നിക്ഷേപ പദ്ധതികളുമായി നിങ്ങളെ സമീപിക്കുന്ന ഏജന്റിന്റെ പ്രധാന ലക്ഷ്യം ജീവിക്കാനുള്ള മികച്ച വരുമാനം നേടുകയെന്നതാണ്. നിങ്ങളെ സമ്പന്നനാക്കിയേ അടങ്ങൂയെന്ന് ഒരുഏജന്റും കരുതുന്നില്ല. 

വിവിധ നിക്ഷേപ പദ്ധതികളില്‍ ചേര്‍ത്തി തരക്കേടില്ലാത്ത കമ്മീഷന്‍ നേടാന്‍ അദ്ദേഹം ശ്രമിക്കും. ഉദ്ദേശിച്ച നിക്ഷേപ പദ്ധതിയില്‍ ചേര്‍ത്തുന്നതുവരെ നിങ്ങളുടെചുറ്റും അദ്ദേഹം വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കും.

വൈവിധ്യമാര്‍ന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയിലുള്ളതിനാല്‍ ഈ മേഖലയില്‍ 'മിസ് സെല്ലിങ്' വ്യാപകമാണ്. ഭാവയില്‍ ലഭിക്കാനിരിക്കുന്ന നേട്ടം പെരുപ്പിച്ചുകാണിച്ചായിരിക്കും ഉത്പന്നം വിറ്റഴിക്കുന്നത്. 

യോജിച്ച പദ്ധതി തിരഞ്ഞെടുക്കുക
മിക്കവാറും തനിക്ക് യോജിക്കാത്ത പദ്ധതികളിലാകും പലരും നിക്ഷേപം നടത്താന്‍ നിര്‍ബന്ധിതരാകുക. ഏജന്റ് അവതരിപ്പിക്കുന്ന നിക്ഷേപ പദ്ധതി നിങ്ങള്‍ക്ക് യോജിച്ചതാണോയെന്ന് സ്വന്തംനിലയില്‍ പരിശോധിക്കുക. നിക്ഷേപകന്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണിത്. 

ഏജന്റ് അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനോ വിലയിരുത്താനോ പലരും മുതിരാറില്ലെന്നതാണ് വാസ്തവം. ഒരു സ്മാര്‍ട്ട്‌ഫോണോ, ടെലിവിഷനോ തിരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന ശുഷ്‌കാന്തിപോലും പദ്ധതിയില്‍ നിക്ഷേപിക്കുംമുമ്പ് നടത്താന്‍പലരും ശ്രമിക്കാറില്ല. 

നിക്ഷേപിക്കുംമുമ്പ് ആ പദ്ധതി നിങ്ങള്‍ക്ക് യോജിച്ചതാണോ അല്ലയോയെന്ന് വിലയുരുത്തുകതന്നെവേണം. വില്പനക്കാരന് ഉത്പന്നം വിറ്റഴിക്കുകയെന്നതാണ് ലക്ഷ്യം. പക്ഷേ, അത് ആവശ്യമുണ്ടോയെന്ന് വാങ്ങുന്നവന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനായി ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം.

ഒഴിവാക്കേണ്ട ചില നിക്ഷേപ പദ്ധതികള്‍ 

എന്‍ഡോവ്‌മെന്റ്, മണിബായ്ക്ക് പോളിസികള്‍
ജോലി കിട്ടിയ ഉടനെ ഇന്‍ഷുറന്‍സില്‍ ചേര്‍ത്താന്‍ ഏജന്റ് നിങ്ങളുടെ വീട്ടിലെത്തും. അയാള്‍ നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ ആയിരിക്കും. 

നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തിയുള്ള നിക്ഷേപ പദ്ധതിയാണ് എന്‍ഡോവ്‌മെന്റ്, മണി ബായ്ക്ക് പോളിസികള്‍. നികുതി ആനുകൂല്യമുള്ളതിനാല്‍ നിരവധിപേര്‍ക്ക് ഈ പദ്ധതികള്‍ ആകര്‍ഷകമായി തോന്നിയേക്കാം. 

എന്നാല്‍ ഒരുകാര്യം മനസിലാക്കുക. ഈ പോളിസികള്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയോ തരക്കേടില്ലാത്ത ആദായമോ നല്‍കാന്‍ പര്യാപ്തമല്ല. പരമാവധി 5 മുതല്‍ 6 ശതമാനംവരെ നേട്ടമാണ് ഇത്തരം പദ്ധതികളില്‍നിന്ന് ലഭിക്കുക.

യുലിപ് പ്ലാനുകള്‍
യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനാണ് യുലിപ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലര്‍ത്തിയിട്ടുള്ള പദ്ധതിതന്നെയാണിതും.

പലപ്പോഴും മ്യൂച്വല്‍ ഫണ്ട് എന്നപേരിലാകും ഏജന്റ് ഈ പദ്ധതി അവതരിപ്പിക്കുക. ഒരുഭാഗം ഓഹരിയില്‍ നിക്ഷേപിക്കുന്നതുകൊണ്ട് മികച്ച നേട്ടം ഭാവിയില്‍ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. 

