മാഹരിച്ച സമ്പത്ത് യഥാസമയം പിൻവലിക്കാതിരുന്നതിലൂടെ സമ്മർദത്തിലായ അനീഷിനെക്കുറിച്ച് കഴിഞ്ഞ പാഠത്തിൽ പരാമർശിച്ചിരുന്നു. മകളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് 10 വർഷം എസ്‌ഐപിയായി നിക്ഷേപം നടത്തിയ അദ്ദേഹത്തിന് വിപണി കൂപ്പുകുത്തിയ 2020 മാർച്ചിലാണ് പണം പിൻവലിക്കേണ്ടിവന്നത്.  

ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ഫലപ്രദമായി എങ്ങനെ എക്‌സിറ്റ് ചെയ്യാം എന്ന് വിശദമാക്കാമോയന്നന്വേഷിച്ച്‌ നിരവധി പ്രതികരണങ്ങളാണ് ഈ പാഠത്തിനുശേഷം ലഭിച്ചത്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മികച്ച പ്ലാൻ മുന്നോട്ടുവെക്കുന്നവരിൽ പലരും പരമാവധിനേട്ടം സ്വന്തമാക്കി വിപണിയിൽനിന്ന് പുറത്തുകടക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കാറില്ല. വ്യവസ്ഥാപിത രീതിയയായ സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാനായിരിക്കും 'എക്‌സിറ്റ് പ്ലാൻ' ആയി അവർക്ക് മുന്നോട്ടുവെക്കാനുണ്ടാകുക. 

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപമാണ് ഏറ്റവും മികച്ചതെന്ന് എല്ലാവർക്കും അറിയാം. വിപണിയുടെ ചാഞ്ചാട്ടം അവസരമാക്കുന്നതോടൊപ്പം രാജ്യത്തെ വളർച്ചാ സാധ്യതയും കണക്കിലെടുക്കുമ്പോൾ യാഥാർഥ്യത്തിൽ അധിഷ്ഠിതമാണ് ഈതീരുമാനം. നിക്ഷേപ ലക്ഷ്യമടുക്കുകയോ ലക്ഷ്യതുകയിലെത്തുകയോ ചെയ്താൽ പരമാവധിനേട്ടം സ്വന്തമാക്കി വിപണിയിൽനിന്ന് യഥാസമയം പുറത്തുകടക്കാനും കഴിയണം. നിക്ഷേപിക്കാൻ മാത്രമല്ല നിക്ഷേപം പിൻവലിക്കുന്നതിനും സമഗ്രമായ 'എക്‌സിറ്റ് പ്ലാൻ' ആവശ്യമാണെന്നുചുരുക്കം. 

ഉദാഹരണത്തിന്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരുകോടി രൂപ സമാഹരിച്ചുവെന്ന് കരുതുക. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ സമയമായപ്പോഴാണ് ഓഹരി വിപണി തിരുത്തൽ നേരിട്ടത്. നിക്ഷേപ തുക 70 ലക്ഷത്തിലേയ്ക്ക് കുറയുകയുംചെയ്തു. ഈ സാഹചര്യം എങ്ങനെ മറികടക്കാമെന്നാണ് വിശദീകരിക്കുന്നത്. 

സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ മതിയോ?
നിക്ഷേപത്തിനായി എസ്‌ഐപിയാണെങ്കിൽ സമാഹരിച്ച സമ്പത്ത് പിൻവലിക്കുന്നതിനായി സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)ആണ് നിക്ഷേപലോകം മുന്നോട്ടുവെക്കുന്നത്. അതായ് എസ്‌ഐപിക്ക് വിപരീതദിശയിലുള്ള നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. എസ്ഡബ്ല്യുപിയിലൂടെ ഓഹരി നിക്ഷേപത്തിൽനിന്ന് വ്യവസ്ഥാപിതമായി പുറത്തുകടക്കാൻ സൗകര്യംലഭിക്കുന്നു. അതുവരെ ശേഖരിച്ച സമ്പത്തിന്റെ ഒരുഭാഗം മാസംതോറും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നരീതിയാണിത്. 

