മൂന്നുവർഷംമുമ്പ് ആരംഭിച്ച എസ്‌ഐപിയിൽനിന്ന് 30ശതമാനം റിട്ടേൺ ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റുചില ഫണ്ടുകൾ ഒരുവർഷക്കാലയളവിൽ 100ശതമാനത്തിലേറെ ആദായം നൽകിയതായി കാണുന്നു. നിലവിലുള്ളവവിറ്റ് റിട്ടേൺ കൂടുതൽ നൽകുന്ന ഫണ്ടിലേക്ക് ഈയിടെ മാറി. ഈ ഫണ്ടുകൾ വിലയിരുത്തി അഭിപ്രായം അറിയിക്കുമോ? 

സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നേരത്തെ എസ്‌ഐപി തുടങ്ങിയവർ വിവിധ നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ നോക്കി മികച്ച ആദായം നൽകുന്ന ഫണ്ടുകളിലേക്ക് മാറുന്ന പ്രവണത കണ്ടുവരുന്നു. നാസിക്കിൽനിന്ന് അനീഷ് ഉൾപ്പടെ നിരവധിപേരാണ് 20ഉം 30ഉം ശതമാനം ആദായം നൽകിയ ഫണ്ടുകൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് മെയിൽ അയച്ചത്. 

വിപണിയുടെ സൈക്കിളുകളിൽ ചിലവിഭാഗം ഓഹരികളിൽ കുതിപ്പുണ്ടാകുകയും അവയിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകനെ അത്ഭുതപ്പെടുത്തുകയുംചെയ്യക സ്വാഭാവികമാണ്. ഒന്നോ രണ്ടോ വർഷംപിന്നിടുമ്പോൾ ഈ ഫണ്ടുകൾ പിന്നോട്ടുപോകുകയും പുതിയ താരോദയം ഉണ്ടാകുകകയുംചെയ്യും. ഈ സാഹചര്യത്തിൽ ആദായംമാത്രംനോക്കിയല്ല മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. 

അത്ഭുതപ്പെടുത്തിയ ഫണ്ടുകൾ
സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് ഇത്തവണത്തെ മാർക്കറ്റ് റാലിയിൽ മികച്ചനേട്ടം നിക്ഷേപകർക്ക് നേടിക്കൊടുത്തത്. കൊട്ടക് സ്‌മോൾ ക്യാപ് ഒരുവർഷത്തിനിടെ നൽകിയ ആദായം 103.38ശതമാനമാണ്. നിപ്പോൺ ഇന്ത്യ സ്‌മോൾക്യാപ് 90.54ശതമാനവും എൽആൻഡ്ടി എമേർജിങ് ബിസിനസ് ഫണ്ട് 91.26ശതമാനവും നേട്ടമുണ്ടാക്കി. 

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരുവർഷത്തെ ആദായംനോക്കി അത്ഭുതപ്പെടേണ്ടതില്ല. അഞ്ചും ഏഴും പത്തുംവർഷത്തെ ആദായം പരിശോധിച്ച് തീരുമാനമെടുക്കാം. അതുമാത്രമല്ല, ഒരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും കാലയളവും പരിശോധിച്ച് റിസ്‌ക് പ്രൊഫൈൽ നോക്കിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ഇടക്കുമാത്രം മികച്ച ആദായംനൽകി അപ്രത്യക്ഷമാകുന്ന സെക്ടറൽ ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഒഴിവാക്കി എക്കാലവും മികച്ച വളർച്ചാ സാധ്യത മുന്നോട്ടുവെക്കുന്ന കാറ്റഗറികൾ നിക്ഷേപത്തിനായി പരിഗണിക്കാം. 

ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യംപരിഗണിക്കേണ്ടത് താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ളവയാണ്.

