ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തില്‍ ഏറെ പിന്നിലാണ് മലയാളികള്‍. നിരവധി പെന്‍ഷന്‍ പദ്ധതികള്‍ രാജ്യത്തുണ്ടെങ്കിലും മിക്കവാറുംപേര്‍ അവയില്‍ ചേര്‍ന്നിട്ടില്ല. 

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഭൂരിഭാഗംപേര്‍ക്കും അപ്രാപ്യമായതിനാല്‍ വിരമിച്ചശേഷമുള്ള ജീവിത്തിന് ചെറിയതുകയെങ്കിലും നീക്കിവെയ്ക്കുന്നത് ഉചിതമാകും. അസംഘടിതമേഖലയിലുള്ളവരായ താഴ്ന്നവരുമാനക്കാര്‍ക്കും ചെറിയതുക നിക്ഷേപിച്ച് ഭാവിയില്‍ നിശ്ചിത തുക വരുമാനം നേടാനുള്ള അവസരമുണ്ട്. 

ദിവസം രണ്ടു രൂപയെങ്കിലും നീക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ രാജ്യത്തുണ്ടെന്നുതോന്നുന്നില്ല. രണ്ടുരൂപയോ അതില്‍കൂടുതലോ നീക്കിവെച്ചാല്‍ 36,000 രൂപ മിനിമം വാര്‍ഷിക പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്.

പി.എം ശ്രം യോഗി മന്‍ധന്‍ യോജന(പി.എം.എസ്.വൈ.എം.വൈ)യാണ് പദ്ധതി. 18 നും 40നും ഇടയില്‍ പ്രായമുള്ള 15,000 രൂപയില്‍താഴെ പ്രതിമാസവരുമാനമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും പദ്ധതിയില്‍ ചേരാന്‍ കഴിയും. 

നടപടിക്രമങ്ങള്‍ ലളിതവുമാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 45 ലക്ഷംപേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. 

ദിവസം 2 രൂപ നീക്കിവെച്ചാല്‍
18 വയസ്സുള്ളയാള്‍ ദിവസം 2 രൂപവീതം നീക്കിവെച്ച് മാസം 55 രൂപ നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. 29 വയസ്സിലാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ പ്രതിമാസം 100 രൂപ നിക്ഷേപിച്ചാലാണ് 60വയസ്സാകുമ്പോള്‍ ഈതുക ലഭിക്കുക. 40വയസ്സിലാണ് ചേരുന്നതെങ്കില്‍ പ്രതിമാസം 200 രൂപ നിക്ഷേപിക്കേണ്ടിവരും. തുല്യവിഹിതം കേന്ദ്രസര്‍ക്കാരും അടയ്ക്കും. 

ആര്‍ക്കൊക്കെ ചേരാം
ചുമട്ടുതൊഴിലാളികള്‍, കാര്‍ഷികമേഖലയില്‍ ജോലിചെയ്യുന്നവര്‍, നിര്‍മാണതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍വാഹന തൊഴിലാളികള്‍, ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍, ചെറുകിട കച്ചവടക്കാര്‍, ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി നൂറിലേറെ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. 

എങ്ങനെ ചേരും?
അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവവഴി പദ്ധതിയില്‍ ചേരാം. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് (ഐഎഫ്എസ് കോഡും) എന്നിവ ആവശ്യമാണ്. ഇതിനായി ബാങ്ക് പാസ്ബുക്കിന്റ കോപ്പിയോ, അക്കൗണ്ട് സ്‌റ്റേറ്റുമെന്റിന്റെ പകര്‍പ്പോ നല്‍കണം. ഒ.ടി.പി വെരിഫിക്കേഷനായി മൊബൈല്‍ നമ്പര്‍ വേണം. പദ്ധതിയിലേയ്ക്കുള്ള ആദ്യവിഹിതം പണമായി നല്‍കാം.

അംഗമാകുന്നവര്‍ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താല്‍ ജീവിത പങ്കാളിക്ക് തുടര്‍ന്നും ഗഡു അടയ്ക്കാം. പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെ അംഗം മരിച്ചാല്‍ കുടുംബ പെന്‍ഷനായി പെന്‍ഷന്‍ തുകയുടെ 50ശതമാനം പങ്കാളിക്ക് ലഭിക്കും. കുട്ടികള്‍ ഉള്‍പ്പടെ മറ്റാര്‍ക്കും പെന്‍ഷന് അര്‍ഹതയില്ല. 

കാലാവധിയെത്തുംമുമ്പ് ഉപാധികളോടെ പദ്ധതിയില്‍നിന്ന് പിന്മാറാനും അവസരമുണ്ട്. അങ്ങനെ പിന്മാറിയാല്‍ അതുവരെ അടച്ചതുക പലിശയടക്കം തിരിച്ചുനല്‍കും. എന്‍.പി.എസ്, ഇ.പി.എഫ്. ഇ.എസ്.ഐ എന്നീ പദ്ധതികളില്‍ നിലവില്‍ അംഗങ്ങളായവര്‍ക്ക് ചേരാനാവില്ലെന്നകാര്യ ശ്രദ്ധിക്കുക.

feedbacks to: antonycdavis@gmail.com

കുറിപ്പ്: താഴ്ന്ന വരുമാനക്കാര്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണിത്. ഭാവിയിലെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോള്‍ പെന്‍ഷന്‍ അപര്യാപ്തമാണ്. അതേസമയം, നിക്ഷേപിക്കുന്ന തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആകര്‍ഷകവുമാണ്. കൂടുതല്‍ പെന്‍ഷന്‍ ലഭിക്കണമെന്നുള്ളവര്‍ക്ക് മറ്റുപദ്ധതികള്‍ പ്രയോജനപ്പെടുത്താം.