൂപവരും. 10 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കാക്കുകയാണെങ്കില്‍ എട്ട് വര്‍ഷംകഴിഞ്ഞാല്‍ ഈ തുക 17 ലക്ഷമായി ഉയരും. 2030ആകുമ്പോഴേയ്ക്കും 30 ലക്ഷത്തിലേറെ രൂപയുണ്ടെങ്കിലേ ഐഐടിയില്‍നിന്ന് എഞ്ചിനിയറിങ് ബിരുദം നേടാനാകൂ.

ഐഐടി, ഐഐഎം തുടങ്ങിയ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ എല്ലാവര്‍ക്കുമാകില്ലല്ലോ. അങ്ങനെവരുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. 

എഞ്ചിനിയറിങ്, മെഡിക്കല്‍ വിഭാഗങ്ങളില്‍ പ്രവേശം ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പത്താംക്ലാസ് കഴിയുമ്പോഴേ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ക്കായി വന്‍തുക നീക്കിവെയ്‌ക്കേണ്ടിവരുന്നു. 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് ഇവിടങ്ങളിലെ വാര്‍ഷിക ഫീസ്. 

ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് എത്രയുംനേരത്തെ ആസൂത്രണം ചെയ്യുന്നോ അത്രയും നല്ലതെന്നേ പറയാനൂള്ളൂ.

ചെലവ് കണക്കാക്കാം
ഭാവിയില്‍ വേണ്ടിവരുന്ന വിദ്യാഭ്യാസ ചെലവ് കണക്കാക്കുകയാണ് ആദ്യംവേണ്ടത്. ചേര്‍ത്താന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിന് നിലവില്‍ എത്രചെലവ് വരുമെന്ന് ഏകദേശ ധാരണയിലെത്താം. പ്രതിവര്‍ഷം 10-12 ശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേര്‍ത്ത് ഭാവിയില്‍ വേണ്ടിവരുന്നതുക കണ്ടെത്താം.

കൂട്ടുപലിശയുടെ ഗുണം ലഭിക്കാന്‍ എത്രയും നേരത്തെ നിക്ഷേപം തുടങ്ങുക. 2-3 വയസ്സുകാര്‍ക്കുവേണ്ടിയുള്ള നിക്ഷേപ ആസൂത്രണമല്ല 10-12 വയസ്സുകാരയ കുട്ടികള്‍ക്കുവേണ്ടി നടത്തേണ്ടത്. 

വ്യത്യസ്ത പ്രായക്കാരായ കുട്ടികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് 18 വയസ്സാകുമ്പോള്‍ 25 ലക്ഷം രൂപയെന്ന ലക്ഷ്യം നിറവേറ്റാന്‍ പ്രതിമാസം നിക്ഷേപിക്കേണ്ട തുകഎത്രയെന്ന് വിലയിരുത്താം.

  • മൂന്ന് വയസില്‍ നിക്ഷേപം തുടങ്ങുകയാണെങ്കില്‍ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 5,004 രൂപയാണ് 
  • ആറ് വയസ്സിലാണെങ്കില്‍ 7,835 രൂപ നിക്ഷേപിക്കണം.
  • ഒമ്പത് വയസ്സാണ് കുഞ്ഞിനെങ്കില്‍ പ്രതിമാസം 9,195 രൂപയാണ് നിക്ഷേപിക്കേണ്ടത്.
  • 12 വയസ്സാണെങ്കില്‍ 23,875 രൂപയും 15 വയസ്സാണെങ്കില്‍ 58,036 രൂപയും നിക്ഷേപിക്കേണ്ടിവരും.
  • നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക ആദായം കിട്ടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ തുക നിശ്ചയിച്ചിട്ടുള്ളത്. 

 

വൈകിയാല്‍ ഏറെ വിലകൊടുക്കേണ്ടിവരും
മൂന്ന് വയസ്സില്‍ നിക്ഷേപം തുടങ്ങിയാല്‍ നിങ്ങള്‍ക്ക് 5004 രൂപയാണ് പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക. അതേസമയം, ആറ് വര്‍ഷംകഴിഞ്ഞാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ പ്രതിമാസം 9,195 രൂപയാകും അടയ്‌ക്കേണ്ടിവരിക. വീണ്ടും മൂന്ന് വര്‍ഷംകഴിഞ്ഞാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിമാസം 23,875 രൂപ നിങ്ങള്‍ക്ക് കണ്ടെത്തേണ്ടിവരും. 

feedbacks to:
antonycdavis@gmail.com