lesson 11

എട്ട് മുതല്‍ 15 ശതമാനവരെയുള്ള ആദായക്കണക്കുകള്‍ പറഞ്ഞെങ്കിലും എവിടെ നിക്ഷേപിച്ചാലാണ് ഇത്രയും നേട്ടം ലഭിക്കുകയെന്ന് അറിയാനാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമാക്കണമെന്നാവശ്യപ്പെട്ട് തുടരെതുടരെ ഇ-മെയിലുകള്‍ ലഭിക്കുന്നു. തുടര്‍ന്നുള്ള പാഠങ്ങളില്‍ നിക്ഷേപ പദ്ധതികളുടെ വിശകലനം പ്രതീക്ഷിക്കാം. ആദ്യം ബാങ്ക് നിക്ഷേപത്തില്‍നിന്നുതന്നെയാകട്ടെ.  

ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇപ്പോള്‍ എത്ര ശതമാനം പലിശ ലഭിക്കും? പുതിയതായി നിക്ഷേപം നടത്തുമ്പോഴോ, കാലാവധിയെത്തിയ നിക്ഷേപം പുതുക്കുമ്പോഴോ ആണ് പലരും നിക്ഷേപ പലിശ എത്രയെന്ന് അന്വേഷിക്കുക. 

തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. നാട്ടിലെ പണപ്പെരുപ്പം എത്രയാണ്. പൊതുവേ പണപ്പെരുപ്പത്തെക്കുറിച്ച് നിക്ഷേപകരില്‍ അധികമാരും ആലോചിക്കാറില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലകയറുന്നതുമാത്രമേ അവര്‍ക്കറിയൂ. പരിപ്പിനും ഉഴുന്നിനും പാചക വാതകത്തിനും വിലകയറുമ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ.

സര്‍ക്കാര്‍ കണക്കില്‍ അഞ്ച് ശതമാനത്തെ ചുറ്റിപ്പറ്റിയാണ് പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പ നിരക്കുകള്‍ കണക്കാക്കുന്നതിന്റെ മാനദണ്ഡത്തിലെ പോരായ്മകൊണ്ടോ മറ്റോ യഥാര്‍ഥ പണപ്പെരുപ്പം അതിലേറെയുമാണ്. ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചെലവ് കുതിച്ചുകയറുകയാണെന്ന് നാമോരുരത്തരും ഇതിനകം അനുഭവിച്ചറിഞ്ഞിട്ടുണ്ട്!

inflation data
ഇനി ബാങ്ക് നിക്ഷേപത്തിലേയ്ക്ക് തിരിച്ചുവരാം. പരമാവധി 7.75 ശതമാനം പലിശയാണ് ബാങ്കുകള്‍ ഇപ്പോള്‍ നിക്ഷേപത്തിന് നല്‍കുന്നത്. പലിശനിരക്കുകള്‍ സമീപഭാവിയില്‍ ഇനിയും കുറയാന്‍ സാധ്യതയുമുണ്ട്.

പണപ്പെരുപ്പ നിരക്കുമായി നിക്ഷേപ പലിശ താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകനുണ്ടാകുന്ന നേട്ടമെത്രയാണ്? യഥാര്‍ഥ വിലക്കയറ്റവുമായി കണക്കാക്കുമ്പോള്‍ ബാങ്ക് നിക്ഷേപ പലിശയെ വിലക്കയറ്റം മറികടക്കുകയാണ് ചെയ്യുന്നത്. 

നികുതി ഇളവുകളില്ല
ബാങ്ക് നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തി ആദായ നികുതി നല്‍കണം. അങ്ങനെവരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന നേട്ടത്തില്‍ ഒരുശതമാനത്തിലധികം കുറവുവരും. അതായത് അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ള ഒരാള്‍ ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചെന്ന് കരുതുക. വാര്‍ഷിക പലിശയായി ഇയാള്‍ക്ക് 7.75 ലക്ഷമാണ് ലഭിക്കുക. എന്നാല്‍ അതോടൊപ്പം 2.13 ലക്ഷം രൂപ ആദായ നികുതിയും നല്‍കേണ്ടിവരും. 

നിക്ഷേപത്തിന്റെ പലിശയിന്മേലുള്ള ആദായ നികുതിയായി 1.75 ലക്ഷമാണ് ഇയാള്‍ നല്‍കേണ്ടിവരിക. അങ്ങനെവരുമ്പോള്‍ ബാങ്കില്‍നിന്നുള്ള പലിശയുടെ യഥാര്‍ഥനേട്ടം ആറ് ശതമാനത്തിലൊതുങ്ങും.