ഘട്ടംഘട്ടമായി നിക്ഷേപിച്ച് വിപണിയുടെ ഉയർച്ചയിലും താഴ്ചയിലും എസ്‌ഐപിവഴി നേട്ടമുണ്ടാക്കുന്നതുപോലെ, വിപണി ഉയർന്നുകൊണ്ടിരിക്കുമ്പോൾ പരമാവധി നേട്ടമുണ്ടാക്കാൻ എസ്ഡബ്ല്യുപി സഹായിക്കുന്നു. വിപണിയിലെ ഉയർച്ചതാഴ്ചകൾ  പ്രവചിക്കാൻ കഴിയാത്തതിനാലാണ് ഈ രണ്ട് രീതികളും നിക്ഷേപ ലോകത്ത് ശ്രദ്ധയാകർഷിച്ചത്. നിക്ഷേപലോകം മുന്നോട്ടുവെക്കുന്ന എസ്ഡബ്ല്യുപി എത്രത്തോളം ഫലപ്രദമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

ലക്ഷ്യതുകയെത്തിയാൽ ഒറ്റയടിക്കോ ഘട്ടംഘട്ടമായോ ഏത് രീതിയിൽ നിക്ഷേപം പിൻവലിക്കുന്നതാണ് ഉചിതമെന്ന് പരിശോധിക്കാം.  

ഉദാഹണം
25 വർഷം പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ച് അതിൽനിന്ന് ലഭിച്ച ആദായം എപ്രകാരം തിരിച്ചെടുത്തപ്പോഴാണ് പരമാവധി നേട്ടം സ്വന്തമാക്കിയതെന്ന് നോക്കാം.

INVESTMENT PLAN(SIP)
ഫണ്ടിന്റെ പേര് എച്ച്ഡിഎഫ്‌സി ടോപ്പ് 100 -G
പ്രതിമാസ(എസ്‌ഐപി)തുക 10,000 രൂപ
തുടങ്ങിയ തിയതി 1996  സെപ്റ്റംബർ 30
അവസാന എസ്‌ഐപി തിയതി 30 ഓഗസ്റ്റ് 2021 (300 പ്രതിമാസ തവണ)
മൊത്തം നിക്ഷേപിച്ച തുക 30 ലക്ഷം
മൊത്തം ലഭിച്ച യൂണിറ്റ് 72,191.121
യൂണിറ്റ് വില(എൻഎവി) 697.66*
നിലവിലെ മൂല്യം 5,03,64,497 രൂപ (5.03 കോടി രൂപ)
നേട്ടം  4.75 കോടി രൂപ
വാർഷികാദായം 19.5ശതമാനം.
*4 ഒക്ടോബർ 2021ലെ എൻഎവി പ്രകാരം. 2021 ഒക്ടോബർ നാലിന് മൂന്നുമണിക്ക് മുമ്പായി പിൻവലിക്കാൻ നിർദേശം നൽകിയാൽ ലഭിക്കുന്ന തുകയാണ് 5.03 കോടി രൂപ.

ഘട്ടംഘട്ടമായി പിൻവലിച്ചാൽ(എസ്ഡബ്ല്യുപി)

SYSTEMATIC WITHDRAWAL PLAN
എസ്ഡബ്ല്യുപി തുടങ്ങിയ തിയതി 30 സെപ്റ്റംബർ 2019
അവസാനിച്ച തിയതി 30 ഓഗസ്റ്റ് 2021
പ്രതിമാസം പിൻവലിച്ച തുക 15 ലക്ഷം (22 മാസം)
ബാക്കിയുള്ള യൂണിറ്റ് 107(മൂല്യം 74,648 രൂപ)
മൊത്തം റിട്ടേൺ 3,17,25,473(3.17 കോടി) രൂപ. 
വാർഷികാദായം 18.3ശതമാനം.

എസ്ഡബ്ല്യുപി പ്രകാരം പിൻവലിച്ചപ്പോൾ ലഭിച്ചതുക 3,17,25,473 രൂപയാണ്. ഇതോടൊപ്പം ബാലൻസുള്ള യൂണിറ്റിന്റെ മൂല്യമായ 74,648 രൂപ കൂടി ചേർത്താൽ ലഭിക്കുന്ന മൊത്തം മൂല്യം 3,18,00,121 രൂപയാണ്. അതായത് 3.18 കോടി. (ഈ തുക ഡെറ്റ് ഫണ്ടിലേക്കോ സ്ഥിരനിക്ഷേപ പദ്ധതികളിലേക്കോ മാറ്റിയാൽ അതിന്മേൽ ആദായം ലഭിക്കുമെന്നകാര്യം വിസ്മരിക്കുന്നില്ല).

