investment

മുടക്കുമുതല്‍ നഷ്ടമാകരുതെന്ന് ആഗ്രഹിക്കുന്ന നിക്ഷേപകനാണോ നിങ്ങള്‍. അതേസമയം, ബാങ്ക് നിക്ഷേപത്തേക്കാള്‍ നേട്ടം ലഭിക്കണമെന്ന് ആഗ്രഹവുമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് യോജിച്ചതാണ് ഡെറ്റ് ഫണ്ടുകള്‍.  

ബാങ്ക് നിക്ഷേപത്തിന് ബദലായൊരു നിക്ഷേപമാര്‍ഗമായി വേണമെങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളെ കാണാം. മികച്ച നേട്ടം ലഭിക്കുന്നതിനുപുറമെ, മൂന്ന് വര്‍ഷമോ അതില്‍കൂടുതലോ കൈവശം വെച്ചാല്‍ നികുതി ആനുകൂല്യവും(ഇന്‍ഡസ്‌കേഷന്‍ ബെനഫിറ്റ്) ലഭിക്കും. അതായത് ലഭിക്കുന്ന നേട്ടം പണപ്പെരുപ്പവുമായി തട്ടിക്കഴിച്ചശേഷംമാത്രം ആദായ നികുതി നല്‍കിയാല്‍മതിയെന്ന് ചുരുക്കം.  

സര്‍ക്കാരും കമ്പനികളും ഇറക്കുന്ന കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഡെറ്റ് ഫണ്ടുകള്‍ താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍ ബാങ്ക് നിക്ഷേപത്തിലെന്നപോലെ നിശ്ചിത ശതമാനം നേട്ടം മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. പലിശ നിരക്കിലെ വ്യതിയാനത്തിനനുസരിച്ച് നേട്ടത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. 

കാലാവധിയ്ക്കും നിക്ഷേപരീതിക്കുമനുസരിച്ച് ഡെറ്റ് ഫണ്ടുകളെ വ്യത്യസ്ത കാറ്റഗറികളാക്കി തിരിച്ചിട്ടുണ്ട്. 

ലിക്വിഡ് ഫണ്ട്
ചെറിയ കാലയളവില്‍ ആവശ്യമുള്ള പണം പാര്‍ക്ക് ചെയ്യാന്‍ യോജിച്ച ഫണ്ടാണിത്. എളുപ്പത്തില്‍ വിറ്റ് പണമാക്കാവുന്ന ലിക്വിഡ് ഫണ്ടുകള്‍ മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുന്നത്. 91 ദിവസത്തില്‍ കുറവ് കാലാവധിയുള്ള സെക്യൂരിറ്റകളിലും മറ്റുമാണ് നിക്ഷേപം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെന്നപോലെ ചുരുങ്ങിയ കാലയളവിലേയ്ക്ക് പണം പാര്‍ക്ക് ചെയ്യാന്‍ യോജിച്ചതാണ് ലിക്വിഡ് ഫണ്ടുകള്‍. എക്‌സിറ്റ് ലോഡ് ഇല്ല. എസ്ബി അക്കൗണ്ടില്‍നിന്ന് പരമാവധി ലഭിക്കുന്ന പലിശ നാല് ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളില്‍നിന്ന് എട്ട് ശതമാനത്തിലേറെ നേട്ടം ലഭിക്കും.

അള്‍ട്ര ഷോട്ട് ടേം ഫണ്ട്
ഒരു വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള സെക്യൂരിറ്റികളിലാണ് അള്‍ട്ര ഷോട്ട് ടേം ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ഒരു വര്‍ഷമോ അതില്‍ കുറവോ കാലയളവില്‍ നിക്ഷേപിക്കാവുന്ന ഫണ്ടുകളാണിവ. 

ഷോട്ട് ടേം ഫണ്ട്
ഒരുവര്‍ഷം മുതല്‍ നാലരവര്‍ഷംവരെ കാലാവധിയുള്ള സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലുമാണ് ഷോട്ട് ടേം ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. നഷ്ടസാധ്യത കുറവും അതേസമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ നേട്ടം നല്‍കുന്നതുമാണ് ഇത്തരം ഫണ്ടുകള്‍. 

