ഹരി വിപണിയിലെ പുത്തൻകൂറ്റുകരാനാണ് വിമൽ. വിപണി കൂപ്പുകുത്തിയപ്പോഴും പോർട്ട്‌ഫോളിയോ നേട്ടത്തിൽതന്നെയായതിന്റെ കാര്യമറിയാതെ നെറ്റിലാകെ പരതി. ഗൂഗിളൊന്നും അതിന് മറുപടി നൽകിയില്ല. അങ്ങനെയാണ് സംശയമുന്നയിച്ചുകൊണ്ട് ഇ-മെയിലെത്തിയത്. 

മിഡ് ക്യാപ്-സ്‌മോൾക്യാപ് വിഭാഗത്തിലെ അഞ്ച് ഓഹരികളിലായിരുന്നു പ്രധാനമായും വിമലിന്റെ നിക്ഷേപം. സെൻസെക്‌സും നിഫ്റ്റിയും ഇടിയുമ്പോഴാണ് രാജ്യത്തെ ഓഹരി വിപണി നഷ്ടത്തിലായതായി നിക്ഷേപകർ മനസിലാക്കുന്നത്. 

സെ്ൻസെക്‌സും നിഫ്റ്റിയും നോക്കി പോർട്ട്‌ഫോളിയോ വിലയിരുത്താൻ കഴിയില്ലന്ന് ഇതോടെ ബോധ്യമായല്ലോ. രാജ്യത്തെ വൻകിട കമ്പനികളുടെ ഓഹരി വിലയുടെ ചാഞ്ചാട്ടമാണ് പ്രധാന സൂചികകളായ സെൻസെക്‌സിനെയും നിഫ്റ്റിയെയും ചലിപ്പിക്കുന്നത്. സെക്ടർ സൂചികകൾ ഉൾപ്പടെ, മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികൾക്കും സൂചികകളുണ്ട്. 

എന്നിരുന്നാലും രാജ്യത്തെ വിപണിയുടെ ചലനങ്ങൾ രേഖപ്പെടുത്താൻ പ്രധാനമായി വിലയിരുത്തുന്നത് ബിഎസ്ഇ സൂചികയായ സെൻസെക്‌സിനെയും എൻഎസ്ഇ സൂചികയായ നിഫ്റ്റിയെയുമാണ്. രാജ്യത്തെ വൻകിട ഓഹരികളെല്ലാം ഈ സൂചികയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിലും ഈ സൂചികകളാണ് നേട്ടത്തിന്റെയും നഷ്ടത്തിന്റെയും അളവുകോലാകുന്നത്.  

30 ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയാണ് സെൻസെക്‌സ് ചലിക്കുന്നത്. സെൻസെക്‌സിൽ ഉൾപ്പെടാത്ത ഓഹരികളുടെ വിലകൂടിയാലും കുറഞ്ഞാലും അത് സൂചികയിൽ പ്രതിഫലിക്കില്ലെന്ന് ചുരുക്കം. ഇനി നിഫ്റ്റിയിലേയ്ക്കുവരാം. 50 ഓഹരികളുടെ വിലയിലെ വ്യതിയാനങ്ങൾക്കനുസരിച്ചാണ് നിഫ്റ്റിയുടെ നീക്കങ്ങൾ.

ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങി 30 വൻകിട ഓഹരികളാണ് സെൻസെക്‌സിലുള്ളത്. അതുപോലെതന്നെ ഈ ഓഹരികൾ ഉൾപ്പടെയുള്ള 50 ഓഹരികളാണ് നിഫ്റ്റിയിലുമുള്ളത്. ഇരുസൂചികകളിലെയും എല്ലാ ഓഹരികളും ലാർജ് ക്യാപ് വിഭാഗത്തിലുള്ളവയാണ്. 

നിഫ്റ്റിയും സെൻസെക്‌സും ചലിക്കുന്നതിനുസരിച്ച് അതുവരെ വിപണി വിലയിരുത്തിയിരുന്ന വിമൽ വൻകിട ഓഹരികളിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇ-മെയിലിൽ അതിനുള്ള വഴിതേടുകയുംചെയ്തു. 

റിസ്‌ക് കുറയ്ക്കാം
വൻകിട ഓഹരികളിൽ പണംമുടക്കി സെൻസെക്‌സിനും നിഫ്റ്റിക്കുമൊപ്പം നീങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച വൈവിധ്യവത്കരണത്തോടെ നിക്ഷേപിക്കാൻ സാധ്യതകളുണ്ട്. സൂചിക വിലയിരുത്തി നേട്ടം പരിശോധിക്കാനും ഈ നിക്ഷേപരീതി സഹായിക്കുന്നു. അതിനായി ഇടിഎഫിന്റെ വഴിതേടാം. അവയിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകൾ, ഇൻഡക്‌സ് ഫണ്ടുകൾ എന്നിവയും നിക്ഷേപത്തിനായി പരിഗണിക്കാം. 