ഒറ്റത്തവണയായി പിൻവലിച്ചപ്പോൾ ലഭിച്ചതുക 5,03,64,497 രൂപയാണ്. അതായത് 5.03 കോടി രൂപ. വ്യത്യാസം 1,85,64,376 രൂപ(1.85 കോടി രൂപ). ആദായത്തിലെ വ്യത്യാസം:  1.2ശതമാനം.

നിലവിലെ വിപണി സാഹചര്യത്തിനനസുരിച്ച് രൂപപ്പെടുത്തിയ രീതിശാസ്ത്രപ്രകാരമാണ് ഈവിലയിരുത്തൽ. വിപണിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഈതുകയിൽ വ്യത്യാസംവന്നേക്കാം.

GRAPH
25 YEAR SIP VALUE

എസ്ഡബ്ല്യുപി: നേട്ടവും കോട്ടവും

ർച്ചയിൽനിന്ന് പരിരക്ഷ
ലക്ഷ്യതുകയിലെത്തിയാൽ ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിക്കുന്നതിനാൽ വരാനിരിക്കുന്ന തകർച്ചയിൽനിന്ന് പരിരക്ഷ ലഭിക്കുന്നു. അതോടൊപ്പംതന്നെ ഭാവിയിൽ ലഭിച്ചേക്കാവുന്ന ഏറ്റവും ഉയർന്ന ആദായത്തിൽ കുറവുവരാനും ഇടയാക്കുന്നു. എന്നിരുന്നാലും തകർച്ചയുടെയും ഉയർച്ചയുടെയും ശരാശരിയിൽ മികവുണ്ടാക്കാൻ എസ്ഡബ്ല്യുപിയിലൂടെ കഴിയും.

സമ്പത്ത് സംരക്ഷിക്കാൻ എസ്ഡബ്ല്യുപി
ഓഹരി വിപണിയിലെ നേട്ടങ്ങളും തകർച്ചകളും പരിഗണിക്കുമ്പോൾ ലക്ഷ്യതുക സമാഹരിക്കാൻ സഹായിക്കുന്ന പദ്ധതിയായി എസ്ഡബ്ല്യുപിയെ കാണരുത്. സമാഹരിച്ച സമ്പത്ത് ഒരുപരിധിവിട്ട് നഷ്ടപ്പെടാതിരിക്കാനാണ് ഈ രീതി സഹായിക്കുക. വിപണി എക്കാലത്തെയും ഉയരത്തിൽനിൽക്കുമ്പോൾ മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചാൽ ഘട്ടംഘട്ടമായി പിൻവലിക്കുന്നത് ഗുണംചയ്യും. അതേസമയം, വരുമാനം വർധിപ്പുക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിലെങ്കിൽ ഫലവത്താകണമെന്നില്ല. ആദായംവർധിപ്പിക്കുന്നതിനല്ല, നേടിയ സമ്പത്ത് സംരക്ഷിക്കുന്നതിനാണ് ഈരീതി ഒരുപരിധിവരെ ഗുണംചെയ്യുക. 

ലക്ഷ്യതുക ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടേക്കാം
ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിക്കുന്നതിലൂടെ വിപണിയുടെ വിവിധ കാലാവസ്ഥകളിൽ നിശ്ചിതതുക ഉറപ്പാക്കാനാവില്ല. വിപണി വലിയ തകർച്ചനേരിട്ടാൽ ലക്ഷ്യതുക കൈവരിക്കാനുള്ള സാധ്യത മങ്ങുന്നു. 

അനുയോജ്യമാകുന്ന സാഹചര്യം
നിശ്ചിത തിയതിയിൽ ആവശ്യമായിവരുന്ന പണം, ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവക്ക് ഭാവിയിൽ അധികസമയം കാത്തിരിക്കാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാകുക. ഉദാഹരണത്തിന് 10 വയസ്സുള്ള കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് 18-ാം വയസ്സിൽ പണം കയ്യിലുണ്ടാകണം. നീട്ടിവെക്കാൻ കഴിയില്ല. ഇത്തരം സാഹചര്യത്തിൽ സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ ഗുണകരമാകില്ല. ആവശ്യസമയത്ത് നിശ്ചിതതുക കണ്ടെത്താൻ കഴിയാതെവന്നേക്കാം. സമയമെത്തുംമുമ്പെ, വിപണി മികച്ചനേട്ടത്തിലായാൽ(ലക്ഷ്യതുകയിലെത്തിയാൽ)നിക്ഷേപം മൊത്തം പിൻവലിക്കാൻ ശ്രദ്ധിക്കണം. വിരമിച്ചശേഷമുള്ള ജീവിതത്തിനാണ് നിക്ഷേപിച്ചതെങ്കിൽ വ്യക്തമായ ആസൂത്രണത്തിലൂടെ എസ്ഡബ്ല്യുപി പ്രാവർത്തികമാക്കാം. റിസർവ് നിക്ഷേപമുണ്ടെങ്കിൽ ഇടക്കുവെച്ച് രണ്ടോ മൂന്നോവർഷം കാത്തിരിക്കാനും മികച്ചനേട്ടമുണ്ടാക്കാനും അവസരംലഭിക്കും. 

