ദുബായിയിലെ കണ്‍സ്ട്രക് ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജു ജേക്കബ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. കോവിഡിനെതുടര്‍ന്ന് പ്രതിസന്ധിയിലായപ്പോഴാണ് അദ്ദേഹം ജോലി ചെയ്തിരുന്ന ഇസ്രായേല്‍ കമ്പനി പൂട്ടിയത്. 

15 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തതിന്റെ നീക്കിയിരിപ്പ് കയ്യിലുണ്ട്. വീടുവെയ്ക്കണം, മക്കള്‍ക്ക് മികച്ച ഉന്നതവിദ്യാഭ്യാസം നല്‍കണം. ജീവിതം മുന്നോട്ടുകൊണ്ടുപോകണം..എന്നിങ്ങനെ നിരവധികാര്യങ്ങളാണ് മുന്നിലുള്ളത്. 

നാട്ടില്‍ തറവാടിനോട് ചേര്‍ന്ന് ഭാഗമായി ലഭിച്ച സ്ഥലമുണ്ട്. നഗരത്തില്‍ സെന്റിന് 10 ലക്ഷം രൂപവരെ വിലയുള്ള അഞ്ച് സെന്റ് ഭൂമി വാങ്ങി 50 ലക്ഷം മുടക്കി വീടുവെയ്ക്കണമെന്നാണ് ആഗ്രഹം. 

അതിനുവേണ്ടി വിവിധ നിക്ഷേപ പദ്ധതികളിലായി അദ്ദേഹം പണം നീക്കിവെച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വരുമാനമില്ലാതായിരിക്കയാണ്.  അത് മറികടക്കാന്‍ നാട്ടിലൊരു സംരംഭം തുടങ്ങണമെന്ന ചിന്ത മനസിലുണ്ട്. വീടുവെയ്ക്കുന്നകാര്യവും ഒഴിവാക്കാനവില്ല.

വീടുവെയ്ക്കാന്‍ യോജിച്ച സമയം
സ്വന്തം താമസത്തിനാണ് വീടുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ഏറ്റവും യോജിച്ച സമയമാണിപ്പോള്‍. നിക്ഷേപമായി കരുതി രണ്ടാമതൊരുവീടാണ് മനസിലുള്ളതെങ്കില്‍ അത് ഉപേക്ഷിക്കുകയാകും ഉചിതം. കാരണം ഭാവിയില്‍ അതില്‍നിന്ന് ലഭിക്കുന്ന വരുമാനവും മൂലധനനേട്ടവും പരിമിതമായിരിക്കുമെന്നതുതന്നെ. പണമാക്കാന്‍ ബുദ്ധിമുട്ടുള്ള നിക്ഷേപ ആസ്തിയായി റിയല്‍ എസ്റ്റേറ്റ് മാറിക്കഴിഞ്ഞു. 

പലിശ നിരക്കുകള്‍ കുറയുന്നു
ഭവനവായ്പയുടെ പലിശ നിരക്ക് ഇപ്പോള്‍ 15 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഉത്സവ ആനുകൂല്യമായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവ അധിക പലിശയിളവും പ്രൊസസിങ് നിരക്കൊഴിവും പ്രഖ്യാപിച്ചിട്ടുമുണ്ട്. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്ക് 6.90ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്കാണെങ്കില്‍ ഏഴുശതമാനം മുതലാണ് പലിശ. മികച്ച സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 75 ലക്ഷത്തിനുമുകളിലുള്ള വായ്പകള്‍ക്ക് പലിശയില്‍ കാല്‍ശതമാനം കുറവും വാഗ്ദാനം ചെയ്തിട്ടുണ്ട്(പട്ടിക കാണുക)

Home Laon Interest Rate​
Bank Name Rs30 Lakh Rs 30-75 Lakh Rs 75 Lakh
SBI  6.90-7.35  7.95-7.5 7.2-7.6
Canara Bank 6.9-8.9 6.9-8.9 6.9-8.9
Union Bank of India 6.7-7.1 6.7-7.1 6.95-7.15
PNB 7.10-7.5 7.10-7.65 7.25-7.75
HDFC Bank 6.95-7.5 6.95-7.75 6.95-7.85
ICICI Bank 6.90-7.85 6.90-7.85 7.00-8.05
Axis Bank 7.75-8.55 7.75-8.55 7.75-855
Federal Bank 7.90-7.95 7.90-8.00 7.95-8.05
South Indian Bank 7.90-9.40 7.90-9.40 7.90-9.55

ഭൂമിയുടെ വില ഇടിയുന്നു
കോവിഡിനുമുമ്പെ ഭൂമിടപാടുകള്‍ സ്തംഭിച്ച സ്ഥിതിയിലായിരുന്നു. ഏപ്രിലില്‍ പ്രവാസികളില്‍ പലരും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിപണിയില്‍ ഉണര്‍വ് പ്രകടമായെങ്കിലും പിന്നീട് സാഹചര്യം പഴയതിലും വഷളായി. കയ്യില്‍ പണമുള്ള പലരും വന്‍തുക മുടക്കി വീടുവെയ്ക്കാനോ ഭൂമി വാങ്ങിയിടാനോ താല്‍പര്യംകാണിച്ചില്ല. ഇതോടെ ഭൂമിവിലയില്‍ 50ശതമാനത്തിലേറെ ഇടിവുണ്ടാവുകയും ചെയ്തു. 50 ലക്ഷത്തില്‍താഴെയുള്ള വീടുകളാണ് അല്പമെങ്കിലും വിറ്റുപോകുന്നത്. 

