ണപ്പെരുപ്പത്തെക്കാള്‍ ആദായം നല്‍കുന്ന പദ്ധതി തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ നിങ്ങള്‍ക്കുകഴിയുമോ-എങ്കില്‍ നിങ്ങള്‍ സമ്പന്നനാകും. അല്ലെങ്കില്‍ നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം വിലക്കയറ്റംകൊണ്ടുപോകും. ലോകപ്രശസതനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ നിരീക്ഷണം നോക്കാം.

ഭാവിയില്‍ 50ശതമാനംവരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാതെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനിറങ്ങരുത്. പോര്‍ട്ട്‌ഫോളിയോയില്‍ ആവശ്യത്തിന് സ്ഥിര നിക്ഷേപമുണ്ടെങ്കില്‍ ഉറക്കമില്ലാത്ത രാത്രികള്‍ ഒഴിവാക്കാം. വിപണി കൂപ്പുകുത്തിയിരിക്കുകയാണെന്ന കാരണത്താല്‍ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്ന് സ്വന്തം മകനോടോ മകളോടൊ നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ലെന്നകാര്യം മറക്കരുത്. അതോടൊപ്പം മറ്റൊരുകാര്യം, വിരമിച്ചശേഷം ജീവിക്കാന്‍ ആവശ്യമുള്ളതുക നിങ്ങളുടെ കൈവശമില്ലെന്ന് ഭാര്യയോട് പറയാനുംകഴിയില്ല. സ്ഥിര നിക്ഷേപപദ്ധതികളില്‍മാത്രം പണമിട്ട് സുരക്ഷിതത്വം തേടാനാണ് നിങ്ങള്‍ശ്രമിച്ചത്. പണപ്പെുരപ്പത്തെ അതിജീവിക്കുന്ന മൂലധനേട്ടം ലഭിക്കാന്‍ കരുതലെടുക്കാത്തതുകൊണ്ടാണങ്ങനെ സംഭവിച്ചത്(സ്വതന്ത്ര വിവര്‍ത്തനം). 

ഈയാംപാറ്റകളാകരുത്
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടല്‍ കാലത്ത് ഈയാംപാറ്റകളെപ്പോലെയാണ് ചെറുപ്പക്കാര്‍ ഓഹരി വിപണിയിലേയ്ക്ക് ഓടിയണഞ്ഞത്. 2020 ജൂണിലവസാനിച്ച പാദത്തില്‍ 24 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയ തുടങ്ങിത്. എന്തായിരിക്കും ഈയുവാക്കളുടെ മനസില്‍. 

അത്യാഗ്രഹം ഒരുവികാരമാണ്. അതിന്റെ അടിസ്ഥാനത്തിലാണോ ഏറ്റവും മികച്ചപ്രകടനം നടത്തുന്ന ആസ്തികളിലേയ്ക്ക് നിക്ഷേപം ഒഴുകാനിടയാകുന്നത്? പണം നഷ്ടപ്പെടുമോ എന്നഭയം മനസിലുണ്ട്. എങ്കിലും ഓഹരിയില്‍ നിക്ഷേപിച്ച് ഒരു സുപ്രഭാതത്തില്‍ കോടികള്‍ കൊയ്യാമല്ലോയെന്ന ചിന്തയാണ് പലചെറുപ്പക്കാര്‍ക്കുമുള്ളത്.

വാങ്ങിയ ഓഹരി, പ്രതീക്ഷകള്‍ തകര്‍ത്ത് വന്‍നഷ്ടത്തിലാകുമ്പോള്‍ കിട്ടിയ കാശിന് വിറ്റൊഴിഞ്ഞ് സമാധാനംതേടുന്ന ഇക്കൂട്ടര്‍ക്ക് പിന്നെ ഓഹരി വിപണിയെന്നുകേട്ടാല്‍ പേടി സ്വപ്‌നമാണ്. വികാരം നിക്ഷേപത്തെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ വ്യക്തിഗത നിക്ഷേപ പദ്ധതികളെ അത് അപകടത്തിലാക്കും. ഭയവും ഖേദവുമാകും പിന്നെ അവരെ ഭരിക്കുക. 

