ഹരി വിപണി തകർന്നാൽ നേരിടാൻ സജ്ജരാണോയെന്ന പാഠം വായിച്ചതിനുശേഷമാണ് ചേർത്തലയിൽനിന്ന് പ്രവീൺകുമാർ ഓഹരി നിക്ഷേപത്തിനിറങ്ങിയ കഥയുമായെത്തിയത്. കുടുംബവീട് ഭാഗംവെച്ചപ്പോൾ ലഭിച്ച 25 ലക്ഷം രൂപയുമായാണ് പ്രവീൺ ട്രേഡിങ് ആരംഭിച്ചത്. രാവിലെ ഒമ്പതായാൽ ടെർമിനലിനുമുന്നിലെത്തും. ഉച്ചക്കുഭക്ഷണം കഴിക്കാൻ മറുന്നുപോയ ദിവസങ്ങളുമുണ്ട്. 

ചെറിയ തുകകൊണ്ട് കുറഞ്ഞസമയത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നറിഞ്ഞാണ് ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസിലും പ്രവീൺ പരീക്ഷണത്തിനിറങ്ങിയത്. ചെറിയസമയംകൊണ്ട് വൻനഷ്ടത്തിനുള്ള സാധ്യതയും അതിനുണ്ടെന്ന് വൈകാതെ ബോധ്യപ്പെട്ടു. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും ദിനങ്ങൾ മാറിമാറി അദ്ദേഹംനേരിട്ടു. വിപണിയിൽ പെട്ടെന്ന് ഒരു ' ഷാർപ്പ് കറക് ഷൻ' ഉണ്ടായാൽ? - അതാണ് പ്രവീണിനെ ആശങ്കപ്പെടുത്തുന്നത്.

2008ലേക്കുവരാം
2008ൽ റിലയൻസ് പവറിന്റെ ഐപിഒയുമായി ബന്ധപ്പെട്ട് റീട്ടെയിൽ നിക്ഷേപകരിൽ രൂപപ്പെട്ട ആവേശവുമായി കോവിഡ് കാലത്തെ താരതമ്യംചെയ്യാമോ?  ആർപവറിന്റെ ഐപിഒ വരുന്നതുകേട്ട് നിരവധിപേരാണ് ട്രേഡിങ് അക്കൗണ്ടെടുത്ത് ഓഹരിയിൽ നിക്ഷേപിക്കാൻ തയ്യാറെടുത്തത്. ഊർജമേഖലയിൽ 12 വൻകിട പദ്ധതികൾ സ്ഥാപിച്ച് 28,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി പ്രഖ്യാപിക്കുകയുംചെയ്തു. 

റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തുനിന്ന് അതുവരെയുണ്ടാകാത്ത ആവേശം ഐപിഒ വിപണിയിൽ രൂപപ്പെട്ടു.  ഓഹരിയിൽ പണംമുടക്കിയാൽ ഭാവിയിൽ വൻതുക നേട്ടമുണ്ടാക്കാമെന്നായിരുന്നു നിക്ഷേപകർ കരുതിയത്. 70 ഇരട്ടി അപേക്ഷകളാണ് റിലയൻസ് പവറിന്റെ ഐപിഒക്ക് ലഭിച്ചത്. ലിസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഇഷ്യുവിലയിൽനിന്ന് 21ശതമാനം കുതിച്ച് 547.80 രൂപവരെ ഉയർന്നു. അന്ന് വ്യാപാരം ക്ലോസ് ചെയ്യുന്നതിനുമുമ്പെ ഓഹരി വില 372.50 രൂപ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. കടംവാങ്ങിയുംമറ്റും ഓഹരിയിൽ നിക്ഷേപിച്ചവരിൽ പലരും പ്രതിസന്ധിയിലായി. ലീമാൻ ബ്രദേഴ്‌സിന്റെ തകർച്ചയോടെ 2008ൽ ആഗോളതലത്തിലുണ്ടായ സാമ്പത്തികമാന്ദ്യത്തിൽ ഓഹരി വിപണി തകരുകയും ചെയ്തതോടെ കനത്ത നഷ്ടംനേരിട്ട നിക്ഷേപകരിൽ ഭൂരിഭാഗംപേരും വിപണിയിൽനിന്ന് എന്നന്നേക്കുമായി മടങ്ങി. ഓഹരി നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നത് അവരിൽ പലർക്കും ഇപ്പോൾ ദുഃസ്വപ്‌നമാണ്. വിപണിയുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് നിശ്ചയദാർഡ്യത്തോടെ നേരിട്ടവരും ക്ഷമയോടെ പിടിച്ചുനിന്നവരും വർഷങ്ങൾക്കിപ്പുറം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തു. 

