ഒരു ഇടവേളയ്ക്കുശേഷം ജോര്‍ജ് തോമസ് ബാങ്ക് നിക്ഷേപത്തില്‍നിന്നുള്ള ആദായം പരിശോധിച്ചു. പണപ്പെരുപ്പ നിരക്കുകൂടി കിഴിച്ചപ്പോള്‍ നിക്ഷേപത്തില്‍നിന്നുള്ള ആദായം മൈനസ് രണ്ടുശതമാനത്തിലേറെ!

പൊതു വിഭാഗത്തിന് എസ്ബിഐ നല്‍കുന്ന ഒരുവര്‍ഷത്തെ പലിശ 5.4ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.20ശതമാനവുമാണ്. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക് 7.34ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 

നിക്ഷേപത്തില്‍നിന്ന് നേട്ടമില്ലെന്നുമാത്രമല്ല, രണ്ടുശതമാനത്തോളം നഷ്ടവുമാണ്. പലിശയില്‍നിന്നുള്ള ആദായനികുതികൂടി കുറച്ചാല്‍ ബാക്കിയെന്തെങ്കിലും കിട്ടിയാലായി.

ഈ സാഹചര്യത്തിലാണ് നിക്ഷേപവും പണപ്പെരുപ്പവും വീണ്ടും ചര്‍ച്ചയാകുന്നത്. പണപ്പെരുപ്പം ഇതേരീതിയില്‍ വീണ്ടും ഉയരുകയാണെങ്കില്‍ ബാങ്ക് നിക്ഷേപത്തില്‍നിന്നുള്ള ആദായത്തില്‍ വന്‍നഷ്ടമാകും നിക്ഷേപകനുണ്ടാകുക. 

ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉയര്‍ന്നവിലയാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പത്തെ റോക്കറ്റ് പരുവത്തിലാക്കിയത്. ഗാര്‍ഹിക ചെലവുകളില്‍ ഇത് കാര്യമായി പ്രതിഫലിക്കുകയുംചയ്തു. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. 

നിക്ഷേപത്തില്‍നിന്ന് പണപ്പെരുപ്പത്തെ നേരിടാനുതകുന്ന ആദായം ലഭിക്കുന്നില്ലെങ്കില്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് പരമാവധി ചെലവുകുറച്ച് സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള വഴിതേടേണ്ടിയിരിക്കുന്നു. മികച്ച പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി നിക്ഷേപം പുനഃക്രമീകരിക്കുകയാണ് അതിന് ചെയ്യേണ്ടത്.

ഉയര്‍ന്ന പലിശയുള്ള വായ്പ അവസാനിപ്പിക്കുക
ഉയര്‍ന്ന പലിശ നല്‍കുന്ന വായ്പകള്‍ എത്രയുംവേഗം അവസാനിപ്പിക്കാന്‍ ശ്രമിക്കണം. അതായത് ബാങ്കില്‍ നിക്ഷേപിച്ച് തുച്ഛമായ വരുമാനം നേടുന്നതിനുപകരം ഉയര്‍ന്ന പലിശ നല്‍കുന്ന വ്യക്തിഗത വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ എന്നിവ വേഗം അവസാനിപ്പിക്കണം. താരതമ്യേന കുറഞ്ഞ പലിശയുള്ള ഭവന-വാഹന വായ്പപോലുള്ളവ നിലനിര്‍ത്തുന്നതില്‍ തെറ്റില്ല.

ഉയര്‍ന്ന ആദായം അപകടംവളിച്ചുവരുത്തും
അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ ഉയര്‍ന്ന പലിശ നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള പ്രലോഭനത്തെ ഈഘട്ടത്തില്‍ അതിജീവിച്ചേ മതിയാകൂ. അഞ്ചു ലക്ഷം രൂപവരെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുമെങ്കിലും ബാങ്ക് തകര്‍ന്നാല്‍ ആതുക ലഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നകാര്യം മറക്കരുത്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലും മികച്ച അടിസ്ഥാനമുള്ള ബാങ്കുകളില്‍മാത്രം നിക്ഷേപംനടത്തുക.

താഴ്ന്ന റേറ്റിങ് ഉള്ള, ഉദാഹരണത്തിന് എഎ പ്ലസിന് താഴെയുള്ള കപ്പത്രങ്ങളിലെ നിക്ഷേപത്തില്‍നിന്ന് വിട്ടുനില്‍ക്കുക. ഇത്തരം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും പണംമുടക്കേണ്ട. അനുഭവപരിചയമില്ലാത്തവര്‍ ഓഹരി വിപണിയിലേയ്ക്കിറങ്ങുകയുംവേണ്ട.

ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കലര്‍ത്തിയുള്ള എന്‍ഡോവ്‌മെന്റ്-മണിബായ്ക്ക് പോലുള്ള പോളിസികളിലും പണംമുടക്കരുത്. ഇത്തരം പദ്ധതികളില്‍നിന്നുള്ള ആദായം നാലു മുതല്‍ ആറുശതമാനംവരെയാണ്. മെച്യൂരിറ്റി മൂല്യവും മൊത്തമുള്ള ആദായവും പെരുപ്പിച്ചാകാണിച്ചായിരിക്കും ഇത്തരം പോളിസികള്‍ പലപ്പോഴും വിപണനം ചെയ്യുന്നത്. ഇതില്‍നിന്ന് യഥാര്‍ഥ ആദായം കണക്കുകൂട്ടിയെടുക്കാന്‍ നിക്ഷേകന് എളുപ്പത്തില്‍ കഴിയില്ല. 

എവിടെ നിക്ഷേപിക്കും?
പണപ്പെരുപ്പത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഒരുപരിധിവരെ സ്വര്‍ണ നിക്ഷേപത്തിന് കഴിവുണ്ട്. എന്നാല്‍ മൊത്തം ആസ്തിയിയുടെ 10-15 ശതമാനത്തില്‍കൂടുതല്‍ സ്വര്‍ണത്തില്‍ മുടക്കേണ്ട. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് എന്നിവ സ്വര്‍ണനിക്ഷേപത്തിനായി പരിഗണിക്കാം. വില ഉയര്‍ന്നുനില്‍ക്കുമ്പോല്‍ വിട്ടുനില്‍ക്കുക. തിരുത്തലുണ്ടാകുമ്പോല്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. 

ദീര്‍ഘകാലയളവില്‍ പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനല്‍കാന്‍ സന്തുലിതമായ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയ്ക്കുകഴിയും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍വചിക്കാം. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലവധിയും റിസ്‌ക് പ്രോഫൈലും പരിഗണിച്ച് ഓഹരി അധിഷ്ഠിത പദ്ധതികള്‍, കടപ്പത്രങ്ങളില്‍ നിക്ഷേപക്കുന്ന ഡെറ്റ് ഫണ്ടുകള്‍, സ്വര്‍ണം എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. 

സ്ഥിര നിക്ഷേപ പദ്ധതികളില്‍ താല്‍പര്യമുള്ളവര്‍ ഉയര്‍ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. ദീര്‍ഘകാല മൂലധനേട്ടനികുതിയുടെ ആനുകൂല്യം അതിലൂടെ സ്വന്തമാക്കാം. 

മൂന്നുവര്‍ഷക്കാലയളവില്‍കൂടുതല്‍ നിക്ഷേപം കൈവശംവെച്ചാല്‍ പണപ്പെരുപ്പനിരക്ക്(ഇന്‍ഡക്‌സേഷന്‍)കിഴിച്ചുള്ള തുകയ്ക്ക് 20ശതമാനം നികുതി നല്‍കിയാല്‍മതിയാകും. ബാങ്ക് നിക്ഷേപത്തിന് ആദായനികുതി സ്ലാബ് അനുസരിച്ചാണ് നികുതി ബാധ്യതവരിക. അതുകൊണ്ടുതന്നെ ഉയര്‍ന്ന് സ്ലാബിലുള്ളവര്‍ക്ക് പ്രത്യേകിച്ചും ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഗുണകരമാകും. 

feedbacks to: antonycdavis@gmail.com

നിക്ഷേപതന്ത്രം: രണ്ടുവര്‍ഷത്തിനുള്ളില്‍ ആവശ്യമുള്ളതുക ഏറ്റവും റിസ്‌ക് കുറഞ്ഞ നിക്ഷേപ പദ്ധതികളില്‍ ഇടുക. രണ്ടുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെകാലാവധിയില്‍ ആവശ്യമുള്ളതുക ഹ്രസ്വകാല ഡെറ്റ്, ബാങ്കിങ് ആന്‍ഡ് പിഎസ് യു ഫണ്ടുകളില്‍ നിക്ഷേപിക്കുക. അഞ്ചുവര്‍ഷക്കാലയളവിന് മുകളിലെ സാമ്പത്തിക ലക്ഷ്യമാണെങ്കില്‍ ഓഹരി അധിഷ്ഠി മ്യുച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിക്കാം. മുകളില്‍ വിശദമാക്കിയതുപോലെ ഹെഡ്ജിങ് ഇഫക്ടിനായി 15ശതമാനംവരെ നിക്ഷേപം സ്വര്‍ണത്തിലുമാകാം. ഈ നിക്ഷേപരീതി പിന്തുടര്‍ന്നാല്‍ ഭാവിയില്‍ പണപ്പെരുപ്പത്തെ അജിതവീക്കാനുള്ള ആദായംനേടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.