2020 ഏപ്രിലിൽ കോവിഡ് ലോകമാകെ വ്യാപിച്ചതിനെതുടർന്ന് ജോലിനഷ്ടപ്പെട്ടാണ് അബുദാബിയിൽനിന്ന് ജോയി നാട്ടിലെത്തിയത്. ഗൾഫിൽ കഷ്ടപ്പെട്ട് അധ്വാനിച്ചതിന്റെ ബാക്കിയായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് 10 ലക്ഷം രൂപമാത്രമായിരുന്നു. 

ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിവില്ലെങ്കിലും പലിശ അടിക്കടി കുറയുന്നസാഹചര്യത്തിൽ മറ്റ്മാർഗങ്ങൾ തേടുന്നതിനിടെയാണ് 'നിക്ഷേപ പാഠ'ങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓഹരിയിൽ എന്തുകൊണ്ട് പണംനഷ്ടപ്പെടുന്നു എന്ന് വിശദമാക്കിയ പാഠം 69ൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. റിസ്‌കെടുത്താണെങ്കിലും ഓഹരിയിൽ ഒരുപരീക്ഷണത്തിന് അദ്ദഹം തയ്യാറായത് അങ്ങനെയാണ്. 

ഓഹരിയെക്കുറിച്ച് എബിസിഡി അറിയാത്ത പാവറട്ടിക്കാരൻ ജോയി ആ പാഠത്തെ അന്ധമായി അനുകരിച്ചുവെന്നുതന്നെ പറയാം. നേരത്തെ എടുത്തുവെച്ചിരുന്ന ഓഹരി നിക്ഷേപ അക്കൗണ്ട് സജീവമാക്കുകയാണ് അടുത്തതായി ചെയ്തത്. പാഠത്തിൽ നൽകിയുന്ന നാല് ഓഹരികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കകുയംചെയ്തു. 

പിന്നെ സംഭവിച്ചത്
വർഷംഒന്ന് പിന്നിട്ടശേഷമാണ് അദ്ദേഹത്തിന്റെ ഇ-മെയിൽ ലഭിച്ചത്. ജോലി നഷ്ടപ്പെട്ടതിന്റെ വിഷാദമൊന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നില്ല. കാരണം നിക്ഷേപിച്ച 6.08 ലക്ഷം രൂപയുടെ മൊത്തം മൂല്യം 10 ലക്ഷമായിരിക്കുന്നു. പലപ്പോഴായി 13,000ത്തോളം രൂപ ലാഭവിഹിതമായി ലഭിക്കുകയുംചെയ്തു. 

ഒരുവർഷത്തിനിടെ നിക്ഷേപത്തിൽനിന്ന് ലഭിച്ചത് നാലുലക്ഷത്തിലേറെ. 52ശതമാനത്തിലേറെ ആദായം. ബാങ്കിലിട്ടാൽ ലഭിക്കുമായിരുന്ന ആറുശതമാനത്തിൽനിന്നാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. അതായത് ബാങ്ക് നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ഈകാലയളവിൽ ലഭിക്കുമായിരുന്നത് 46,000 രൂപയാണ്.

table
ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുമായിരുന്ന പലിശ.

ഇനി എന്തുചെയ്യണം?
ഇത്രയുംനേട്ടംലഭിച്ച സാഹചര്യത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നുകൂടി അറിയാനാണ് അദ്ദേഹം മെയിലയച്ചത്. മികച്ച ലാഭത്തിലായതിനാൽ നിക്ഷേപംമുഴുവൻ പിൻവലിക്കണോ? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനിയും കാത്തിരുന്നാൽ കൂടുതൽനേട്ടം സ്വന്തമാക്കാൻ കഴിയുമോ? ആശയക്കുഴപ്പത്തിലാണ് ജോയി. 

ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത് സമ്പാദിച്ച 10 ലക്ഷം രൂപയിൽനിന്ന് റിസ്‌കെടുത്താണ് ആരും നിക്ഷേപത്തിനിറങ്ങാത്തകാലത്ത്, ആറുലക്ഷത്തിലധികം രൂപ ഓഹരിയിൽ നിക്ഷേപിക്കുകയെന്ന കടുംകൈ ചെയ്തത്! കോവിഡ് വ്യാപനത്തിനിടയിൽ താഴെപ്പോയ ഓഹരികൾ എപ്പോൾ തിരിച്ചുവരവുനടത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സമയം.

