ടവേളകളിൽ ക്യാമ്പസിലെ ഒഴിഞ്ഞപ്രദേശത്ത് മൂവരും സംഗമിക്കും. മധ്യകേരളത്തിലെ അത്രതന്നെ പ്രശസ്തമല്ലാത്ത ഒരു സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണിവർ. രാഹുലും റോബിനും അഭിദേവും. അവരുടെ ഇടപാട് പിന്നെ ഏറെസമയവും മൊബൈലിലൂടെയാണ്. ഗെയിമാണെന്നുകരുതിയാൽ തെറ്റി, ക്രിപ്‌റ്റോകറൻസി ട്രേഡിങ് ആണ്. 

രാഹുൽ എൻആർഐ ക്വാട്ടയിലാണ് കോളേജിൽ ചേർന്നത്. കോളേജിൽ അടയ്ക്കാൻ നൽകുന്ന ഫീസ് ഉപയോഗിച്ചാണ് ഇടക്കാല ട്രേഡിങ്. അംഗീകൃത വട്ടച്ചെലവുകൾക്കുപുറത്തുള്ള ജീവിതത്തിന് പണംകണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. ക്രിപ്‌റ്റോ വ്യാപാരത്തിൽ ചേരാൻ നിർബന്ധിച്ചെങ്കിലും വിനീത് അകലംപാലിച്ചു. ക്രിപ്‌റ്റോ ഇടപാടിനെക്കുറിച്ചും അതിലൂടെ പെട്ടെന്ന് പണമുണ്ടാക്കാൻ കഴിയുമോയെന്നുമന്വേഷിച്ചാണ് വിനീതിന്റെ മെയിലെത്തിയത്. ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിലെ ചെറുപ്പക്കാർക്കിടയിൽ 'ഹോട്ട് ടോപിക്' ആയിരുന്ന ക്രിപ്‌റ്റോ കറൻസി ഇപ്പോൾ ഗ്രാമങ്ങളിൽപോലും ചർച്ചാവിഷയമായിരിക്കുന്നു. പെട്ടെന്ന് പണം മുങ്ങിയെടുക്കാനാണെങ്കിൽ നീന്തലറിയില്ലെങ്കിലും കടലിൽ ചാടാനും തയ്യാറാണ് ഈ ചെറുപ്പക്കാർ. 

ഇടപാടുകാരുടെ എണ്ണത്തിൽ കുതിപ്പ്
കൃത്യത ഉറപ്പുവരുത്താനാവില്ലെങ്കിലും രാജ്യത്ത് മൊത്തം 10.7 കോടിയോളം പേർ ക്രിപ്‌റ്റോകറൻസി ഇടപാട് നടത്തുന്നുണ്ടെന്നാണ് ബ്രോക്കർചൂസറിന്റെ കണക്ക്. പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ സെബ്‌പെ പറയുന്നത് അവർക്ക് 50 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ്. രാജ്യത്ത് മൊത്തം ആറ് ലക്ഷം കോടി രൂപയിലേറെ ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഈയിടെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 

രാജ്യത്തെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൊന്നായ വാസിർഎക്‌സ് നൽകിയ വിവരങ്ങൾ മുഖവിലക്കെടുത്താൽ, 12 മാസത്തിനിടെ 3,800 കോടി ഡോളറിന്റെ ഇടപാടാണ് അവരിലൂടെ നടന്നത്. ഓരോമാസവും ഇടപാടിലുണ്ടാകുന്ന വർധന 44ശതമാനമാണ്. 2021ൽമാത്രം ഇടപാടുകളുടെ എണ്ണത്തിൽ പത്ത് മടങ്ങ് വർധനവുണ്ടായി. ഇടപാടുകാരുടെ എണ്ണം ഒരു കോടിയിലേറെയാണെന്നാണ് വാസിർഎക്‌സിന്റെ അവകാശപ്പെടുന്നത്. ടയർ 2, ടയർ 3 നഗരങ്ങളിൽനിന്ന് വൻതോതിലാണ് പുതിയതായി ഇടപാടുകാരെത്തുന്നതെന്ന് എക്‌സ്‌ചേഞ്ച് പറയുന്നു. കോയിൻസ്വിച്ച് കുബേർ, കോയിൻഡിസിഎക്‌സ് എന്നിങ്ങനെ നിരവധി എക്‌സ്‌ചേഞ്ചുകൾ വേറെയും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. 

