കോവിഡ് വ്യാപനത്തെതുടർന്ന് ജോലി ഉപേക്ഷിച്ച് ഗൾഫിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ വിജയകൃഷ്ണന്റെ കയ്യിൽ 50 ലക്ഷം രൂപയാണ് നീക്കിയിരിപ്പുണ്ടായിരുന്നത്. നാട്ടിലുണ്ടായിരുന്ന സ്ഥലം നല്ല വിലകിട്ടിയപ്പോൾ വിറ്റതും മറ്റ് നിക്ഷേപങ്ങളും ഉൾപ്പടെയായിരുന്നു ഈ തുക. 

റിസ്‌കെടുത്ത് സംരംഭം തുടങ്ങാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല 55 വയസ്സ് പിന്നിട്ട വിജയകൃഷ്ണൻ. 50 ലക്ഷം രൂപയിലൊരുഭാഗം അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിവന്നാൽ ഉപയോഗിക്കാൻ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പലിശയിനത്തിൽ അതിൽനിന്ന് ലഭിച്ചത് 25,000 രൂപയിലേറെയാണ്. ബാങ്ക് ടിഡിഎസ് പിടിക്കുകയുംചെയ്തു. ഇതോടെ ആദായനികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്യാതിരുന്ന അദ്ദേഹം ആശങ്കാകുലനായി. 

സേവിങ്‌സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽ പതിവിൽക്കവിഞ്ഞ്‌ വൻവർധനയാണ് ഈയിടെയുണ്ടായത്. അത്യാവശ്യംവന്നാൽ പെട്ടെന്ന് പണംപിൻവലിക്കേണ്ട സാഹചര്യംമുന്നിൽകണ്ടായിരുന്നു ഇത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ പലരും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ജീവിതചര്യ അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടിൽ നിക്ഷേപം കുമിഞ്ഞുകൂടി. നിക്ഷേപ പലിശക്കുമാത്രമല്ല എസ്ബി അക്കൗണ്ടിലെ വരുമാനത്തിനും ആദായനികുതി ബാധകമാണെന്ന് പലർക്കും അറിയില്ല. റിട്ടേൺ നൽകുമ്പോൾ ഇക്കാര്യം കാണിക്കാറുമില്ല. ഈ സാഹചര്യത്തിൽ നിക്ഷേപ പലിശയിൽനിന്നുള്ള നികുതി ബാധ്യതകുറക്കാൻ സ്വീകരിക്കേണ്ട സാധ്യതകൾ പരിശോധിക്കാം. 

വകുപ്പ് 80ടിടിഎ
വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (വകുപ്പ് 80ടിടിഎ പ്രകാരം) സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് വർഷത്തിൽ 10,000 രൂപവരെ കിഴിവിന് അർഹതയുണ്ട്. സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിലെ എസ്ബി അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. അതേസമയം, സ്ഥിര നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ് എന്നിവയിലെ പലിശക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 

ജോയിന്റ് അക്കൗണ്ടുകളിലെ രണ്ട് വ്യക്തികൾക്കും 80ടിടിഎ പ്രകാരം ഇളവ് ഒരുപോലെ ലഭിക്കും. അതായത് ഓരോ വ്യക്തികൾക്കും 10,000 രൂപവരെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ചുരുക്കം. ഉദാഹരണത്തിന് 18,000 രൂപയാണ് സാമ്പത്തിക വർഷം എസ്ബി അക്കൗണ്ടിൽനിന്ന് പലിശയിനത്തിൽ ലഭിച്ചിട്ടുള്ളതെങ്കിൽ ജോയിന്റ് അക്കൗണ്ടിലെ രണ്ടുപേർക്കും 50ശതമാനംവീതം ഇളവ് ലഭിക്കും. ഇതുപ്രകാരം ഓരോരുത്തർക്കും 9000 രൂപവീതം കിഴിവായി അവകാശപ്പെടാം. 

വകുപ്പ് 80 ടിടിബി
ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിലെ പലിശയിൽ 50,000 രൂപവരെ നികുതി കിഴിവ് അവകാശപ്പെടാം. ബാങ്ക്, ധനകാര്യസ്ഥാപനം, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്കെല്ലാം ഇത് ബാധകമാണ്. 

വകുപ്പ് 10(15)(i)
ഈ വകുപ്പ് പ്രകാരം അധികമായി കിഴിവ് ലഭിക്കുമെന്നകാര്യം പലർക്കും അറിയില്ല. പോസ്റ്റ് ഓഫീസ് സേവിങ്‌സ് പദ്ധതികളിൽനിന്ന് വ്യക്തികൾക്ക് 3,500 രൂപയും ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് മൊത്തം 7,000 രൂപയുമാണ് ഇളവ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ സെക്യൂരിറ്റികൾ, ബോണ്ട്, ആന്വിറ്റി സർട്ടിഫിക്കറ്റ്, സേവിങ്‌സ് സർട്ടിഫിക്കറ്റ് എന്നിവക്കും ഇത് ബാധകമാണ്. 

ശ്രദ്ധിക്കേണ്ടകാര്യം
വകുപ്പ് 80ടിടിഎ, വകുപ്പ് 80ടടിബി ഈ രണ്ട് വകുപ്പുകളിൽനിന്നുള്ള കിഴിവ് ഒരുമിച്ച് അവകാശപ്പെടാനാവില്ല. അതേസമയം, വകുപ്പ് 10(15)(i) ലേത് ഇതിനോടൊപ്പം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശയിൽനിന്ന് വ്യക്തികൾക്ക് പരമാവധി ലഭിക്കുക 17,000 രൂപയുടെ കിഴിവാണ്. അതായത് ഒരാൾമാത്രമുള്ള അക്കൗണ്ടാണെങ്കിൽ 13,500 രൂപയും രണ്ടുപേരുള്ള ജോയിന്റ് അക്കൗണ്ടാണെങ്കിൽ 17,000 രൂപയും അവകാശപ്പെടാം. 

ഐടിആറിൽ പലിശ വരുമാനം എങ്ങനെകാണിക്കണം?
മറ്റ് സ്രോതസ്സുകളിൽനിന്നുള്ള വരുമാനത്തിൽ ഉൾപ്പെടുത്തിയാണ് വകുപ്പ് 80ടിടിഎ പ്രകാരം പലിശവരുമാനം കാണിക്കേണ്ടത്. നികുതിയള് ലഭിക്കാൻ ഒഴിവാക്കുന്ന വരുമാനത്തിന്റെ വിഭാഗത്തിൽ രേഖപ്പെടുത്തുകയുംവേണം. മുൻകൂട്ടി പൂരിപ്പിച്ച ഐടിആർ ഫോമുകളാകും പോർട്ടലിലുണ്ടാകുക. ഇതുപ്രകാരം എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ കൃത്യമായി രേഖപ്പെടുത്തുകയുമാകാം. 

feedback to:
antonycdavis@gmail.com

കുറിപ്പ്:  80ടിടിഎ അല്ലെങ്കിൽ 80ടിടിബി ഏതെങ്കിലും ഒന്നുമാത്രമെ കിഴിവിനായി പ്രയോജനപ്പെടുത്താൻ കഴിയൂ. സ്ഥിര നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയിലെ പലിശക്ക് ആനുകൂല്യത്തിന് അർഹതയില്ല. പലിശ വരുമാനവും അതിൽനിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും ഫോം 26എഎസ് പരിശോധിച്ച് ഉറപ്പുവരുത്തുക.  

 ആദായനികുതി എങ്ങനെ കണക്കുകൂട്ടാം| Infographics