രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രദീപ് ജേക്കബ്. ദിനംപ്രതി ഓഫീസിലേയ്ക്കും തിരിച്ചും സബർബൻ ട്രെയിനിലെ യാത്രക്കിടയിൽ ഓഹരി വിപണിയാകും ചൂടേറിയ ചർച്ച.

വിഷയത്തിൽ തികച്ചും അജ്ഞനായ പ്രദീപ് മൗനമായി ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്നു. വിപണിയിൽ പരീക്ഷണത്തിനിറങ്ങാനുള്ള ആത്മവിശ്വാസം ആറുമാസത്തിനുശേഷമാണ് അദ്ദേഹത്തിനുണ്ടായത്. സഹയാത്രികരോട് ചോദിച്ചറിഞ്ഞ് പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കറിൽനിന്ന് ഓൺലൈനായി അക്കൗണ്ട് എടുക്കുകയുംചെയ്തു. 

ചർച്ചകളിൽ ഉയർന്നുകേട്ട ഓഹരികളിൽ നിക്ഷേപിച്ച് 50,000 രൂപയോളം നഷ്ടപ്പെട്ടപ്പോഴാണ് ആവഴിക്ക് ഇനിയില്ലെന്ന് തീരുമാനിച്ചത്. ഡേ ട്രേഡിങ് നടത്തി രക്തസമ്മർദം ഉയർന്നതും പണംനഷ്ടമായതും മിച്ചം. എന്നിരുന്നാലും ഓഹരി വിപണിയിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതകൾ അദ്ദേഹത്തിന്റെ മനസ് തേടിക്കൊണ്ടേയിരുന്നു.

അതേക്കുറിച്ചുള്ള അറിവുകൾ തേടിയാണ് അദ്ദേഹത്തിന്റെ ഇ-മെയിലെത്തിയത്. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാതെ വിപണിയുടെ സമാന്തര സാധ്യതകളാണ് 'ഫ്രീംഡം@40' സീരീസിന്റെ ഭാഗമായി അദ്ദേഹത്തിന് അറിയേണ്ടത്. ഇടിഎഫിനെക്കുറിച്ചുള്ള പാഠത്തിനുശേഷം ഇൻഡക്‌സ് ഫണ്ടുകളെക്കുറിച്ചാണ് ഇത്തവണ വിശദീകരിക്കുന്നത്. ഇടിഎഫ് എന്ന പാസീവ് നിക്ഷേപ പദ്ധതിക്ക് സമാനമായ സാധ്യതകളാണ് ഇൻഡക്‌സ് ഫണ്ടുകളും മുന്നോട്ടുവെയ്ക്കുന്നത്. 

വൈവിധ്യവത്കരണം
വൈവിധ്യ വത്കരണമാണ് മികച്ച നിക്ഷേപ പോർട്ട്‌ഫോളിയോയുടെ ലക്ഷണം. ഓഹരി, ഡെറ്റ്, റിയൽ എസ്‌റ്റേറ്റ്, സ്വർണം എന്നിവയിൽ നിശ്ചിതശതമാനംവീതം നിക്ഷേപംനടത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഓരോ ആസ്തികളിലും നിശ്ചിതശതമാനം നിക്ഷേപം ക്രമീകരിച്ച് റിസ്‌ക് കുറച്ച് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ഓഹരി നിക്ഷേപത്തിലേയ്ക്കുവരികയാണെങ്കിൽ, അതിൽതന്നെ വൈവിധ്യമാർന്ന രീതികൾ സ്വീകരിച്ച് മികച്ച ആദായംനേടാനുംവഴികളുണ്ട്. വിപണിമൂല്യത്തിനനുസരിച്ച് വിവിധ സെക്ടറുകളിലെ ഓഹരികളിൽ നിക്ഷേപിച്ച് ഇത് സാധ്യമാക്കാം. അതിനുള്ള വഴികളാണ് ടിഎഫിനെപ്പോലെ ഇൻഡക്‌സ് ഫണ്ടുകളുംമുന്നോട്ടുവെയ്ക്കുന്നത്. 