ഡൈനാമിക ബോണ്ട് ഫണ്ട്
എല്ലാ വിഭാഗങ്ങളിലുംപെട്ട കടപ്പത്രങ്ങളിലും മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്നവയാണീ ഫണ്ടുകള്‍. വ്യത്യസ്ത കാലാവധിയിലുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നു. പലിശ നിരക്കുകളിലെ വ്യതിയാനത്തിനനുസരിച്ച് നിക്ഷേപം ഇടക്കിടെ മാറ്റുന്നതിലൂടെ മികച്ച നേട്ടമുണ്ടാക്കികൊടുക്കുകയാണ് ഫണ്ട് മാനേജര്‍മാരുടെ ലക്ഷ്യം. 

ക്രഡിറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്
വ്യത്യസ്ത കാലാവധിയിലുള്ള കോര്‍പ്പറേറ്റ് ബോണ്ടുകളിലും ഡിബഞ്ചറുകളിലുമാണ് ഈ ഫണ്ടുകളുടെ നിക്ഷേപം. ചെറിയ റിസ്‌ക് ഏറ്റെടുക്കാന്‍ കഴിവുള്ള നിക്ഷേപകര്‍ക്ക് മധ്യ-ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താം. 

ഇന്‍കം ഫണ്ട്
ശരാശരി നാലര വര്‍ഷം കാലാവധിയുള്ള കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിവയിലാണ് ഇന്‍കം ഫണ്ടുകളുടെ നിക്ഷേപം. പലിശ നിരക്കുകളുടെ ഏറ്റക്കുറച്ചിലിനനസരിച്ച് നേട്ടത്തിലും വ്യതിയാനമുണ്ടാകും. ചെറിയ റിസ്‌ക് ഏറ്റെടുക്കാന്‍ കഴിവുള്ള നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താം. ലോങ് ടേം ഫണ്ടുകള്‍ക്ക് ഷോട്ട് ടേം ഫണ്ടുകളേക്കാള്‍ നഷ്ടസാധ്യത കൂടുതലാണെന്നകാര്യം മറക്കേണ്ട.

ഗില്‍റ്റ് ഫണ്ട്
ഹ്രസ്വ, ദീര്‍ഘകാല മെച്വൂരിറ്റിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്നവയാണ് ഗില്‍റ്റ് ഫണ്ടുകള്‍. ഷോട്ട് ടേം, മീഡിയം ടേം, ലോങ് ടേം എന്നിങ്ങനെ ഗില്‍റ്റ് ഫണ്ടുകള്‍ക്ക് വേര്‍തിരിവുകളുണ്ട്. പലിശ നിരക്കിനനുസരിച്ച് നേട്ടത്തില്‍ വ്യതിയാനമുണ്ടാകും. സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപമായതിനാല്‍ നഷ്ടസാധ്യതയില്ല. പലിശ നിരക്കുമായും മറ്റ് സാമ്പത്തിക ഘടകങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ നേട്ടത്തില്‍ പെട്ടെന്ന് കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

ഫിക്‌സ്ഡ് മെച്യൂരിറ്റി പ്ലാന്‍
സ്ഥിര നിക്ഷേപ പദ്ധതികളുടേതുപോലെ നിശ്ചിത കാലാവധിയുള്ള ക്ലോസ് എന്‍ഡഡ് ഫണ്ടുകളാണിത്.  ഫണ്ടുകളുടെ കാലാവധിക്ക് തുല്യമായ കാലാവധിയുള്ള കടപ്പത്രങ്ങളിലും മറ്റുമാണ് നിക്ഷേപം. യാഥാസ്ഥിതികരായ നിക്ഷേപകര്‍ക്ക് യോജിച്ച ഫണ്ടുകളാണിത്. 

ആര്‍ക്കാണ് യോജിച്ചത്
ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് യോജിച്ചതാണ് ഡെറ്റ് ഫണ്ടുകള്‍. അതായത് ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമാണ് നിങ്ങളുടെ മുന്നിലുള്ളതെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(ഒന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ) ലക്ഷ്യമാണ് ഉള്ളതെങ്കില്‍ ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കാം. 

പത്ത് വര്‍ഷംകഴിഞ്ഞുള്ള ലക്ഷ്യംമുന്നില്‍ കണ്ട് ഓഹരിയിലോ ഓഹരി അധിഷ്ഠിത ഫണ്ടിലോ നിക്ഷേപം തുടങ്ങിയ ആളാണ് നിങ്ങളെങ്കില്‍ എട്ട് വര്‍ഷമെത്തുമ്പോള്‍ ലക്ഷ്യതുകയിലെത്തിയാല്‍ ഉടനെ സുരക്ഷിതമായ ഡെറ്റ് ഫണ്ടിലേയ്ക്ക് നിക്ഷേപം മാറ്റാം.

feedbacks to: antonycdavis@gmail.com