രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് (എസ്.ബി.)അക്കൗണ്ടിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് നാലു ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചിരിക്കുകയാണല്ലോ. ഇതിന്റെ ചുവടുപിടിച്ച് കൂടുതൽ ബാങ്കുകൾ പലിശ കുറയ്ക്കുന്നു. ഇത് സ്വാഭാവികമായും സാധാരണക്കാരെ ബാധിക്കും.

എസ്.ബി. അക്കൗണ്ടിലെ നിക്ഷേപം ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റാനാകുന്ന സൗകര്യം ഇന്നു മിക്ക ബാങ്കുകളിലും ലഭ്യമാണ്. ഈ മാർഗത്തിലൂടെ കൂടുതൽ പലിശ നിരക്ക് ഉറപ്പാക്കാൻ ഇടപാടുകാർക്ക് കഴിയും. ഓരോ ബാങ്കിലും വ്യത്യസ്തമായ പദ്ധതിയാണ് നിലവിലുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.)യിലാകട്ടെ, ‘സേവിങ്‌സ് പ്ലസ് അക്കൗണ്ട്’ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള തുക ഓട്ടോമാറ്റിക്കായി ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് മാറുന്നു. നിശ്ചിത തുകയ്ക്കുമേലുള്ള 1,000 രൂപയുടെ ഗുണിതങ്ങളാണ് ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കപ്പെടുന്നത്. 

എസ്.ബി. അക്കൗണ്ടിലുള്ള തുകയ്ക്ക് 3.5 ശതമാനം മാത്രം പലിശ ലഭിക്കുമ്പോൾ ഫിക്‌സഡ് ഡെപ്പോസിറ്റിലേക്കു നീക്കപ്പെടുന്ന തുകയ്ക്കു കൂടുതൽ പലിശ നേടാം. എസ്.ബി. അക്കൗണ്ടിൽ വെറുതേ കിടക്കുന്ന തുകയിൽ നിന്ന് ഇത്തരത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. 

എങ്ങനെ ചേരാം?
ബാങ്കിന്റെ നെറ്റ് ബാങ്കിങ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓട്ടോ സ്വീപ്പ് സൗകര്യം തിരഞ്ഞെടുക്കാം. ഇതു തിരഞ്ഞെടുത്തുകഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് സേവിങ്‌സ് പ്ലസ് അക്കൗണ്ടായി മാറും. ബാങ്ക് ശാഖകളിൽ നേരിട്ട് ചെന്നും ഈ സൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്. 

നിങ്ങളുടെ അക്കൗണ്ടിൽ 35,000 രൂപയുടെ ബാലൻസ് ഉണ്ടെന്ന് കരുതുക. ഇതിൽ നിന്ന് 10,000 രൂപ ഓട്ടോ സ്വീപ്പിങ്ങിലൂടെ ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റാം. തുടർന്ന് 25,000 രൂപയ്ക്കുമേൽ ബാലൻസ് വരുമ്പോൾ 1,000 രൂപയുടെ ഗുണിതങ്ങളായി ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് ഓട്ടോമാറ്റിക്കായി മാറിക്കൊള്ളും. ഉദാഹരണത്തിന് നിങ്ങളുടെ അക്കൗണ്ടിൽ 37,000 രൂപയുണ്ടെങ്കിൽ 12,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് മാറുകയും 25,000 രൂപ സേവിങ്‌സ് പ്ലസ് അക്കൗണ്ടിൽ തുടരുകയും ചെയ്യും. 

നിങ്ങളുടെ അക്കൗണ്ടിൽ എപ്പോഴെങ്കിലും നിശ്ചിത തുകയ്ക്ക് താഴേക്ക് ബാലൻസ് പോയാൽ, ഫിക്‌സഡ് ഡെപ്പോസിറ്റിലെ തുക 1,000 രൂപയുടെ ഗുണിതങ്ങളായി സേവിങ്‌സ് പ്ലസ് അക്കൗണ്ടിലേക്ക് തിരിച്ചെത്തും. ഉദാഹരണത്തിന്, അക്കൗണ്ടിൽ 25,000 രൂപ മാത്രമുള്ള അവസരത്തിൽ നിങ്ങൾ 27,000 രൂപ പിൻവലിച്ചാൽ അധികമായുള്ള 2,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിന്ന് പിൻവലിക്കപ്പെടും. 

