പ്രായവുമായി അനുബന്ധിച്ച് മനുഷ്യന് വേണ്ടിവരുന്ന വിവിധ ചിലവുകള്‍, അവയ്ക്കായി നടത്തേണ്ടുന്ന സാമ്പത്തിക ആസൂത്രണങ്ങള്‍. പലപ്പോഴും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് പറയുമ്പോള്‍ 'നിക്ഷേപകന്‍' എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. പുരുഷന്് മാത്രമാണോ സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യം? സ്ത്രീകള്‍ക്ക് തനതായ ഒരു സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യമുണ്ടോ?

എല്ലാ കാര്യങ്ങളിലും സ്ത്രീ-പുരുഷ സമത്വം എന്നത് ഇന്നിന്റെ പ്രത്യേകതയാണ്. എങ്കില്‍ കൂടി ബയോളജിക്കലായി അവള്‍ക്ക് അവനില്‍ നിന്നുള്ള വ്യത്യാസം, തനതായ ഒര്‍ു സാമ്പത്തികാസൂത്രണം അവള്‍ക്കുണ്ടാകേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നു.

1994-ല്‍ 12,000 രൂപാ ശമ്പളത്തില്‍ എന്‍ഐഐറ്റി എന്ന സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥ ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായി വീട്ടുകാര്യങ്ങള്‍ നോക്കിക്കഴിയുന്നു. അന്ന് തന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് ഇന്ന് 50,000 രൂപയ്ക്ക് മേലാണ് ശമ്പളമെന്ന് പറയുമ്പോഴും അവര്‍ക്ക് കുണ്ഠിതമില്ല. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ വനിതകളുടെ പ്രതിനിധി എന്ന നിലയില്‍ വേണം ഈ കുടുംബിനിയെ കാണാന്‍. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് പ്രാധാന്യം കൊടുക്കുന്ന നമ്മുടെ നാട്ടില്‍ അക്കാരണത്താല്‍ പലപ്പോഴും വനിതകള്‍ക്ക് ഇടയ്ക്കുവച്ച് ജോലി അവസാനിപ്പിക്കേണ്ടി വരിക സ്വാഭാവികം.

പുരുഷനില്‍ നിന്ന് വ്യത്യസ്തമായ നിക്ഷേപ പദ്ധതി സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ടതിന്റെ ഒരു കാരണം മാത്രമാണ് മുകളില്‍ പറഞ്ഞത്. പഴയ കാലം ഒന്നോര്‍മിക്കുക. പാടത്തും പറമ്പത്തും പണി ചെയ്തിരുന്ന സ്ത്രീകളുടെ 'കൂലി' പുരുഷന്റേതിനെ അപേക്ഷിച്ച് കുറവായിരുന്നു. കുറഞ്ഞ കായികാധ്വാനമുള്ള പണികള്‍ക്കേ സ്ത്രീകള്‍ ഉതകൂ എന്നും പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ ജോലിയുടെ നിലവാരം താരതമ്യേന കുറവാണ് എന്നും മറ്റുമുള്ള ന്യായത്തിന്മേലാണത്രേ ഇത്തരത്തില്‍ കുറഞ്ഞ കൂലി നല്‍കികൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇന്ന്, സമസ്തമേഖലകളിലും പുരുഷന്റെയൊപ്പം നില്‍ക്കാനാകുമെന്ന് തെളിയിച്ച് സ്ത്രീകള്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയിരിക്കുന്നു. പക്ഷേ, സ്ഥലം മാറിമാറി പോകാനുള്ള വിമുഖത, ഷിഫ്റ്റ് ജോലികളില്‍ പ്രവേശിക്കാനുള്ള വൈക്ലബ്യം, സമയ ക്ലിപ്തതയില്ലാത്ത ജോലി ഏറ്റെടുക്കാനുള്ള പ്രയാസം - ഇവയൊക്കെ ചില പ്രത്യേക ജോലികള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ഇന്നും ഭൂരിപക്ഷം സ്ത്രീകളേയും പ്രേരിപ്പിക്കുന്നില്ലേ?

ഇക്കാരണങ്ങളാല്‍ തന്നെ ലഭ്യമാക്കപ്പെട്ടേക്കാവുന്ന കുറഞ്ഞ വരുമാനം, ഇടയ്ക്കുവച്ച് ജോലി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം, പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ എന്നു പറയപ്പെടുന്ന സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ഇവയെല്ലാം പുരുഷനില്‍നിന്നും വ്യത്യസ്തമായ ഒരു സാമ്പത്തികാസൂത്രണം സ്ത്രീക്കുണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമാക്കുന്നു.