സമഗ്രമായ എക്‌സിറ്റ് പ്ലാൻവേണം
അതത് കാലത്തെ വിപണിയുടെനീക്കം വിശകലനംചെയ്ത് സമഗ്രമായ എക്‌സിറ്റ് പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ദീർഘകാലയളവിലുണ്ടാക്കിയ മികച്ച ആദായത്തിൽ ചോർച്ചയുണ്ടാകാൻ ഇടയാക്കരുത്. ലക്ഷ്യം അടുത്താൽ, നഷ്ടസാധ്യതകുറഞ്ഞ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലേക്കോ മറ്റുസ്ഥിര നിക്ഷേപ പദ്ധതികളിലേക്കോ നിക്ഷേപം മാറ്റാം. എക്കാലത്തും ഒരേദിശയിൽ മുന്നേറുന്ന സ്വഭാവമല്ല വിപണിയുടേത്. മികച്ച പിൻവലിക്കൽ പ്ലാൻ നിക്ഷേപം സുരക്ഷിതമാക്കും.  

feedback to:
antonycdavis@gmail.com

കുറിപ്പ്: ചുരുങ്ങിയത് 10-12ശതമാനം ആദായം കണക്കാക്കിയാകും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി ഫണ്ടിൽ എസ്‌ഐപി തുടങ്ങുക. 10-15-20 വർഷം നീണ്ടുനിൽക്കുന്ന എസ്‌ഐപി വഴി വിപണിയുടെ ഏത് സാഹചര്യത്തിലും ലഭിക്കാൻ സാധ്യതയുള്ള ചുരുങ്ങിയ ആദായമാണിത്. യാഥാർഥ്യബോധത്തോടെവേണം ആദായക്കണക്കിനെ സമീപിക്കാൻ. പണപ്പെരുപ്പ നിരക്കിനേക്കാൾ 5-6 ശതമാനം അധികം ആദായം ലഭിച്ചാൽതന്നെ അത് മികച്ചതാണ്. നിലവിൽ ആറ് ശതമാനമാണ് വിലക്കയറ്റമെങ്കിൽ ആറ് ശതമാനം നേട്ടം സാമ്പത്തികലക്ഷ്യങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സഹായിക്കും.

അതേസമയം, 12ശതമാനമെങ്കിലും എന്ന ചുരുങ്ങിയ ആദായതുക നിശ്ചയിച്ച് അതിൽകൂടുതൽ നേട്ടമുണ്ടാക്കുകയെന്നതാണ് സ്വീകരിക്കേണ്ട സ്ട്രാറ്റജി. അതിനുള്ള സാധ്യതയാണ് ഇവിടെ വിശകലനംചെയ്തത്. ഉദാഹരണമായി സൂചിപ്പിച്ച എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ട് മൂന്നുവർഷക്കാലയളവിൽ 15.68ശതമാനവും അഞ്ച് വർഷക്കാലയളവിൽ 13.20ശതമാനവും 10 വർഷക്കാലയളവിൽ 14.44 ശതമാനവും 15 വർഷക്കാലയളവിൽ 13.88ശതമാനവും 20 വർഷക്കാലയളവിൽ 22.62ശതമാനവുമാണ് ആദായം നൽകിയത്(ദീർഘകാല പ്രവർത്തന ചരിത്രമുള്ളതിനാലാണ് ഈ ഫണ്ടിനെ ഉദാഹരിച്ചത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല). റെഗുലർ പ്ലാനിലല്ലാതെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒന്നരശതമാനംവരെ കൂടുതൽ ആദായം പ്രതീക്ഷിക്കുകയുംചെയ്യാം.