ലോകത്ത് പ്രചാരംവര്‍ധിക്കുന്ന സമാന്തര(ക്രിപ്‌റ്റോ) കറന്‍സികളെ കൊല്ലാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പലതവണ ശ്രമിച്ചിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ളവ. ഈയിടെയുണ്ടായ വന്‍മൂല്യവര്‍ധനയാണ് നിക്ഷേപ ലോകത്ത് ബിറ്റ്‌കോയിന്‍ വീണ്ടും ചര്‍ച്ചക്ക് ഇടംനല്‍കിയത്.
ഒരു ബിറ്റ്‌കോയിന്റെ മൂല്യം 23,000 ഡോളര്‍ മറികടന്നിരിക്കുന്നു. 2020ല്‍ ഇതുവരെമാത്രം 200 ശതമാനത്തിലേറെ വര്‍ധന. അതായത് നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ മൂന്നിരട്ടിയിലേറെ മൂല്യം വര്‍ധിച്ചു. രണ്ടുമാസത്തിനിടെയുണ്ടായ വര്‍ധന 90ശതമാനത്തോളമാണ്.
മൂല്യത്തിനുപിന്നില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ആന്തരികമായി ഒരുമൂല്യവുമില്ല. കാണാന്‍ പോലും കഴിയാത്ത വിര്‍ച്വല്‍ കറന്‍സിമാത്രമാണിത്. മറ്റുനിക്ഷേപ ആസ്തികളെപ്പോലെ അതില്‍നിന്ന് നിശ്ചിത ശതമാനം ആദായം പ്രതീക്ഷിക്കാനാവില്ല. ഭാവിയില്‍ മൂല്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അതിന്റെ നിലനില്‍പ്പുതന്നെ.
സ്വര്‍ണവുമായി താരതമ്യംചെയ്താല്‍
സ്വര്‍ണംപോലെ ഖനനം ചെയ്‌തെടുക്കുന്നതാണ് ബിറ്റ്‌കോയിന്‍. ചെളിയും കല്ലും നിറഞ്ഞ ഖനികളില്‍നിന്നല്ലെന്നുമാത്രം. വിവിധ കംപ്യൂട്ടര്‍ ശൃഖലയുടെ പ്രവര്‍ത്തനത്തിലൂടെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്‌റ്റോകറന്‍സികള്‍ രൂപപ്പെടുന്നത്.
രണ്ടുകാരണങ്ങളാലാണ് ക്രിപ്‌റ്റോകറന്‍സി അനുകൂലികള്‍ സ്വര്‍ണവുമായി അതിനെ താരമ്യം ചെയ്യുന്നത്. പരിമിതമായ ശേഖരമാണ് അതിലൊന്ന്(21 ദശലക്ഷം കോയിനുകള്‍മാത്രമെ സൃഷ്ടിക്കാന്‍ കഴിയൂ). രണ്ടാമത് വരുമാനത്തിന്റെ അഭാവമാണ്. എന്നാല്‍ ഇവര്‍ മനസിലാക്കേണ്ട് ഒരുകാര്യമുണ്ട്. സ്വര്‍ണത്തിന് അതില്‍തന്നെ അന്തര്‍ലീനമായ ഒരുമൂല്യമുണ്ട്. ഒരുകാലത്തും മങ്ങാത്ത തിളക്കവും അതിനുണ്ട്. അതുകൊണ്ടാണ് സ്വര്‍ണാഭരണങ്ങള്‍ ജനങ്ങളുടെ പ്രിയപ്പെട്ടതായത്. വ്യാവസായിക ആവശ്യങ്ങള്‍ക്കും വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്.
