നാല്പതിൽ വിരമിക്കുകയോ? സാങ്കൽപ്പികലോകത്തുമാത്രം നടപ്പാക്കാൻകഴിയുന്ന ഉട്ടോപ്യൻ ആശയമല്ലേ അതെന്ന് ചിന്തിക്കുന്നവർ കുറവല്ല. നേരത്തെ വിരമിച്ച് ജീവതം ആഘോഷിക്കുന്നവരുടെ എണ്ണം ലോകമാകെ കുതിച്ചുയരുമ്പോൾ ഇവിടെ അത് യാഥാർഥ്യമാക്കുന്നത് എങ്ങനെയെന്ന് ആലോചിച്ച് തലപുകക്കുന്നവരാണേറെയും.

വ്യക്തമായ ആസൂത്രണമുണ്ടെങ്കിൽ, ദൃഢനിശ്ചയത്തോടെ പ്ലാനുമായി മുന്നോട്ടുപോകാനായാൽ, 15-20 വർഷംകഴിയുമ്പോൾ വിരമിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ലെന്ന് കാലംതെളിയിച്ചതാണ്. ഈവഴിതിരഞ്ഞെടുത്ത് ജീവിതം ആഘോഷമാക്കിയവർ നിരവധിപേരാണ്.

ഈതീരുമാനങ്ങൾ അതിന് പ്രാപ്തമാക്കും:

1. നിക്ഷേപിക്കേണ്ടതുക 
വരുമാനത്തിന്റെ എത്രശതമാനം തുക വിരമിക്കൽഫണ്ടിനായി നീക്കിവെയ്ക്കാൻകഴിയുമെന്ന് കണക്കാക്കുക. 50ശതമാനം മുതൽ 70ശതമാനംവരെതുക മാറ്റിവെയ്ക്കാൻ തയ്യാറാകണം. തീരുമാനമെടുക്കുമ്പോൾ വികാരങ്ങളല്ല, യാഥാർഥ്യബോധമാണ് നിങ്ങളെ നയിക്കേണ്ടത്. 

നേരത്തെ വിശദീകരിച്ച മിതത്വം പാലിക്കാൻ ശ്രമിച്ചാൽ പരമാവധിതതുക നിക്ഷേപത്തിനായിമാറ്റിവെയ്ക്കാൻ കഴിയും. നല്ലകാലത്ത് പിശുക്കിജീവിച്ച് പിന്നെ എന്തുനേടാനാണ്-എന്നൊക്കെ വൈകാരികമായി ചിന്തിക്കാതിരിക്കുക. പുറത്തിറങ്ങാൻ പറ്റാതിരുന്ന കോവിഡ് കാലത്ത് മിതവ്യയംശീലിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടായില്ല. മികച്ചരീതിയിൽ ആസുത്രണംചെയ്യുകയാണെങ്കിൽ അത്യാവശ്യം അടിച്ചുപൊളിച്ചാലും ഈതുക സമ്പാദിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

2. തുക കണക്കാക്കുക
രണ്ടാമതായി, സ്വയംവിരമിച്ചശേഷം ജീവിക്കാൻ ആവശ്യമായ തുക നിശ്ചയിക്കാം. വാർഷിക ചെലവ് എത്രയാണെന്ന് കണ്ടെത്തുകയാണ് അതിനായി ആദ്യംചെയ്യേണ്ടത്. വാർഷിക ചെലവിനെ 25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതുകയായിരിക്കണം റിട്ടയർമെന്റ് കോർപസ്. ഒരുലക്ഷം രൂപയാണ് വാർഷികചെലവെങ്കിൽ അതിന്റെ 25 ഇരട്ടിതുകയായ 25 ലക്ഷംരൂപയായിരിക്കണം ഈതുക. 10 ലക്ഷംരൂപയാണെങ്കിൽ 2.5കോടിയും. 

