2008ലെ റിലയന്‍സ് പവറിന്റെ ഐപിഒ പലരും മറന്നുകാണില്ല. അതുവരെ പ്രവര്‍ത്തനംതുടങ്ങാത്ത കമ്പനിക്കുവേണ്ടിയുള്ള ഐപിഒ പ്രഖ്യാപിച്ചപ്പോള്‍ തേനീച്ചക്കൂട്ടത്തെപോലെയാണ് റീട്ടെയില്‍ നിക്ഷേപകര്‍ ഐപിഒയ്ക്കുവേണ്ടി പാഞ്ഞടുത്തത്. നിരവധി പുതുമുഖങ്ങള്‍ ഈഒരു ഓഹരിയിലൂടെ വിപണിയിലേയ്ക്കിറങ്ങാനായി നേരത്തെതന്നെ ട്രേഡിങ് അക്കൗണ്ടെടുത്ത് കാത്തിരുന്നു.

450 രൂപയാണ് ഓഹരിയൊന്നിന് വിലനിശ്ചയിച്ചത്. ഏഴുലക്ഷംകോടി രൂപമൂല്യമുള്ള അപേക്ഷകളാണ് റിലയന്‍സ് പവറിന് ലഭിച്ചത്. അതായത് നിശ്ചയിച്ചതിനേക്കാള്‍ 72 ഇരട്ടി അപേക്ഷകള്‍. 11,600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുംവലിയ ഐപിഒയായി അതുമാറുകയുംചെയ്തു. 

ലിസ്റ്റ് ചെയ്ത് നാലുമിനുട്ടുകൊണ്ട് ഓഹരി വില 355 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഒരുദിവസംകൊണ്ട് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. വിപണിയുടെ സ്വാഭാവംഅറിയാതെ പുതിയതായി വിപണിയിലെത്തിയവര്‍ക്ക് പകച്ചുനില്‍ക്കാനെകഴിഞ്ഞുള്ളൂ. 3ഃ5 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ച് നഷ്ടത്തില്‍ കമ്പനി സഹതാപം പ്രകടിപ്പിച്ചെങ്കിലും വിലതകര്‍ച്ച തുടര്‍ന്നുകൊണ്ടേിരുന്നു. 3.20 രൂപയാണ് എന്‍എസ്ഇയില്‍ ഇപ്പോഴത്തെ ഓഹരി വില. ഒരുവലിയ ബ്രാന്‍ഡിന്റെ പേരില്‍ തുടങ്ങാന്‍ പോകുന്ന കമ്പനിക്കുവേണ്ടിയുള്ള നിക്ഷേപ സമാഹരണം വലിയപാഠമാണ് നിക്ഷേപകരെ പഠിപ്പിച്ചത്. അന്ന് നിക്ഷേപംതുടങ്ങിയവരില്‍ ഭൂരിഭാഗംപേരും ഇന്ന് സജീവമായി വിപണിയിലില്ല.

കോവിഡനന്തര ഇന്ത്യയില്‍ ഇതിനുസമാനമായരീതിയിലാണ് പുതിയതായി റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം കുതിച്ചുകയറിയത്. ഇവയില്‍ ഏറെപ്പേരും ചെറുപ്പക്കാരാണ്. വിപണിയില്‍നിന്ന് എളുപ്പത്തില്‍ ലക്ഷങ്ങള്‍കൊയ്യാമെന്ന സോഷ്യല്‍മീഡിയ പ്രചാരണങ്ങളില്‍ ആകൃഷ്ടരായാണ് പലരുടെയുംവരവ്. കോവിഡിനെ തോല്‍പിച്ച് മാസങ്ങള്‍ക്കുള്ളില്‍ വിപണി റെക്കോഡ് നേട്ടംകൈവരിച്ചതും ഇവര്‍ക്ക് ആവേശംപകര്‍ന്നു. ഒരുമുന്നേറ്റമുണ്ടെങ്കില്‍ തകര്‍ച്ചയുമുണ്ടെന്ന് മനസിലാക്കാതെ കയ്യിലുള്ളപണംമുഴുവന്‍ വിപണിയിലിറക്കിയവരുമുണ്ട്. വിപണിയില്‍ വരുംദിവസങ്ങളിലുണ്ടാകാന്‍പോകുന്ന തകര്‍ച്ചയെ അതിജീവിക്കാന്‍ പുതയനിക്ഷേപകര്‍ക്കുകഴിയുമോ? 2008 സംഭവിച്ചതുപോലെ എല്ലാം ഉപേക്ഷിച്ച് കളംവിടേണ്ടിവരുമോ?

