മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് പുതിയ ഉണര്‍വുണ്ടാക്കിയാണ് 2013 ജനുവരി ഒന്നിന് സെബി 'ഡയറക്ട് പ്ലാനു'കള്‍ അവതരിപ്പിച്ചത്. 

വിതരണക്കാരുടെയോ ഏജന്റുമാരുടെയോ സഹായമില്ലാതെ നിക്ഷേപകന് നേരിട്ട് ഡയറക്ട് പ്ലാനുകള്‍ വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാൻ ഇതോടെ വഴിയൊരുങ്ങി.

പുതിയ പ്ലാന്‍ അവതരിപ്പിച്ച് ആറുവര്‍ഷം പിന്നിടുമ്പോള്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയില്‍ 11 ലക്ഷം കോടി രൂപ ഈ വിഭാഗത്തില്‍ നിക്ഷേപമായെത്തി. അതായത് മൊത്തം ആസ്തിയില്‍ 42 ശതമാനം. 

ഡെറ്റ് ഫണ്ടിലാണ് ഡയറക്ട് പ്ലാനുകള്‍ വഴി കൂടുതല്‍ നിക്ഷേപമെത്തിയത്. 74 ശതമാനം. ബാക്കിയുള്ളവ ഓഹരി, ഹൈബ്രിഡ് ഫണ്ടുകളിലും ഇടിഎഫിലുമാണ്. കമ്മീഷന്‍ വഴിയുള്ള നഷ്ടംഒഴിവാക്കാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ നേരിട്ടുള്ള നിക്ഷേപത്തിലേയ്ക്കുമാറി. 

ഓണ്‍ലൈന്‍ വഴി മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം വര്‍ധിച്ചതോടെ വ്യക്തിഗത നിക്ഷേപകരും ഡയറക്ട് പ്ലാനുകളുടെ ആവശ്യക്കാരായി. മാതൃഭൂമിഡോട്ട്കോം മണി പോലുള്ള വിവിധ വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, സാമ്പത്തിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ നിക്ഷേപകനെ സഹായിച്ചു. 

അതോടൊപ്പം ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ സൗജന്യ പോര്‍ട്ടലുകള്‍ സഹായത്തിനെത്തിയതും നിക്ഷേപകന് ഗുണകരമായി. എംഎഫ് യൂട്ടിലിറ്റി, മൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ്, കാര്‍വി എന്നിവയുടെ വെബ്‌സൈറ്റുകള്‍, പേ ടിഎം മണി, സെറോധ കോയിന്‍ എന്നിവ ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കി. 

വ്യത്യസ്ത എഎംസികളിലെ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരൊറ്റ വൈബ് സൈറ്റുവഴി കഴിയുമെന്നതും നിക്ഷേപകനെ ആകര്‍ഷിച്ചു. ഇവയുടെയെല്ലാം മൊബൈല്‍ ആപ്പുകളും സമാന സൗകര്യം നല്‍കി. 

ഡയറക്ട് പ്ലാനുകള്‍ ആകര്‍ഷകമാക്കാന്‍ സെബിയും രംഗത്തിറങ്ങി. ഡയറക്ട് പ്ലാനുകളുടെ ചാര്‍ജുകള്‍ വന്‍തോതില്‍ കുറയ്ക്കുന്നതിന് ഫണ്ടുകമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി. റഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ ചാര്‍ജുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ തുക കുറയാന്‍ അതിലൂടെ ഇടയാക്കി. 

റഗുലര്‍ പ്ലാനുകള്‍ക്കും ഡയറക്ട് പ്ലാനുകള്‍ക്കുമുള്ള വ്യത്യസ്ത തരത്തിലുള്ള മാനേജുമെന്റ് ചാര്‍ജിന് നിയന്ത്രണംവന്നു. ഡയറക്ട് പ്ലാനുകള്‍ നിക്ഷേപകരിലെത്തിക്കുന്നതിനായി ബോധവത്കരണത്തിനായി ആംഫിയെ രംഗത്തിറക്കി. 