വിരമിച്ചശേഷം സമ്പാദ്യത്തിലെ നാലുശതമാനംവീതം ഓരോവർഷവും പിൻവലിക്കാം. അതായത് രണ്ടുകോടി രൂപയാണ് 25വർഷത്തേയ്ക്കായി നീക്കിവെയ്ക്കുന്നതെങ്കിൽ വർഷം 10 ലക്ഷംരൂപ പിൻവലിക്കാം. ഈ തുകയിൽ നേരിയ വ്യത്യാസം ഉണ്ടായാലും പ്രശ്‌നമൊന്നുമില്ലെന്ന് മനസിലാക്കുക. 

3. എത്രകാലംകൊണ്ട് സമ്പാദിക്കാം
തുക നിശ്ചയിച്ചുകഴിഞ്ഞാൽ എത്രകാലംകൊണ്ട് ആതുക സമ്പാദിക്കാനാകുമെന്ന് കണക്കുകൂട്ടാം. നിലവിൽ എത്രതുക നിക്ഷേപമുണ്ടെന്ന് എഴുതിവെയ്ക്കുക. അതിനുശേഷം പ്രതിമാസം എത്രതുക നിക്ഷേപിക്കാനാകുമെന്നും നിശ്ചയിക്കുക. 

വാർഷിക ചെലവ് 75 ലക്ഷം രൂപയാണെങ്കിൽ ആതുക സമ്പാദിക്കാൻ എത്രകാലംവേണ്ടിവരുമെന്ന് കണക്കുകൂട്ടുക. അതിലൂടെ എത്രകാലംകഴിഞ്ഞാൽ നിങ്ങൾക്ക് വിരമിക്കാമെന്ന് മനസിലാക്കാം. മൊത്തംവരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുകയാണ് നീക്കിവെയ്‌ക്കേണ്ടതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവല്ലോ.

സമ്പാദിക്കാനായി ഈ മാർഗങ്ങൾ പിന്തുടരാം

1. മിനിമംതുകയിൽ ജീവിക്കുക, ബാക്കിയുള്ളതുക നിക്ഷേപിക്കുക. അതായത്, എത്രകൂടുതൽ തുക നിക്ഷേപിക്കാൻകഴിയും അത്രയുംനേരത്തെ വിരമിക്കാനാകുമെന്ന് മനസിലാക്കുക. 

2. അത്രതന്നെ ചുരുങ്ങി ജീവിക്കാൻ കഴിയാത്തവർക്ക് വരുമാനത്തിന്റെ 70ശതമാനംനീക്കിവെയ്ക്കാൻ കഴിയില്ല. അവർ 50ശതമാനത്തിൽകുറയാത്തതുക പ്രതിമാസം നിക്ഷേപിക്കുക. ഇങ്ങനെ ചെയ്താൽ റിട്ടയർചെയ്യാനുള്ളകാലം നീളുമെന്നുമാത്രം. നേരത്തെ റിട്ടയർചെയ്യണം എങ്കിലും ഇത്രയുംനേരത്തെ വേണ്ട -എന്നുള്ളവർക്ക് ഈരീതി സ്വീകരിക്കാം. 

3. എത്രയുംനേരത്തെ സമ്പാദ്യംതുടങ്ങാം. ചെറുപ്പത്തിലേ നിക്ഷേപിക്കാൻ പഠിക്കാം. കിട്ടുന്ന സമ്മാനങ്ങളുടെയും പോക്കറ്റ് മണിയുടെയും ഒരുഭാഗം ശ്രദ്ധാപൂർവം നിക്ഷേപിക്കാൻ ശ്രമിക്കണം. പിഗ്ഗി ബാങ്കിൽ തുടങ്ങാം. ഘട്ടംഘട്ടമായി മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിലേയ്ക്കുമാറാം. 

