ഓഹരി വിപണിയില്‍ പണംനിക്ഷേപിച്ച് വന്‍തുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാന്‍ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലില്‍ ഇ-മെയില്‍ അയച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാല്‍ നിക്ഷേപം തിരിച്ചെടുക്കാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ കൂടിയ പലിശയ്ക്ക് വ്യക്തിഗത വായ്പയെടുക്കേണ്ടിവരും. എമര്‍ജന്‍സി ഫണ്ടൊന്നും കരുതിയിട്ടുമില്ല. ഒടുവില്‍ 20ശതമാനംനഷ്ടത്തില്‍ എസ്‌ഐപി നിക്ഷേപം ഭാഗികമായി അദ്ദേഹത്തിന് പിന്‍വലിക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ നിക്ഷേപമാതൃകയുടെ പ്രസക്തി.
റിസ്‌ക് കുറച്ച് മികച്ച ആദായം
ബാങ്കില്‍ നിക്ഷേപിച്ച് കൂട്ടുപലിശ നേടുന്നതുപോലെ ഓഹരിയില്‍ നിക്ഷേപിച്ച് അതില്‍കൂടുതല്‍ നേട്ടം സ്വന്തമാക്കാനുള്ള മികച്ചമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍മാത്രമല്ല കടപ്പത്രങ്ങളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും എസ്‌ഐപിയായി നിക്ഷേപിക്കാന്‍ കഴിയും. ഇക്വിറ്റി-ഡെറ്റ് എസ്‌ഐപി കോമ്പിനേഷന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയിലും നെഗറ്റീവ് ആദായത്തെ തടയാന്‍ സഹായിക്കും. ഓഹരി അധിഷ്ഠിത പദ്ധതികളേക്കാള്‍ ചാഞ്ചാട്ടംകുറവാണ് ഡെറ്റ് ഫണ്ടുകള്‍ക്ക്. സ്ഥിരതയുള്ള ആദായം നല്‍കാന്‍ ഡെറ്റ് ഫണ്ടുകള്‍ക്ക് കഴിയും.
ഡെറ്റ് എസ്‌ഐപി: നേട്ടംപരിശോധിക്കാം
ആസ്തി വിഭജനം മികച്ചരീതിയില്‍ നടപ്പാക്കി കരുത്തുറ്റ പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാന്‍ ഓഹരി-ഡെറ്റ് ഫണ്ടുകളിലെ എസ്‌ഐപി കോമ്പിനേഷന് കഴിയും. പലപ്പോഴും ഒറ്റത്തവണ നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകള്‍ പരിഗണിക്കാറുള്ളത്. അതിനുപകരം ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളില്‍ നിശ്ചിത അനുപാതത്തില്‍ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ ഓഹരി വിപണിയുടെ തകര്‍ച്ചയിലും നിക്ഷേപകന്റെ ആത്മവീര്യം നിലനിര്‍ത്താന്‍ സഹായിക്കും. എട്ടുശതമാനം മുതല്‍ 12ശതമാനംവരെ വാര്‍ഷികാദായം നല്‍കാന്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ക്കാകും.
നഷ്ടത്തിന്റെ തോത് കുറയ്ക്കാം
ഓഹരി വിപണി കൂപ്പുകുത്തുമ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നഷ്ടമുണ്ടാകുക സ്വാഭാവികം. അതേസമയം, ഓഹരി വിപണിയിലെ നഷ്ടമൊന്നും ഡെറ്റ് വിഭാഗത്തെ ബാധിക്കുകയില്ല. ഇതിലൂടെ പോര്‍ട്ട്‌ഫോളിയോയുടെ മൊത്തംമൂല്യം ഒരുപരിധിവിട്ട് താഴെപ്പോകാതെ താങ്ങിനിര്‍ത്താന്‍ ഡെറ്റിലെ നിക്ഷേപം സഹായിക്കും. പലിശ നിരക്കിലെ വ്യതിയാനവും ക്രഡിറ്റ് റിസ്‌കുമാണ് ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ ബാധിക്കുക.
ഇടയ്ക്കുവെച്ച് പിന്‍വലിക്കാം
വിപണി തകര്‍ന്നടിയുമ്പോള്‍ പണത്തിന് ആവശ്യംവന്നാല്‍ ഡെറ്റിലെ നിക്ഷേപം ആശ്വാസമേകും. ഇക്വിറ്റി ഫണ്ടിലെ എസ്‌ഐപി നിക്ഷേപത്തില്‍നിന്ന് പണംപിന്‍വലിക്കാതെ ഡെറ്റ് ഫണ്ടുകളില്‍നിന്ന് പണമെടുക്കാം. ഡെറ്റില്‍നിന്ന് മികച്ച ആദായവും ഇക്വിറ്റിയില്‍നിന്ന് ദീര്‍ഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടവും സ്വന്തമാക്കാന്‍ അതിലൂടെകഴിയും.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ചില്‍ വിപണി ഇടിഞ്ഞപ്പോള്‍ ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപി നിര്‍ത്തി പണംപിന്‍വലിച്ചവര്‍ നിരവധിയാണ്. നവംബര്‍വരെ കാത്തിരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇരട്ടയക്ക ആദായംനേടാന്‍ അവര്‍ക്കാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡെറ്റ് ഫണ്ടിലെ എസ്‌ഐപിയുടെ പ്രസക്തി. പണത്തിന് അത്യാവശ്യംവന്നാല്‍ ഡെറ്റിലെ എസ്‌ഐപിയില്‍നിന്നുമാത്രം പണംപിന്‍വലിച്ച് ആവശ്യങ്ങള്‍ നിറവേറ്റാം. പ്രതികൂല സാഹചര്യങ്ങളില്‍ ചാഞ്ചാട്ടസമയത്ത് നിക്ഷേപകന് രക്ഷയ്ക്കായി ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും.