വിപണിയിലെ ഇടിവ് അതിജീവിക്കാനും അത് മികച്ചനേട്ടത്തിനുള്ളവഴിയാക്കാനുമുള്ള സാധ്യതകള്‍ പരിശോധിക്കാം. 

എമര്‍ജന്‍സിഫണ്ട്
കയ്യിലുള്ള പണംമുഴുവന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചയാളാണോ നിങ്ങള്‍? എങ്കില്‍ ലാഭത്തേക്കാള്‍ നഷ്ടമായിരിക്കും കാത്തിരിക്കുന്നത്. നിത്യജീവിതത്തിലെ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ എമര്‍ജന്‍സി ഫണ്ട് കരുതിവെച്ചിട്ടുവേണം ഓഹരി നിക്ഷേപത്തിനിറങ്ങാന്‍. അല്ലെങ്കില്‍ അത്യാവശ്യഘട്ടംവന്നാല്‍ ഓഹരിയില്‍നിന്ന് പണംപിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും. ആറുമാസത്തേയ്‌ക്കെങ്കിലും ചെലവിനുള്ള തുക ഇതിനായി നീക്കിവെയ്ക്കാം. 

സ്ഥിരനിക്ഷേപവുംവേണം
ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി സ്ഥിരനിക്ഷേപ പദ്ധതികളില്‍ പണമുണ്ടാകണം. എല്ലാ നിക്ഷേപവും ഓഹരിയില്‍തന്നെയാകരുത്. പ്രായത്തിനനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഡെറ്റ് പദ്ധതികളില്‍ മുടക്കണം.30വയസ്സുകാരനാണെങ്കില്‍ 70ശതമാനം നിക്ഷേപവും ഓഹരിയിലാകാം. 50വയസ്സുള്ളയാളാണെങ്കില്‍ 50ശതമാനത്തിലൊതുക്കാം. ഇത്തരത്തില്‍ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കുന്നതിലൂടെ വിപണിയില്‍ ഇടപെടാന്‍ എക്കാലത്തും കരുത്തുണ്ടാകും. 

അഞ്ചുവര്‍ഷത്തേയ്ക്ക് ആവശ്യമില്ലാത്തപണം 
ദീര്‍ഘകാലലക്ഷ്യത്തോടെ ചിട്ടയോടെ നിക്ഷേപിച്ചാല്‍മാത്രമെ ഓഹരി വിപണിയില്‍നിന്ന് മികച്ചനേട്ടം സ്വന്തമാക്കാന്‍ കഴിയൂ. ചിലപ്പോള്‍ ദീര്‍ഘകാലം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നേക്കാം. വിപണിയുടെ ചാഞ്ചാട്ടസ്വാഭാവമാണ് അതിനുപിന്നില്‍. അതുതന്നെയാണ് വിപണിയിലെ നേട്ടസാധ്യതയും. അതിനാലാണ് ഓഹരി വിപണിയിലെ നിക്ഷപത്തിന് റിസ്‌കുണ്ട് എന്നുപറയുന്നത്. നിശ്ചിതകാലയളവില്‍ നിശ്ചിതശതമാനം ആദായം പ്രതീക്ഷിക്കാതെ നിക്ഷേപിക്കാന്‍ കഴിയണം. അഞ്ചുവര്‍ഷത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രമെ ഓഹരിയില്‍ മുടക്കാവൂ.

അച്ചടക്കമുള്ള സമീപനം
വിപണി കുതിച്ചുകയറുമ്പോള്‍ ഇടയ്‌ക്കൊക്കെ തിരുത്തല്‍ സ്വാഭാവികമാണ്. മികച്ച ഓഹരികളില്‍ ഘട്ടംഘട്ടമായി ദീര്‍ഘകാലലക്ഷ്യത്തോടെ മുന്നേറുന്നവര്‍ക്ക് വിപണി എന്നും മികച്ച ആദായമെ നല്‍കിയിട്ടുള്ളൂ. ക്ഷമയും അച്ചടക്കവുമുള്ള നിക്ഷേപസമീപനം പിന്തുടരുന്നതാകുംനല്ലത്.