ഒന്നോ രണ്ടോ വർഷത്തിനുള്ളിലാണ് ക്രിപ്‌റ്റോ ഇടപാടുകാരുടെ എണ്ണത്തിൽ കുതിപ്പുണ്ടായത്. വർഷങ്ങളായി സെബിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓഹരി വിപണിയിൽ അഞ്ചുകോടി പേർക്കും മ്യൂച്വൽ ഫണ്ടിൽ 2.5കോടി പേർക്കുംമാത്രമാണ് അക്കൗണ്ടുള്ളതെന്നകാര്യം ഓർക്കണം. ഒരാൾക്ക് ഒന്നിൽകൂടുതൽ അക്കൗണ്ടുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സജീവിമായി നിക്ഷേപം നടത്തുന്ന അക്കൗണ്ടുകൾ അതിലുമേറെ താഴെയാകുമെന്നകാര്യത്തിൽ സംശയമില്ല. ഇടപാടുകാരുടെ എണ്ണം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ പെരുപ്പിച്ചുകാണിക്കുകയാണെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നിലപാട്. 70-80ശതമാനം ഇടപാടുകളും ചെറിയതുകയുടേതാണെന്നുമാണ് അദ്ദേഹം പറയുന്നത്. 

സോഷ്യൽ മീഡി ഇൻഫ്‌ളുവൻസേഴ്‌സ് വഴിയും ഡിജിറ്റൽ ഉൾപ്പടെയുള്ള പരസ്യസാധ്യതകൾ പ്രയോജനപ്പെടുത്തിയുമാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ നിക്ഷേപകരെ ആകർഷിക്കുന്നത്. അതേസമയം, അമിത വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിൽനിന്ന് പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ പിന്മാറിയിട്ടുമുണ്ട്. പരസ്യങ്ങളിലെ ഉള്ളടക്കം നിക്ഷേപകരെ വഴിതെറ്റിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

അംഗീകാരമുണ്ടോ?
രാജ്യത്ത് ക്രിപ്‌റ്റോകറൻസി നിരോധിക്കുന്നതിനും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനും പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിൽകേട്ടത്. അതിനിടെ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ പ്രത്യേകയോഗം ചേർന്നിരുന്നു. അതിനുശേഷം ഈ മേഖലയിലെ എക്‌സ്‌ചേഞ്ചുകളിൽനിന്നും വിദഗ്ധരിൽനിന്നും പാർലമെന്റിന്റെ ധനകാര്യ സമിതി പൊതുഅഭിപ്രായംതേടി. നവംബർ 15ന് വിപുലമായ യോഗം ചേരുകയുംചെയ്തു. ക്രിപ്‌റ്റോകറൻസി നിരോധനം സാധ്യമല്ലെന്നും നിയന്ത്രണമാകും ഫലപ്രദമെന്നുമാണ് ഉയർന്നുവന്ന പൊതുഅഭിപ്രായം. നിരോധനത്തിൽനിന്നുമാറി വിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന്റേത്. ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് നിരോധിക്കാനുള്ള സാധ്യത പുതിയ ബില്ലിലുണ്ടാകില്ലെന്നതാണ് ഇതിൽനിന്ന് ലഭിക്കുന്ന സൂചന. അതേസമയം, നിയമപരമായ സാധുത (ലീഗൽ ടെൻഡർ) നൽകാനും സർക്കാർ തയ്യാറായേക്കില്ല. തല്ക്കാലം പേരിനൊരു നിയന്ത്രണംകൊണ്ടുവന്നത് ഗ്യാലറിയിലിരുന്ന കളികാണാനാകും സർക്കാർ നീക്കം. 

ആർബിഐയുടെ നിലപാട്
ക്രിപ്‌റ്റോ കറൻസിക്ക് അനുകൂലമായ നിലപാടല്ല റിസർവ് ബാങ്കിന്റേത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യത്യസ്ത അവസരങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഡിജിറ്റൽ ആസ്തിയെ ഒറ്റയടിക്ക് നിഷേധിക്കാൻ കഴിയാത്ത സാഹചര്യം മുന്നിലുള്ളതിനാൽ സ്വന്തമായി ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിന്റെ സാധ്യത ആർബിഐ തേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെയും പലിശ, നികുതി തുടങ്ങിയ സാമ്പത്തിക സൂചകങ്ങളെയും പുതുകറൻസികൾ തകിടംമറിച്ചേക്കുമെന്ന ആശങ്കയാണ് പലപ്പോഴും ഗവർണർ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ നിയമപരമായ സാധുത ക്രിപ്‌റ്റോകറൻസികൾക്ക് നൽകാൻ ആർബിഐ തയ്യാറാവില്ലെന്ന് വ്യക്തമാണ്. അതേസമയം, ഒരു നിക്ഷേപ ആസ്തിയായി കാണുന്നതിനെ എതിർത്തേക്കാൻ സാധ്യതയുമില്ല. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിൽനിന്നും ബാങ്കുകളെ 2018ൽ ആർബിഐ വിലക്കിയിട്ടുള്ളതാണ്. റിസർവ് ബാങ്കിന്റെ ഈ തീരുമാനം ക്രിപ്‌റ്റോ ഇടപാടുകളുടെ സ്തംഭനത്തിലേക്കാണ് നയിച്ചത്. 2020ൽ സുപ്രീം കോടതി നിരോധനം അസാധുവാക്കിയതോടെ പൂർവാധികം ശക്തിയോടെ ഇടപാടുകൾ തിരിച്ചെത്തി. 