മാധവൻകുട്ടി ഒരു മുതിർന്ന പൗരനാണ്. അദ്ദേഹം എസ്.ബി.ഐ. യിൽ സേവിങ്‌സ് പ്ലസ് അക്കൗണ്ട് ആരംഭിക്കുകയും അതിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. 75,000 രൂപ ഓട്ടോമാറ്റിക്കായി ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് നീക്കപ്പെട്ടു. ഒരു വർഷക്കാലാവധിയുള്ള 1,000 രൂപയുടെ വീതം ഫിക്‌സഡ് ഡെപ്പോസിറ്റുകളായാണ് ഇത് മാറ്റിയത്. അദ്ദേഹം, ഈ കാലയളവിൽ ഒരു രൂപ പോലും പിൻവലിച്ചില്ലെന്നു കരുതുക.

25,000 രൂപയ്ക്ക് 3.5 ശതമാനവും 75,000 രൂപയ്ക്ക് 7.25 ശതമാനവും (ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എസ്.ബി.ഐ. നിലവിൽ നൽകുന്ന പലിശ) പലിശ ലഭിക്കും. അതായത്, അദ്ദേഹത്തിന് മൊത്തം 6,313 രൂപ പലിശയായി ലഭിക്കും (ഈ കണക്കിൽ നേരിയ വ്യത്യാസം വരാം. കൃത്യമായ തുക ബാങ്കിൽ നിന്ന് ചോദിച്ചു മനസ്സിലാക്കുക). ഓട്ടോ സ്വീപ് സൗകര്യമില്ലാത്ത സാധാരണ എസ്.ബി. അക്കൗണ്ടിലായിരുന്നു ഒരു ലക്ഷം രൂപയിട്ടിരുന്നതെങ്കിൽ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന പലിശ 3,500 രൂപ മാത്രം. 

നിക്ഷേപിച്ച് ഒരു മാസത്തിനുശേഷം അദ്ദേഹം 20,000 രൂപ പിൻവലിച്ചിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം. അദ്ദേഹത്തിന്റെ എസ്.ബി. അക്കൗണ്ടിലെ ബാലൻസ് 5,000 രൂപയായി കുറയും. പിന്നീട് 10,000 രൂപ കൂടി പിൻവലിച്ചാൽ, എസ്.ബി.അക്കൗണ്ടിൽ പണമില്ലാതെയാകുകയും ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിന്ന് 5,000 രൂപ കുറയുകയും ചെയ്യും.

അതായത്, അദ്ദേഹത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് 70,000 രൂപയായി കുറയും. കുറച്ചുദിവസങ്ങൾക്ക് ശേഷം അദ്ദേഹം 10,000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു. അത് സേവിങ്‌സ് അക്കൗണ്ടിൽ തുടരും. എസ്.ബി. അക്കൗണ്ടിലെ ബാലൻസ് 25,000 രൂപ കടന്നാൽ മാത്രമേ പിന്നീട് ഫിക്‌സഡ് ഡെപ്പോസിറ്റിലേക്ക് പണം പോകുകയുള്ളൂ.

എസ്.ബി.ഐ.യുടേതിനു സമാനമായ ഓട്ടോ സ്വീപ്പ് സൗകര്യമാണ് മിക്ക ബാങ്കുകളും നൽകുന്നത്. എന്നാൽ, എസ്.ബി. അക്കൗണ്ടിലേക്ക് വേണ്ട കുറഞ്ഞ തുകയും നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. 

പിൻവലിക്കുമ്പോൾ
ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിന്നു പണം പിൻവലിക്കുമ്പോൾ എപ്പോഴത്തെ പണമാണ് പിൻവലിക്കുകയെന്ന്‌ നമുക്ക് സംശയമുണ്ടാകാം. ആദ്യം നിക്ഷേപിച്ച തുകയാണോ അവസാനം നിക്ഷേപിച്ച തുകയാണോ പിൻവലിക്കുക? സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവസാനം നിക്ഷേപിച്ച തുക പിൻവലിക്കുന്നതാണ് ബുദ്ധി. ഇങ്ങനെ ക്രമപ്പെടുത്താൻ ഓട്ടോ സ്വീപ്പ് സംവിധാനത്തിൽ കഴിയും. 

അടിയന്തരാവശ്യങ്ങൾക്കുള്ള തുക സേവിങ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മൂന്നു മാസത്തെ ചെലവുകൾ, വായ്പാ തിരിച്ചടവിനുള്ള തുക എന്നിവയ്ക്ക് തുല്യമായ തുക ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച്, അതിൽ ഓട്ടോ സ്വീപ്പ് സംവിധാനം ഏർപ്പെടുത്താം. അത്യാവശ്യ സന്ദർഭങ്ങളിൽ അതിൽനിന്നു പണമെടുക്കാം. അല്ലാത്തപ്പോൾ സേവിങ്‌സ് ബാങ്കിനെക്കാൾ ഉയർന്ന വരുമാനവും ഉറപ്പാക്കാം.  

ഇ-മെയിൽ: sanjeev@progno.co.in