അനിശ്ചിതത്വത്തിൽനിന്ന് നേട്ടം
അനിശ്ചിതത്വത്തിന്റെകാലത്ത് നേട്ടമുണ്ടാക്കാനുള്ള മികച്ച സാധ്യതയാണ് അറിഞ്ഞോ അറിയാതെയോ ജോയി പ്രയോജനപ്പെടുത്തിയത്. വിപണി ഉയരുമ്പോഴും താഴുമ്പോഴും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഈ രണ്ടുപാഠങ്ങളിൽനിന്നായി വ്യക്തമായല്ലോ.

നേട്ടത്തിന്റെ ചരിത്രം
(പാഠം 69-ൽ പ്രസിദ്ധീകരിച്ച പട്ടിക)
Company Buying Cost
(Per Share)
Last Price Total Cost
Cost per share
Current Value
Shares*
Total Return(Rs)** Return %pa
Asian Paints​ 320.05 1680.85 32,005
32.01
16,80,850
1000 Shares
17,26,145 31.9
HDFC Bank 520.35 895.35 52,035
52.04
8,95,350
1,000 Shares
8,88,790 21.6
HUL​ 143.40 2,346.45 14,340
143.40
2,34,645
100 Shares
2,37,805 22.5
TCS 1335.45 1,759.25 1,33,545
166.93
14,07,400
800 Shares
14,91,755 19.2
Total Stocks     2,31,925 42,18,245 43,44,495 22.9

2020 ഏപ്രില്‍ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്‌ളിറ്റ് ചെയ്തതിനെതുടര്‍ന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉള്‍പ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബര്‍ 31.

ഇനി ചെയ്യേണ്ടത്
നിക്ഷേപത്തിൽനിന്ന് 50ശതമാനത്തിലേറെ ആദായം ലഭിച്ചതിനാലും സമീപഭാവിയിൽ പണംആവശ്യമുള്ളതിനാലും നിക്ഷേപിച്ചതുക ഉടനെതന്നെ പിൻവലിക്കാൻ നിർദേശം നൽകി. ബാക്കിയുള്ളത് ഘട്ടംഘട്ടമായും. വിപണിയുടെ സാധ്യതകൾ കുറച്ചൊക്കെ മനസിലാക്കിയസ്ഥിതിക്ക്, വരുമാനം ലഭിച്ചുതുടങ്ങുന്നമുറക്ക് അല്പാൽപമായി വീണ്ടും നിക്ഷേപം തുടങ്ങാമെന്ന് ആശ്വസിപ്പിക്കുകയുംചെയ്തു.

വിജയരേഖ
ജോയിക്ക് മികച്ചനേട്ടംലഭിക്കാൻ സഹായിച്ചഘടകങ്ങൾ ഇവയാണ്.

  • തിരഞ്ഞെടുത്തത് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ
  • കുറഞ്ഞ മൂല്യത്തിലെ നിക്ഷേപം.
  • ദീർഘകാലം കാത്തിരിക്കാനുള്ള തീരുമാനം.

പാഠം 69ലേക്കുവരാം
ഓഹരിയിൽ നിക്ഷേപിച്ച് കൈപൊള്ളിയ വ്യക്തിയുടെ പ്രതികരണം വിശദീകരിച്ചുകൊണ്ടായിരുന്നു പാഠം 69 തുടങ്ങിയത്. വിപണികൂപ്പുകുത്തി നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയിലെ മിക്കവാറും ഓഹരികൾ നഷ്ടത്തിലായസമയം. കോവിഡ് പ്രതിസന്ധിയിലും മികച്ചനേട്ടമുണ്ടാക്കാൻ ദീർഘകാലത്തെ നിക്ഷേപത്തിന് കഴിയുമെന്ന് തെളിയിക്കുയായിരുന്നു ആ പാഠത്തിന്റെ ലക്ഷ്യം. 