ബിറ്റ്‌കോയിന്റെ സാധ്യത
കറന്‍സി, സ്വര്‍ണം എന്നിവയേക്കാള്‍ ബിറ്റ്‌കോയനുകള്‍ക്ക് ചില ഗുണങ്ങളുണ്ട്. ഫോറെക്‌സ് മാര്‍ക്കറ്റുകളില്‍ ട്രേഡ് ചെയ്യുമ്പോള്‍ കമ്മീഷന്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കാം. അതിനുപുറമെ, ഉയര്‍ന്ന പണപ്പെരുപ്പമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നയാളാണ് നിങ്ങളെങ്കില്‍ പ്രാദേശിക കറന്‍സികളേക്കാള്‍ വിശ്വസനീയമായ മൂല്യമുള്ള കറന്‍സിയായി ബിറ്റ്‌കോയിനെ പരിഗണിക്കാം. ഇക്കാരണങ്ങളാല്‍തന്നെ ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ഈ പരിഗണനകളൊന്നും ബാധകമല്ലാതാകുന്നു.
ലോകത്തെവിടെനിന്നും ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്ന ഗുണം ബിറ്റ്‌കോയിനുണ്ട്. കയ്യില്‍കൊണ്ടുനടക്കേണ്ടതുമില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അതുകൊണ്ടുതന്നെ വ്യാപകരമായി ഇത്തരം ക്രിപ്‌റ്റോകള്‍ വ്യാപകമാണ്. സത്യസന്ധരും നികുതിദായകരും കഠിനാദ്ധ്വാനികളുമായ വ്യക്തികള്‍ക്ക് ഇത് പറഞ്ഞിട്ടുള്ളതല്ല. പെട്ടെന്നുള്ള ഇടിവിന്റെ സാധ്യതകളും സാധാരണ നിക്ഷേപകരെ അപകടത്തിലാക്കും. നേട്ടത്തേക്കാള്‍ നഷ്ടത്തിനാണ് കൂടുതല്‍ സാധ്യത. അതിനാല്‍തന്നെ സ്വര്‍ണവുമായുള്ള താരതമ്യം അസ്ഥാനത്താണ്.
വില ഉയരുന്നത് എന്തുകൊണ്ട്
ഇതിന്റെ യഥാര്‍ഥ ഉത്തരം ആര്‍ക്കും അറിയില്ല. സങ്കീര്‍ണമായ വിപുലീകരണ ധനനയം മുതല്‍ ലളിതമായ നിക്ഷേപ ആഭിമുഖ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങള്‍ മൂല്യവര്‍ധനവിനുപിന്നിലുണ്ട്. വില ഉയരുമ്പോള്‍മാത്രമാണ് ധനകാര്യമാധ്യങ്ങള്‍ ബിറ്റ്‌കോയിനെകുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഇതിനുമുമ്പ് വിലയില്‍ കുതിപ്പുണ്ടായ 2017ന്റെ അവസാനത്തില്‍ ബിറ്റ്‌കോയിന്‍ വാങ്ങിയിരുന്നെങ്കില്‍ ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ അതിന്റെ മൂല്യം 20ശതമാനമായി ചുരുങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
2017 ഡിസംബറില്‍ 17,437ഡോളര്‍ നിലവാരത്തിലായിരുന്ന ബിറ്റ്‌കോയിന്റെ മൂല്യം 2018 ഡിസംബര്‍ 16ന് 3,195 ഡോളറിലെത്തി(ഗ്രാഫ് കാണുക).
നിക്ഷേപകന്‍ എന്തുചെയ്യണം
മുന്‍കാലങ്ങളില്‍ ഒരുവര്‍ഷത്തിനുള്ളില്‍തന്നെ മൂല്യത്തിന്റെ 80ശതമാനം നഷ്ടപ്പെട്ടുവെന്നകാര്യം കണക്കിലെടുക്കുമ്പോള്‍ അതിന് നിക്ഷേപയോഗ്യതയില്ലെന്ന് മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ആദായസാധ്യത ബിറ്റ്‌കോയിനില്‍നിന്ന് ലഭിക്കുന്നില്ല. നേരത്തെ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ കോടികള്‍ കൊയ്യാമായിരുന്നല്ലോ എന്ന ആശങ്കമാത്രമാണ് നിക്ഷേപകനില്‍ അതുണ്ടാക്കുന്നത്. ക്രിപ്‌റ്റോകറന്‍സികളുടെ ചരിത്രത്തിലെമൂല്യവ്യതിയാനത്തില്‍നിന്ന് ഇക്കാര്യംമനസിലാക്കാം.
