ഹരി വിപണിയുടെ ചരിത്രത്തില്‍ ഒരുകറുത്ത അധ്യായംകൂടി. ഇടപാടുകാരുടെ നിക്ഷേപമെടുത്ത് കളിച്ച കാര്‍വി സ്റ്റോ ബ്രോക്കിങ് ലിമിറ്റഡിനുമേല്‍ ഈയിടെയാണ് സെബിയുടെ പിടിവീണത്. 

നിക്ഷേപകരുടെ ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍നിന്നെടുത്ത് പണയംവെച്ച് 1,096 കോടി രൂപ കാര്‍വിയുടെ സഹോദര സ്ഥാപനമായ കാര്‍വി റിയാല്‍റ്റി ലിമിറ്റഡിന് കൈമാറിയെന്നതാണ് പ്രധാന ആരോപണം. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 ഒക്ടോബര്‍ 19വരെയാണ് സ്ഥാപനം ഇത്തരത്തില്‍ കള്ള ഇടപാട് നടത്തിയത്. 

ചതിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം
നിക്ഷേപകര്‍ ആദ്യമായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുമ്പോള്‍ നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണിവെച്ചാണ് കാര്‍വി ഇത്തരത്തില്‍ ഓഫ് മാര്‍ക്കറ്റ് ഇടപാട് നടത്തിയത്. 

ക്ലൈന്റ് മാര്‍സ്റ്റര്‍ ലിസ്റ്റ്
നിക്ഷേപന്‍ ആദ്യമായി ചെയ്യേണ്ടത് ക്ലൈന്റ് മാസ്റ്റര്‍ ലിസ്റ്റ് (സിഎംഎല്‍) പരിശോധിക്കുകയെന്നതാണ്. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി അതില്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഡീമാറ്റ് അക്കൗണ്ടില്‍ വരവുവെയക്കുന്നതും പിന്‍വലിക്കുന്നതുമായ ഓഹരികളുടെ വിവരങ്ങള്‍ ഇ-മെയില്‍വഴിയോ, എസ്എംഎസ് വഴിയോ അപ്പപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. 

ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുകയാണെങ്കില്‍, നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഡെപ്പോസിറ്ററിക്ക് നിര്‍ദേശം നല്‍കാം. ഡിപിയിലുള്ള ഓഹരികളില്‍നിന്ന് ലാഭവിഹിതമോ, ബോണസോ, സ്പ്ലിറ്റ് വഴി കൂടുതല്‍ ഓഹരികളോ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല. ഓഹരി ഇടപാട് വീണ്ടും നടത്താന്‍ തീരുമാനിക്കുമ്പോള്‍ മരവിപ്പിച്ചത് പിന്‍വലിച്ചാല്‍മതി.

സ്റ്റേറ്റ്‌മെന്റുകള്‍ സ്ഥിരമായി പരിശോധിക്കുക
നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടില്‍ കൂടുതല്‍ പണം സൂക്ഷിക്കാതിരിക്കുക. ബ്രോക്കര്‍ നല്‍കുന്ന സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് അവശേഷിക്കുന്ന പണം എത്രയുണ്ടെന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം ഓഹരികളും. 

വര്‍ഷത്തിലൊരിക്കലെങ്കിലും നിങ്ങള്‍ക്ക് ഡീമാറ്റ് സ്റ്റേറ്റ്‌മെന്റ് ലഭിക്കും. മൂന്നുമാസത്തിലൊരിക്കല്‍ പണത്തിന്റെയും ഓഹരികളുടെയും സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്ന് സെബി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍കാലം ബ്രോക്കറുടെ അക്കൗണ്ടില്‍ പണമോ സെക്യൂരിറ്റികളോ സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. പണം അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കും ഓഹരി ഡീമാറ്റ് അക്കൗണ്ടിലേയ്ക്കും മാറ്റിയിരിക്കണം. 

ഓഫ്‌ലൈന്‍ ട്രേഡിന്റെ ഭാഗമായി ബ്രോക്കര്‍ക്ക് ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നല്‍കാതിരിക്കുക. ഓഹരി ബ്രോക്കറുടെ സാമ്പത്തികാരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്. 

വിവരങ്ങള്‍ ലഭിക്കാന്‍
നിങ്ങളുടെ ഓഹരികള്‍ സൂക്ഷിക്കുന്ന എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നീ ഡെപ്പോസിറ്ററികളുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. 

ഉദാഹരണത്തിന്, നിങ്ങളുടെ ഡീമാറ്റ് ഹോള്‍ഡിങ്‌സ് വിവരങ്ങള്‍ അറിയാന്‍ സിഡിഎസ്എല്‍ 'ഈസി' സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതൊക്കെ കമ്പനികളുടെ എത്ര ഓഹരികള്‍ അക്കൗണ്ടില്‍ ഉണ്ടെന്ന് മനസിലാക്കാന്‍ അതിലൂടെ കഴിയും. ഓഹരിയുടെ വില വിവരങ്ങള്‍ ഉണ്ടാകില്ല. ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ഓരോമാസവും ഇല്ലെങ്കില്‍ മൂന്നുമാസത്തിലൊരിക്കലും സ്‌റ്റേറ്റ്‌മെന്റും ലഭിക്കും. 

