ഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഒരുശതമാനംവരെ കുറച്ചുകൊണ്ട് മാർച്ച് 31നാണ് ധനമന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം പഴയനിരക്ക് പുനഃസ്ഥാപിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്യുകയുംചെയ്തു. 

അതായത്, മാർച്ച് 31ന് സീനിയർ സിറ്റിസൺസ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 6.5ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ പലിശ 6.4ശതമാനമായുമാണ് കുറച്ചത്(മറ്റ് നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ അറിയാൻ പട്ടിക കാണുക). ശരാശരി 12ശതമാനത്തോളമായിരുന്ന നിരക്കുകുറയ്ക്കൽ. 

വാർത്തയറിഞ്ഞ് വൈക്കത്തുനിന്ന് ഉണ്ണികൃഷ്ണനും തൃപ്രയാറുനിന്ന് ദേവകിയും ഡൽഹിയിൽനിന്ന് വാസുദേവനും പേരാമ്പ്രയിൽനിന്ന് വത്സലയും ഉൾപ്പടെയുള്ളവർ നിക്ഷേപത്തിന്റെകാര്യത്തിൽ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന് ആശങ്കയോടെ തിരക്കി. മാർച്ച് 31ന് വിരമിച്ച ഉണ്ണികൃഷ്ണൻ സീനിയർ സിറ്റിസൺ സ്‌കീമിൽ നിക്ഷേപിക്കാനിരിക്കെയായിരുന്നു അറിയിപ്പുവന്നത്. 

മൂന്നുമാസത്തിലൊരിക്കലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പരിക്ഷകിരിക്കുന്നത്. അതുപ്രകാരം നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ നിരക്കുകളാണ് ധനമന്ത്രാലയും പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നകാര്യമൊന്നും ഓർത്തുകാണില്ല! പ്രതിഷേധമുയർന്നതോടെ രാവിലതെന്നെ ധനമന്ത്രി അതങ്ങ് പിൻവലിച്ചു. പഴയനിരക്ക് പുനഃസ്ഥാപിക്കുന്നതായി ട്വിറ്ററിലൂടെയായിരുന്നു അറിയിച്ചത്. 

എത്രകാലം?
കുറച്ചപലിശ പിൻവലിച്ചത് എത്രകാലം തുടരുമെന്നതിന് ഉത്തരം മൂന്നുമാസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പൊന്നും വരാനില്ല എന്നതാണ്. അത്ഭുതമൊന്നും നടന്നില്ലെങ്കിൽ 2021 ജൂലായ് 31ന് ധനമന്ത്രാലയത്തിന്റെ അറിയിപ്പ് വീണ്ടുംവരും. കാരണം, നിലവിലെ സാഹചര്യത്തിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയാണുള്ളത്. വിപണിയുമായി ബന്ധിപ്പിച്ചതിനാൽ മൂന്നുമാസത്തിലൊരിക്കലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. അതോടെ വർഷത്തിൽ നാലുതവണ പലിശ പരിഷ്‌കരിക്കാനുള്ള സാധ്യതയാണ് സർക്കാരിന് ലഭിച്ചത്.  

Interest rates (Small Savings Schemes)*
Scheme Current Interest Rate (%) Proposed Rate(%)* Cut (%)
Savings Deposit 4.0 3.5 0.5
1 Yr Time Deposit 5.5 4.4 1.10
2 Yr Time Deposit 5.5 5.0 0.5
5Yr Time Deposit 6.7 5.8 0.9
5Yr RD 5.8 5.3  0.5
Senior Citizen Savings Scheme 7.4 6.5    0.9
National Savings Certificate 6.8 5.9      0.9
PPF 7.1 6.4   0.7
Kisan Vikas Patra 6.9 6.2 0.7
Sukanya Samridhi 7.6 6.9 0.7
*Source: Withdrawn Finance ministry circular dated March 31, 2021

മാനദണ്ഡം
സമാന കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. ഉദാഹരണത്തിന് 10 വർഷം കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റിയുടെ ആദായമാണ് പിപിഎഫ് ഉൾപ്പടെ ദീർഘകാലയളവുള്ള പദ്ധതികളുടെ നിരക്ക് നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. പത്ത് വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം 2020 ഏപ്രിൽമാസത്തിലുണ്ടായിരുന്ന 6.8ശതമാനത്തിൽനിന്ന് ഇപ്പോൾ 6.1ശതമാനമായി കുറഞ്ഞിരിക്കുന്നു. സർക്കാർ ബോണ്ടുകളിലെ ആദായനിരക്ക് 5.7ശതമാനത്തിനും 6.2ശതമാനത്തിനും ഇടയിലാണ് ഇപ്പോഴുള്ളത്.  

