1990ൽ ഒരുകിലോ സ്വർണത്തിന്റെ വില= മാരുതി 800. 
2000ൽ ഒരുകിലോ സ്വർണത്തിന്റെ വില= എസ്റ്റീം
2005ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഇന്നോവ
2010ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഫോർച്യൂണർ
2019ൽ ഒരുകിലോ സ്വർണത്തിന്റെ വില= ബിഎംഡബ്ലൂ എക്‌സ് 1
ഒരുകിലോഗ്രാം സ്വർണം കയ്യിൽ സൂക്ഷിച്ചാൽ 2030ൽ സ്വന്തമായി ഒരുജെറ്റ് വാങ്ങാം. അതുകൊണ്ട് ഭാര്യ സ്വർണാഭരണം വാങ്ങാൻ ആവശ്യപ്പെട്ടാൽ നിരസിക്കേണ്ട! 

സ്വർണവില റെക്കോഡ് നിലവാരത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ചതുമായ ഒരുനിരീക്ഷണമായിരുന്നു ഇത്. 

തെറ്റിധാരണ പരത്തുന്ന, അതിശയോക്തിനിറഞ്ഞ നിരീക്ഷണമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നകാര്യത്തിൽ സംശയമില്ല. അതിനായി 1990ലെയും 2019ലെയും സ്വർണവില പരിശോധിക്കാം. 1990 മാർച്ച് 31ന് 2,493 രൂപയായിരുന്നു ഒരുപവന്റെ വില. അതായത് ഒരു ഗ്രാമിന് 311 രൂപ പ്രകാരം 3,11,625 രൂപയാണ് ഒരുകിലോഗ്രാം(ആയിരം ഗ്രാം)സ്വർണത്തിന്റെ അന്നത്തെമൂല്യം. മാരുതി 800 ലഭിക്കാൻ അന്ന് ഒരുലക്ഷം രൂപമതിയായിരുന്നു. അതായത് മാരുതി 800ന്റെ വിലയേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു സ്വർണത്തിന്റെ വിലയെന്നുചുരുക്കം.

ഇനി 2019ലെ കണക്കിലേയ്ക്കുവരാം. 2019 മാർച്ച് 15ന് 23,800 രൂപയായിരുന്നു ഒരുപവന്റെ വില. ഗ്രാമിന് 2975 രൂപയും. ആയിരം ഗ്രാമിനാകട്ടെ 29.75 ലക്ഷം രൂപയാണ് മതിപ്പുവില. എന്നാൽ ബിഎംഡബ്ലിയൂ എക്‌സ് 1 ലഭിക്കാൻ 45 ലക്ഷത്തിലധികം രൂപനൽകണമായിരുന്നു! ഇനി യാഥാർഥ്യത്തിലേയ്ക്കുവരാം. 2020 ഓഗസ്റ്റിലാണ് റെക്കോഡ് ഭേദിച്ച് സ്വർണവില പവന് 42,000 രൂപയിലെത്തിയത്. എട്ടുമാസം പിന്നിട്ടപ്പോൾ വിലയിലുണ്ടായ ഇടിവ് 8,500 രൂപയോളമാണ്. മാർച്ച് 17ലെ നിലവാരപ്രകാരം ഒരുപവൻ സ്വർണം ലഭിക്കാൻ 33,600 രൂപയാണ് നൽകേണ്ടത്. അതായത് ഒരുഗ്രാമിന്റെ വില 4,200 രൂപ. 

കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ സാമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റുആസ്തികളെല്ലാം പ്രതിസന്ധിനേരിടുകയുംചെയ്തു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുക സ്വാഭാവികം. ലോകമൊട്ടാകെയുള്ള വൻകിട നിക്ഷേപകർ സ്വർണംവാരിക്കൂട്ടിയതോടെ ഗ്രാഫ് കുത്തനെ ഉയർന്നു. കോവിഡ് തീർത്ത പ്രതിസന്ധിയെ ഫലപ്രദമായ ഇടപെടലിലൂടെ ലോകരാജ്യങ്ങൾ മറികടന്നതോടെ സ്വർണവില ഇടിയാനുംതുടങ്ങി. നീക്കങ്ങൾ സസൂക്ഷ്മം വീക്ഷച്ച വൻകിട നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണം ഉപേക്ഷിച്ച് മറ്റുആസ്തികളിലേയ്ക്ക് കൂടുമാറുകയുംചെയ്തു. 