  1. അഗ്രസീവ് ഹൈബ്രിഡ്
  2. ലാർജ് ആൻഡ് മിഡ് ക്യാപ്
  3. ഫ്‌ളക്‌സി ക്യാപ്
  4. ടാക്‌സ് സേവിങ്

വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്ക് നിശ്ചിതചട്ടക്കൂടിൽനിന്നുമാത്രമാണ് നിക്ഷേപിക്കാൻ അവസരംലഭിക്കുന്നത്. ഉദാഹരണത്തിന്, സ്‌മോൾ ക്യാപ് ഫണ്ടുകളിലെ 65ശതമാനം നിക്ഷേപവും സ്‌മോൾ ക്യാപ് ഓഹരികളിലായിരിക്കണം. അതിർത്തികളില്ലാതെ നിക്ഷേപിക്കാൻ ലഭിക്കുന്ന അവസരം വിപണിയുടെ വിവിധ സൈക്കിളുകളിൽ മികച്ച ആദായത്തിന് അവസരംനൽകുന്നത് അതുകൊണ്ടാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളിലും ഏത് അനുപാതത്തിൽവേണമെങ്കിലും നിക്ഷേപംനടത്താൻ കഴിയുന്നവയാണ് എക്കാലവും ഒരുപോലെ പിടിച്ചുനിൽക്കുന്നത്. പരിധികളില്ലാതെ നിക്ഷേപം നടത്താൻ ഫണ്ട് മാനേജർക്ക് കഴിയുന്നതിനാൽ ദീർഘകാലയളവിൽ മികച്ച ആദായം നൽകാൻ കഴിയുമെന്നതാണ് പ്രത്യേക. 

ഈ നാല് വിഭാഗം ഫണ്ടുകളിൽ ഫ്‌ളക്‌സി ക്യാപുകളാണ് താരം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം ഈ കാറ്റഗറിയിലെ ഫണ്ടുകളിലായി മൂന്നുലക്ഷം കോടിയലേറെ രൂപയാണ് കൈകാര്യചെയ്യുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയുടെ ഒമ്പത്ശതമാനത്തോളം വരുംഇത്. 2020 നവംബറിൽ സെബി നിക്ഷേപ അനുപാതത്തിൽ മാറ്റംവരുത്തുന്നതുവരെ മൾട്ടിക്യാപ് ഫണ്ടുകളായിരുന്നു താരം. പുതിയ നിർദേശം നടപ്പായതോടെ മൾട്ടിക്യാപ് ഫണ്ടുകളിൽ ഭൂരിഭാഗവും ഫ്‌ളക്‌സി ക്യാപുകളിലേക്കുമാറി. 

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനൊരുങ്ങുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത നാല് കാറ്റഗറികളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ദീർഘകാലയളവിൽ എസ്‌ഐപിയായി നിക്ഷേപം നടത്തിയാൽ മികച്ച ആദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുംകഴിയുമെന്നകാര്യത്തിൽ സംശയമില്ല. 

അഗ്രസീവ് ഹൈബ്രിഡ്
ആദ്യമായി ഓഹരിയിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. പരമാവധി 65 മുതൽ 80ശതമാനംവരെ ഓഹരിയിലും 20 മുതൽ 35ശതമാനംവരെ കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ഓഹരി മികച്ച വളർച്ചസാധ്യത മുന്നോട്ടുവെക്കുമ്പോൾ, കടപ്പത്ര നിക്ഷേപം സ്ഥിതരയുള്ള ആദായം നൽകാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ റിസ്‌ക് കുറഞ്ഞ ഇക്വിറ്റി ഫണ്ടുകളിൽ ഒന്നാംസ്ഥാനത്താണ്  ഈ ഫണ്ടുകളുടെ സ്ഥാനം. ഓഹരി വിപണി തകരുമ്പോൾ നഷ്ടം പരിമിതപ്പെടുത്താൻ കടപ്പത്രത്തിലെ നിക്ഷേപം സഹായകരമാകുന്നു. അഞ്ചുവർഷക്കാലയളവിലെങ്കിലും എസ്‌ഐപിയായി നിക്ഷേപിക്കാൻ കഴിയുമെങ്കിൽ മികച്ച ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഈയിടെ നിക്ഷേപക ശ്രദ്ധയാകർഷിച്ച ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളേക്കാളും ഒരുപടി മുന്നിലാണ് നേട്ടത്തിന്റെകാര്യത്തിൽ അഗ്രസീവ് ഹൈബ്രിഡ് കാറ്റഗറി. 