അതുകൊണ്ടുതന്നെ സമീപഭാവിയിൽ ഇവയുടെ പലിശനിരക്ക് വീണ്ടുംകുറയുമെന്നകാര്യത്തിൽ സംശയമില്ല. സാധാരണക്കാരന് ആഘാതമേൽപ്പിക്കുമെങ്കിലും, വലിയ വരുമാനമാർഗമായതിനാൽ പലിശ കുറയുന്നത് സർക്കാരിന് നേട്ടമാണ്. പലിശയനിത്തിൽ സർക്കാരിനുള്ള ബാധ്യത കുറയാൻ ഇത് സാഹയിക്കും. 

graph
വരുമാനത്തിലെ വർധന. 2018നുശേഷമുള്ള കണക്കുകൾ ലഭ്യമല്ല(കടപ്പാട്: നാഷണൽ സേവിങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്).

എഫ്ഡിയേക്കാൾ കൂടുതൽ എന്തുകൊണ്ട്?
ഗ്രാമീണ-കാർഷിക മേഖലയിലെ സാധാരണക്കാരാണ് ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകരിലേറെയും. അവരുടെകൂടി ഉന്നമനം ലക്ഷ്യമിട്ടാണ് ബാങ്ക് എഫ്ഡികളേക്കാൾ പലിശ കൂടുതൽ നൽകുന്നത്. അതുകൊണ്ടുതന്നെ ഈവിഭാഗത്തിലെ മിക്കവാറും പദ്ധതികൾക്ക് നിക്ഷേപപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഉദാരണത്തിന് സീനിയർ സിറ്റിസൺ സേവിങ്‌സ് സ്‌കമീൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക 15 ലക്ഷം രൂപയാണ്. പിപിഎഫിലാണെങ്കിൽ ഇത് ഒരുവർഷം 1.5ലക്ഷംരൂപവരെയുമാണ്. അതുകൊണ്ടാണ് അതിസമ്പന്നരിൽ ഏറെപ്പേരും പോസ്‌റ്റോഫീസ് പദ്ധതികളിൽ നിക്ഷേപിക്കാത്തത്.

പലിശ നിരക്കിലെ ചാഞ്ചാട്ടം
മൂന്നുമാസംകൂടുമ്പോഴാണ് ലഘു സമ്പാദ്യ പദ്ധതികളിലെ പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്. ദീർഘകാലത്തേയ്ക്ക് ലോക്ക് ചെയ്യാവുന്ന പദ്ധതികളിൽ നിക്ഷേപിച്ചവരെ ഇടക്കാലത്തെ പലിശയിടിവ് ബാധിക്കാറില്ല. ഉദാഹരണത്തിന് സീനിയർ സിറ്റിസൺസ് സ്‌കീമിൽ 7.4ശതമാനം നിരക്കിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് കാലാവധിയായ അഞ്ചുവർഷവും അതേനിരക്കിൽ പലിശ ലഭിക്കും. പിപിഎഫിലാണ് നിക്ഷേപമെങ്കിൽ ഇത്തരത്തിൽ ലോക്ക് ചെയ്യാനാവില്ല. ഓരോപാദത്തിലെയും നിരക്കിലെ വ്യത്യാസത്തിനനസരിച്ച് ആദായത്തിൽ വ്യതിയാനമുണ്ടാകും. സുകന്യ  സമൃദ്ധതിയുടെ കാര്യവും അങ്ങനെതന്നെ. 

നെഗറ്റീവ് നേട്ടം
രാജ്യത്തെ വിലക്കയറ്റനിരക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ലഘുസമ്പാദ്യ പദ്ധതികളിൽനിന്നുള്ള ആദായം നെഗറ്റീവ് നിരക്കിലേയ്ക്ക് നീ്ങ്ങുകയാണ്. ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ആറുശതമാനത്തിലുമേറെയാണ്. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് നിക്ഷേപകർ ചിന്തിക്കേണ്ടിയിരിക്കുന്നു. 