ബാങ്ക് എഫ്ഡി, ലഘുസമ്പാദ്യ പദ്ധതികൾ ഉൾപ്പടെയുളളവയിൽനിന്ന് വ്യാപകമായി ക്രിപ്‌റ്റോ കറൻസികളിലേക്ക് പണം പോകുന്നത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളിലൂടെയോ ഓഹരികളിലൂടെയോ രാജ്യത്തെ വളർച്ചയുടെയോ ഭാഗമാകേണ്ട ഈ പണം വിര്‍ച്വല്‍ കറസികളിലൂടെ വഴിതെറ്റിയൊഴുകുന്നത് രാജ്യത്തെ സമ്പദ്ഘടനയെതന്നെ തകിടംമറിച്ചേക്കാമെന്നാണ് ആർബിഐ കരുതുന്നത്. ബാങ്കുകളുടെ വായ്പനൽകാനുള്ള ശേഷിയെയും ഇത് ബാധിച്ചേക്കാം. എവിടെയോ മറഞ്ഞിരിക്കുന്ന ഡിജിറ്റൽ കറൻസികളിലെ നിക്ഷേപത്തെ പിന്തുടരാൻ എളുപ്പമല്ലാത്തതിനാൽ നികുതി ചുമത്താനും സർക്കാരിന് പരിമിതിയുണ്ട്. കണ്ടെത്താനോ പിടിച്ചെടുക്കാനോ കഴിയുകയുമില്ല. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ ക്രിപ്‌റ്റോകറൻസികളിലെ നിക്ഷേപം വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യത വിദഗ്ധ സമിതി തള്ളിക്കളയുന്നുമില്ല.  

എന്തുകൊണ്ട് നിയന്ത്രണം?
ബാങ്കിങ് മേഖലെ നിയന്ത്രിക്കാൻ ആർബിഐ ഉണ്ട്. മൂലധന വിപണിക്കാണെങ്കിൽ സെബിയും ഇൻഷുറൻസിനാണെങ്കിൽ ഐആർഡിഎഐയുമുണ്ട്. റിലയൽ എസ്റ്റേറ്റ് സെക്ടറിനാണെങ്കിൽ റെറയുമുണ്ട്. നിയന്ത്രണ അതോറിറ്റിയെങ്കിലുമില്ലാതെ ആരുടെ വിശ്വാസ്യതയുടെപുറത്താണ് ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്തുക?  തട്ടിപ്പ്, ഹാക്കിങ്, ഇനിയും പുറത്തുവരാത്ത സ്‌കാമുകൾ എന്നിവക്ക് തടയിടാനും കാലാകാലങ്ങളിൽ പരിഷ്‌കരണംകൊണ്ടുവരാനും നിയന്ത്രണ അതോറിറ്റി കൂടിയേതീരൂ. ആഗോളതലത്തിൽ ഇടപാട് നടത്തുന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരാതികൾക്ക് എവിടെനിന്നാണ് പരിഹാരംലഭിക്കുക?  ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക? ആരുമില്ലാതെ ഒരുകൂട്ടം എക്‌സ്‌ചേഞ്ചുകളുടെ നിയന്ത്രണത്തിൽനടക്കുന്ന ഇടപാട്മാത്രമായി മാറാതിരിക്കാനും അസ്ഥിരതമൂലമുള്ള 'ഹൈ റിസ്‌ക്' സംബന്ധിച്ച ബോധവത്കരണത്തിനും നിയന്ത്രണ ഏജൻസി ഉണ്ടാകേണ്ടതുണ്ട്. 