ഐ.പി.ഒവഴി നിക്ഷേപച്ചതുക സുഹൃത്തോ സഹപ്രവര്‍ത്തനോ ഇരട്ടിയാക്കിയതുകാണുമ്പോള്‍ യുക്തിസഹമായി ചിന്തിക്കുന്ന നിങ്ങളുടെ മനസുപറയും ഓഹരി...ഓഹരി..യെന്ന്. ഒരുകാര്യം ശ്രദ്ധിക്കുക, സാമ്പത്തിക ലക്ഷ്യങ്ങള്‍ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനും അവരുടെഭാവിക്കുംവേണ്ടി ഓരോ ചില്ലിക്കാശും നീക്കിവെച്ച് ത്യാഗംചെയ്യുന്നത് അതുകൊണ്ടുകൂടിയാണ്.

പേഴ്‌സണല്‍ ഫിനാന്‍സില്‍ ധനകാര്യത്തേക്കാള്‍ കൂടുതാലയി വ്യക്തിഗത നിലപാടിനാണ് പ്രാധാന്യമുള്ളത്. ദിനംപ്രതി വ്യക്തികള്‍ എങ്ങനെ പണംകൈകാര്യം ചെയ്യുന്നുവെന്നതുമായി അതുബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത സമ്പാദ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അനുഭവമാണ് പ്രധാനഗുരു. സ്വന്തം അനുഭവമോ മറ്റുള്ളവരുടേതോആകാം. പറ്റുന്ന അബധങ്ങള്‍ ഭാവിയില്‍ മികച്ചതീരുമാനമെടുക്കാന്‍ സഹായകരമാകും. 

ജോലി നഷ്ടപ്പെടുമ്പോഴെ ഒരാള്‍ക്ക് എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകത മനസിലാകൂ. മെഡിക്കല്‍ എമര്‍ജന്‍സി നേരിടേണ്ടിവന്ന ഒരാള്‍ക്കേ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസിലാകൂ. അതുവരെ അതെക്കുറിച്ച് ചിന്തിക്കാനോ മറ്റുള്ളവര്‍ പറഞ്ഞാല്‍ പുച്ഛിച്ചുതള്ളാനോ മെനക്കെട്ടവരാകും പലരും.  ജീവിതം ഹ്രസ്വമാണെന്ന് മനസിലാക്കുക. സ്വന്തം അനുഭവത്തില്‍നിന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ ഏറെവൈകിപ്പോയിട്ടുണ്ടാകും. അതുകൊണ്ട് എന്തുകൊണ്ടും യോജിച്ചത് മറ്റുള്ളവരുടെ ജീവിതം നിങ്ങളെ എന്തുപഠിപ്പിക്കുന്നുവെന്നതാണ്.

ഒരു ലക്ഷ്യവും മുന്നിലില്ലാതെ നിക്ഷേപപദ്ധതികളിലേയ്ക്ക് എടുത്തുചാടുന്നവരാണ് പലരും. മിക്കവാറുംപേര്‍ ചെയ്യുന്ന അബധമാണത്. വിരമിച്ചശേഷമുള്ള ജീവിതമായിരിക്കണം ആദ്യത്തെ സമ്പത്തികലക്ഷ്യം. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. റിട്ടയര്‍മെന്റുകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് 50വയസ്സുകഴിയുമ്പോഴാണ്. കാരണം 10 വര്‍ഷത്തിനപ്പുറമുള്ള ഒരുകാര്യത്തെക്കുറിച്ച് ചിന്തിക്കാനോ ആസൂത്രണംചെയ്യുന്നതിനോ മനുഷ്യമസ്തിഷ്‌കത്തിന് പെട്ടെന്ന് സാധ്യമല്ലതന്നെ.   