കോവിഡനന്തര വിപണി
ലോകമാകെ കോവിഡ് പ്രതിസന്ധി തീർത്തപ്പോൾ 2020 മാർച്ചിൽ വിപണി മറ്റൊരു വൻവീഴ്ചക്കുകൂടി സാക്ഷിയായി. സ്വർണവില കുതിച്ചുയർന്ന് പവന് 42,000 രൂപയിലെത്തി. പഴയപ്രതാപം എന്ന് തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കാൻ ആർക്കുമായില്ല. സെൻസെക്‌സ് 25,639 ലേക്കും നിഫ്റ്റി 7,511 ലേക്കും തിരിച്ചിറങ്ങി. കോവിഡ് ഭീഷണ ലോകത്തുനിന്നൊഴിയാതെ തിരിച്ചുവരവില്ലെന്ന് നിക്ഷേപലോകം മനസിൽപറഞ്ഞു. അതിനിടെ എല്ലാവരെയും അസ്ത്രപ്രജ്ഞരാക്കി വിപണി തിരിച്ചുകുതിച്ചു.18 മാസമെന്ന ചുരുങ്ങിയ കാലയളവിനുള്ളിൽ 34,000 പോയന്റിലേറെ കുതിച്ച് സെൻസെക്‌സ് 60,000 കടന്നു.

വിപണി തകർന്നപ്പോൾ സ്വർണത്തെ വാഴ്ത്തിയവർക്ക് വരാനിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. നീണ്ടുനിന്ന ചാഞ്ചാട്ടങ്ങൾക്കിടയിൽ ഘട്ടംഘട്ടമായി മുന്നേറി വൻകുതിപ്പ് നടത്തി നിക്ഷേപകരെ ഞെട്ടിക്കുകയാണ് വിപണിചെയ്തത്. ഘട്ടംഘട്ടമായി ഉയരങ്ങൾ കീഴടക്കാൻ തുടങ്ങിയപ്പോൾ പുത്തൻകൂറ്റുകാർ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥിരനിക്ഷേപ പലിശയിലെ ഇടിവ് ചെറുകിട നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിച്ചു. എക്കാലത്തെയും മറികടന്ന് ഓഹരികളിലേക്ക് പണമൊഴുകി. വിപണിയിൽനിന്ന് ലക്ഷങ്ങൾ ലാഭമുണ്ടാക്കിയവരുടെ കഥകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി ബിഎംഡബ്ല്യുവും ഡ്യൂക്കാട്ടിയുമൊക്കെ സ്വന്തമാക്കിതിന്റെ നേർവിവരണവും നിക്ഷേപകർ ഏറ്റെടുത്തു. 

തരക്കേടില്ലാത്തലാഭം പ്രവീണും ഇതിനകം സ്വന്തമാക്കിയിരുന്നു. എന്നാൽ വിപണി തകർന്നാൽ ഉണ്ടാക്കിയ ലാഭംമാത്രമല്ല ഇടപാടിനിറക്കിയതുകപോലും നഷ്ടമാകുമോയെന്ന ഭയമാണ് അദ്ദേഹത്തെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഓഹരി വിപണിയിലെ ട്രേഡിങും നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രസക്തമാകുന്നത്. വർഷാവസാനം മൊത്തം കണക്കെടുക്കുമ്പോഴാകും ട്രേഡറുടെ അക്കൗണ്ടിൽ ലാഭമാണോ നഷ്ടമാണോ കാത്തിരിക്കുന്നതെന്ന് മനസിലാകുക. വലിയൊരുതുക ബ്രോക്കർ ഫീസ് ഇനത്തിൽ നൽകേണ്ടിവന്നതും അപ്പോഴാകും അറിയുക. കാത്തിരിക്കുന്ന ആദായ നികുതി ബാധ്യതയെപ്പറ്റി പലരും ആലോചിക്കാറുമില്ല. 

