പ്രമുഖ സ്വകാര്യകമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്ന ഗോപാൽ മേനോന്റെ മരണം അപ്രതീക്ഷിതമായിരുന്നു. 48വയസ്സുള്ള അദ്ദേഹം ജോലിക്കിടെയാണ് കുഴഞ്ഞുവീണുമരിച്ചത്. താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നു മരണം കുടുംബത്തിനേൽപ്പിച്ചത്. 

ഒരുകൂട്ടം രേഖകളുടെ പകർപ്പുകളോടൊപ്പമാണ് മരണവിവരം ഇ-മെയിലായി എത്തിയത്. ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മന്റ്, മ്യൂച്വൽ ഫണ്ടുകളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ എന്നിവയായിരുന്നു ഭാര്യ ജ്യോതിയുടെ മെയിലിലെ അറ്റാച്ച്‌മെന്റുകൾ. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. നഷ്ടമാണോ നേട്ടമാണോ ഈ കടലാസുകളുടെ ഉള്ളടക്കമെന്നും ജ്യോതിക്കറിയില്ല.

ബാങ്ക് അക്കൗണ്ട്, എഫ്ഡി എന്നിവയക്കെറിച്ച് ധാരണയുണ്ടായിരുന്നതിനാൽ അവയെല്ലാം നേരത്തെ കൈകാര്യംചെയ്തിരുന്നു. അതിൽനിന്നെല്ലാം 20 ലക്ഷത്തോളം രൂപ ലഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ബാധ്യതയായി ജ്യോതിക്കുമുന്നിലുണ്ട്. വീട് പണിയുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവും.

അലമാരയിൽ സൂക്ഷിച്ചിരുന്ന പല കടലാസുകളും ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്ന് അവർക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലം അതേക്കുറിച്ചൊന്നും അന്വേഷിച്ചതുമില്ല. പിന്നീടെപ്പോഴോ മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് ഒരു ഡയറിയും കുറെ നിക്ഷേപ സ്റ്റേറ്റുമെന്റുകളും ലഭിച്ചത്. 

ഓഹരി വിപണിയെക്കുറിച്ചോ, മ്യൂച്വൽ ഫണ്ടിനെക്കുറിച്ചൊ കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ വിശദമായ അറിവില്ലായിരുന്നു. അയച്ചുതന്നെ 'കടലാസുകൾ' പരിശോധിക്കാൻ ഏറെ സമയംവേണ്ടിവന്നു. പെന്നി സ്റ്റോക്കുകൾ ഉൾപ്പടെ 40 തിലധികം ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ സ്റ്റേറ്റ്‌മെന്റിൽനിന്ന് ലഭിച്ചു. ഓഹരി ട്രേഡിങ് ബ്രോക്കർ രണ്ടുവർഷംമുമ്പ് അച്ചുകൊടുത്ത സ്റ്റേറ്റുമെന്റായിരുന്നു അത്. ഓഹരികൾ പലപ്പോഴായി വാങ്ങിയിടുന്നതല്ലാതെ വിൽക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. പത്തിലധികം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപവുമുണ്ട്.

ഓഹരികളുടെയും മ്യൂച്വൽ ഫണ്ടുകളിലെയും മൊത്തം നിക്ഷേപ മൂല്യം 65ലക്ഷം രൂപയുണ്ടെന്നറിഞ്ഞപ്പോൾ ജ്യോതിക്ക് വിശ്വസിക്കാനായില്ല. നിക്ഷേപ വിവരങ്ങൾ ഗോപാൽവർമ യഥാസമയം അറിയിച്ചിരുന്നില്ലെങ്കിലും കൃത്യമായി നോമിനിയെ ചേർക്കാൻ മറന്നിരുന്നില്ല. എല്ലാ നിക്ഷേപ പദ്ധതികളിലും ഭാര്യയായിരുന്നു നോമിനി. അതുകൊണ്ടുതന്നെ എളുപ്പത്തിൽ നിക്ഷേപ പദ്ധതികൾ കൈകാര്യംചെയ്യാനായി. 

ഓഹരിയെക്കുറിച്ചോ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചോ അറിയാത്തതുകൊണ്ടും മറ്റ് വരുമാനമൊന്നുമില്ലാത്തതുകൊണ്ടും നിക്ഷേപമെല്ലാം പിൻവലിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളിലായി ഡീലിസ്റ്റ് ചെയ്തവയും താഴ്ന്നമൂല്യമുള്ളവയുമായ അഞ്ചോളം ഓഹരികളുണ്ടായിരുന്നു. ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മൊത്തംനിക്ഷേപത്തെ മികച്ചനേട്ടത്തിലെത്തിച്ചത്. 100 ഏഷ്യൻ പെയിന്റ്‌സിന്റെ ഓഹരിയാണ് പോർട്ട്‌ഫോളിയോയിലുണ്ടായിരുന്നത്. ശരാശരി വാങ്ങിയവില 850 രൂപയായിരുന്നു. ഇപ്പോൾ 3000 രൂപയ്ക്കടുത്താണ് ഈ ഓഹരികളുടെ വില. ഇൻഫോസിസിൽനിന്നും ഹിന്ദുസ്ഥാൻ യുണിലിവറിൽനിന്നും സമാനമായനേട്ടം ലഭിച്ചു. 