ഓഹരി ഡെറ്റ് അനുപാതം
ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ 60ശതമാനവും ഡെറ്റ് ഫണ്ടുകളില്‍ 40ശതമാനം നിക്ഷേപിക്കുന്നരീതി സ്വീകരിക്കാം. അതായത് മാസം 10,000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിള്‍ 6,000 രൂപ ഇക്വിറ്റി ഫണ്ടിലും 4,000 രൂപ ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാം.
ഹൈബ്രിഡ് ഫണ്ടുകള്‍
ഓഹരിയിലും ഡെറ്റിലും നിശ്ചിതശതമാനംവീതം നിക്ഷേപം നടത്തുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകള്‍. ഓഹരിയിലും ഡെറ്റിലും എസ്‌ഐപി തുടങ്ങുന്നതിനുപകരം ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍പോരെയെന്ന സംശയമുണ്ടാകുക സ്വാഭാവികം. പണം ആവശ്യംവന്നാല്‍ ഡെറ്റ്-ഇക്വിറ്റി എന്നിവയിലെ നിക്ഷേപം വേര്‍തിരിച്ച് പിന്‍വലിക്കാന്‍ കഴിയില്ലെന്നതാണ് ഇവിടെ പ്രസക്തി. ഡെറ്റിലും-ഇക്വിറ്റിയിലും നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ വെവേറെയായി നിക്ഷേപിച്ചാല്‍ ഈ പരിമിതിമറികടക്കാം.
മാതൃകാ പോര്‍ട്ട്‌ഫോളിയോ
10,000 രൂപയും(പോര്‍ട്ട്‌ഫോളിയോ 1) 20,000 രൂപയും(പോര്‍ട്ട്‌ഫോളിയോ 2) പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിക്കുന്നവര്‍ക്കായി മാതൃകാ പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുകയാണിവിടെ. 60ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപിക്കാനാണ് ശുപാര്‍ശചെയ്യുന്നത്.
Model Portfolio 1 | ||||||||
Fund | Catagory | SIP Amount(Rs) | SIP Return(%)* | |||||
1year | 3 year | 5 year | ||||||
Axis Bluechip Fund | Equity | 6000 | 39.89 | 18.39 | 17.25 | |||
HDFC Short Term | Debt | 4000 | 11.71 | 10.51 | 9.42 |
Model Portfolio 2 | ||||||||
Fund | Catagory | SIP Amount(Rs) | SIP Return(%)* | |||||
1year | 3 year | 5 year | ||||||
Axis Bluechip Fund | Equity | 6000 | 39.89 | 18.39 | 17.25 | |||
Mirae Asset Emerging Bluechip | Equity | 6000 | 54.95 | 20.22 | 17.97 | |||
HDFC Short Term | Debt | 4000 | 11.71 | 10.51 | 9.42 | |||
IDFC Banking & PSU Debt | Debt | 4000 | 11.18 | 11.24 | 9.81 |
*ഫണ്ടുകളുടെ റിട്ടേണ്‍ കണക്കാക്കിയ തിയതി: ഡിസംബര്‍ 08, 2020.
feedbacks to:
antonycdavis@gmail.com
കുറിപ്പ്: മാര്‍ച്ചില്‍ ഓഹരി സൂചികകള്‍ കൂപ്പുകുത്തിയപ്പോള്‍ നെഗറ്റീവ് റിട്ടേണ്‍ കാണിച്ചിരുന്ന ഓഹരി ഫണ്ടുകളാണ് ഇപ്പോള്‍ 30ശതമാനത്തിലധികം ഉയര്‍ന്നത്. അതേസമയം, ഡെറ്റ് ഫണ്ടുകള്‍ സ്ഥിരതയാര്‍ന്ന നേട്ടമാണ് നിക്ഷേപകന് നല്‍കിയത്. അത് ഇപ്പോഴുംതുടരുന്നു.
ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ദീര്‍ഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി കരുതുക. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും. ഇരുവിഭാഗത്തിലെയും എസ്‌ഐപി അനുപാതം നിക്ഷേപകാലയളവില്‍ പിന്തുടര്‍ന്നാല്‍ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും മികച്ച മൂലധനനേട്ടംപ്രതീക്ഷിക്കാം.