അനുഭവംതന്നെപാഠം
ഉടനെയെങ്ങാനും കുത്തനെയുള്ള വീഴ്ചയുണ്ടായാൽ ആരൊക്കെ പിടിച്ചുനിൽക്കും. 2008ലെ തകർച്ചയാണ് ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നത്. ഒന്നോ രണ്ടോ തകർച്ചയും ഉയർച്ചയുമൊക്കെ നേരിട്ടവരാണ് ഓഹരി വിപണിയിൽനിന്ന് ഇപ്പോഴുംനേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിക്ഷേപ അനുഭവത്തിലൂടെ സ്വയംരൂപപ്പെടുത്തിയ തന്ത്രം സ്വായത്തമാക്കാൻ കഴിയുമോ?  ഓരോവീഴ്ചയിൽനിന്നും ലഭിക്കുന്നപാഠവും തെറ്റുതിരുത്തി മുന്നേറാനുള്ള ആർജവവുമാണ് ഒരാളെ മികച്ച നിക്ഷേപകനാക്കുന്നത്. 

പെട്ടെന്ന് പണമുണ്ടാക്കുകയെന്ന ലക്ഷ്യമല്ല വിപണിയിൽ ഇടപെടുമ്പോൾ നിക്ഷേപകന്റെ മുന്നിലുണ്ടാകേണ്ടത്. ചിട്ടയായ നിക്ഷേപത്തിലൂടെ ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കുകയെന്നതാകണം ലക്ഷ്യം. ദിനവ്യാപാരം നടത്തുന്ന ട്രേഡറാകണോ, ക്ഷമയോടെ ചിട്ടയായി ഇടപെട്ട് മികച്ച നിക്ഷേപകനാകണോയെന്ന് നിങ്ങൾതന്നെ തീരുമാനിക്കുക.

ട്രേഡിങ് v/s ഇൻവെസ്റ്റ്‌മെന്റ്
ഓഹരി ഇടപാടുകാരിൽ നിക്ഷേപകരും ട്രേഡർമാരുമുണ്ട്. സ്റ്റോക്ക് മാർക്കറ്റിൽനിന്ന് പണമുണ്ടാക്കാൻ സ്വീകരിക്കുന്ന രീതിയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഇന്ന് 10,000 നിക്ഷേപിച്ച് നാളെ 20,000 രൂപ നേടുകയെന്നതാണ് ട്രേഡർമാരുടെ മനോഭാവം. നിക്ഷേപമല്ല വ്യാപാരമാണ് ഇവർ നടത്തുന്നത്. സാങ്കേതിക വിശകലനത്തെ അടിസ്ഥാനമാക്കി ഓഹരിയുടെ വിലയിലെ ചാഞ്ചാട്ടത്തിൽനിന്ന് ലാഭമെടുക്കുന്നു. നിക്ഷേപകരാകട്ടെ, കമ്പനികളുടെ സാമ്പത്തിക സ്ഥിതിവിലയിരുത്തി ദീർഘകാലയളവിൽ മികച്ചനേട്ടം ലക്ഷ്യമിട്ട് ഓഹരികൾ വാങ്ങി കൈവശംവെക്കുന്നു.

ഫണ്ടമെന്റൽ ആനാലിസിസാണ് നിക്ഷേപത്തിന്റെ അടിസ്ഥാനം. ടെക്‌നിക്കൽ ആനാലിസിസ് ട്രേഡറും കണക്കിലെടുക്കുന്നു. ചാർട്ടുകൾ അടിസ്ഥാനമാക്കിയുള്ളതാണ് ടെക്‌നിക്കൽ അനാലിസിസ്. കമ്പനിയുടെ സാമ്പത്തികാര്യോഗ്യമെന്നും ട്രേഡർമാർ കാര്യമാക്കാറില്ല. കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നതെന്നോ ഭാവിവളർച്ചക്ക് സാധ്യതകളുണ്ടോയെന്നോ ട്രേഡർ അന്വേഷിക്കാറില്ല. വിപണിയിലെ പ്രവണതകൾ തിരിച്ചറിഞ്ഞ് ലാഭമുണ്ടാക്കുന്നതിനായി വേഗത്തിൽ ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു. കമ്പനിയുടെ ബിസിനസ് ശ്രദ്ധയോടെ വിശകലനംചെയ്ത് ദീർഘകാലം ലക്ഷ്യമിട്ട് ഓഹരികൾ വാങ്ങുകയാണ് നിക്ഷേപകൻ. ബിസിനസ് വളരുന്നതിനനുസരിച്ച് ഓഹരിയുടെ മൂല്യവും കൂടുന്നു. കമ്പനിയുടെ ബിസിനസിൽ പങ്കാളിയാകുന്നതിനാൽ ഹ്രസ്വകാലയളവിലെ ചാഞ്ചാട്ടം നിക്ഷേപകനെ ബാധിക്കുന്നില്ല. 