കുറഞ്ഞ പലിശയും അതിന്മേലുള്ള നികുതിയും പണപ്പെരുപ്പ നിരക്കുകളും നേട്ടത്തെ വിഴുങ്ങുമ്പോള്‍ എങ്ങനെയാണ് ബാങ്ക് നിക്ഷേപകന്‍ സമ്പന്നനാകുക?

എല്ലാ നിക്ഷേപ പദ്ധതികള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നമുക്ക് അനുയോജ്യമായത് യഥാസമയം തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.

ഈ സാഹചര്യത്തില്‍ ബാങ്ക് നിക്ഷേപം ആര്‍ക്കാണ് യോജിച്ചത്?
വിവിധ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദീര്‍ഘകാലം തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ യോജിച്ച പദ്ധതിയല്ല ബാങ്ക് നിക്ഷേപം എന്ന് വ്യക്തമായി. അതിനുമപ്പുറത്താണ് ബാങ്ക് നിക്ഷേപത്തിന്റെ പ്രസക്തി 

വിവിധ നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ ധനം (താരതമ്യേന) സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള ഇടമായി വേണം ബാങ്ക് നിക്ഷേപത്തെ കരുതാന്‍.

അതായത് അടിയന്തിര ആവശ്യങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന ആറ് മാസത്തെ ശമ്പളം ബാങ്കില്‍ നിക്ഷേപിക്കാം. വിപണിയിലെ നഷ്ടസാധ്യതകളുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ എപ്പോള്‍ പിന്‍വലിച്ചാലും മൂലധനത്തിന് കോട്ടം പറ്റുകയില്ല. അതോടൊപ്പം ചെറുതെങ്കിലും ഉറപ്പുള്ള നേട്ടവും ലഭിക്കും.

നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയായാല്‍
മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിവിധ നിക്ഷേപ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി നടത്തിയ നിക്ഷേപം ലക്ഷ്യതുകയിലെത്തിയാല്‍ അത് ബാങ്കിലേയ്ക്ക് മാറ്റാം.  

അതായത്, രണ്ടുവര്‍ഷം കഴിയുമ്പോള്‍ മകളുടെ വിദ്യാഭ്യാസത്തിന് 50 ലക്ഷം രൂപ ആവശ്യമാണെന്നിരിക്കട്ടെ, പത്ത് വര്‍ഷം മുമ്പ് തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം 50 ലക്ഷം കവിഞ്ഞിരിക്കുന്നു. മറ്റൊന്നും ആലോചിക്കേണ്ടതില്ല. ഓഹരി വിപണി നേട്ടത്തില്‍ നില്‍ക്കുകയാണെങ്കില്‍ ഉടനെതന്നെ തുക മുഴുവന്‍ നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപ പദ്ധതിയിലേയ്ക്ക് മാറ്റുക. ഇനിയും രണ്ട് വര്‍ഷമുണ്ടല്ലോ എന്നുകരുതി കൂടുതല്‍ നേട്ടത്തിനായി കാത്തിരിക്കേണ്ടതില്ല. 

റിട്ടയര്‍മെന്റ് ജീവിതം
പ്രായമേറുംതോറും നഷ്ടസാധ്യതയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിയണം. ചെറുപ്പത്തിലോ, മധ്യവയസിലോ നിക്ഷേപിച്ച അത്രയും തുക ഓഹരിയിലോ, ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളിലോ മുടക്കേണ്ടതില്ല. 

അതായത് റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിന് മറ്റ് സുരക്ഷിത പദ്ധതികളോടൊപ്പം ബാങ്ക് സ്ഥിരനിക്ഷേപത്തെയും ആശ്രയിക്കാമെന്ന് ചുരുക്കം. 

ബാങ്ക് നിക്ഷേപത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കാനും വഴികളുണ്ട്. മികച്ച പലിശ നല്‍കുന്ന ബാങ്കുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക. മൂന്നുമാസത്തിലൊരിക്കല്‍ നിക്ഷേപ പലിശ പിന്‍വലിച്ച് സ്ഥിരനിക്ഷേപമാക്കുക. വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ പേരില്‍ നിക്ഷേപം നടത്തി അരശതമാനം കൂടുതല്‍ പലിശ നേടുക. അങ്ങനെ എത്രയെത്ര മാര്‍ഗങ്ങള്‍. 

feedbacks to
antonycdavis@gmail.com

പാഠം 12
ബാങ്ക് നിക്ഷേപത്തെക്കുറിച്ച്
കൂടുതലറിയാം