ഇടിഎഫിന്റെ വഴി
150 രൂപയുണ്ടെങ്കിൽ രാജ്യത്തെ വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ ആർക്കുംകഴിയും. അതിന് അവസരമൊരുക്കുന്നതാണ് നിഫ്റ്റി ഇടിഎഫ്. എച്ച്ഡിഎഫ്‌സി നിഫ്റ്റി ഇടിഎഫിന്റെയും ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇടിഎഫിന്റെയും ബിർള സൺലൈഫ് നിഫ്റ്റി ഇടിഎഫിന്റെയും എസ്ബിഐ നിഫ്റ്റി ഇടിഎഫിന്റെയും ഒരു യുണിറ്റിന്റെ വില ശരാശരി 155 രൂപ നിലവാരത്തിലാണ്. 

എന്തുകൊണ്ട് ഇടിഎഫ്

കുറഞ്ഞ ചെലവ്
സജീവമായി മാനേജുചെയ്യുന്ന പോർട്ട്‌ഫോളിയോഉള്ള (ലാർജ് ക്യാപ്) ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ഇടിഎഫുകൾ ചുരുങ്ങിയ ചെലവുമാത്രമെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നുള്ളൂ. അതായത് ലാർജ് ക്യാപ് വിഭാഗത്തിലാണെങ്കിൽ ഫണ്ടുകളുടെ ചെലവ് അനുപാതം(ടിഇആർ) ഇനത്തിൽ നിക്ഷേപിക്കുന്ന തുകയുടെ 2.5ശതമാനം എഎംസിക്ക്(ഫണ്ട് മാനേജുമെന്റ് കമ്പനി) നൽകേണ്ടതുണ്ട്. എന്നാൽ സൂചിക അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഇടിഎഫിന് നൽകേണ്ട ചെലവ് ശരാശരി 0.05ശതമാനംമാത്രമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകന് രണ്ടുശതമാനത്തിലേറെ കൂടുതൽ ആദായം ലഭിക്കുന്നു. ദീർഘകാലയളവിലെ നിക്ഷേപമാണെങ്കിൽ മൊത്തംആദായത്തിൽ വലിയവ്യത്യാസമുണ്ടാകും.

ഉദാഹരണംനോക്കാം
രണ്ടുശതമാനവും ഒരുശതമാനവും ചെലവ് അനുപാതമുള്ള രണ്ടുഫണ്ടുകൾ വിലയിരുത്താം. ഒറ്റത്തവണയായി 20 വർഷക്കാലയളവിൽ 10,000 രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. 12ശതമാനം ആദായം  അതിൽനിന്ന് ലഭിച്ചാൽ രണ്ടുശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപം 64,399 രൂപയായി വളർന്നിട്ടുണ്ടാകും. ഒരുശതമാനം ഈടാക്കുന്ന ഫണ്ടിലെ നിക്ഷേപമാകട്ടെ 78,898 രൂപയുമായിട്ടുണ്ടാകും. അതായത് വ്യത്യാസം 14,498 രൂപ. നേട്ടത്തിലുള്ള വ്യതിയാനം 18ശതമാനം! 10,000 രൂപവെച്ച് പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിച്ചുവെന്നിരിക്കട്ടെ 20 വർഷം കഴിയുമ്പോൾ ആദ്യത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന മൊത്തം തുക 73,41,247 രൂപയും രണ്ടാമത്തെ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുക 84,25,783 രൂപയുമായിരിക്കും. ഇവിയെ വ്യത്യാസം 10,84,537 രൂപയുടെതാണ്. 

ഒരുശതമാനവും രണ്ടുശതമാനവും ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ വ്യത്യാസമാണ് ഇവിടെ വിലയിരുത്തിയത്. എന്നാൽ സമാനമായ സാഹചര്യത്തിൽ 0.25ശതമാനം ചെലവ് വരുന്ന ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ 10,000 രൂപയുടെ 20 വർഷത്തെ എസ്‌ഐപിയിൽ വരുന്നത് 20 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ്. അപ്പോൾ 0.05ശതമാനംമാത്രം ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയുടെ കാര്യംവിശദീകരിക്കേണ്ടതില്ലല്ലോ.

Nifty ETF
ETF Expense Ratio
Nippon India ETF Nifty BeES 0.05
HDFC Nifty 50 ETF  0.05
ICICI Prudential Nifty ETF  0.05
Aditya Birla Sun Life Nifty Next  ETF   0.05
SBI ETF Nifty 50   0.07

ഇടിഎഫിലെ അധികചെലവ്
ഇടിഎഫ് എന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ട്രേഡിങ്, ഡീമാറ്റ് അക്കണ്ടുകൾ ആവശ്യമാണ്. ഓഹരി ബ്രോക്കർമാർവഴിയാണ് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ എടുക്കാൻകഴിയുക. 300 രൂപ മുതൽ 500 രൂപവരെ വാർഷിക പരിപാലനചെലവും ബ്രോക്കിങ് ഫീസും ചെലവായിവരും. 0.10ശതമാനം മുതൽ 0.50 ശതമാനംവരെയാണ് കമ്മീഷൻ ഇനത്തിൽ ബ്രോക്കിങ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. 