നിഫ്റ്റി, സെൻസെക്‌സ് എന്നിങ്ങനെയുള്ള ഓഹരി സൂചികകളോടൊത്തുനീങ്ങുന്നവയാകും ഇൻഡക്‌സ് ഫണ്ടുകൾ. നിശ്ചിത സൂചികകയിലെ ഓഹരികളിലാകും ഇത്തരം ഫണ്ടുകൾ നിക്ഷേപം നടത്തുക. ഉദാഹരണത്തിന് നിഫ്റ്റി അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്ന ഇൻഡക്‌സ് ഫണ്ട് അതേ സൂചികയിലെ 50 ഓഹരികളിലാണ് നിക്ഷേപംനടത്തുന്നത്. സൂചികളിലുള്ള അതേ അനുപാതംതന്നെയാകും ഇത്തരംഫണ്ടുകളും സ്വീകരിക്കുക. സെൻസെക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഇൻഡക്‌സ് ഫണ്ട് അതേസൂചികയിലെ 30 ഓഹരികളിൽ അതേഅനുപാതത്തിൽതന്നെയാകും നിക്ഷേപംനടത്തുക. 

ഇടിഎഫുകളിലേതുപോലെ നിശ്ചിത ഇൻഡക്‌സിലെ നേട്ടംതന്നെയായിരിക്കും ഇതേവിഭാഗത്തിലെ ഫണ്ടുകൾക്കും ലഭിക്കുക. അതുകൊണ്ടുതന്നെ നിഫ്റ്റിയിലെനേട്ടം അത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഡക്‌സ് ഫണ്ടുകളിലും പ്രതിഫലിക്കേണ്ടതുണ്ട്. സജീവമായി പ്രവർത്തിക്കുന്ന മറ്റ് ഫണ്ടുകളിൽ വ്യത്യാസമുണ്ടാകുകയുംചെയ്യും. കാരണം അവയ്ക്ക് ഇൻഡക്‌സുമായി ബന്ധമൊന്നുമില്ല. ഫണ്ട് മാനേജർ തിരഞ്ഞെടുക്കുന്ന ഓഹരികളിലെ നേട്ടമാണ് ഇത്തരംഫണ്ടുകളിലും പ്രതിഫലിക്കുക. നേട്ടത്തിന്റെകര്യത്തിൽ സജീവമായി പ്രവർത്തുന്നഫണ്ടുകളാകും മുന്നിലെങ്കിലും റിസ്‌ക് കുറച്ച് പരമാവധിനേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇൻഡക്‌സ്ഫണ്ട്തന്നെയാകും യോജിച്ചത്. 

ഇൻഡക്‌സ് ഫണ്ടിൽ നിക്ഷേപിക്കുംമുമ്പ്

റിസ്‌കും ആദായവും
മറ്റ് മ്യൂച്വൽ ഫണ്ടുകളേക്കാൾ ചാഞ്ചാട്ടംകുറവായതിനാൽ  ഇൻഡക്‌സ് ഫണ്ടുകൾക്ക് റിസ്‌കും കുറവായിരിക്കും. വിപണി കുതിക്കുമ്പോൾ മികച്ചനേട്ടം ഇൻഡക്‌സ് ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാം. വിപണി ഇടിയുമ്പോൾ മറിച്ചും സംഭവിക്കും. അതുകൊണ്ടുതന്നെ ഇൻഡക്‌സ് ഫണ്ടുകളെക്കൂടി ഉൾപ്പെടുത്തി വ്യത്യസ്ത വിഭാഗത്തിലുള്ള ഫണ്ടുകളുടെ പോർട്ട്‌ഫോളിയോയാണ് രൂപപ്പെടുത്തേണ്ടത്.  