4. കരിയർ പ്ലാനിങ്
വിദ്യാഭ്യാസ കാലത്തുതന്നെ ജോലി സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാക്കാൻ ശ്രമിക്കണം. വീട്ടുകാരുടെ ചെലവിൽ ജീവിച്ചുപോകാമെന്ന ധാരണ ആദ്യംതന്നെ മാറ്റുക. 

5. കടബാധ്യത ഉണ്ടാക്കരുത്
കടംവാങ്ങാതെ ജീവിക്കാൻ ആദ്യംതന്നെ പഠിക്കണം. എങ്കിൽമാത്രമെ വരുമാനത്തിൽനിന്ന് നിശ്ചിതശതമാനംതുക നിക്ഷേപിക്കാൻ കഴിയൂ. ക്രഡിറ്റ് കാർഡ് പർച്ചേയ്‌സ്, ഇഎംഐ ഉപയോഗിച്ച് കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങൽ എന്നിവ ഒഴിവാക്കാം. ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ക്രിഡിറ്റ് കാർഡ് നല്ലതാണ്. കൂടുതൽ വാങ്ങിക്കൂട്ടാനുള്ള പ്രേരണ അത് നൽകുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ഒട്ടുംമടിക്കേണ്ട. 

6. ചെലവ് നിയന്ത്രിക്കൽ
ലഭിക്കുന്ന വരുമാനത്തിൽ ചെലവുകഴിഞ്ഞ് സമ്പാദിക്കുന്ന ശീലം ഒഴിവാക്കണം. വരുമാനം-ചെലവ് = സമ്പാദ്യം എന്നരീതി ഉപേക്ഷിച്ച് മാന്ത്രിക ഫോർമുല സ്വീകരിക്കാം. വരുമാനം-സമ്പാദ്യം= ചെലവ്. അതായത് വരുമാനത്തിൽനിന്ന് ചെലവുകഴിഞ്ഞുള്ള തുകയല്ല സമ്പാദ്യത്തിനായി നീക്കിവെയ്‌ക്കേണ്ടത്. മാസവരുമാനത്തിൽനിന്ന് ആദ്യം സമ്പാദ്യത്തിനുള്ളതുക നീക്കവെച്ചശേഷം ബാക്കിയുള്ളതുകയെ ചെലവഴിക്കൂ എന്ന് തീരുമാനിക്കുക.  

7. ആരോഗ്യ-ടേം ഇൻഷുറൻസുകൾ
ചെലവുചെയ്യാനും സമ്പാദിക്കാനും നിശ്ചിതശതമാനം തുക തീരുമാനിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപ്രതി ചെലവുകൾ സാമ്പത്തിക ലക്ഷ്യത്തെ തകിടംമറിച്ചേക്കാം. അതുകൊണ്ട് ആവശ്യത്തിന് ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കുക. അതോടൊപ്പം നാം സ്‌നേഹിക്കുന്നവർക്ക് കരുതലായി ടേം ഇൻഷുറൻ(നിക്ഷേപവും ഇൻഷുറൻസുംകൂട്ടിക്കലർത്തിയുള്ള പ്ലാനുകളല്ല)സും എടുത്തുവെയ്ക്കുക. 

8. എമർജൻസി ഫണ്ട്
അനിശ്ചിതത്വത്തിന്റെ ഈകാലത്ത് ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയെങ്കിലും എമർജിൻസി ഫണ്ടായി നീക്കിവെയ്ക്കണം. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈതുക സഹായിക്കും. മറ്റൊരുവരുമാനമാർഗം കണ്ടെത്തുംവരെ ഈതുക നിങ്ങളുടെ കരുത്തായിരിക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഈതുക കരുതിവെയ്ക്കാം.

feedbacks to:
antonycdavis@gmail.com

ഇത്രയുമായാൽ നിങ്ങൾ ഏറെകാതം മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന് മനസിലാക്കാം. നിക്ഷേപത്തിന്റെകാര്യമാണ് ഇനിയുള്ളത്. അതിനായി അടുത്തപാഠത്തിന് കാത്തിരിക്കുക.