മാറിചിന്തിക്കാം
വൻതോതിലുള്ള തിരുത്തലാണ് സ്വർണവിലയിൽ ഇപ്പോൾ പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,150 രൂപ നിലവാരത്തിലാണിപ്പോഴുള്ളത്. റെക്കോഡ് വിലയായ 56,200 രൂപയിൽനിന്ന് 12,000 രൂപയോളം കുറഞ്ഞിരിക്കുന്നു. സമ്പദ്ഘടനകൾ തിരിച്ചുവരവിന്റെപാതയിലായതും ഓഹരി ഉൾപ്പടെയുള്ള മറ്റുആസ്തികളിലെ മുന്നേറ്റവുമാണ് വിലയിടിവിന് പിന്നിൽ. യുഎസ് ട്രഷറി ആദായം രണ്ടുശതമാനത്തോളം ഉയർന്നതും ലോകമാകെ കോവിഡ് വാക്‌സിൻ കുത്തിവെയ്പ് തുടങ്ങിയതും സ്വർണത്തിന്റെ വിലയിടിച്ചു. 

ഇനിയെന്ത്?
അതിശയോക്തിപരമായ നിരീക്ഷണങ്ങൾമാറ്റിവെയ്ക്കാം. സ്വർണത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്കുമുന്നിലിപ്പോഴുള്ളത്. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും അത് പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണവും ഉണ്ടാകണം. ഏതുകാലാവസ്ഥയിലും നിക്ഷപത്തെ സംരക്ഷിക്കേണ്ട പോർട്ട്‌ഫോളിയോ രൂപപ്പെടുത്തണമെങ്കിൽ ഒരുആസ്തിയിൽമാത്രം നിക്ഷേപം നിലനിർത്തിയാൽപോര. 

എത്ര നിക്ഷേപമാകാം?
മലയാളികളുടെ പരമ്പരാഗത നിക്ഷേപമാർഗങ്ങളിലൊന്നാണ് സ്വർണം. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി സൂക്ഷിക്കാത്ത അമ്മമാർ നമ്മുടെ ഇടയിൽ കുറവാണ്. കയ്യിൽഒരുതുകവന്നാൽ ആദ്യം ജുവല്ലറികളിലേയ്‌ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. ചിലർ ആഭരണമായും മറ്റുചിലർ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് ആവശ്യംവന്നാൽ പണയംവെച്ച് പണംസ്വരൂപിക്കാനുള്ള സൗകര്യവുമുണ്ടല്ലോയെന്നാണ് അവരുടെ ചിന്ത. 

കിട്ടുന്നതെല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നരീതി ഉപേക്ഷിച്ചേമതിയാകൂ. പോർട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മൊത്തം നിക്ഷേപത്തിന്റെ 15ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപംവേണ്ട. വിലകുറയുമ്പോൾ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി സ്വീകരിച്ച് ഹെഡ്ജിങ് ഇഫക്ടിനായി സ്വർണവും നിക്ഷേപത്തിൽകരുതാം.

Price of 1 Pavan Gold from 2006 to 2021
Year Date Price of 1 Pavan
2006 31-March-06 6255
2007 31-March-07 6890
2008 31-March-08 8892
2009 31-March-09 11077
2010 31-March-10 12280
2011 31-March-11 15560
2012 31-March-12 20880
2013 31-March-13 22240
2014 31-March-14 21480
2015 31-March-15 19760
2016 31-March-16 21360
2017 31-March-17 21800
2018 31-March-18 22600
2019 31-March-19 23720
2020 31-March-20 30640
2020 20 Aug-20 42000
2021 16-March-21 33,600
Calculated on 31st March each year.