വീണ്ടും വ്യക്തമാക്കാം, ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലര്‍ത്തുന്നത് ഉചിതമല്ല. രണ്ടിനെയും രണ്ടായി കാണണം. യുലിപ് പ്ലാനുകള്‍ക്ക് വിവിധ ഇനത്തിലായി നിരവധി ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. ഏജന്റിന്റെ  കമ്മീഷന്‍ ഇനത്തിലും നല്ലൊരുതുക പോകും. ഇടയ്ക്കുവെച്ച് നിക്ഷേപം നിര്‍ത്തിയാലും ആദായത്തെ ബാധിക്കും. 

എന്താണ് പരിഹാരം?
ഇന്‍ഷുറന്‍സിനായി ടേം പ്ലാന്‍ എടുക്കുക. നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായി, നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസൃതമായി മികച്ച പദ്ധതികള്‍ തിരഞ്ഞെടുക്കുക. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍, പിപിഎഫ്, സ്ഥിര നിക്ഷേപ പദ്ധതികള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നിവയിലേതെങ്കിലും നിങ്ങളുടെ മനോഭാവത്തിനനുസരിച്ച് പരിഗണിക്കാം.

സെക്ടര്‍ ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ടിലെ അതീവ നഷ്ടസാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടതാണ് സെക്ടറല്‍-തീമാറ്റിക് ഫണ്ടുകള്‍. ഒരു പ്രത്യേക കാറ്റഗറിയില്‍ മാത്രം നിക്ഷേപിക്കുന്നവയാണ് ഈ ഫണ്ടുകള്‍. അതുകൊണ്ടുതന്നെ ഫണ്ട് മാനേജര്‍ക്ക് വൈവിധ്യവത്കരണത്തിനുള്ള സാധ്യത ഇല്ലാതാകുന്നു.

ബാങ്ക് ഓഹരികളില്‍മാത്രം നിക്ഷേപിക്കുന്ന ബാങ്കിങ് ഫണ്ടുകള്‍, ഇന്‍ഫ്രസ്ട്രക്ചര്‍ മേഖലയിലെ ഓഹരികളില്‍മാത്രം നിക്ഷേപിക്കുന്ന ഇന്‍ഫ്ര ഫണ്ടുകള്‍, ഫാര്‍മ കമ്പനികളില്‍മാത്രം നിക്ഷേപിക്കുന്ന ഫാര്‍മ ഫണ്ടുകള്‍ എന്നിവ ഉദാഹണം. ചില കാലയളവുകളില്‍ ഇത്തരം ഫണ്ടുകള്‍ മികച്ചനേട്ടം ഉണ്ടാക്കിയേക്കാം. എങ്കിലും ദീര്‍ഘകാലയളവില്‍ നിക്ഷേപിക്കാന്‍ യോജിച്ചവയല്ല സെക്ടറല്‍ ഫണ്ടുകള്‍. 

എന്താണ് പരിഹാരം?
ഏത് സെക്ടറാണ് വരാനിരിക്കുന്ന കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കുകയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നഷ്ടസാധ്യത ഒഴിവാക്കാന്‍ വൈവിധ്യമാര്‍ന്ന സെക്ടറുകളില്‍ നിക്ഷേപിക്കുന്ന ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുക.

പിഎംഎസ്
പോര്‍ട്ട്‌ഫോളിയോ മാനേജുമെന്റ് സ്‌കീമാണ് പിഎംഎസ് എന്നപേരില്‍ അറിയപ്പെടുന്നത്. 50 ലക്ഷമാണ് ചുരുങ്ങിയ നിക്ഷേപം. വിവിധ ബ്രോക്കിങ് ഹൗസുകളും വന്‍കിട ഓഹരി വിദഗ്ധരുമൊക്കെയാണ് സെബിയുടെ അനുമതിയോടെ ഈ സേവനം നിക്ഷേപകര്‍ക്ക് നല്‍കുന്നത്.

അതീവ നഷ്ടം സഹിച്ച് മികച്ച ലാഭം നേടുകയെന്നതാണ് പിഎംഎസിന്റെ രീതി. ചില സമയങ്ങളില്‍ മികച്ച നേട്ടം നിക്ഷേപകന് ലഭിച്ചേക്കാമെങ്കിലും നിക്ഷേപിച്ച തുകപോലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. 

വന്‍കിട നിക്ഷേപകര്‍ക്ക് വിവിധ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ മൊത്തം നിക്ഷേപത്തിന്റെ ചെറിയ ശതമാനം ഇതിനായി നീക്കിവെയ്ക്കാം.

എന്താണ് പരിഹാരം?
ഇതിനുപകരമായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കാം. മികച്ച വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലാര്‍ജ്ക്യാപ് ഫണ്ട്, മള്‍ട്ടിക്യാപ് ഫണ്ട് തുടങ്ങിയവ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താം.

