നേട്ടംകൂട്ടാന്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവസരംവരുന്നു.വിഹിതം അടയ്ക്കുന്നതില്‍ നിശ്ചിത അനുപാതം ഓഹരിയില്‍ നിക്ഷേപിക്കാനുള്ള അവസരംവരുന്നതോടെയാണിത്.   

ചെറു നിക്ഷേപ പദ്ധതികള്‍ക്കൊപ്പം ഇപിഎഫിന്റെയും പലിശ നിരക്കുകള്‍ കുറയുന്ന സാഹചര്യത്തില്‍ 4.5 കോടിയോളംവരുന്ന ഇപിഎഫ് അംഗങ്ങള്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും.

നിലവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ള ഡെറ്റ് ഉപകരണങ്ങളില്‍ 85 ശതമാനവും ഓഹരി അധിഷ്ടിത ഫണ്ടു(ഇടിഎഫ്)കളില്‍ 15 ശതമാനവുമാണ് ഇപിഎഫ്ഒ നിക്ഷേപിക്കുന്നത്. 

2015 മുതലാണ് ഇപിഎഫ് വിഹിതത്തിന്റെ അഞ്ച് ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. നിക്ഷേപ തുകയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഞ്ച് ശതമാനംവീതം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇപ്പോള്‍ 15 ശതമാനമാണ് ഓഹരിയിലെ നിക്ഷേപം. 

2015 സാമ്പത്തികവര്‍ഷത്തില്‍ 8.75 ശതമാനവും 2016ല്‍ 8.8 ശതമാനവുമായിരുന്നു ഇപിഎഫ് പലിശ. 2017ല്‍ 8.65 ശതമാനവുമായി കുറയുകയും ചെയ്തു.

ഓഹരിയിലെ നിക്ഷേപത്തില്‍നിന്ന് 13.72 ശതമാനം നേട്ടമാണ് കഴിഞ്ഞ മെയ് മാസത്തെ കണക്കുപ്രകാരം ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്. 

ഇപിഎഫ്ഒയുടെ മൊത്തം നിക്ഷേപമായ 1.4 ലക്ഷം കോടി രൂപയില്‍ 20,000 കോടി രൂപയാണ് ഈവര്‍ഷം ഇടിഎഫില്‍ നിക്ഷേപിച്ചത്. 

പൊതുജനങ്ങള്‍ക്കുകൂടി ചേരാവുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപകര്‍ക്കുതന്നെ ഓഹരി-ഡെറ്റ് അനുപാതം ക്രമീകരിക്കാന്‍ അവസരമുണ്ട്. 

ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് അംഗങ്ങള്‍ക്കുതന്നെ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാന്‍ ഇപിഎഫ്ഒ അവസരം നല്‍കുന്നത്.