വരുമാനം നേടിത്തുടങ്ങുന്ന ആദ്യവര്‍ഷങ്ങളില്‍തന്നെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഭാവിയിലേക്ക് കരുതാന്‍ സ്ത്രീകള്‍ക്കാകണം. ഇടയ്ക്കുവച്ച് ജോലി ഉപേക്ഷിക്കേണ്ടുന്ന ഘട്ടം വന്നാല്‍ പോലും ആദ്യവര്‍ഷങ്ങളില്‍ നടത്തിയ പരമാവധി സമ്പാദ്യം പിന്നീടുള്ള വര്‍ഷങ്ങളില്‍ തുണയ്ക്കുമെന്ന് ഉറപ്പ്. വരുമാനം നേടിത്തരുന്നവ തിരഞ്ഞെടുക്കണം എന്നതുപോലെ തന്നെ വരുമാനം ലഭിക്കാതെ ഒരു രൂപാപോലും വെറുതെ കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

സ്ത്രീകള്‍ക്ക് യഥാസ്ഥിതിക മനോഭാവത്തോടെയുള്ള നിക്ഷേപമാവും കൂടുതല്‍ നന്നാവുക. ഓഹരി വിപണിയിലെ നിക്ഷേപവും മറ്റും കൂടുതല്‍ വരുമാനം നേടിത്തന്നേക്കാമെങ്കിലും ആനുപാതികമായി റിസ്‌കും ഉണ്ടെന്ന് അറിഞ്ഞിരിക്കണം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ബാങ്ക്, പോസ്റ്റ് ഓഫീസ്, ട്രഷറി, ഇന്‍ഷുറന്‍സ് മേഖലകളിലെ നിക്ഷേപങ്ങളെക്കുറിച്ചറിഞ്ഞ് അവയില്‍ നിക്ഷേപമാവാം.
സമീപകാലത്ത് വന്ന ഒരു ഭവനവായ്പയുടെ പരസ്യം ഇഎംഐ (Equated monthly installments) യ്ക്ക് പകരം പിഎംഐ (Progressive monthly installments) ആണ് ഈ ഭവനവായ്പയില്‍ വിഭാവനം ചെയ്യുന്നത് എന്നാണ്. അതായത് തുല്യമാസ തവണകള്‍ക്കു പകരം ഉയര്‍ന്നുവരുന്ന മാസതവണകള്‍! ഇപ്പോള്‍ കുറഞ്ഞ വരുമാനം മാത്രമേയുള്ളൂ എന്നോര്‍ത്ത് ലോണെടുക്കാന്‍ മടിക്കേണ്ടെന്നും ഉയരുന്ന മാസവരുമാനത്തോടൊപ്പം മാത്രമേ മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റും ഉയരൂ എന്നുമുള്ള കാര്യം പറഞ്ഞ് ഇപ്പോള്‍ ലോണെടുക്കാനുള്ള പരോക്ഷമായ ആഹ്വാനം.

ലോണ്‍ എടുക്കാന്‍ നിര്‍ബന്ധിതയാവുകയാണെങ്കില്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കേണ്ടത് മറിച്ചൊരു സ്‌കീമാവണം. അതായത്, ഉയര്‍ന്ന തുക ആദ്യമാസങ്ങളില്‍ അടച്ച് ലോണ്‍ ബാധ്യത തീര്‍ക്കാനാകണം സ്ത്രീകളായ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്.

ഇന്‍ഷുറന്‍സിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, ആദ്യ വര്‍ഷങ്ങളില്‍ പ്രീമിയം അടഞ്ഞുതീരുന്ന, കൂടിയ കാലത്തേക്ക് പരിരക്ഷ ലഭ്യമായ സ്‌കീമാവണം സ്ത്രീകള്‍ തിരഞ്ഞെടുക്കേണ്ടത്.

പല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സ്ത്രീകള്‍ക്കു മാത്രമായി ചില സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. പല ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ സ്ത്രീകളുടെ പ്രത്യേകതകള്‍ മനസ്സിലാക്കിത്തന്നെയാവും ഇത്തരം സ്‌കീമുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. ഇത്തരം സ്‌കീമുകളില്‍ നിക്ഷേപം നടത്തുന്നതിനു മുന്‍പ് ഇവയുടെ പ്രത്യേകതകള്‍ വിശദമായി ചോദിച്ചറിയുക.