ഇടിഎഫ്-ഇൻഡക്‌സ് ഫണ്ട്: വ്യത്യാസം അറിയാം
നിക്ഷേപ-പ്രവർത്തന രീതികളിൽ രണ്ട് പദ്ധതികൾക്കും വ്യത്യാസമൊന്നുമില്ല. നിക്ഷേപകരുടെ ഭാഗത്തുനിന്നുനോക്കിയാൽ വ്യത്യാസമുണ്ടുതാനും. 10,000 രൂപയാണ് ഇൻഡക്‌സ് ഫണ്ടിൽ നിക്ഷേപിക്കുകയെന്ന് കരുതുക. നിക്ഷേപിക്കുന്ന ദിവസത്തെ നെറ്റ് അസറ്റ് വാല്യു(എൻഎവി)അടിസ്ഥാനമാക്കിയാകും യൂണിറ്റുകൾ അനുവദിക്കുക. 

എന്നാൽ, ഓഹരിയെപ്പോലെ വ്യാപാരംചെയ്യുന്നവയാണ് ഇടിഎഫുകൾ. ഇടിഎഫിന്റെ എൻഎവി അത് പിന്തുടരുന്ന സൂചിക അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ആവശ്യകതയും വിതരണവും അടിസ്ഥാനമാക്കി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിലയിൽ തത്സമയം ചാഞ്ചാട്ടമുണ്ടാകും. അതുകൊണ്ടുതന്നെ എൻഎവിയേക്കാൾ കുറഞ്ഞവിലയിൽ നിക്ഷേപിക്കാൻ അവസരമുണ്ടാകും. മറിച്ചും സംഭവിക്കും. വിലകൂടിയും കുറഞ്ഞുമിരിക്കുമെന്ന് ചുരുക്കം.

ട്രാക്കിങ് എറർ
നിക്ഷേപം പിൻവലിക്കുന്നവർക്ക് നൽകുന്നതിനായി ഇൻഡക്‌സ് ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിൽ നിശ്ചിതശതമാനം പണമായി സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപതുക പൂർണമായി വിപണിയിലിറക്കാൻ ഫണ്ട് മാനേജർക്ക് കഴിയില്ല. സൂചികകളോടൊപ്പം ചലിക്കുന്നതിന് ഇങ്ങനെ സൂക്ഷിക്കുന്ന പണം തടസ്സമാകുമെന്ന് ചുരുക്കം. ട്രാക്കിങ് എറർ എന്നാണിത് അറിയപ്പെടുന്നത്. സൂചികയുമായി എത്രത്തോളം സമാനമായ ആദായംനൽകാൻ കഴിയുന്നുവെന്നതാണ് ഇൻഡക്‌സ് ഫണ്ടിന്റെ പ്രകടനത്തിന്റെ അടിസ്ഥാനം. സൂചികയിലെ നേട്ടവും ആ സൂചികയെ ട്രാക്ക് ചെയ്യുന്ന ഫണ്ടിലെ ആദായവും സമാനമായിരിക്കണമെന്ന് ചുരുക്കം. എന്നാൽ ഇടിഎഫുകൾക്കാകട്ടെ ഈ ട്രാക്കിങ് എറർ വളരെ കുറവായിരിക്കും. 

ഫണ്ടുകളുകൾ കുറവ്
ബ്ലുചിപ്, മൾട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലൊഴികെ ഇൻഡക്‌സ് ഫണ്ടുകളുടെ എണ്ണംപരിമിതമാണ്. സ്‌മോൾക്യാപ്, മിഡ്ക്യാപ് സൂചികകളെ അടിസ്ഥാനമാക്കി പുതിയതായി ഇൻഡക്‌സ് ഫണ്ടുകൾ തുടങ്ങുന്നുണ്ടെങ്കിലും പ്രകടനംവിലയിരുത്താൻ അവസരമില്ലാത്തത് വെല്ലുവിളിയാണ്. സൂചികകളെ എത്രത്തോളം പിന്തുടരാൻ കഴിയുമെന്ന് കാലംതെളിയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ഫണ്ടുകളിൽ നിക്ഷേപിക്കാതിരിക്കുകന്നതാണ് നല്ലത്. 