രസകരമായ ഒരുകാര്യം പരിശോധിക്കാം. മനുഷ്യന്റെ മസ്തിഷ്‌കം കണക്കുകൂട്ടുന്നത് നേര്‍രേഖയിലാണ്. കോബൗണ്ടിങ് രീതി അത്രവശമില്ല. 4 + 4 + 4 എന്നിങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചുരുക്കം. 4 x 4 x 4 എന്നിങ്ങനെ കണക്കുകൂട്ടാനുള്ള കഴിവില്ല. അതുകൊണ്ടാണ് മിക്ക നിക്ഷേപകരും ഹ്രസ്വകാലത്തെ നേട്ടത്തില്‍ കണ്ണുവെയ്ക്കുന്നത്. 

10 രൂപ 100 വര്‍ഷത്തേയക്ക് 12ശതമാനം വാര്‍ഷിക ആദായപ്രകാരം നിക്ഷേപിച്ചാല്‍ 8,35,222 രൂപലഭിക്കും. ഇക്കാര്യം അറിഞ്ഞാല്‍ ദീര്‍ഘകാലത്തേയ്ക്ക് നേരത്തെ നിക്ഷേപംതുടങ്ങാന്‍ നിങ്ങള്‍ തയ്യാറാകും. ഒരൂ ചൂതാട്ടത്തിനും പോയിട്ടല്ല നിങ്ങള്‍ കോടീശ്വരനാകേണ്ടത്. ചിട്ടയായ നിക്ഷേപംമാത്രംമതി അതിന്.

സാമ്പത്തികശാസ്ത്രം
പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് പരമാവധി എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. മിക്കവര്‍ക്കും കയ്യില്‍കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയില്ല. ജീവിതത്തില്‍ അത്രതന്നെ പ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ മിതത്വം പാലിക്കുകയെന്നതാണ് സമ്പത്ത് വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗം. അതേസമയം, ഏറ്റവും പ്രധാന്യമുള്ള കാര്യങ്ങളില്‍ ധാരാളിയുമാകുക. 

ജീവിക്കാനുള്ള അഭിനിവേശം യാത്രകള്‍ നല്‍കുമെങ്കില്‍ അതിനോട് അനുകൂല മനോഭാവം പുലര്‍ത്തുക. അതുപോലെതന്നെ വിലകൂടിയ കാറുവാങ്ങുകയെന്നത് തീവ്ര ആഗ്രഹമല്ലെങ്കില്‍ അത്തരംകാര്യങ്ങളില്‍ മിതത്വം പാലിക്കുക. എത്ര സമ്പാദിക്കാമെന്നുമാത്രമാണ് സാമ്പത്തിക ഫോര്‍മുലകള്‍ക്ക് പറഞ്ഞുതരാനാകുക. എങ്ങനെ സമ്പാദിക്കമമെന്നത് നിങ്ങള്‍തന്നെ തീരുമാനിക്കേണ്ടകാര്യമാണ്. അത് ആര്‍ക്കും പഠിപ്പിച്ചുതരാനാവില്ല.

ലളിതമായ ഉദാഹരണം പരിശോധിക്കാം. ഇപ്പോള്‍ ഒരു ഐസ്‌ക്രീം വേണോ അതോ അടുത്തയാഴ്ച രണ്ട് ഐസ്‌ക്രീം വേണോ? എന്ന് കുട്ടികളോട് ചോദിക്കുക. മിക്കവാറും കുട്ടികള്‍ ഇപ്പോള്‍ ഒന്നുമതിയെന്നാവും ആവശ്യപ്പെടുക. ഏറെ വളര്‍ന്നവരാണെന്ന് ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. പക്ഷേ, പലപ്പോഴും ചിന്തിക്കുന്നത് കുട്ടികളെപ്പോലെയാണ്. തല്‍ക്ഷണം ലഭിക്കുന്നതിനോടാണ് എല്ലാവര്‍ക്കും താല്‍പര്യം. ദീര്‍ഘകാലത്തോട് അത്രതന്നെ യോജിപ്പില്ല. ഒരുകാര്യം മനസിലാക്കുക, നിക്ഷേപം നടത്താന്‍ നഷ്ടപ്പെടുത്തുന്ന ഓരോവര്‍ഷത്തിനും ഭാവിയില്‍ ജീവിതത്തിലെ രണ്ടുവര്‍ഷംവീതം അധികമായി നിങ്ങള്‍ക്ക് നീക്കിവെയ്‌ക്കേണ്ടിവരും!