ദീര്‍ഘകാലയളവുള്ള ഡെറ്റ് ഫണ്ടുകള്‍
2018ല്‍ സെബി ഡെറ്റ് ഫണ്ടുകളെ റീ കാറ്റഗറൈസേഷന്‍ നടത്തിയതോടെ 15 മുതല്‍ 20വരെ വിഭാഗങ്ങളിലുള്ള ഡെറ്റ് ഫണ്ടുകള്‍ നിലിവില്‍വന്നു. എന്നിരുന്നാലും അധികം നിക്ഷേപകരും ലിക്വിഡ് ഫണ്ട്, അള്‍ട്ര ഷോര്‍ട്ട്, ഷോര്‍ട്ട് ഡ്യൂറേഷന്‍ എന്നീ വിഭാഗങ്ങലിലുള്ള ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. 

ഡെറ്റില്‍തന്നെയുള്ള മറ്റ് ഫണ്ടുകള്‍ ദീര്‍ഘകാലാവധിയുള്ളവയാണ്. ലോങ് ഡ്യൂറേഷന്‍, മീഡിയം ഡ്യൂറേഷന്‍ തുടങ്ങിയ ഫണ്ടുകള്‍ ഉദാഹരണം. ഈ ഫണ്ടുകള്‍ക്ക് താരതമ്യേന നഷ്ടസാധ്യകൂടുതലാണ്. 

എന്താണ് പരിഹാരം?
ഡെറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നഷ്ടസാധ്യത ഇല്ലെന്നുതന്നെ പറയാവുന്ന( ലിക്വിഡ്, ഷോര്‍ട്ട് ഡ്യൂറേഷന്‍, ഷോര്‍ട്ട് ടേം) ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. നഷ്ടസാധ്യത എടുക്കാന്‍ തയ്യാറാണെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ തിരഞ്ഞെടുക്കാം അല്ലാതെ ഡെറ്റില്‍തന്നെ നിക്ഷേപിക്കേണ്ടതില്ല. 

കൂടുതല്‍ ആദായംനല്‍കുന്ന കടപ്പത്രങ്ങള്‍
ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇപ്പോള്‍ പരമാവധി ലഭിക്കുക ഏഴു ശതമാനം പലിശയാണ്. എന്നാല്‍ 9 മുതല്‍ 10 ശതമാനംവരെ ആദായം നല്‍കുന്ന കടപ്പത്രങ്ങള്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. ആതായത് രണ്ടു മുതല്‍ മൂന്നുവരെ ശതമാനം ആദായം കൂടുതല്‍ ലഭിക്കുമെന്നുചുരുക്കം.

റേറ്റിങ് കുറഞ്ഞ കമ്പനികളാണ് കൂടുതല്‍ ആദായമുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. ഇവയില്‍ നിക്ഷേപിക്കുകയാണെങ്കില്‍തന്നെ കുറഞ്ഞത് ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ളവയാണെന്ന് ഉറപ്പുവരുത്തണം. 

എന്താണ് പരിഹാരം?
ഡെറ്റ് ഫണ്ടിനെക്കുറിച്ച് അറിയുമെങ്കില്‍ അതില്‍ നിക്ഷേപിക്കുകയാണ് നല്ലത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ 8 മുതല്‍ 10വരെ ശതമാനം ആദായം നല്‍കിവരുന്നതായി കാണുന്നു. ലിക്വിഡിറ്റി(പണമാക്കല്‍)യുടെ കാര്യത്തിലും ഡെറ്റ് ഫണ്ടുകള്‍ മികച്ചതാണ്. അല്ലെങ്കില്‍ ബാങ്ക് എഫ്ഡിതന്നെ തിരഞ്ഞെടുക്കുക.

കമ്പനി നിക്ഷേപം
കടപ്പത്രങ്ങളുടെകാര്യം പറഞ്ഞതുപോലെതന്നെയാണ് കമ്പനി നിക്ഷേപങ്ങളുടെയും. റേറ്റിങ് കുറഞ്ഞ സ്ഥാപനങ്ങളാകും കൂടുതല്‍ ആദായം നല്‍കുക. നഷ്ടസാധ്യത കൂടിയ നിക്ഷേപ പദ്ധതികളുടെ വിഭാഗത്തില്‍പ്പെട്ടവയാണ് കമ്പനി നിക്ഷേപങ്ങളും. സ്ഥാപനംപൂട്ടിപ്പോയാല്‍ നിക്ഷേപിച്ച തുക തിരികെകിട്ടില്ല. 

എന്താണ് പരിഹാരം?
ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്നതാകും ഉചിതം. കൂടുതല്‍ ആദായം ലഭിക്കാന്‍ നിങ്ങളുടെ പ്രദേശത്തുള്ള മികച്ച സഹകരണ ബാങ്കുകളിലും നിക്ഷേപമാകാം.

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നിക്ഷേപ പദ്ധതികളുടെ ഗുണവും ദോഷവും വ്യക്തമായി മനസിലാക്കിയശേഷംമാത്രം ഉചിതമായ തീരുമാനമെടുക്കുക. ആദായത്തെക്കുറച്ചുമാത്രം ചിന്തിച്ചാല്‍പോരാ, നഷ്ടസാധ്യതയും നിക്ഷേപ പദ്ധതിയുടെ പ്രവര്‍ത്തനരീതിയും വിലിയിരുത്തണം.

feedbacks to:
antonycdavis@gmail.com

Investment plans to be avoided