അതായത് 10,000 രൂപയുടെ ഓഹരി വാങ്ങുമ്പോൾ 50 രൂപവരെ ബ്രോക്കർ ഫീസായി നൽകേണ്ടിവരുന്നു. വിൽക്കുമ്പോഴും ഈതുക ബാധകമാണ്. 10,000യ്ക്കുവാങ്ങിയ ഓഹരി 20,000 രൂപയ്ക്ക് വിൽക്കുമ്പോൾ 100 രൂപയാണ് നൽകേണ്ടിവരിക. നിശ്ചിത തുകമാത്രം ഇടാക്കുന്ന ബ്രോക്കർമാരുമുണ്ട്. മികച്ച ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ് വഴി അക്കൗണ്ട് തുടങ്ങിയാൽ ബ്രോക്കറേജില്ലാതെയും ഇടപാട് നടത്താനാകും. വാർഷിക പരിപാലന ചെലവായി ശരാശരി 300 രൂപമാത്രമാണ് ചെലവുവരിക. നിലവിൽ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. 

മ്യൂച്വൽ ഫണ്ടിന്റെവഴി
ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇൻഡക്‌സ് ഫണ്ടുകളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ നിക്ഷേപിച്ചും നേട്ടംസ്വന്തമാക്കാം. ഇടിഫിൽ 0.05ശതമാനം ചെലവാണെങ്കിൽ ഇൻഡക്‌സ് ഫണ്ടിന് ഇത് ശരാശരി 0.50ശതമാനമായിരിക്കുമെന്നുമാത്രം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളുടെയും ചെലവ് ഇതിനുസമാനമാണ്.  

Nifty ETF Return
ETF 1Yr Return (%) 5Yr Return (%) 7Yr Retrun (%)
Nippon India ETF Nifty BeES 35.14 16.43 14.33
HDFC Nifty 50 ETF  35.10    16.48   -
ICICI Prudential Nifty ETF  35.14    16.47     14.39
Aditya Birla Sun Life Nifty Next  ETF   35.15   16.36   14.32
SBI ETF Nifty 50   35.09   16.53  -

നിക്ഷേപകർ ചെയ്യേണ്ടത്: 
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഒരു ഓഹരി വാങ്ങാൻ 2000 രൂപയിലേറെ ചെലവുവരും. റിലയൻസിന്റെയും ഓഹരിക്ക് അത്രതന്നെ മുടക്കേണ്ടിവരും. അതുപോലെതന്നെയാണ് മിക്കവാറും വലിയ കമ്പനികളുടെ ഓഹരിവില. എന്നാൽ 30-50 വൻകിട കമ്പനികളിൽ നിക്ഷേപിക്കാൻ നിലവിലെ സാഹചര്യത്തിൽ 150 രൂപയുണ്ടായാൽമതി. വിവിധ സെക്ടറുകളിലെ മികച്ച കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ കുറഞ്ഞ നിക്ഷേപത്തിൽപോലും വൈവിധ്യവത്കരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും. അതുകൊണ്ട് പ്രതിമാസം എസ്‌ഐപിയായി നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ഇൻഡക്‌സ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട് എ്ന്നിവയുടെ വഴിതേടുകയുമാകാം. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്: നിലവിൽ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ട് ഉള്ളവർക്കും എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപത്തിനായി ഇടിഎഫിന്റെ വഴിതേടാം. അല്ലാത്തവർക്ക് ഇൻഡക്‌സ് ഫണ്ടായിരിക്കും ഉചിതം. നിലവിലെ സാഹചര്യത്തിൽ പണമാക്കുന്നതിനും എളുപ്പം ഇൻഡക്‌സ് ഫണ്ടുകളാണ്. ഇടിഎഫിന്റെ ട്രേഡിങ് വോള്യം മുമ്പുള്ളതിനേക്കാൾ ഏറെകൂടിയിട്ടുണ്ട്. ഭാവിയിൽ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇതെല്ലാം കണക്കിലെടുത്ത് ചില ഫണ്ടുകമ്പനികൾ ഇടിഎഫിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ഇടിഎഫിൽ എസ്‌ഐപി മാതൃകയിൽ ചുരുങ്ങിയത് അഞ്ചുവർഷം പ്രതിമാസം നിക്ഷേപിച്ചാൽ കുറഞ്ഞ റിസ്‌കിൽ ഭാവിയിൽ മികച്ച ആദായംനേടാൻ അവസരമുണ്ട്.