വർഷങ്ങൾക്കുമുമ്പെ സ്വന്തമാക്കിയ ഈ ഓഹരികളുടെ മൂല്യംകൂടി ചേർന്നപ്പോൾ നേട്ടം 15ശതമാനത്തിലേറെയായിരുന്നു. വിപണി മികച്ച ഉയരത്തിലായതിനാൽ ഓഹരികൾ വിറ്റ് നിക്ഷേപം തിരിച്ചെടുത്തു. ഇതിലൂടെ 22 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. വിവിധ മ്യൂച്വൽ ഫണ്ടുകളിലായി 43 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഘട്ടംഘട്ടമായി അതുകൂടി പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കാനും ഉപദേശംനൽകി. 

ജ്യോതി നേരിട്ട സാഹചര്യം പലരുടെയും ജീവിതത്തിൽ ആവർത്തിച്ചേക്കാം. പ്രായമാകുമ്പോൾ വേണ്ടപ്പെട്ടവരെ ഇക്കാര്യങ്ങൾ അറിയിക്കാമെന്ന് കരുതിയിരിക്കരുത്. കോവിഡ് ബാധിച്ച് ചെറുപ്പക്കാരുൾപ്പടെ നിരവധിപേരാണ് അപ്രതീക്ഷിതമായി നമ്മുടെ ഇടയിൽനിന്ന് വേർപിരിഞ്ഞ് പോയത്. ലോകംപിടിച്ചടക്കിയെന്ന് ഹുങ്ക് പറയുന്ന ചിലർ അപ്രതീക്ഷിതമായി ഇല്ലാതാകുമ്പോൾ അവരുടെ ഉറ്റവർ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 48-ാമത്തെ വയസ്സിൽ ഈലോകത്തോട് വിടപറയേണ്ടിവരുമെന്ന് ജ്യോതിയുടെ ഭർത്താവും ഒരിക്കലും കരുതിയിരിക്കില്ല. അതുകൊണ്ടുതന്നെ റെക്കോഡ് കീപ്പിങ് ഉൾപ്പടെ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാകട്ടെ ഇത്തവണ. 

നോമിനിയെ ചേർക്കുക
ബാങ്ക് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് പോളിസി, ഓഹരി, മ്യൂച്വൽ ഫണ്ട്, പിപിഎഫ് ഉൾപ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ നോമിനിയെ ചേർത്തിട്ടുണ്ടോ. ഇല്ലെങ്കിൽ വൈകിക്കേണ്ട. എപ്പോൾവേണമെങ്കിലും നോമിനിയെ ചേർക്കാനും നോമിനിയെ മാറ്റാനും എളുപ്പത്തിൽ കഴിയും. 

ഭാര്യ, കുട്ടികൾ, അച്ഛനമ്മമാർ, സഹാദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളെയാണ് നോമിനിയാക്കേണ്ടത്. ഒന്നിലധികം നോമിനികളെ ചേർക്കുമ്പോൾ നിശ്ചിത ശതമാനം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ തുല്യമായാണ് വീതിക്കുക. ഭാര്യ, മക്കൾ എന്നിങ്ങനെ നമ്മുടെ ഏറ്റവും അടുത്ത വ്യക്തികളെ നോമിനിയാക്കാൻ ശ്രദ്ധിക്കുക. നോമിനിയുടെ മുഴുവൻ പേര്, വയസ്, വിലാസം, ബന്ധം എന്നിവ ഉണ്ടായിരിക്കണം. നോമിനേഷൻ നടത്താതിനെതുടർന്ന് യഥാർഥ അവകാശിയെ കണ്ടെത്താനാകാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കോടി രൂപയാണെന്നകാര്യം ഓർക്കുക.  

നിക്ഷേപം വെളിപ്പെടുത്തുക
ബാങ്ക് അക്കൗണ്ട്, ലോക്കർ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, ഡീമാറ്റ് ട്രേഡിങ് അക്കൗണ്ട്, പിഎഫ് അക്കൗണ്ട് വിവരങ്ങൾ, നികുതി വിവരങ്ങൾ, വായ്പ, ജോലി സംബന്ധമായ രേഖകൾ എന്നിവയെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരെ അറിയിക്കണം. 

