investmentനിങ്ങളുടെ പണം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാകുമോ? നിക്ഷേപിച്ച പണം ഇരട്ടിയാകുന്നത് ആരെയും സന്തോഷിപ്പിക്കുന്നകാര്യമാണ്. ബാങ്ക് നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, കോര്‍പ്പറേറ്റ് എഫ്ഡി തുടങ്ങി നിരവധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്. എവിടെ നിക്ഷേപിച്ചാലാണ് അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയാകുക?

അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകാന്‍ 15 ശതമാനം വാര്‍ഷിക ആദായമെങ്കിലും ലഭിക്കണം. കൃത്യമായി പറഞ്ഞാല്‍ 14.87 ശതമാനം. 

ഒരു സ്ഥിര നിക്ഷേപ പദ്ധതികളും ഇത്രയും പലിശ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഓഹരി പോലെ നഷ്ടസാധ്യതയുള്ള നിക്ഷേപ പദ്ധതികളില്‍നിന്നുമാത്രമാണ് ഇത്രയും നേട്ടം കൈവരിക്കാന്‍ കഴിയുക. 

അതേസമയം, ഓഹരിയിലെ നിക്ഷേപത്തില്‍നിന്ന് ഇത്രയും നേട്ടം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ നിക്ഷേപിച്ച തുകപോലും നഷ്ടപ്പെടാന്‍ സാധ്യതയുമുണ്ട്. നേരിട്ട് ഓഹരിയില്‍ നിക്ഷേപിച്ചാല്‍ ദീര്ഘകാലത്തേയ്ക്ക് 30 ശതമാനംവരെ നേട്ടവും ലഭിച്ചെന്നുവരാം. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയാണെങ്കില്‍ 15 ശതമാനം നേട്ടം ലഭിക്കാനും സാധ്യതയുണ്ട്. 

അതുകൊണ്ടുതന്നെ ഓഹരി പോലെ നഷ്ടസാധ്യതയുള്ള നിക്ഷേപ പദ്ധതികളെ ഒഴിവാക്കി സ്ഥിര നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം. പണം ഇരട്ടിയാകാന്‍ വിവിധ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ എത്രകാലം വേണ്ടിവരുമെന്നും പരിശോധിക്കാം. 

ബാങ്ക് സ്ഥിര നിക്ഷേപം
ഓരോ ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് വിവിധ കാലയളവുകളില്‍ വ്യത്യസ്ത പലിശയാണ് നല്‍കിവരുന്നത്. പ്രധാന പത്തു ബാങ്കുകളില്‍ ഇത് ആറു ശതമാനത്തിനും ഏഴുശതമാനത്തിനും ഇടയിലാണ്. നിക്ഷേപങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ പലിശ നല്‍കുന്ന യെസ് ബാങ്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അത് രണ്ട് ലക്ഷമാകണമെങ്കില്‍ 10 വര്‍ഷവും മൂന്നുമാസവുമെടുക്കും. ഏഴുശതമാനമാണ് അവര്‍ നല്‍കുന്ന പരമാവധി പലിശ. 

വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശയും നിക്ഷേപം ഇരട്ടിക്കാനെടുക്കുന്ന കാലാവധിയും പട്ടികയില്‍ കാണാം.

table-1

 

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
മികച്ച പലിശ കൊണ്ടും സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ സുരക്ഷിതത്വംകൊണ്ടും ശ്രദ്ധേയമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. കാലാവധിക്കനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ട്. അഞ്ചുവര്‍ഷ കാലാവധിയിലുള്ള നിക്ഷേപത്തിന് നല്‍കുന്നത് 7.8 ശതമാനം പലിശയാണ്. ഈ പലിശ പ്രകാരം നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാന്‍ ഒമ്പത് വര്‍ഷവും മൂന്നുമാസവുമെടുക്കും.

കോര്‍പ്പറേറ്റ് ബോണ്ട്
പൊതുജനങ്ങളില്‍നിന്ന് പണം സമാഹരിക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കടപ്പത്രങ്ങള്‍ ഇറക്കാറുണ്ട്. വിവിധ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റേറ്റിങ് ആണ് ഇവയുടെ സുരക്ഷിതത്വത്തിന് ആധാരമായി കണക്കാക്കാറുള്ളത്. കാലാവധിക്കനുസരിച്ച് കടപ്പത്രങ്ങളുടെ പലിശ നിരക്കിലും വ്യത്യാസമുണ്ട്. 

താഴക്കൊടുത്തിട്ടുള്ള പട്ടിക പരിശോധിച്ച് ഓരോ കമ്പനികളുടെയും കടപ്പത്രങ്ങള്‍ നല്‍കുന്ന ആദായം അറിയാം. നിക്ഷേപം ഇരട്ടിയാകാന്‍ എത്രകാലമെടുക്കുമെന്നും മനസിലാക്കാം.

table2

content highlight: Double money in 5 years?, Bank Fixed Deposits, Post Office Time Deposits, Corporate Bonds