കാലയളവ് 
കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലത്ത് ഒരുകോടി രൂപ മുടക്കി അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നുവെന്ന് കരുതുക. രണ്ടാഴ്ചക്കുള്ളിൽ ഒന്നരക്കോടി രൂപക്ക് ആരെങ്കിലുമെത്തിയാൽ രണ്ടാമതൊന്നാലിചിക്കാതെ വിൽക്കുകയുംചെയ്യുന്നു. ഇതാണ് ട്രേഡിങ്. ഹ്രസ്വകാലയളവിലെ വിലവർധനയിലല്ല, ദീർഘകാലയളവിലെ വലിയ നേട്ടമാണ് ലക്ഷ്യമിടുന്നതെങ്കിൽ താൽക്കാലികമായി വിലകൂടിയാലും വിൽക്കാൻ തയ്യാറാവില്ല. നഗരത്തിന്റെ വികസന സാധ്യതകൾ മുന്നിൽകണ്ട് പത്തോ അധിലധികമോ വർഷം മികച്ചമൂലധനേട്ടത്തിനായി കാത്തിരിക്കുന്നു. നിക്ഷേപവും ട്രേഡിങുംതമ്മിലുള്ള വ്യത്യാസമിതാണ്. ചെറിയകാലയളവിൽ (അതായത് ഒരുദിവസമോ ആഴ്കളോ മാസങ്ങളോ) ഓഹരികൾ കൈവശംവെച്ച് വില ഉയരുമ്പോൾ വിറ്റ് ലാഭമെടുക്കുന്നവരാണ് ട്രേഡർമാർ. രാവിലെ ഓഹരികൾ വാങ്ങുകയും വൈകീട്ട് വിൽക്കുകയുംചെയ്യുന്നവരാണേറെയും. ലാഭത്തിലോ നഷ്ടത്തിലോ വിറ്റ്പിന്മാറുന്നു. 

റിസ്‌ക് 
വിപണിയുടെ കാരുണ്യത്തിലാണ് ട്രേഡറുടെ നേട്ടമുള്ളത്. ദീർഘകാലയളവിലെ നിക്ഷേപം റിസ്‌ക് കുറയ്ക്കും. മികച്ചനേട്ടവും പ്രതീക്ഷിക്കാം. ദീർഘവീക്ഷണമില്ലാതെ പെട്ടെന്ന് തീരുമാനമെടുക്കുമ്പോൾ ട്രേഡിങിൽ പണംനഷ്ടപ്പെടാൻ സാധ്യതകൂടുതലാണ്. ബാഹ്യസ്വാധീനംമൂലം ഓഹരിയിൽ നിക്ഷേപിക്കാനിടവരികയും വിലിയിടിയുമ്പോൾ നഷ്ടംനേരിടുകയുംചെയ്യും. റിസ്‌ക് കൂടാൻ പ്രധാനകാരണമിതാണ്. ട്രേഡറെ സമ്പന്ധിച്ചെടുത്തോളം വിലയിലെ ചാഞ്ചാട്ടം ദ്രുതഗതിയിലാണ്. പെട്ടെന്നുള്ള ഈ ചാഞ്ചാട്ടമാകട്ടെ നിക്ഷേപകനെ ബാധിക്കുന്നുമില്ല. കാലാകാലങ്ങളിൽ കമ്പനി പ്രഖ്യാപിക്കുന്ന ഡിവിഡന്റ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ഓഹരിയിലെ മുന്നേറ്റവും ഭാവിയിൽ ഉയർന്നമൂല്യം ലഭിക്കാനുള്ള സാധ്യതകൂട്ടുന്നു. ഓഹരിയുടെ അടിസ്ഥാനം മികച്ചതാണെങ്കിൽ ദിനംപ്രതി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിക്ഷേപത്തെ ബാധിക്കില്ല. 