നിക്ഷേപ പലിശയുമായി താരതമ്യംചെയ്യുമ്പോൾ വായ്പ പലിശയിൽ നേരിയതോതിലാണ് കുറവുണ്ടായതെന്നുകാണാം. ആർബിഐയുടെ നിരക്കുകുറയ്ക്കൽ പ്രകാരം 2020 മാർച്ചിനും 2021 ഫെബ്രുവരിക്കും ഇടയിൽ പലിശനിരക്കിൽ ശരാശരി 1.44ശതമാനമാണ് കുറവുണ്ടായത്. വായ്പാ പലിശയിൽ കുറവുണ്ടായതാകട്ടെ 1.12ശതമാനംമാത്രവും. 2020 മാർച്ചിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ 0.70ശതമാനം മുതൽ 1.40 ശതമാനംവരെ കുറച്ചിരുന്നു. 2015 ഏപ്രിലിൽ സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ 9.20ശതമാനമായിരുന്നു. നിലവിൽ 7.6ശതമാനവും. വിരമിച്ചശേഷം ജീവിക്കുന്നതിന് സ്ഥിരവരുമാനം പ്രതീക്ഷിച്ച് സീനിയർ സിറ്റിസൺസ് സേവിങ്‌സ് സ്‌കീം ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കുന്നവരെയാണ് പലിശകുറയ്ക്കൽ പ്രധാനമായും ബാധിക്കുക. 

നിക്ഷേപകർ ചെയ്യേണ്ടത്
കൈനനയാതെ മീൻപിടിക്കാനാണ് പലർക്കും താൽപര്യം. പ്രായത്തിനും നിക്ഷേപ ലക്ഷ്യങ്ങൾക്കും കാലാവധിക്കുമനുസരിച്ച് വിവിധ പദ്ധതികളിൽ നിശ്ചിത അനുപാതം നിക്ഷേപിക്കാൻ തയ്യാറാകണം. ലഘു സമ്പാദ്യ പദ്ധതികളിൽമാത്രം നിക്ഷേപം ഒതുക്കരുതെന്നാണ് പറഞ്ഞുവരുന്നത്. ഒരുഭാഗം വിപണി അധിഷ്ഠിത പദ്ധതികളിലേയ്ക്കും മാറ്റാം. 

ഹ്രസ്വകാലയളവിലേയ്ക്കാണ് (ഒരുവർഷം മുതൽ അഞ്ചുവർഷംവരെ)നിക്ഷേപമെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ഏഴുമുതൽ പത്തുശതമാനംവരെ ആദായം പ്രതീക്ഷിക്കാം. വിരമിച്ചശേഷം സ്ഥിരവരുമാനം ലക്ഷ്യമാക്കിയുള്ള നിക്ഷേപത്തിനും ഇവ അനുയോജ്യമാണ്. ദീർഘകാലയളവിലേയ്ക്കാണ് നിക്ഷേപമെങ്കിൽ മികച്ച ഫ്‌ളക്‌സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്‌ഐപിയായി നിക്ഷേപംനടത്താം. ലഘുസമ്പാദ്യ പദ്ധതികളിലെ പണത്തോടൊപ്പം വിപണി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപംവളരാൻ അനുവദിക്കുക. സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശനിരക്കുകൾ കുത്തനെ താഴുമ്പോൾ നിക്ഷേപത്തിലെ ഒരുഭാഗം ഓഹരി അധിഷ്ഠിതപദ്ധതികളിലേയ്ക്കുമാറ്റുന്നത് ഗുണകരമാകും. വിലക്കയറ്റത്തെ അതിജീവിക്കാൻ കഴിയുന്നനേട്ടം നൽകാൻ ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കേ കഴിയൂ. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്: നിക്ഷേപംമുഴുവൻ ലഘു സമ്പാദ്യ പദ്ധതികളിൽമാത്രമാക്കാതെ വിപണി അധിഷ്ഠിത സ്‌കീമുകളും പരിഗണിക്കണം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ നിശ്ചിത അനുപാതത്തിലുള്ള നിക്ഷേപരീതി സഹായിക്കും. വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും പഠിക്കാനും കുറച്ചുസമയമെങ്കിലും ചെലവഴിക്കുക. അധ്വാനത്തിൽനിന്നുമാത്രമല്ല വരുമാനംലഭിക്കുക. ബുദ്ധിപൂർവം നിക്ഷേപിച്ചാൽ നിങ്ങളുടെ പണംതാനെ വളരും.