നിക്ഷേപത്തിലൂടെ സമ്പത്തുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ മൂലം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് പതിവുകാഴ്ചയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടായിരിക്കാം. 

എന്നാൽ നിക്ഷേപം ആരംഭിക്കാൻ ഉചിതമായ സമയം നോക്കിയിരിക്കുന്നതിൽ അർത്ഥമില്ല. എപ്പോഴാണോ നിക്ഷേപിക്കാൻ നിങ്ങൾക്ക് ശേഷിയുണ്ടാകുന്നത് അപ്പോൾത്തന്നെ നിക്ഷേപം ആരംഭിക്കുക. അത് ബാങ്ക് നിക്ഷേപമായാലും ഓഹരിയായാലും മ്യൂച്വൽ ഫണ്ടോ കടപ്പത്രമോ ആയാലും. 

ബാങ്ക് പലിശനിരക്ക് ഇപ്പോൾ കുറവാണ്. എന്നാൽ പലിശ കൂടട്ടെ അപ്പോൾ ബാങ്ക് നിക്ഷേപം തുടങ്ങാം എന്ന് കാത്തിരിക്കുന്നതിൽ അർത്ഥമില്ല. അതുപോലെ ഇപ്പോൾ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിനാണ് ബാങ്കുകൾ കൂടുതൽ പലിശ നൽകുന്നത്. ദീർഘകാലത്തേക്ക് നിക്ഷേപം ഇടാൻ ആഗ്രഹിക്കുന്നവർ പോലും ഉയർന്ന പലിശനിരക്ക് കണ്ട് നിക്ഷേപം ഹ്രസ്വകാലത്തേക്ക് ആക്കുന്നു.

പക്ഷേ, ഇപ്പോൾ 10 വർഷത്തേക്ക് സ്ഥിര നിക്ഷേപം ഇട്ടാൽ ഇപ്പോഴുള്ള പലിശ നിരക്ക് പത്തു വർഷത്തേക്കും തുടർച്ചയായി കിട്ടും. പിന്നീട് സ്ഥിര നിക്ഷേപത്തിലെ പലിശ നിരക്കിലുണ്ടാകുന്ന കൂടുതലോ കുറവോ അതിനെ ബാധിക്കില്ല. ഇനി ഇടയ്ക്ക് പലിശ നിരക്ക് കൂടിയാൽ 10 വർഷത്തെ നിക്ഷേപം അവസാനിപ്പിച്ച് പുതുതായി ചേർന്നാൽ മതി. 

കൃത്യമായ സമയവും മുഹൂർത്തവും നോക്കിയിരിക്കുന്ന മേഖലയാണ് ഓഹരിയും മ്യൂച്വൽ ഫണ്ടും. ഓഹരി വിപണി കുത്തനെ കയറുന്നതുകണ്ട് ഇനി താഴോട്ട് വരട്ടെ അപ്പോൾ വാങ്ങാം എന്ന് കരുതി കാത്തിരിക്കും. ഇനി താഴോട്ടു വന്നു തുടങ്ങിയാലോ കൂടുതൽ കൂടുതൽ താഴോട്ട് വരട്ടെ എന്ന് കരുതി കാത്തിരിക്കും. അവസാനം നിക്ഷേപിക്കാൻ വച്ചിരുന്ന പണം പലവഴിക്ക് പോവുകയും ചെയ്യും. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന്റെ കാര്യവും ഇങ്ങനെ തന്നെ.

ഓഹരി വിപണി താഴ്ന്നിരിക്കുന്ന സമയം നിക്ഷേപിക്കാമെന്ന് കരുതി കാത്തിരിക്കും. നിങ്ങൾ നിങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടി വിവിധ മാർഗങ്ങളിൽ ചിട്ടയായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കാം. ഓഹരി വിപണിയുടെ ഓരോ താഴ്ചയിലും മികച്ച ഓഹരികൾ തിരഞ്ഞുപിടിച്ച് വാങ്ങിക്കൂട്ടാം. നല്ല മ്യൂച്വൽ ഫണ്ടുകളുടെ അറ്റ ആസ്തിമൂല്യം (എൻ.എ.വി.) കുറയുമ്പോൾ അവ അധികമായി വാങ്ങി നിക്ഷേപ ശ്രേണിയോടൊപ്പം കൂട്ടിച്ചേർക്കാം. 

എന്നാൽ ഈ ദിശയിൽ ഒരു നിക്ഷേപവും ഇതുവരെ ആരംഭിച്ചിട്ടില്ലാത്തവർ അതിനു തുടക്കമിടുന്നതിനാണ് ഏറ്റവും കൂടുതൽ പ്രാമുഖ്യം നൽകേണ്ടത്. ഇതേവരെ ചിട്ടയായ ഒരു നിക്ഷേപവും ആരംഭിച്ചിട്ടില്ലാത്തവർ ആദായ നികുതി ഇളവും നാണ്യപ്പെരുപ്പത്തെ തോൽപ്പിക്കുന്ന മാർഗങ്ങളും ഏതെന്ന് ആലോചിച്ച് തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. ആദ്യം നിക്ഷേപം നടത്തൂ. അതിൽനിന്നുള്ള ലാഭം വിശകലനം ചെയ്യൂ. അതിനുശേഷം കൂടുതൽ മെച്ചപ്പെട്ട നിക്ഷേപ അവസരം കണ്ടെത്തി അതിലേക്ക് മാറാം.

തുടക്കമിടുക എന്നതാണ് പ്രധാനം. അത് മികച്ച തുടക്കമാകണം എന്ന് ശഠിച്ച് നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. ഒരിക്കൽ എടുത്ത നിക്ഷേപ തീരുമാനത്തിൽ ജീവിതകാലം മുഴുവൻ കടിച്ചുതൂങ്ങിക്കിടക്കേണ്ട കാര്യവുമില്ല. ചിലപ്പോൾ തീരുമാനം തെറ്റിയേക്കാം. നഷ്ടം വന്നേക്കാം. തെറ്റിയത് എവിടെയാണ് എന്ന് മനസ്സിലാക്കിയാൽ എത്രയും വേഗം അത് തിരുത്തുക. മോശം നിക്ഷേപ മാർഗങ്ങളിൽനിന്ന് പുറത്തുകടക്കുക. പറ്റിയ തെറ്റിൽനിന്ന് പാഠം പഠിച്ച് മുന്നേറുക. 

ഇ-മെയിൽ: jayakumarkk8@gmail.com