ഉയർന്ന റിസ്‌കും നേട്ടസാധ്യതയും
പെട്ടെന്ന് പണമുണ്ടാക്കാനുള്ള സാധ്യതയാണ് ചെറുപ്പക്കാരെ ക്രിപ്‌റ്റോ ഇടപാടിലേക്ക് ആകർഷിക്കുന്നത്. ഉയർന്ന റിസ്‌ക് എടുക്കാൻ കഴിയുമെങ്കിൽ ഉയർന്നനേട്ടവും പ്രതീക്ഷിക്കാം. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൽ, സാമ്പത്തിക ബാധ്യത തുടങ്ങിയവ വിലയിരുത്തിമാത്രമെ ഉയർന്ന ചാഞ്ചാട്ടമുള്ള ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താൻ പാടുള്ളൂ. അല്ലെങ്കിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഒരൊറ്റദിവസംകൊണ്ട് അപ്രത്യക്ഷമായേക്കാം. ഏറ്റവും പ്രചാരമുള്ള ബിറ്റ്‌കോയിന്റെ മൂല്യത്തിലെ ചാഞ്ചാട്ടംതന്നെ അതിന് ഉദാഹരണമാണ്. 2021 മാർച്ച് ഏഴിന് ഒരു ബിറ്റ്‌കോയിന്റെമൂല്യം 61,195 ഡോളറായിരുന്നു. ജൂലായ് 11ലെത്തിയപ്പോൾ 31,518ലേക്ക് മൂല്യമിടിഞ്ഞു. ഒക്ടോബർ 31ലെത്തിയപ്പോൾ 61,483ലേയ്ക്ക് തിരിച്ചെത്തുകയുംചെയ്തു(ഗ്രാഫ് കാണുക). ഓഹരി വിപണിയിൽ നിക്ഷേപകർ പണമിറക്കാൻ മടിക്കുന്നത് അതിന്റെ ചാഞ്ചാട്ട സ്വഭാവംകൊണ്ടാണ്. നിക്ഷേപിച്ച തുക നഷ്ടമാകുമോയെന്ന ആശങ്കയാണ് അതിനുപിന്നിൽ. എന്നാൽ അതിനേക്കാൾ ചാഞ്ചാട്ടമുള്ള ക്രിപ്‌റ്റോകറൻസികളുടെ മൂല്യത്തെക്കുറിച്ച് ഈ നിക്ഷേപകർ വിലയിരുത്തിയിട്ടുണ്ടോ? 

നികുതി ബാധ്യതയുണ്ടോ?
സമസ്തമേഖലയെയും നികുതിവലക്കുള്ളിൽ കൊണ്ടുവരാൻ ആദായനികുതി വകുപ്പ് ശ്രമംനടത്തിവരികയാണ്. ഈ സാഹചര്യത്തിൽ ഇടപാടിൽനിന്നുള്ള നേട്ടത്തിന് കൃത്യമായി നികുതിനൽകേണ്ടിവരും. ബിസിനസിൽനിന്നുള്ള വരുമാനമായി കണക്കാക്കി ഓരോരുത്തരുടെയും സ്ലാബിനനുസരിച്ച് നികുതി നൽകണം. നിക്ഷേപകരാണെങ്കിൽ, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ നികുതി നിരക്കിൽ വ്യത്യാസമുണ്ടാകും. അതായത് ഹ്രസ്വകാലയളവിലെ നേട്ടത്തിന് സ്ലാബ് നിരക്ക് അനുസരിച്ചും ദീർഘകാല(മൂന്നുവർഷം കൈവശംവെച്ചശേഷം)യളവിൽ ഇൻഡക്‌സേഷൻ ആനുകൂല്യത്തോടെ 20ശതമാനവുമാണ് നികുതി നൽകേണ്ടത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഗണത്തിൽപ്പെടുത്തി ജിഎസ്ടി ഉൾപ്പടെയുള്ളവ ഈടാക്കാനുള്ള സാധ്യതയും സർക്കാർ ആരായുന്നുണ്ട്. നിക്ഷേപകരിൽനിന്ന് ടിഡിഎസ് ഈടാക്കാനും എക്‌സ്‌ചേഞ്ചുകൾക്കുമേൽ നിയന്ത്രണംകൊണ്ടുവന്നേക്കും. 

feedback to:
antonycdavis@gmail.com

 
കുറിപ്പ്: ക്രിപ്‌റ്റോകറൻസികൾ ക്രമീകരിക്കപ്പെടാത്ത ഡിജിറ്റൽ ആസ്തികളാണ്. അവ നിയമസാധുതയുള്ള നാണയങ്ങളല്ല. കഴിഞ്ഞകാല പ്രവർത്തനങ്ങൾ ഭാവിഫലങ്ങൾക്കുള്ള ഉറപ്പ്തരുന്നില്ല. നിങ്ങളുടെ നിക്ഷേപം ദൗർലഭ്യത്തിനും നഷ്ടസാധ്യതക്കും അധീനമായിരിക്കും. ദയവായി നിക്ഷേപിക്കുന്നതിന് മുമ്പ് ജാഗ്രത പുലർത്തുക. (കടപ്പാട്: പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ സെബ്‌പെ അവരുടെ പരസ്യത്തിൽ നൽകിയിട്ടുള്ള മുന്നറയിപ്പ്. അതേപടി പകർത്തിയത്).