പണപ്പെരുപ്പത്തെ മറികടക്കാം
പണപ്പെരുപ്പം നിശബ്ദ ശത്രുവാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ആസുത്രണം നടത്തുമ്പോള്‍ പണപ്പെരുപ്പത്തെ മിക്കവാറുംപേര്‍ മറക്കുന്നു. അതുകൊണ്ട് നിക്ഷേത്തിലെ ഒരുഭാഗമെങ്കിലും മികച്ച ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ക്കായി മാറ്റിവെയ്ക്കണം.

50ശതമാനം മുകളിലേയ്‌ക്കോ താഴേയ്‌ക്കോ പോകാന്‍ സാധ്യതയുണ്ടെന്നകാര്യം മനസിലാക്കിവേണം ഓഹരിയില്‍ നിക്ഷേപിക്കാന്‍. കാലയളവ് നീളുന്നതിനനുസരിച്ച് നേട്ടത്തിനുള്ള സാധ്യത കൂടുതലാണ്. മികച്ച വൈവിധ്യവത്കരണവും ദീര്‍ഘകാലയളവും ഉണ്ടെങ്കില്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വളരുമെന്നകാര്യത്തില്‍ സംശയംവേണ്ട.

വിപണിയുടെ നീക്കങ്ങള്‍ ആര്‍ക്കും പ്രവചിക്കാനാവില്ല. 2020ന്റെ തുടക്കത്തില്‍ കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ അപകടസാധ്യതയെക്കുറിച്ച് ഒരുഗവേഷകനും മുന്നറിയിപ്പ് നല്‍കാനായില്ല. ഇന്ത്യ-ചൈന തര്‍ക്കത്തിന്റെകാര്യത്തിലും ഇതുതന്നെയാണ്. വിപണിയില്‍ എപ്പോഴും നഷ്ടസാധ്യത നിലനില്‍ക്കുന്നുണ്ട്. ശരിക്കും ആലോചിച്ചാല്‍ അത് റിസ്‌കല്ല. ലോകത്തെ സംഭവവികാസങ്ങളോടുള്ള വിപണിയുടെ പ്രതികരണമാണത്. അതിനാല്‍ പ്രവചനത്തിലല്ല തയ്യാറെടുപ്പിലാണ് വ്യക്തിഗത നിക്ഷേപകര്‍ പ്രാധാന്യം കൊടുക്കേണ്ടത്. 

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപണിക്ക് ശ്രദ്ധിക്കേണ്ടകാര്യമില്ല. എന്നാല്‍ നിങ്ങള്‍ അതില്‍ ശ്രദ്ധചെലുത്തുകയുംവേണം. അതുകൊണ്ടാണ് ഓരോരുത്തരും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുതകുന്ന ഒരു പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കണമെന്നുപറയുന്നത്. 

വരാനിരിക്കുന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും നിക്ഷേപകന്‍ ചിന്തിക്കണം. ആവശ്യത്തിന് സ്ഥിരനിക്ഷേപ പദ്ധതികളും ടേം ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ അത് നിങ്ങളെ സാഹായിക്കും. അതേസമയം ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും വേണം. ദീര്‍ഘകാലയളവില്‍ ഓഹരിയില്‍ നിക്ഷേപിക്കാനുള്ള ഉള്‍ക്കരുത്ത് അതിലൂടെയാണ് ലഭിക്കുക.

feedbacks to: antonycdavis@gmail.com

കുറിപ്പ്: ഭാഗ്യമായിരിക്കരുത് ഒരാളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയുടെ അടിസ്ഥാനം. യാതൊരുധാരണയുമില്ലാതെ എടുത്തുചാടുന്നവരാണ് ഭാഗ്യാന്വേഷികള്‍. ആവശ്യത്തിന് ഗൃഹപാഠമുണ്ടെങ്കില്‍ മികച്ച നിക്ഷേപകാനാകാന്‍ എല്ലാവര്‍ക്കും കഴിയും.