ഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജു മാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്‌ കമ്പനി നൽകിയത്. 

പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം 'തുലയ്ക്കാൻ' തയ്യാറല്ലായിരുന്നു. 23വയസ്സുള്ള ബിജു ഒരുകാര്യം തീരുമാനിച്ചുറച്ചു. 35-ാം വയസ്സിൽ വിരമിക്കണം! പിന്നീട് അഞ്ചോ പത്തോവർഷം സ്വന്തം സംരംഭവുമായി മുന്നോട്ടുപോകണം. 

അതിനായി ലോട്ടറിയെടുക്കാനോ വീട്ടിൽനിന്നുകിട്ടാനിടയുള്ള സ്വത്തിനെ ആശ്രയിക്കാനോ ബിജു തയ്യാറല്ലായിരുന്നു. അധ്വാനിച്ചുതന്നെ സ്വപ്‌നം യാഥാർത്ഥ്യമാക്കണം. ഒരുപക്ഷേ, കോളേജിൽനിന്നുകിട്ടിയ സാമ്പത്തിക പാഠങ്ങളാകാം അദ്ദേഹത്തെ ഈ നിശ്ചയദാർഢ്യത്തിലെത്തിച്ചത്. 

മലയാളികളുടെ പൊതുവായ കാഴ്ചപ്പാട് 58ൽ വിരമിക്കുകയെന്നതാണ്. മില്ലേനിയൽസ് ഉൾപ്പെടുന്ന പുതുതലമുറ ഈകാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്. പുതിയ വേതന നിയമങ്ങളും തൊഴിലുമായിബന്ധപ്പെട്ട മാനസിക സമ്മർദങ്ങളുമാണ് ജോലിമാത്രമല്ല ജീവിതമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. 

നിശ്ചിതകാലം ഹാർഡ് വർക്ക് ചെയ്ത് ബാക്കിയുള്ള ജീവിതം അടിച്ചുപൊളിക്കുന്ന വിദേശകാഴ്ചപ്പാട് കാടുംമേടുംകടന്ന് കേരളത്തിലേയ്ക്കും എത്തിയിരിക്കുന്നു. യു.എസിൽ പൊട്ടിപ്പുറപ്പെട്ട ഫയർ(ഫിനാഷ്യൽ ഇൻഡിപെന്റൻസ്, റിട്ടയർ ഏർലി)മൂവ്‌മെന്റാണ് നമ്മുടെ നാട്ടിലെ യുവാക്കളെയും 'വഴിതെറ്റിച്ചത്'.

2020 ജനുവരിയിൽ ഈകോളത്തിൽ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരുവർഷം പിന്നിടുമ്പോൾ പുതിയ ജീവിതരീതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ജോലിയെ ഹോബിയും നേരമ്പോക്കുമായി കാണുന്നവരുടെ ഒരുലോകമാണ് മുന്നിൽ വരാനിരിക്കുന്നത്. 

ചെലവ് ചെയ്യൽ ബോധപൂർവം ക്രമീകരിച്ച് കൂടുതൽതുക നിക്ഷേപിക്കാനായി നീക്കിവെച്ച് സമ്പത്തുണ്ടാക്കി നേരത്തെവിരമിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഫയർ. സാമ്പത്തികമായി സ്വാതന്ത്ര്യംനേടുകയെന്നാൽ ജോലിയിൽനിന്ന് വിരമിച്ചശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനമുണ്ടാക്കുകയെന്നതാണ്. 

സമ്പത്തുണ്ടാക്കുന്നതിനായി നിശ്ചിതകാലം ജോലിചെയ്യുക-ശേഷിച്ചകാലം പണം നിങ്ങൾക്കുവേണ്ടി ജോലിചെയ്തുകൊള്ളും! സമ്പാദ്യം മികച്ചരീതിയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ വരുമാനംനിങ്ങളെതേടിയെത്തും. ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈകാഴ്ചപ്പാട്. പത്തോ പതിനഞ്ചോ വർഷംകഴിഞ്ഞാൽ നാട്ടിൽ ജീവിക്കണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. 

സ്വപ്‌നം യാഥാർഥ്യമാക്കാൻ നിശ്ചയദാർഡ്യമാണ് ആദ്യമായി വേണ്ടത്. അതോടൊപ്പം മൂന്നു കാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു:

1. പരമാവധി സമ്പാദിക്കുക.
2. മിതത്വം പാലിക്കുക
3. അധികവരുമാനംനേടുക.

വരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുക നിശ്ചിതകാലം നിക്ഷേപിക്കാൻ തയ്യാറാകുക. ഇത്രയുംതുക നീക്കിവെയ്ക്കുകയോ? അത് അസാധ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള മറുപടിയാണ് മിതത്വം പാലിക്കുകയെന്നത്. പിശുക്കനായി ജീവിക്കുകയെന്നല്ല അതിനർഥം. പണംചെലവഴിക്കുംമുമ്പ് രണ്ടുതവണ ആലോചിച്ചാൽമതി, മിതത്വം ജീവിതത്തിന്റെ ഭാഗമാകും. 

50,000 രൂപവിലയുള്ള സ്മാർട്ട്‌ഫോൺ വാങ്ങണോ അതോ 10,000 രൂപയുടേത് വാങ്ങണോയെന്ന് തീരുമാനിക്കുന്നതിന് തുല്യമാണത്. നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളും നടത്താൻ 10,000 രൂപയുടെ ഫോൺതന്നെ ധാരാളമന്നിരിക്കെ 50,000 രൂപയുടേത് വേണ്ടെന്നുവെയ്ക്കുന്നതാണ് മിതത്വം. ആവശ്യംകണ്ടറിഞ്ഞ് അതിനുവേണ്ടിമാത്രം ചെലവുചെയ്യുകയെന്ന് ചുരുക്കം. കുടംബം, കുട്ടി പ്രാരാബ്ദങ്ങളൊന്നുമില്ലാത്തതിനാൽ ചെറിയപ്രായത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കുകയെന്നത് എളുപ്പവുമാണ്. 

feedbacks to:
antonycdavis@gmail.com

35ലോ 40തിലോ അല്ലെങ്കിൽ 50തിലോ-എപ്പോൾ വിരമിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അക്കാര്യം ഇപ്പോൾതന്നെ നിശ്ചയിക്കുക. മുന്നോട്ടുള്ളവഴികൾ കല്ലുംമുള്ളം നിറഞ്ഞതോ വളവും തിരിവുമുള്ളതോ അല്ല നേർരേഖയിലുള്ളതാണെന്നറിയുക. എളുപ്പത്തിൽതന്നെ ലക്ഷ്യം പൂർത്തീകരിക്കാം. കൂടുതൽ വിവങ്ങൾക്കായി കാത്തിരിക്കുക.