രേഖകൾ സൂക്ഷിക്കാം
നിക്ഷേപ വിവരങ്ങൾ ഡയറിയിൽ എഴുതിവെയ്ക്കാം. പാൻ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ട്രേഡിങ് അക്കൗണ്ട്, ഡിപി അക്കൗണ്ട് വിവരങ്ങൾ, മ്യൂച്വൽ ഫണ്ട് ഫോളിയോ നമ്പർ, ബാങ്ക് നിക്ഷേപ സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കാം. ഈ വിവരങ്ങളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവിലും അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം. കാലാകാലങ്ങളിൽ നിക്ഷേപ വിവരങ്ങൾ അപ്‌ഡേറ്റ്‌ചെയ്യാനും മറക്കരുത്. നിക്ഷേപ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ഇ-മെയിൽ വിലാസവും പാസ് വേഡും ജീവിത പങ്കാളിയെ അറിയിക്കുകയുമാകാം. 

ഓഹരി അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ് ക്ലെയന്റ് മാസ്റ്റർ ലിസ്റ്റ്. കൈവശമില്ലാത്തവർ ഇ-മെയിലിൽ ആവശ്യപ്പെട്ടാൽ ലഭിക്കും. അതുപോലെ പ്രധാനപ്പെട്ടതാണ് കൺസോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്(CAS).ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന സ്റ്റേറ്റ്‌മെന്റാണിത്. വർഷത്തിലൊരിക്കലെങ്കിലും ഈ സ്റ്റേറ്റ്‌മെന്റ് പുതുക്കി സൂക്ഷിക്കാൻ ശ്രമിക്കുക. ഡിജിലോക്കറിന്റെ സാധ്യതയും പ്രയോജനപ്പെടുത്താം.

ആസൂത്രണത്തിൽ പങ്കാളിയാക്കുക
സാമ്പത്തിക ആസൂത്രണംനടത്തുമ്പോൾ ജീവിത പങ്കാളിയെയും ഒപ്പംകൂട്ടുക. ഭാര്യയും ഭർത്താവും പരസ്പരം അറിഞ്ഞുകൊണ്ട് നിക്ഷേപംനടത്തുന്നതാകും നല്ലത്. രണ്ടുപേരും ചേർന്ന് നിക്ഷേപ പോർട്ട്‌ഫോളിയോ ഉണ്ടാക്കി ഒറ്റക്കോ ഇരുവരുടെയുംപേരിലോ നിക്ഷേപം നടത്താം. 

വിൽപത്രം
ജീവിതകാലത്ത് ആർജിച്ച സ്വത്തുവകകൾ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് രേഖയുണ്ടാക്കിവെക്കണം. കാലശേഷം സ്വത്തുവകകൾ ആർക്കൊക്കെ എത്ര അനുപാതത്തിൽ ലഭിക്കണമെന്ന് വിൽപത്രത്തിൽ വ്യക്തമാക്കാം. എഴുതുന്നയാൾക്ക് എപ്പോൾവേണമെങ്കിലും വിൽപത്രം റദ്ദാക്കാം, പുതുക്കിയെഴുതുകയുമാകാം. വിൽ തയ്യാറാക്കി പരിചയമുള്ളവരുടെ സഹായം ഇതിനായിതേടാം. ഏത് ഭാഷയിൽവേണമെങ്കിലും തയ്യാറാക്കുകയുമാകാം. 

വിൽപത്രത്തിന് രജിസ്‌ട്രേഷൻ നിർബന്ധമല്ല. എങ്കിലും രജിസ്റ്റർചെയ്യുന്നതാണ് നല്ലത്. രജിസ്ട്രാറുടെ കൈവശമുള്ളതിനാൽ നശിപ്പിച്ചാലും വീണ്ടെടുക്കാൻ അവസരമുണ്ട്. 21 വയസ്സ് കഴിഞ്ഞാൽ വിൽപത്രം തയ്യാറാക്കുന്നത് നല്ലതാണ്. സ്വത്തിന് അവകാശികളല്ലാത്ത വിശ്വസ്തരായ ആരെയെങ്കിലും സാക്ഷികളാക്കാം. രാജ്യത്ത് നിലവിൽ 4-5ശതമാനംപേർമാത്രമാണ് നിലവിൽ വിൽപത്രംതയ്യാറാക്കിയിട്ടുള്ളത്. അവരിൽ ചുരുക്കംചിലർമാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയൊന്നുമില്ലാത്തതിനാൽ അത്രചെലവുള്ളകാര്യമല്ല വിൽപത്രം തയ്യാറാക്കൽ.

feedbacks to:
antonycdavis@gmail.com

കുറിപ്പ്: വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് സാമ്പത്തികാസൂത്രണം. അതിനേക്കാളേറെ ശ്രദ്ധയോടെവേണം നിക്ഷേപ വിവരങ്ങൾ സൂക്ഷിക്കാൻ. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉപദേശംകേട്ട് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപംനടത്തരുത്. സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി യോജിച്ച പോർട്ട്‌ഫോളിയോ ഉണ്ടാക്കുക. അതിൽ ഉറച്ചുനിൽക്കുക. അടുക്കുംചിട്ടയും നിക്ഷേപത്തിന്റെകാര്യത്തിലും ഉണ്ടാകണം. വിൽപത്രം തയ്യാറാക്കി സൂക്ഷിക്കുകയുംവേണം.