കൊച്ചി: ഓഹരി വിപണിയുടെ നേട്ടം നൽകുന്ന നിക്ഷേപ മാർഗം എന്ന നിലയിൽ എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇ.ടി.എഫ്.) കൾക്ക് പ്രിയമേറുന്നു.

ഏത്‌ ഓഹരി തിരഞ്ഞെടുക്കണമെന്ന് മനസ്സിലാക്കാൻ കഴിയാത്ത സാധാരണക്കാരായ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് ഇ.ടി.എഫ്. എന്ന് എസ്.ആൻഡ്പി. ഡൗജോൺസ് ഇൻഡീസസിന്റെ ദക്ഷിണേഷ്യ സീനിയർ ഡയറക്ടർ കോയൽ ഘോഷ് പറഞ്ഞു. 

ഓഹരികൾ പോലെ സ്റ്റോക് എക്സ്‌ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്ന ഫണ്ടുകളാണ് ഇ.ടി.എഫ്. മ്യൂച്വൽ ഫണ്ടുകളുടെ മാതൃകയിലുള്ള നിക്ഷേപ മാർഗമാണ് ഇത്. അതേസമയം, സ്റ്റോക് എക്സ്‌ചേഞ്ചിലെ വ്യാപാര വേളയിൽ വാങ്ങാനും വിൽക്കാനും അവസരമുണ്ട്.

ഓഹരികൾ, സ്വർണം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ, ബോണ്ടുകൾ തുടങ്ങിയ ആസ്തികൾ കൈകാര്യം ചെയ്യുന്ന ഇ.ടി.എഫുകളുണ്ട്. ഓഹരി സൂചികയുടെ അടിസ്ഥാനത്തിലുള്ള ഇ.ടി.എഫുകൾക്ക് ഇപ്പോൾ നിക്ഷേപകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അവർ പറഞ്ഞു. 

2016 ഡിസംബറിലെ കണക്ക് അനുസരിച്ച് ഓഹരി അധിഷ്ഠിത ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 27,203 കോടി രൂപയാണ്. മൂന്നു വർഷം മുമ്പുള്ളതിന്റെ 35 മടങ്ങ് കൂടുതലാണ് ഇതെന്നും കോയൽ വ്യക്തമാക്കി.

ഏതെങ്കിലും ഒരു ഓഹരി സൂചികയിലെ മുഴുവൻ കമ്പനികളുടെ ഓഹരികളും വാങ്ങണമെങ്കിൽ വൻ തുക വേണ്ടിവരും. എന്നാൽ, കുറഞ്ഞ മുതൽമുടക്കിൽ സൂചികാധിഷ്ഠിത ഇ.ടി.എഫിൽ നിക്ഷേപിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

ബോംബേ സ്റ്റോക് എക്സ്‌ചേഞ്ചു (ബി.എസ്.ഇ.) മായി ചേർന്ന് ഏഷ്യ ഇൻഡെക്സ് എന്ന പേരിൽ ഒരു സംയുക്ത സംരംഭം എസ്.ആൻഡ്പി. ഡൗജോൺസ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മാർക്കറ്റിങ് വിഭാഗം ഡയറക്ടർ കൂടിയാണ് കോയൽ.