EQUITY: AGGRESSIVE HYBRID
Fund Return(%)
5 Yr* 7 Yr* 10 Yr**
Canara Robeco Equity Hybrid 15.72 15.04 15.04
SBI Equity Hybrid 14.46 14.39 15.74
*Direct Plan  **Regular Plan #Return as on 7 Sept, 2021

ലാർജ് ആൻഡ് മിഡ്ക്യാപ്
ചുരുങ്ങിയത് 35ശതമാനം നിക്ഷേപം ലാർജ്, മിഡ് ക്യാപ് ഓഹരികളിലാകണമെന്ന നിബന്ധനയുണ്ട്. വൻകിട കമ്പനികളോടൊപ്പം മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപം നടത്തുന്നതിനാൽ ദീർഘകാലയളവിൽ ഭേദപ്പെട്ട ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കാം. ലാർജ് ആൻഡ് മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ വിപണിയിലെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ എസ്‌ഐപി നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പരമാവധിനേട്ടമുണ്ടാക്കാനും അത് നിക്ഷേപകന് കൈമാറാനും ഫണ്ട് മാനേജർമാർക്ക് അവസരം ലഭിക്കുന്നു. 

Equity: Large and Mid cap
Fund Return(%)
5 Yr* 7 Yr* 10 Yr**
Mirae Asset Emerging Bluechip 21.83 22.84 24.18
Canara Robeco Emerging Equities 19.50 15.78 20.02
*Direct Plan  **Regular Plan #Return as on 7 Sept, 2021

ഫ്‌ളക്‌സി ക്യാപ്
നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് ഓഹരിയിൽവേണമെങ്കിലും നിക്ഷേപിക്കാൻ ഫണ്ട് മാനേജർമാർക്ക് അവസരം നൽകുന്ന ഫണ്ട് കാറ്റഗറിയാണ് ഫ്‌ളക്‌സി ക്യാപുകൾ. വൈവിധ്യവത്കരണത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ ഫ്‌ളക്‌സി ക്യാപുകൾ സഹായിക്കും. വിപണിമൂല്യം കണക്കിലെടുക്കാതെ വൻകിട കമ്പനികളിലും മധ്യനിര-ചെറുകിട കമ്പനികളിലും നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്‌ളക്‌സി ക്യാപുകൾ നൽകുന്നത്. കാലാകാലങ്ങളിലെ പ്രകടനം വിലയിരുത്തി നിയന്ത്രണങ്ങളില്ലാതെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യംലഭിക്കുമ്പോൾ അത് മികച്ച ആദായമായി നിക്ഷേപകന് ലഭിക്കുന്നു. വ്യത്യസ്ത കാറ്റഗറികളിലെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും യഥാസമയം അവയിൽനിന്ന് ലാഭമെടുക്കാനും ബുദ്ധിമുട്ടുള്ളവർക്ക് ഫ്‌ളക്‌സി ക്യാപുകളിൽ വിശ്വാസമർപ്പിക്കാം. ദീർഘകാലയളവിൽ മികച്ച ആദായംതന്നെ ഫ്‌ളക്‌സി ക്യാപുകൾ നൽകും. 

