lesson 24

ലിശ കുറയുംതോറും ബാങ്കില്‍ സ്ഥിര നിക്ഷേപമിടാന്‍ പലര്‍ക്കും മടിയാണ്. പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയതുകകൊണ്ട് തുടര്‍ന്നുള്ളകാലം മാന്യമായി ജീവിക്കാന്‍ യോജിച്ച നിക്ഷേപമാര്‍ഗങ്ങള്‍ പരതുമ്പോള്‍ കുറച്ചെങ്കിലും നേട്ടം കൂടുതല്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി എഫ്ഡികളില്‍ നിക്ഷേപിക്കുക സ്വാഭാവികം. 

ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഒന്നു മുതല്‍ രണ്ടുശതമാനംവരെ പലിശ കൂടുതല്‍ സ്ഥിര നിക്ഷേപത്തിന് കമ്പനികള്‍ നല്‍കാറുണ്ട്. ബാങ്ക് പലിശ കുറയുമ്പോള്‍ അതിനനുസരിച്ച് കമ്പനികളും പലിശയില്‍ കുറവ് വരുത്താറുണ്ട്. 

ഇപ്പോഴത്തെ നിരക്കുകള്‍
ബജാജ് ഫിനാന്‍സ് ഈയിടെ പലിശ നിരക്ക് 8.9 ശതമാനത്തില്‍നിന്ന് 8.2 ശതമാനമാക്കി കുറച്ചു. എച്ച്ഡിഎഫ്‌സിയാകട്ടെ 8.4ശതമാനത്തില്‍നിന്ന് 7.9 ശതമാനമാക്കിയും പലിശനിരക്കില്‍ കുറവ് വരുത്തി. 

മഹീന്ദ്ര ഫിനാന്‍സാകട്ടെ 8.3ശതമാനത്തില്‍നിന്ന് 8.05ശതമാനമായും ഐസിഐസിഐ ഫിനാന്‍സ് 8.4ശതമാനത്തില്‍നിന്ന് 7.9 ശതമാനമാക്കിയും പലിശ നിരക്കുകള്‍ കുറച്ചു. 

പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവ നിലവില്‍ നല്‍കിവരുന്ന പലിശ 7.25 മുതല്‍ 7.50 ശതമാനംവരെയാണ്.  

പ്രത്യേകതകള്‍
യോഗ്യത: ഇന്ത്യക്കാരനായിരിക്കണം
പ്രായം: മിനിമം 18 വയസ്സ്. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നിക്ഷേപം നടത്താം.

നിക്ഷേപം:
ചുരുങ്ങിയത് 1000 രൂപ. പരമാവധി എത്രയുമാകാം
വ്യക്തികള്‍ക്കോ, കൂട്ടായോ നിക്ഷേപം നടത്താം.
നോമിനേഷന്‍ സൗകര്യവുമുണ്ട്. 

ക്രഡിറ്റ് റേറ്റിങ്
മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപ സുരക്ഷയ്ക്ക് നല്ലതാണ്. ക്രിസില്‍, കെയര്‍, ഐസിആര്‍എ തുടങ്ങിയവയാണ് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍. 

നഷ്ടസാധ്യതകുറച്ച് നേട്ടമുണ്ടാക്കാന്‍
പലിശ നിരക്കുകളിലെ കുറവും നഷ്ടസാധ്യതയും ഒരു പരിധിവരെ മറികടക്കാന്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെയോ, കടപ്പത്രങ്ങളിലെയോ നിക്ഷേപം ഉപകരിക്കും. 

സ്ഥിര നിക്ഷേപത്തേക്കേക്കാള്‍ രണ്ട് ശതമാനംവരെ കൂടുതല്‍ നേട്ടം മികച്ച ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കും. വരുമാനത്തില്‍നിന്നുള്ള നികുതിയിളവിന്റെ കാര്യത്തിലാണെങ്കില്‍ ഇന്‍ഡക്‌സേഷന്‍് ആനുകൂല്യവും ഫണ്ടുകള്‍ക്കുണ്ട്. 

ഫണ്ടുകളിലെത്തുന്ന നിക്ഷേപം വിവിധ കമ്പനികളിലായി സ്പ്രഡ് ഓവര്‍ ചെയ്യുന്നതിനാല്‍ നഷ്ടസാധ്യതയും കുറവാണ്. പലിശ നിരക്കുകള്‍ താഴുമ്പോള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാകും ഉചിതം.

