ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങളായ വീട്, കാർ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, ഉല്ലാസ യാത്രകൾ, റിട്ടയർമെന്റ് തുടങ്ങിയവയ്ക്ക് പണം കണ്ടെത്താനുള്ള ഉത്തമ നിക്ഷേപ പദ്ധതികളിലൊന്നാണ് ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റ്. ശമ്പള വരുമാനക്കാർക്ക് നിർബന്ധമായും ഒരു റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് എങ്കിലും ഉണ്ടാകണം.

രാജ്യത്ത് ഇപ്പോൾ ലഭ്യമായ ഏറ്റവും ലളിതവും സുരക്ഷിതവുമായ ഈ നിക്ഷേപ സ്കീമിൽ ആർക്കും എപ്പോൾ വേണമെങ്കിലും ചേരാം. ഒരു ബാങ്ക് അക്കൗണ്ട് വേണമെന്നു മാത്രം. എപ്പോൾ വേണമെങ്കിലും റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിൻവലിക്കാം. പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യാതെ തന്നെ വായ്പയ്ക്കും സൗകര്യമുണ്ട്. 

എല്ലാവർക്കും അറിവുള്ള ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം തന്നെയാണ് ഇതും. ഫിക്സഡ് െഡപ്പോസിറ്റിൽ ഒരു സംഖ്യ ഒരുമിച്ച് ഒറ്റത്തവണയായി നിക്ഷേപിക്കണം. എന്നാൽ, റെക്കറിങ് ഡെപ്പോസിറ്റിൽ മാസാമാസം ഒരു ചെറിയ തുക നിശ്ചിത വർഷക്കാലയളവിലേക്ക് സ്ഥിരമായി മുടങ്ങാതെ നിക്ഷേപിച്ചാൽ മതി. ഫിക്സഡ് ഡെപ്പോസിറ്റിനുള്ള പലിശനിരക്കുതന്നെ റെക്കറിങ് ഡെപ്പോസിറ്റിനും ലഭിക്കും. ആറു മാസം മുതൽ 10 വർഷം വരെയാണ് ഈ നിക്ഷേപ കാലാവധി. തവണ മുടങ്ങിയാൽ ചെറിയ ഒരു തുക പിഴ ഈടാക്കും. ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ റെക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം. മാസം 100 രൂപ മുതൽ എത്ര തുക വേണമെങ്കിലും അടയ്ക്കാം. ഒരിക്കൽ തുകയും കാലാവധിയും നിശ്ചയിച്ചാൽ അതിൽ പിന്നീട് വ്യത്യാസം വരുത്താൻ കഴിയില്ല. പണം ബാങ്കുകളിൽ നേരിട്ടോ ചെക്ക് വഴിയോ ഓട്ടോ ഡെബിറ്റായോ അടയ്ക്കാം. 

10 വർഷ നിക്ഷേപത്തിന് ബാങ്കുകൾ ഇപ്പോൾ 6-7 ശതമാനം പലിശയാണ് നൽകുന്നത്. ഇതിൽ കൂടുതൽ പലിശ നൽകുന്ന ബാങ്കുകളുണ്ട്. പലിശ നിരക്കിനെക്കാൾ മുൻഗണന നൽകേണ്ടത് മുടങ്ങാതെ പണം അടയ്ക്കാൻ നിങ്ങൾക്ക് സൗകര്യമുള്ള ബാങ്ക് ഏതെന്നതിനാണ്. ശമ്പള അക്കൗണ്ടുള്ളവർ ആ ബാങ്കിൽ തന്നെ റെക്കറിങ് ഡെപ്പോസിറ്റും ചേരുന്നതാണ് നല്ലത്. ശമ്പള ദിനത്തിൽ തന്നെ പണം ഡെബിറ്റ് ചെയ്യാനുള്ള ഓട്ടോ ഡെബിറ്റ് സൗകര്യം ഏർപ്പെടുത്തിയാൽ നിങ്ങളറിയാതെ തന്നെ നിശ്ചിത തുക അതത് ദിവസങ്ങളിൽ ഓട്ടോമാറ്റിക്കായി റെക്കറിങ് ഡെപ്പോസിറ്റിലേക്ക് പൊയ്‌ക്കോളും. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ വലിയ ഒരു തുകയായി അത് നിങ്ങളുടെ അക്കൗണ്ടിൽ തിരികെയെത്തും. 

table

നിക്ഷേപത്തിന് 6.25 ശതമാനം വാർഷിക പലിശ നൽകുന്ന ഒരു ബാങ്കിന്റെ റെക്കറിങ് ഡെപ്പോസിറ്റിൽ പ്രതിമാസം 1,000 രൂപ അഞ്ചു വർഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 70,525 രൂപ ലഭിക്കും. 10 വർഷം നിക്ഷേപിച്ചാൽ ലഭിക്കുക 1.66 ലക്ഷം രൂപയാണ്. ഇക്കാലയളവിൽ നിങ്ങൾ യഥാർത്ഥത്തിൽ മുടക്കുന്നത് യഥാക്രമം 60,000 രൂപയും 1.20 ലക്ഷം രൂപയും മാത്രം.  

പ്രതിമാസം നിക്ഷേപിക്കുന്ന തുകയും പലിശനിരക്കും കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുകയും പട്ടികയിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. കൂട്ടുപലിശ കാൽക്കുലേറ്ററിൽ കണക്കാക്കിയിരിക്കുന്ന തുകയാണ് നൽകിയിരിക്കുന്നത്. യഥാർത്ഥ കണക്കുകൾ ബാങ്കുകളിൽ ചോദിച്ചു മനസ്സിലാക്കണം.

നികുതി ഇളവ് ഇല്ല 
റെക്കറിങ് ഡെപ്പോസിറ്റിലെ നിക്ഷേപത്തിനോ ലഭിക്കുന്ന പലിശയ്ക്കോ കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കോ ആദായനികുതി ഇളവ് ഇല്ല എന്ന കാര്യം മറക്കരുത്. എന്നാൽ വർഷാവർഷം സ്രോതസ്സിൽ നികുതി (ടി.ഡി.എസ്.) പിടിക്കില്ല. പക്ഷേ കാലാവധി എത്തുമ്പോൾ ലഭിക്കുന്ന പലിശ  തുക അദർ ഇൻകം എന്ന വിഭാഗത്തിൽ പെടുത്തി വരുമാനമായി കണക്കാക്കുകയും ടി.ഡി.എസ്. പിടിക്കുകയും ചെയ്യും.
ഇ-മെയിൽ: jayakumarkk@gmail.com