വില ഇനിയുംതാഴുമോ?
കേരളത്തിലെ സ്വർണത്തിന്റെവിലയിൽ 8000 രൂപയിലേറെ കുറവുണ്ടായ സാഹചര്യത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ചുതുടങ്ങാവുന്നതാണ്. സ്വർണവിലയിൽ ഇനിയും കാര്യമായ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. യുഎസിലെ ട്രഷറി ആദായംകൂടുന്നതുതന്നെയാണ് പ്രധാനവെല്ലുവിളി. വിലക്കയറ്റ ഭീഷണയും സ്വർണത്തിന്റെ പ്രഭമങ്ങാനിടയാക്കിയേക്കാം. ഓരോ ഇടിവിലും നിശ്ചിതശതമാനം നിക്ഷേപത്തോടൈാപ്പം ചേർക്കുന്നരീതിയാകും സ്വീകരിക്കാവുന്ന തന്ത്രം. 

നിക്ഷേപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ
നാണയം, ആഭരണം, സ്വർണക്കട്ടി, ഗോൾഡ് ബോണ്ട്, ഇടിഎഫ് എ്ന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽതന്നെ ഏറ്റവും ആകർഷകം ഗോൾഡ് ബോണ്ടിലെ നിക്ഷേപമാണ്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വർഷിക പലിശകൂടി ലഭിക്കുമെന്നതാണ് ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കുന്നത്. സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരുനിക്ഷേപ പദ്ധതിക്കും ഈ വരുമാന സാധ്യതയില്ല. ആഭരണമായി ഉപയോഗിക്കാമെന്ന സാധ്യതമാറ്റിനിർത്തിയാൽ ബോണ്ടിലെ നിക്ഷേപംതന്നെയാണ് മികച്ചത്.   

GOLD INVESTMENT DEMAD
FN Year Gold Bond Gold Return(%)
  Issue Price Tonne  
FY16 2688 182 8.00
FY17 3056 171 1.00
FY18 2094 165 7.2
FY19 3167 164 3.1
FY20 3778 140 35.9
FY21 4961 102 2.7
Source:IBIA,RBI

ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാലാകാലങ്ങളിൽ വൻവർധനയാണുള്ളത്. അധികവരുമാനസാധ്യതയാണ് അതിനുപിന്നിൽ. 2020-21 സാമ്പത്തികവർഷത്തിൽ (ഇതുവരെയുള്ള കണക്കുപ്രകാരം) 32.4 ടൺ സ്വർണത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. അതായത്  കേന്ദ്ര സർക്കാരിനുവേണ്ടി ഗോൾഡ് ബോണ്ട് പുറത്തിറക്കി റിസർവ് ബാങ്ക് സമാഹരിച്ചത്. 16,049 കോടി രൂപ. പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെ അടുത്തഘട്ടം ഗോൾഡ് ബോണ്ട് ഇഷ്യു ഉണ്ടാകും.

feedbacks to:
antonycdavis@gmail.com

കുറിപ്പ്: വിലവർധനവിന്റെകാരണം വിലയിരുത്തിവേണം സ്വർണംവാങ്ങാൻ. സമ്പദ്ഘടനകൾ തളർച്ചനേരിടുമ്പോൾമാത്രമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തിൽനിന്ന് വിമുക്തമാകുമ്പോൾ വിലയിൽ ഇടിവുണ്ടാകുക സ്വാഭാവികം. തുടർന്ന് വിലസ്ഥിരതയാർജിക്കുകയുംചെയ്യും. 42,000ത്തിൽനിന്ന് 33,000ത്തിലെത്തിയതുപോലെ. പിന്നീട് 42,000ത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ചുരുക്കം.

2012 സെപ്റ്റംബർ 12ന് പവന് 24,160 രൂപയായിരുന്നു വില. 2015ലെത്തിയപ്പോൾ 19,080 രൂപവരെ താഴ്ന്നു. പിന്നെ 2019വരെ കാത്തിരിക്കേണ്ടിവന്നു 24,000 രൂപയിലേയ്ക്ക്തിരിച്ചെത്താൻ. ഈ കയറ്റ ഇറക്കങ്ങൾക്കിടയിലും ദീർഘകാലത്തേയ്ക്ക് തരക്കേടില്ലാത്ത ആദായംനൽകാൻ സ്വർണത്തിന് കഴിയും. ഓഹരിയുടെയും സ്വർണത്തിന്റെയും സഞ്ചാരം വിപരീതദിശയിലാണെന്നുമാത്രം അറിയുക. അതനുസരിച്ച് നിക്ഷേപന്ത്രം മെനയുക.