കൂടുതല്‍ പലിശ നല്‍കുമ്പോള്‍
താരതമ്യേന കൂടുതല്‍ പലിശ നല്‍കുന്ന കമ്പനികളുടെ ക്രഡിറ്റ് റേറ്റിങ് പരിശോധിക്കേണ്ടതുണ്ട്. പണം കൂടുതല്‍ ആവശ്യംവരുമ്പോഴാണ് പരമാവധി തുക സമാഹരിക്കാന്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുക. 

പണസമാഹരണത്തിന് മറ്റ് മാര്‍ഗങ്ങളില്ലാതെവരുമ്പോഴാണ് കമ്പനികള്‍ കൂടുതല്‍ പലിശ നല്‍കി പണം സമാഹരിക്കാന്‍ ശ്രമിക്കുക. അതിനാല്‍ നിക്ഷേപകര്‍ കരുതിയിരിക്കണം. കൂടുതല്‍ പലിശ ലഭിക്കുമെന്നുകരുതി ഉടനെ നിക്ഷേപം നടത്തരുത്. കമ്പനിയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചശേഷമാകാം നിക്ഷേപം. 

കമ്പനി നിക്ഷേപത്തെക്കുറിച്ച് കൂടുതലറിയാം
പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് നിശ്ചിത കാലയളവില്‍ നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുക. ഡെപ്പോസിറ്റ് തുകയുടെ കാലാവധിക്കനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകും.

ബാങ്ക് നിക്ഷേപത്തേക്കാളും പലിശ കമ്പനി എഫ്ഡികളില്‍നിന്ന് ലഭിക്കും. പ്രതിമാസം, മൂന്ന് മാസംകൂടുമ്പോള്‍, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ കാലാവധിയില്‍ പലിശ ലഭിക്കുന്നതിന് സൗകര്യമുണ്ട്. 

മൂലധന സുരക്ഷ
ബാങ്ക് നിക്ഷേപത്തെപ്പോലെ നിക്ഷേപിക്കുന്ന തുക തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനികളില്‍ നിക്ഷേപിച്ചാല്‍ ഒരുപരിധിവരെ നഷ്ടസാധ്യത കുറയ്ക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ പണം തിരിച്ചുതരാന്‍ കഴിയാതെവന്നാല്‍ കമ്പനിയുടെ ആസ്തികളില്‍ അവകാശം ഉന്നയിക്കാന്‍ നിക്ഷേപകന് കഴിയില്ല. 

പണപ്പെരുപ്പവരുമായി താരതമ്യം ചെയ്യുമ്പോള്‍
ബാങ്ക് നിക്ഷേപത്തേക്കാള്‍ ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ ലഭിക്കുമെങ്കിലും പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂലധന നേട്ടം പരിമിതമാണ്.

പണമാക്കല്‍
കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരിച്ചുനല്‍കും. ഉപാധികള്‍ക്കുവിധേയമായി കാലാവധിക്കുമുമ്പും നിക്ഷേപം തിരിച്ചെടുക്കാന്‍ വ്യവസ്ഥകളുണ്ട്. നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളിന്മേല്‍ വായ്പയെടുക്കാനും കഴിയും. 

നികുതി ബാധ്യത
നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് യാതൊരു നികുതി ഇളവുകളുമില്ല. സ്വന്തം വരുമാനത്തോട് ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടിവരും. ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്-എന്ന വിഭാഗത്തിലാണ് ഈ വരുമാനംചേര്‍ക്കേണ്ടത്. 

എങ്ങനെ ചേരാം

  • ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖ നല്‍കേണ്ടിവരും. 
  • പണമായോ, ചെക്കായോ, ഡിഡിയായോ പണമടക്കാം.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

  • കമ്പനി നിക്ഷേപം നഷ്ടസാധ്യതയുള്ളതാണ്.
  • സാമ്പത്തിക വര്‍ഷം പലിശവരുമാനം 5000 രൂപയില്‍ കൂടിയാല്‍ ടിഡിഎസ് കിഴിവ് ചെയ്യും.
  • മാസം, മൂന്ന് മാസം, ആറ് മാസം, വര്‍ഷം എന്നീ കാലയളവില്‍ പലിശ വാങ്ങാന്‍ സൗകര്യമുണ്ട്.

feedbacks to:
antonycdavis@gmail.com

നഷ്ടസാധ്യത കുറയ്ക്കാന്‍
ഒരൊറ്റ കമ്പനിയില്‍ മാത്രം നിക്ഷേപിക്കാതെ മികച്ച കമ്പനികള്‍ തിരഞ്ഞെടുത്ത് തുക വീതിച്ച് നിക്ഷേപിക്കാം.