രാജ്യത്ത് നിയമപരമായ പിന്‍ബലമില്ലാത്ത ഒരു വ്യര്‍ച്വല്‍ കറന്‍സിയില്‍ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്. റിസര്‍വ് ബാങ്കും സുപ്രീംകോടതിയും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍മാറ്റംവരുന്നതുവരെയെങ്കിലും മാറിനില്‍ക്കുന്നതാകും ലളിതമായിപറഞ്ഞാല്‍, നിക്ഷേപകന് നല്ലത്.
ഇലോണ്‍ മസ്‌കിനെപോലുള്ളവര്‍
ഈയിടെ ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള ആഗോള കോര്‍പറേറ്റുകളെ നിയന്ത്രിക്കുന്നവര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നകാര്യം പുറത്തുവന്നിരുന്നു. മസ്‌ക് തന്നെ നിക്ഷേപകാര്യം ട്വീറ്റ് ചെയ്തിരുന്നു. കോടികള്‍ സ്വന്തമായുള്ളവര്‍ക്ക് നിക്ഷേപത്തിലെ ചെറിയൊരുഭാഗം ഇത്തരം കറന്‍സികളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് ഒരുആശങ്കയും ഉണ്ടാകില്ല. ഏതെങ്കിലും ആവശ്യത്തിനായി തിരിച്ചെടുക്കേണ്ടതില്ലാത്ത നിക്ഷേപമുള്ളവര്‍ക്ക് ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലല്ലോ. അവരുടെ ആസ്തിയില്‍ ഒരുഭാഗം അതിനായി മുടക്കുന്നു. മൂല്യം എപ്പോഴെങ്കിലും ഉയരട്ടെ, ഒരു പരീക്ഷണമായി നിക്ഷേപം അവിടെകിടക്കട്ടെ-മസ്‌കിനെപോലുള്ളവര്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല.


ശ്രദ്ധിക്കാന്‍: ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച് കോടികളുണ്ടാക്കാമെന്നപേരില്‍ രാജ്യത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സിയാണെന്നപേരില്‍ മോറിസ് കോയിന്‍ ഉള്‍പ്പടെയുള്ള പേരിലാണ് ഇവ അവതരിച്ചിരിക്കുന്നത്. ലീഗലാണ് എന്നൊക്കെതെറ്റിദ്ധിരിപ്പിച്ച് നിരവധിപേരില്‍നിന്ന് പണതട്ടല്‍ നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളുടെ പുതിയരൂപമാണിത്. ഇടപാട് നിയമപരമാണന്നുകാണിക്കാന്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ രേഖകളാണ് കാണിക്കുന്നത്! നിരവധിപേര്‍ ഇരയാകുന്നുമുണ്ട്. ഈയിടെ ഒരു വായനക്കാരന്‍ ഇതുസംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു(അദ്ദേഹം അയച്ചുതന്നെ രേഖയുടെ പകര്‍പ്പ്കാണുക)തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയരൂപമാണിതെന്ന് വ്യക്തമായത്.
ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളിലുള്ള സാധാരണക്കാരുടെ നിക്ഷേപ സാധ്യതകളാണ് ഇവിടെ വിലയിരുത്തിയത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടതിനുപുറമെ, റിസര്‍വ് ബാങ്കിന്റെയും രാജ്യത്തെ മറ്റ് ഔദ്യോഗിക ഏജന്‍സികളുടെയും അംഗീകാരമില്ലാത്തതുമായ പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നിക്ഷേപകന് അഭികാമ്യം.
feedbacks to:
antonycdavis@gmail.com