സമാനമായ സൗകര്യം എന്‍എസ്ഡിഎല്‍ഉം നല്‍കുന്നുണ്ട്. ആപ്പിലോ വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 'സ്പീഡ്-ഇ' സൗകര്യത്തിലൂടെ ഈ വിവരങ്ങള്‍ ലഭിക്കും. ഇ-മെയിലിലും മാസത്തിലൊരിക്കലോ, മൂന്നുമാസംകൂടുമ്പോഴോ ഓഹരികളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ ലഭിക്കും. 

എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവയുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെയും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെയും വിശദ വിവരങ്ങള്‍ കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്(സിഎഎസ്)വഴി ലഭിക്കും.  

പവര്‍ ഓഫ് അറ്റോര്‍ണി
ഓഹരി ബ്രോക്കര്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണ്. ബ്രോക്കര്‍ക്ക് നിങ്ങള്‍ നല്‍കുന്ന നിര്‍ദേശപ്രകാരമാണ് ഓഹരികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും. ഓഹരി വാങ്ങുന്നതിന് പവര്‍ ഓഫ് അറ്റോര്‍ണി ആവശ്യമില്ല. എന്നാല്‍ വില്‍ക്കുന്നതിനുള്ള അധികാരം ബ്രോക്കര്‍ക്ക് കൈമാറുന്നത് പവര്‍ ഓഫ് അറ്റോര്‍ണിവഴിയാണ്. അക്കൗണ്ട് തുടങ്ങുമ്പോള്‍ന്നെ എല്ലാ ബ്രോക്കര്‍മാരും പവര്‍ ഓഫ് അറ്റോര്‍ണി ഒപ്പിട്ട് വാങ്ങിവെച്ചിട്ടുണ്ടാകും. 

ആവശ്യപ്പെട്ടില്ലെങ്കിലും ബ്രോക്കര്‍ക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരി വില്‍ക്കാനോ പണയംവെയ്ക്കാനോ കഴിയുമെന്നുചുരുക്കം. ഓഹരി ബ്രോക്കറുടെ വിശ്വാസ്യതയ്ക്കാണ് ഇവിടെ പ്രസക്തി.

പവര്‍ ഓഫ് അറ്റോര്‍ണിയില്ലാതെയും ഓഹരി ഇടപാടുകള്‍ നടത്താവുന്നതാണ്. അതുപക്ഷേ, ശ്രമകരമാകും. അക്കൗണ്ട് ഉടമ ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നല്‍കിയാണ് പിഒഎ ഇല്ലാതെ ഓഹരി വില്‍ക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ ഈരീതി ആരും പരീക്ഷിക്കാറില്ല. 

ഓഹരി ബ്രൊക്കറെ മാറ്റാം
സേവനം തൃപ്തികരമായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ബ്രോക്കറെ മാറ്റാം. ഇതിനായി നിലവിലുള്ള ബ്രോക്കറുടെ അടുത്ത് അപേക്ഷനല്‍കണം. അതിനായി ഏത് ബ്രോക്കറുടെ അക്കൗണ്ടിലേയ്ക്കാണോ മാറുന്നത് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ വിശദമാക്കുന്ന ക്ലൈന്റ് മാസ്റ്റര്‍ ലിസ്റ്റും(കൈവശമില്ലെങ്കില്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കും)നല്‍കണം. അവശേഷിക്കുന്ന ഡെലിവറി സ്ലിപ്പും കൈമാറേണ്ടിവരും. ഇങ്ങനെ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഓഹരികള്‍ പുതിയ അക്കൗണ്ടിലേയ്ക്കുമാറും.

ഓഹരികള്‍ ഭാഗികമായാണ് മാറ്റുന്നതെങ്കില്‍ അതിന് പ്രത്യേക നിരക്കുകള്‍ ഈടാക്കും. എന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് മൊത്തമായാണ് മാറ്റുന്നതെങ്കില്‍ ഒരുരൂപപോലും നിങ്ങള്‍ മുടക്കേണ്ടതില്ല.

ഓഹിയില്‍ നിക്ഷേപിക്കുമ്പോഴുള്ള റിസ്‌കിനെപറ്റിമാത്രമാണ് ഇതുവരെ നിക്ഷേപകര്‍ ചര്‍ച്ച ചെയ്തിരുന്നത്. മികച്ച ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിലും ഇനി  കൂടുതല്‍ ശ്രദ്ധചെലുത്താം.  

 

 

How to get rid of brokers' deception