വീണ്ടും ദീപാവലി ആഘോഷവേള വന്നെത്തി. ധന്‍തേരസ്, ദീപാവലി എന്നിവക്ക് മുന്നോടിയായി സ്വര്‍ണംവാങ്ങുന്നതിന് ശുഭകരമായാണ് കണക്കാക്കുന്നത്. 

സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല, നാണയങ്ങള്‍, സ്വര്‍ണ ബാറുകള്‍, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് എന്നിവയുടെ രൂപത്തിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. 

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി സാധ്യതകളുണ്ടെങ്കിലും ഇവയില്‍ ഏത് തിരഞ്ഞെടുക്കും? വില്‍ക്കുമ്പോള്‍ നികുതി ആനുകൂല്യവും ആറുമാസം കൂടുമ്പോള്‍ 2.5 ശതമാനം പലിശയും ലഭിക്കുന്ന ഗോള്‍ഡ് ബോണ്ട് തന്നെ ഇതില്‍ മികച്ചത്. 

ഇപ്പോള്‍ നിക്ഷേപിക്കാമോ?
2019-20 വര്‍ഷത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസ് ആറിനുള്ള അപേക്ഷ ഇപ്പോള്‍ നല്‍കാം. ഒക്ടോബര്‍ 25നാണ് നിക്ഷേപിക്കാനുള്ള അവസാന തിയതി. അതുകഴിഞ്ഞാല്‍ ഡിസംബര്‍ രണ്ടു മുതല്‍ ആറുവരെയും 2020 ജനുവരി 13 മുതല്‍ 17വരെയും ഫെബ്രുവരി മൂന്നു മുതല്‍ ഏഴുവരെയും മാര്‍ച്ച് രണ്ടു മുതല്‍ ആറുവരെയും നിക്ഷേപിക്കാന്‍ അവസരമുണ്ട്. 

ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 3,835 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍വഴി അപേക്ഷിക്കുകയും പണമടക്കുകയും ചെയ്യുന്നവര്‍ക്ക് 50 രൂപ കിഴിവുണ്ട്. ഇവര്‍ 3,785 രൂപ നല്‍കിയാല്‍ മതി. കുറഞ്ഞത് ഒരു ഗ്രാമില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. 

വില നിശ്ചയിക്കുന്നത് എങ്ങനെ?
മൂന്ന് വ്യാപാര ദിനങ്ങളിലെ 999 ശതമാനം ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെടുത്താണ് ഗോള്‍ഡ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ വിലയാണ് ഇതിനായി പരിഗണിക്കുന്നത്. 

ആദായനികുതി നേട്ടം പരിശോധിക്കാം

1. ഗോള്‍ഡ് ബോണ്ടിന് വാര്‍ഷിക നിരക്കില്‍ 2.5ശതമാനം പലിശ ലഭിക്കും. ആറു മാസംകൂടുമ്പോള്‍ ഈ പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ വരവുവെയ്ക്കും. കാലാവധിയെത്തുന്നതിന് ആറുമാസം മുമ്പുള്ള പലിശ മൊത്തംതുകയോടൊപ്പമായിരിക്കും ലഭിക്കുക. ബോണ്ടില്‍നിന്നുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല. അതേസമയം, ഓരോരുത്തരുടെയും വരുമാനത്തോട് ചെര്‍ത്ത് ഇതിന് ആദായനികുതി നല്‍കണം.

2. എട്ടുവര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയാകുന്നതുവരെ ബോണ്ട് കൈവശംവെച്ച് വിറ്റാല്‍ അതില്‍നിന്ന് ലഭിക്കുന്ന നേട്ടത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. ഗോള്‍ഡ് ഇടിഎഫിനോ, ഗോള്‍ഡ് ഫണ്ടിനോ, സ്വര്‍ണക്കട്ടിക്കോ, കോയിനോ, ആഭരണത്തിനോ ഈ ആനുകൂല്യമില്ലെന്ന് ഓര്‍ക്കണം. 999 ശതമാനം ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ മൂന്ന് വ്യാപാര ദിനങ്ങളിലെ വിലയുടെ ശരാശരി കണക്കാക്കിയാണ് മെച്വൂരിറ്റി മൂല്യം കണക്കാക്കുക. 

3. ഗോള്‍ഡ് ബോണ്ട് വാങ്ങുമ്പോള്‍ ജിഎസ്ടി ബാധകമല്ല. എന്നാല്‍, സ്വര്‍ണാഭരണമോ, കോയിനോ, സ്വര്‍ണക്കട്ടിയോ വാങ്ങുമ്പോള്‍ മൂന്നുശതമാനം ജിഎസ്ടി നല്‍കണം. 

മറ്റ് നേട്ടങ്ങള്‍
സ്വര്‍ണാഭരണമോ, നാണയമോ വാങ്ങി സൂക്ഷിക്കുന്നതിലും നല്ലത് ബോണ്ട് തന്നെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള റിസ്‌ക് തീരെയില്ലെന്നതാണ് ഏറ്റവും ആകര്‍ഷണം. ആറുമാസം കൂടുമ്പോള്‍ ലഭിക്കുന്ന പലിശ വേറെയും.

അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഗോള്‍ഡ് ബോണ്ട് പണമാക്കാം. അതുമാത്രമല്ല, ഡീമാറ്റ് അക്കൗണ്ട് രൂപത്തിലാണെങ്കില്‍ ഓഹരി വിപണിവഴി കാലാവധി എത്തുന്നതിനുമുമ്പ് എപ്പോള്‍ വേണമെങ്കിലും ബോണ്ട് വില്‍ക്കാം. 

ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍നിന്ന് ബോണ്ടുവാങ്ങുകയും വില്‍ക്കുകയുമാകാം.

feedbacks to: antonycdavis@gmail.com