നിഫ്റ്റി, സെൻസെക്‌സ് തുടങ്ങിയ പ്രധാന സൂചികകൾ അടിസ്ഥാനമാക്കി ഇൻഡക്‌സ് ഫണ്ടുകൾ തുടങ്ങിയപ്പോൾ നേരിട്ട പ്രതിസന്ധി ആവർത്തിക്കാനുമിടയുണ്ട്. പക്വതയും കരുത്തും ആർജിക്കാൻ സ്വാഭാവികമായും സമയംവേണ്ടിവരും. ഇത്തരംപുതിയ ഫണ്ടുകളിലുള്ള വാങ്ങൽ വിൽക്കലുകൾ കുറവാകുന്നതിനാൽ പണലഭ്യത അവയുടെ പ്രകടനത്തെ ബാധിക്കുകയുംചെയ്യും.

നിക്ഷേപ ചെലവ് കൂടും
ഇടിഎഫുകലെ അപേക്ഷിച്ച് ഇൻഡക്‌സ് ഫണ്ടുകൾക്ക് ചെലവ് അനുപാതം കൂടുതലായിരിക്കും. അതേസമയം, സജീവമായി കൈകാര്യംചെയ്യുന്ന മറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ചെലവ് കുറവുമായിരിക്കും. ശരാശരി 0.25ശതമാനമാണ് ഇൻഡക്‌സ് ഫണ്ടുകൾ ചെലവിനത്തിൽ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നത്. 

ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല
ഇടിഎഫിൽ നിക്ഷേപംനടത്താൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. അതേസമയം, ഇൻഡ്ക്‌സ് ഫണ്ടിൽ ഡീമാറ്റ് അക്കൗണ്ടില്ലാതെ മ്യൂച്വൽ ഫണ്ട് കമ്പനിവഴി നേരിട്ട് നിക്ഷേപിക്കാൻ കഴിയും. ഡീമാറ്റ് അക്കൗണ്ട് ഉള്ളവരാണെങ്കിൽ ഇടിഎഫിലും ഇല്ലാത്തവരാണെങ്കിൽ ഇൻഡക്‌സ് ഫണ്ടിലും നിക്ഷേപിക്കാം. ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുക(എഫ്ഒഎഫ്)ളിലും നിക്ഷേപംനടത്താം. ഇടിഎഫിന് നൽകേണ്ടിവരുന്ന ചെലവിനോടൊപ്പം ഫണ്ട് ഓഫ് ഫണ്ടിനും അധികമായി ചെറിയ നിരക്കിൽ ചെലവ് ഈടാക്കുമെന്നകാര്യം അറിയുക. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്: ഇടിഎഫും ഇൻഡക്‌സ് ഫണ്ടും സമാനമായ രീതിയിലാണ് നിക്ഷേപം നടത്തുന്നതെങ്കിലും അവയുടെ പ്രവർത്തനരീതിയിലാണ് വ്യത്യാസമുള്ളത്. രണ്ടിന്റെയും നേട്ടവുംകോട്ടവും വ്യക്തമായി മനസിലാക്കി ഓരോരുത്തർക്കും അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇൻഡക്‌സ്, ഫണ്ട് ഓഫ് ഫണ്ട് എന്നിവയിൽ എളുപ്പത്തിൽ നിക്ഷേപിക്കാൻ കഴിയും. നിക്ഷേപ ചെലവിന്റെകാര്യത്തിലാണെങ്കിൽ ഫണ്ട് ഓഫ് ഫണ്ട്, ഇൻഡക്‌സ് ഫണ്ട് എന്നിവയേക്കാൾ നിക്ഷേപചെലവ് ഇടിഎഫിന് കുറവായിരിക്കും. ഇൻഡക്‌സ് ഫണ്ടിനും റഗുലർ-ഡയറക്ട് എന്നിങ്ങനെ രണ്ട് പ്ലാനുകളുണ്ട്. വിതരണക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപം നടത്തിയാൽ ചെലവ് വീണ്ടുംകുറച്ച് അത് നിക്ഷേപത്തോടൊപ്പംചേർക്കാം. ഇത്തരംകാര്യങ്ങൾ മനസിലാക്കിയശേഷം നിക്ഷേപംതുടങ്ങാം. മികച്ച ഇൻഡക്‌സ് ഫണ്ടുകൾ ഏതൊക്കെയാണെന്നറിയാൻ കാത്തിരിക്കുക.