മനോഭാവം
നിക്ഷേപകനെയും ട്രേഡറെയും പ്രധാനമായും വേർതിരിക്കുന്നത് അവരുടെ മനോഭാവമാണ്. 

 1. ട്രേഡർ അക്ഷമനാണ്
 2. മിനുറ്റുകൾക്കുള്ളിൽ തീരുമാനമെടുക്കുന്നു.
 3. സമയത്തിന് പ്രാധാന്യംനൽകുന്നു. വാങ്ങാനോ വിൽക്കാനോ യഥാസമയം കഴിഞ്ഞില്ലെങ്കിൽ നഷ്ടംനേരിടേണ്ടിവരുന്നു.
 4. ടെക്‌നിക്കൽ അനാലിസിസ്, മൊമന്റം ട്രേഡിങ്(ഉയർന്നവിലയിൽ വാങ്ങി, അതിലും ഉയർന്നവിലയിൽ വിൽക്കുന്ന രീതി. താഴ്ന്ന നിലവാരത്തിൽ വിറ്റ് അതിലും താഴെയെത്തുമ്പോൾ വീണ്ടുംവാങ്ങുകയുംചെയ്യുന്നു)
 5. കമ്പനിയുടെ ബിസിനസിലല്ല, ഓഹരിയിലാണ് ശ്രദ്ധ. വിലയും ട്രേഡ് ചെയ്യുന്ന ഓഹരികളുടെ എണ്ണത്തിലുംമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു.
 6. ഹ്രസ്വകാലയളവിൽ കൂടുതൽ നേട്ടമുണ്ടക്കാൻ വലിയ നഷ്ടംസഹിക്കാനും തയ്യാറാകുന്നു.
 7. ബാഹ്യപ്രേരണകൾ അടിസ്ഥാനമാക്കി ട്രേഡിങ് നടത്തുന്നു. ഉദാഹരണത്തിന്, സുഹൃത്തുക്കൾ, സോഷ്യൽ മീഡിയ, ടിപ്‌സ്, ഇടനിലക്കാർ തുടങ്ങിയവരുടെ ശുപാർശകൾ സ്വീകരിക്കുന്നു. 

 

 1. ക്ഷമയുള്ളവനാണ് നിക്ഷേപകൻ.
 2. മികച്ചനേട്ടത്തിന് ദീർഘകാലംകാത്തിരിക്കാൻ തയ്യാറാണ്. 
 3. ദീർഘകാല പ്രത്യാഘാതങ്ങൾ അടിസ്ഥാനമാക്കിയുള്ളതാകും തീരുമാനങ്ങൾ. 
 4. ഹ്രസ്വകാലയളവിൽ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ അസ്വസ്ഥനാകുന്നില്ല.
 5. കമ്പനിയുടെ ബിസിനസിലാണ്, ഓഹരിയിലല്ല പണംമുടക്കുന്നത്. 
 6. ഫണ്ടമെന്റൽസ് അടിസ്ഥാനമാക്കുന്നതിനാൽ വിപണിയിൽ പിരിമുറക്കത്തോടെ ഇടപെടുന്നില്ല.
 7. ഭാവിയിലെ വളർച്ചാ സാധ്യതയാണ് നിക്ഷേപത്തിന്റെ അടിസ്ഥാനം 
 8. ദീർഘകാലം ലക്ഷ്യമിട്ട് റിസ്‌ക് കുറയ്ക്കുന്നു.
 9. ബാഹ്യ ഇടപെടലിനേക്കാൾ സ്വന്തമായ ഗവേഷണത്തിന് പ്രാധാന്യംനൽകുന്നു. ബിസിനസ് സാധ്യതകൾ ബോധ്യമായതിനുശേഷംമാത്രം നിക്ഷേപിക്കുന്നു. 