മറിച്ചൊരു സാഹചര്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. സെൻസെക്‌സ് 53,000 പിന്നിട്ടിരിക്കുന്നു. മൂല്യം ഉയർന്നുനിൽക്കുന്നതിനാൽ ഇടക്കിടെ സൂചികകളിൽ ചാഞ്ചാട്ടമുണ്ടെങ്കിലും കാര്യമായ തിരുത്തൽ പ്രകടമായിട്ടില്ല. സമ്പദ്ഘടനകൾ കോവിഡിൽ ഉലയുമ്പോൾ വിപണിലേക്കുളള പണമൊഴുക്ക് തുടരുന്നതാണ് ഇതിന്കാരണം. ഏത് സമയത്തും വിപണി തിരുത്തലിന് വിധേയമാകുനുള്ള സാധ്യതയുംതള്ളിക്കളയാനാവില്ല. അതിന് അനുകൂലമായി നിരവധിഘടകങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

ജോയിയുടെ നിക്ഷേപം
Company Buying Cost
(Per Share)
Last Price Total Cost Current Value Total Return(Rs)** Return %pa
Asian Paints​ 1500.05 3028.65 1,50,005 3,02,865 1,54,795 82.1
HDFC Bank 857.10 1439.75 85,710 1,43,975 58915 55.5
HUL​ 1990.85 2432.40 1,99,085 2,34,240 40,605 17.2
TCS 1737.65 3182.95 1,73,765 3,18,295 1,49,630 64.1
Total Stocks     6,08,565 9,99,375 4,03,945 52.8
Investment Date: Asian paints, HDFC Bank, HUL-20 May,2020.TCS-21 April, 2020

ജോയിക്ക് പ്രചോദനമായത്
വിപണിതാഴ്ന്നുനിൽക്കുന്നതിനാൽ ഭാവിയിൽ മുന്നേറ്റമുണ്ടാകുമെന്ന ഉറപ്പിലായിരുന്നു ജോയി. ഓഹരി വില ഇടിയുമ്പോൾ കൂടുതൽ നിക്ഷേപിക്കുക. ദീർഘകാലം കാത്തിരിക്കുക-എന്ന തന്ത്രം പിന്തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. ബാക്കിയുണ്ടായിരുന്നു 2.75 ലക്ഷം രൂപ അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയുംചെയ്തു. 

റിസ്‌കിനാണ് റിവാഡ്
റിസ്‌ക് മുന്നിൽകണ്ട് നിക്ഷേപംനടത്തിയതിനാൽ, വീണ്ടുമൊരു തകർച്ചയുണ്ടായാലും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരില്ല. മികച്ച ഓഹരികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറച്ചബോധ്യമാണ് അതിന് കാരണം. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്: ഓഹരിയിൽ നിക്ഷേിച്ചാൽ പണംനഷ്ടമാകുമെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. പെട്ടെന്ന് പണമുണ്ടാക്കണമെന്നാഗ്രഹിച്ച് വിപണിയിലെത്തുന്നവരിൽ പലരും ബാങ്കിൽ നിക്ഷേപിച്ച് ക്ഷമയോടെ കാകാത്തിരിക്കാൻ മടിക്കാത്തവരാണ്. ജോയിയുടേത് ലൈവ് എക്‌സപീരിയൻസാണ്. നേട്ടമുണ്ടാക്കിയ നിരവധി ജോയിമാർ ഇവിടെയുണ്ട്. ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ സമയംചെലവഴിക്കുക. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപംനടത്തുക- സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിച്ച് അതിന് യോജിച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്‌ഐപിയായി നിക്ഷേപിച്ചും സമ്പത്തുണ്ടാക്കാൻ അവസരമുണ്ട്.

ഒരുകാര്യം മനസിലാക്കുക. 1990ൽ 2 കോടി രൂപയ്ക്ക് വാങ്ങാൻ കഴിയുമായിരുന്ന ഇൻഫോസിസിന്റെ നിലവിലെ മൂല്യം 6.5 ലക്ഷംകോടിയാണ്. ദീർഘകാല ലക്ഷ്യത്തോടെ ഓഹരിയിൽ നിക്ഷേപിച്ചാൽ അതിശയിപ്പിക്കുന്നനേട്ടമുണ്ടാക്കാമെന്നതിന് ഉദാഹരണമാണ് ഇൻഫോസിസിന്റേത്.