നിരക്കിളവ് മികച്ച നേട്ടമായി
ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ക്ക് റഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് മൊത്തം ചെലവിനത്തില്‍(ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ-TER) 1.2 ശതമാനത്തിന്റെ കുറവുണ്ടായി. 

ഹൈബ്രിഡ് ഫണ്ടുകളില്‍ 0.75 ശമതാനം മുതല്‍ ഒരു ശതമാനംവരെയും ഡെറ്റ് ഫണ്ടുകളില്‍ വിവിധ കാറ്റഗറികളിലായി 0.20 ശതമാനം മുതല്‍ 0.70 ശതമാനംവരെയും കുറവുണ്ടായി.

ഡയറക്ട് പ്ലാനുകള്‍ രംഗത്തെത്തി ആറുവര്‍ഷം പിന്നിടുമ്പോള്‍ നിക്ഷേപകന്റെ ആദായത്തിലും അത് കാര്യമായി പ്രതിഫലിച്ചു. റഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ വാര്‍ഷികാദായത്തില്‍ ഒന്നു മുതല്‍ ഒന്നര ശതമാനംവരെ അധികനേട്ടം ലഭിച്ചു. 

ഹൈബ്രിഡ് കാറ്റഗറിയില്‍ ഇത് 0.80 ശതമാനം മുതല്‍ ഒരു ശതമാനംവരെയാണ്. ഡറ്റിലാകട്ടെ വാര്‍ഷിക ആദായത്തില്‍ 0.20 മുതല്‍ 0.50 ശതമാനംവരെയും കൂടുതല്‍ നേട്ടം ലഭിച്ചു. 

വിതരണക്കാരുടെയോ അഡൈ്വസര്‍മാരുടെയോ ഉപദേശമില്ലാതെ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ലരീതിയില്‍ ഹോംവര്‍ക്ക് ആവശ്യമാണെന്ന് നിക്ഷേപകന്‍ മനസിലാക്കണം. 

ഓരോരുത്തരുടെയും റിസ്‌ക് എടുക്കാനുള്ള ശേഷി പരിഗണിച്ചുവേണം ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍. കാലാകാലങ്ങളില്‍ അവയുടെ പ്രവര്‍ത്തനം വിലയിരുത്താനും ആവശ്യമെങ്കില്‍ ഫണ്ടുകള്‍ സ്വിച്ച് ചെയ്യുന്നതിനോ വിറ്റ് മാറുന്നതിനോ തീരുമാനമെടുക്കുന്നതിനും ഓണ്‍ലൈന്‍ സാധ്യതകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും പ്രയോജനപ്പെടുത്തണം.

നേട്ടത്തിലെ വ്യത്യാസത്തിന് ഉദാഹരണം
Fund SIP Value Regular(lakhs) Direct Plan(lakhs) Expense(Regular) Expense(Direct)
Axis Blue Chip 8.48 8.78 1.99% 0.81%
HDFC Hybrid Equity 6.82 6.95 1.77% 1.17%
ICICI Pru Bluechip 7.51 7.69 1.76% 1.20%
SBI Bluechip 7.37 7.57 1.68% 1.05%
Aditya Birla SL Equity 7.38 7.60 1.94% 1.13%
Axis Focused 25 8.32 8.62 2.02% 0.73%

പ്രതിമാസ എസ്‌ഐപി തുക 10,000 രൂപ. അഞ്ചുവര്‍ഷ കാലാവധി. മൊത്തം നിക്ഷേപം 6 ലക്ഷം.Data as on September 30, 2019.

feedbacks to: antonycdavis@gmail.com  

നിക്ഷേപ പാഠങ്ങള്‍
ഒന്നുമുതല്‍
വായിക്കാം

പാഠം ഒന്ന്: ഇങ്ങനെ ജീവിച്ചാല്‍ മതിയോ?​