ട്രേഡിങോ നിക്ഷേപമോ; ഏതാണ് അനുയോജ്യം
കോബൗണ്ടിങ്ങിന്റെ നേട്ടവും ദീർഘകാലയളവിൽ മികച്ച വരുമാനവളർച്ചയും ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും നിക്ഷേപരീതിയാണ് മികച്ചത്. ഇക്വിറ്റി നിക്ഷേപത്തിൽനിന്ന് മികച്ച മൂലധനനേട്ടം പ്രതീക്ഷിക്കുന്നവർ ട്രേഡറല്ല, നിക്ഷേപകനാകാനാണ് താൽപര്യപ്പെടുക. വ്യക്തിഗത നിക്ഷേപകർക്ക് അനുയോജ്യവും അതുതന്നെയാണ്. നിക്ഷേപ സമീപനം ദീർഘകാല അടിസ്ഥാനത്തിൽ നേട്ടംഉറപ്പാക്കും. ട്രേഡറാകട്ടെ, വിപണിയിൽ യഥാസമയം ഇടപെടാൻ കഴിയാതെ നേട്ടത്തേക്കാൾ കൂടുതൽ നഷ്ടത്തിന് ഇരയാകുകയുംചെയ്യും. മനസമാധാനമില്ലാതാകും. കൂടുതൽ സമ്മർദംനേരിടേണ്ടിവരികയുംചെയ്യുന്നു.

ദീർഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നവർക്ക് വിപണിയിൽനിന്ന് ഇടക്കിടെ ലാഭമെടുക്കാനും അവസരമുണ്ട്. നിക്ഷേപവും ട്രേഡിങ്ങും ഒരുപോലെ പരിപാലിക്കുന്ന വ്യക്തികളുമുണ്ട്. നിശ്ചിത പോർട്ട്‌ഫോളിയോ രൂപപ്പെടുത്തി ഘട്ടംഘട്ടമായി ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതോടൊപ്പം ഇടക്കിടെ ലാഭമെടുക്കാനായി മറ്റൊരുകൂട്ടം ഓഹരികളിലും പണംമുടക്കുന്നു. ഇത് ഡേ ട്രേഡിങിന്റെ ഭാഗമല്ല. ഓഹരി നിശ്ചിത ലക്ഷ്യത്തിന് മുകളിലെത്തിയാൽ വിറ്റ് ലാഭമെടുക്കുകയും താഴേക്കെത്തിയാൽ തിരിച്ചുവാങ്ങുകയുമാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇതും നിക്ഷേപത്തിന്റെ ഭാഗംതന്നെയാണ്. ചാഞ്ചാട്ടം കൂടുതലുള്ള, മികച്ച അടിസ്ഥാനമുള്ള ഓഹരികളാകും അതിന് നല്ലത്. ചാഞ്ചാട്ടംകുറഞ്ഞ, അതേസമയം, മുന്നേറ്റത്തിൽ സ്ഥിരതയുള്ള ഓഹരികൾ നിക്ഷേപ പോർട്ട്‌ഫോളിയോയിലും ഉൾപ്പെടുത്താം. 

feedback to:
antonycdavis@gmail.com


കുറിപ്പ്: അടിസ്ഥാനങ്ങൾ വിശകലനംചെയ്ത് കമ്പനിയുടെ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ച് നിക്ഷേപംനടത്തുക. വിപണിയുടെ കോലാഹലങ്ങളിൽനിന്ന് അകന്നുനിൽക്കുക. വിപണി ഇടിയുമ്പോൾ ദീർഘകാല ലക്ഷ്യത്തോടെ ഓഹരികൾ സ്വന്തമാക്കുകയെന്ന സ്ട്രാറ്റജി പിന്തുടരുക. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും സ്ഥിര നിക്ഷേപ പദ്ധതികളിൽ കരുതിവെക്കുക. ആദ്യമായി ഓഹരിയിൽ പണമിറക്കുന്നവരാണെങ്കിൽ ബ്ലൂചിപ് ഓഹരികൾമാത്രം തിരഞ്ഞെടുക്കുക. മികച്ച ഓഹരികളിൽ ഘട്ടംഘട്ടമായി ചിട്ടയായി നിക്ഷേപിച്ച് കാത്തിരുന്നാൽ മികച്ചനേട്ടം സ്വന്തമാക്കാം. ക്ഷമയുണ്ടെങ്കിൽമാത്രമെ സമ്പത്തുനേടാനാകൂ.