വികാരങ്ങളെ നിയന്ത്രിക്കുക
ഭയം, അത്യാഗ്രഹം എന്നിവ ഓഹരി നിക്ഷേപകരുടെ നിഘണ്ടുവില്‍ ഉണ്ടാകരുത്. ഇത്തരം വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മമൂലം നിരവധി നിക്ഷേപകര്‍ക്ക് പണംനഷ്ടമായിട്ടുണ്ട്. ബുള്‍മാര്‍ക്കറ്റില്‍ പെട്ടെന്ന് സമ്പത്തുണ്ടാക്കാമെന്ന മോഹത്തെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഹരി വിപണിയില്‍നിന്ന് കോടികള്‍ സമ്പാദിച്ചവരുടെ കഥകള്‍കേള്‍ക്കുമ്പോള്‍ അത്യാഗ്രഹം വര്‍ധിക്കുന്നു. റിസ്‌ക് മനസിലാക്കാതെ ഊഹക്കച്ചവടത്തിനിറങ്ങാനുള്ള പ്രേരണയാകുംഅത്. അറിയാത്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനും ഫ്യൂച്ചേഴ്‌സില്‍ ഭാഗ്യംപരീക്ഷിക്കുന്നതിനും അത് നിക്ഷേപകനെ പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ അപകടത്തില്‍ചാടുമെന്നുറപ്പാണ്. വിപണി തകര്‍ന്നുതുടങ്ങുമ്പോള്‍ പരിഭ്രാന്തരായി കനത്ത നഷ്ടത്തില്‍ ഓഹരികള്‍ വിറ്റൊഴിയാനുള്ള പ്രേരണയുണ്ടാകും. ഓഹരിനിക്ഷേപകുണ്ടാകുന്ന മോശംവികാരങ്ങളാണ് ഭയവും അത്യാഗ്രഹവും. ഈവികാരങ്ങളായിരിക്കരുത് ഒരുനിക്ഷേപകനെ നയിക്കേണ്ടത്.

യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുക
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികലക്ഷ്യങ്ങള്‍ ക്രമീകരിക്കരുത്. ഉദാഹരണത്തിന് സമീപകാലത്തെ ബുള്‍ റണില്‍ ധാരാളം ഓഹരികള്‍ 100ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയെന്നുകരുതി ഭാവിയില്‍ ലഭിച്ചേക്കാവുന്ന ആദായം കണക്കാക്കരുത്. ദീര്‍ഘകാലയളവില്‍ 12ശതമാനത്തിലേറെ ആദായം പോര്‍ട്ട്‌ഫോളിയോയില്‍നിന്ന് ലഭിച്ചാല്‍തന്നെ അത് മികച്ചതായി കരുതുക. 

നിക്ഷേപിക്കുംമുമ്പ് ഗവേഷണംനടത്തുക
അപൂര്‍വമായിമാത്രം നടക്കുന്നകാര്യമാണ് നിക്ഷേപിക്കുംമുമ്പ് ശരിയായി ഗവേഷണം നടത്തുകയെന്നത്. സുഹൃത്തുക്കളും ഓഹരി ബ്രോക്കര്‍മാരുംനല്‍കുന്ന വിവരത്തെ അടിസ്ഥാനമാക്കിയാകും പലരും ഓഹരി വാങ്ങുന്നത്. ഓഹരിയിലല്ല കമ്പനിയുടെ ബിസിനസിലാണ് നിക്ഷേപിക്കുന്നതെന്ന മനോഭാവത്തോടെ മികച്ചവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിചെയ്യുന്ന ബിസിനസിനെക്കുറിച്ചും പ്രവര്‍ത്തന മികവിനെക്കുറിച്ചും വ്യക്തമായധാരണയുമുണ്ടായിരിക്കണം.

മികച്ച പോര്‍ട്ട്‌ഫോളിയോ
വിവിധ സെക്ടറുകളിലെ മികച്ച ഓഹരികളിലായി നിക്ഷേപം ക്രമീകരിച്ച് ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നരീതി സ്വീകരിക്കുക. നിക്ഷേപകന്റെ റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസൃതമായിരിക്കണം ഈ വൈവിധ്യവത്കരണം. അതിനായി മികച്ച അഞ്ച് ഓഹരികള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ കത്യമായി അവയെ നിരീക്ഷിച്ച് യോജിച്ചസമയത്ത് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാകും.

feedbacks to:
antonycdavis@gmail.com

കുറിപ്പ്: ലോകപ്രശസ്ത ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ വാക്കുകള്‍ കടമെടുക്കാം. മറ്റുള്ളവര്‍ അത്യാഗ്രഹികളാകുമ്പോള്‍ ഭയപ്പെടുക. മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ അത്യാഗ്രഹികളാകുക. അതായത് വിപണി കൂപ്പുകുത്തുമ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുക. വിപണികുതിക്കുമ്പോള്‍ (ഓഹരി വാങ്ങാന്‍) ഇടിവിനായി കാത്തിരിക്കുക. ചിട്ടയായി നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല. അവര്‍ മികച്ച ഓഹരികളില്‍ നിക്ഷേപം തുടരട്ടെ. മിച്ചമുള്ള പണംമാത്രം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. വായ്പയെടുത്ത് ഓഹരിയില്‍ മുടക്കരുത്.