Equity: Flexi Cap
Fund Return(%)
5 Yr* 7 Yr* 10 Yr**
Kotak Flexi Cap 15.61 16.23 17.07
DSP Flexi Cap 17.45 15.80 15.69
*Direct Plan  **Regular Plan #Return as on 7 Sept, 2021

ഇഎൽഎസ്എസ്
ടാക്‌സ് സേവിങ് ഫണ്ടുകളെന്ന ചെരുക്കപ്പേരിലാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകൾ അറിയപ്പെടുന്നത്. 80 സി പ്രകാരം നികുതിയിളവിനുള്ള നിക്ഷേപം ആവശ്യമുണ്ടെങ്കിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇഎൽഎസ്എസ് നൽകുന്നത്. 80സിയിലുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന റിട്ടേണും കുറഞ്ഞ ലോക്ക് ഇൻ(മൂന്നുവർഷം) കാലയളവുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുള്ളത്. ദീർഘകാല ലക്ഷ്യങ്ങൾക്ക് നിക്ഷേപം നടത്തുന്നവർ ലോക്ക് ഇൻ പരിധി കഴിഞ്ഞാൽ പണംപിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

ഓരോ സാമ്പത്തികവർഷവും 1.50 ലക്ഷം രൂപക്കുള്ള നിക്ഷേപത്തിനാകും നികുതിയിളവ് ലഭിക്കുക. അതുകൊണ്ടുതന്നെ നികുതിയിളവിന് ആവശ്യമുള്ളതുക പ്രതിമാസമായി നിക്ഷേപിക്കുന്ന(എസ്‌ഐപി)രീതി സ്വീകരിക്കാം. ടാക്‌സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് ഒരുകാര്യംശ്രദ്ധിക്കുക. നികുതിയിളവിനുള്ള ഇപിഎഫ്, പിപിഎഫ് ഉൾപ്പടെയുള്ള പദ്ധതികളിൽ നിലവിൽ നിക്ഷേപംനടത്തുന്നുണ്ടെങ്കിൽ അതുകഴിച്ചുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. ലാർജ്, മിഡ്, സ്‌മോൾ ക്യാപുകളിൽ നിയന്ത്രണമില്ലാതെ ഓഹരികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈവിഭാഗത്തിലെ ഫണ്ട് മാനേജർമാർക്കുണ്ട്. 

Equity: ELSS
Fund Return(%)
5 Yr* 7 Yr* 10 Yr**
Axis Long Term Equity 18.38 17.53 19.63
DSP Tax Saver 17.01 16.88 18.05
*Direct Plan  **Regular Plan #Return as on 7 Sept, 2021

feedback to:
antonycdavis@gmail.com

കുറിപ്പ്: ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പദ്ധതികളിലെ കാതലാണ് മുകളിൽ വിശദീകരിച്ച ഫണ്ട് കാറ്റഗറികൾ. അതുകൊണ്ടുതന്നെ അർഹിക്കുന്ന പ്രാധാന്യത്തോടെവേണം ഇവയിൽ നിക്ഷേപം നടത്താൻ. ഇതിനപ്പുറത്തുള്ള വൈവിധ്യവത്കരണം ആവശ്യമാണെങ്കിൽമാത്രം (റിസ്‌ക് വിലയിരുത്തി) മറ്റ് കാറ്റഗറിയിലെ ഫണ്ടുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാം. മികച്ച ആദായം ലഭിച്ചതുകൊണ്ടുമാത്രം ഇടക്കുവെച്ച് നിക്ഷേപം തിരിച്ചെടുക്കാതിരിക്കുക. സാമ്പത്തിക ലക്ഷ്യവും അതിനുള്ള കാലയളവുമാണ് മുന്നിലുണ്ടാകേണ്ടത്. അതേ കാറ്റഗറിയിലെ ഫണ്ടുകളോടൊപ്പം ബെഞ്ച്മാർക്ക് സൂചികകൂടി വിലയിരുത്തി പ്രകടനംമോശമാണെങ്കിൽമാത്രം മറിച്ച് തീരുമാനമെടുക്കുക. വാർഷിക ആദായ(സിഎജിആർ)ത്തോടൊപ്പം കലണ്ടർവർഷത്തെ നേട്ടക്കണക്കുകളും വിലയിരുത്തുക.