വസ്തുവില്‍ നിക്ഷേപിക്കുന്നതിന് മുന്‍കാലങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണമൊഴുകിയതാണ് വില കുമിളപോലെ ഉയരാനിടയാക്കിയത്. അതിന് നിയന്ത്രണംവന്നതോടെ ഇടപാടുകള്‍ ഒന്നുംതന്നെ നടക്കാതായി. 

സ്വന്തമായി താമസിക്കാന്‍ ഇടമന്വേഷിക്കുന്നവര്‍പോലും കൊക്കിലൊതുങ്ങാവുന്ന വിലയിലാണ് സ്ഥലം അന്വേഷിക്കുന്നത്. ലഭിച്ചില്ലെങ്കില്‍ വാങ്ങല്‍ നീട്ടിവെയ്ക്കുകയാണ് പലരും. രണ്ടാമതൊരു വീടെന്ന മധ്യവര്‍ഗ്ഗക്കാരുടെ സ്വപ്‌നത്തിന് പലരും താക്കോലിട്ട് പൂട്ടി. 

വസ്തുവിന് വിലകുറഞ്ഞ സാഹചര്യത്തില്‍ ഭൂമിവാങ്ങി വീടുവെയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണവാസരമാണിപ്പോള്‍. ഭവനവായ്പാ പലിശയിലെ കുറവും പരമാവധി പ്രയോജനപ്പെടുത്താം. 

വായ്പ നേട്ടമാക്കാനും വഴികളുണ്ട്
ഒരുരൂപപോലും പലിശ നല്‍കാതെ വായ്പ നേട്ടമാക്കിമാറ്റുന്നതിനും അവസരമുണ്ട്. ഇ.എം.ഐക്ക് ബദലായി പ്രതിമാസം നിക്ഷേപം നടത്തിയാണ് ഭവന വായ്പ പലിശയും മുതലുമടക്കം തിരിച്ചുപിടിക്കാന്‍ കഴിയുക.

ഉദാഹരണത്തിന്, 30 ലക്ഷം രൂപ 20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശനിരക്കില്‍ വായ്പയെടുത്തെന്നുകരുതുക. പ്രതിമാസം തിരിച്ചടയ്‌ക്കേണ്ടിവരിക 23,253 രൂപയാണ്. ഇതുപ്രകാരം കാലാവധിയെത്തുമ്പോള്‍ മൊത്തം അടച്ചിട്ടുണ്ടാകുക 55,82,152 രൂപയാണ്. പലിശമാത്രം 25,82,152 രൂപ. 

പലിശ പൂര്‍ണമായും മുതിലിന്റെ ഒരുഭാഗവും തിരിച്ചുപിടിക്കുന്നത് എങ്ങനയാണെന്നുനോക്കാം. ഇഎംഐ അടയ്ക്കുന്നതോടൊപ്പം പ്രതിമാസം 5000 രൂപവീതം മികച്ച ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ വായ്പ കാലയളവായ 20 വര്‍ഷം നിക്ഷേപിക്കുക. 12ശതമാനം ആദായപക്രാരം 20വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുക 49,95,740 രൂപയാണ്. 12 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. ഭവനവായ്പയുടെ പലിശ കുറയുമ്പോള്‍ സമാന്തരമായി മികച്ചരീതിയില്‍ നിക്ഷേപം നടത്തുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുന്നത്. 

Multi Cap, Large & MidCap​ Funds
Fund 15 Yr Return* Since Launch*
SBI Focused Equity 14.1% 18.27%
Canara Robeco Emerging Equities 15.86 % 16.6%
*Return as on Nov, 03, 2020. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബര്‍ 11നും കനാറ റൊബേകോ ഫണ്ട് 2005 മാര്‍ച്ച് 11നുമാണ് പ്രവര്‍ത്തനംതുടങ്ങിയത്. 

ശ്രദ്ധിക്കുക: നിലവിലെ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. കാലാകാലങ്ങളില്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താല്‍ 12ശതമാനമെങ്കിലും ആദായം ദീര്‍ഘകാലയളവില്‍ നേടാന്‍കഴിയുമെന്നകാര്യത്തില്‍ സംശയമില്ല. ഫണ്ടുകളില്‍ നിക്ഷേപിച്ച് ഒന്നോ രണ്ടോവര്‍ഷംകഴിയുമ്പോള്‍ ആദായംനോക്കി നിക്ഷേപം പിന്‍വലിക്കരുത്. ദീര്‍ഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക.

feedbacks to:
antonycdavis@gmail.com  

അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവില്‍ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവര്‍ഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് 2ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കില്‍ മേല്‍പറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.