ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് വിജിത്ത്. 30വയസ്സ് പിന്നിട്ടിരിക്കുന്നു. വിവാഹിതനാണ്. 10 വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിൽ സംരംഭംതുടങ്ങണമെന്നാണ് വിജിത്തിന്റെ ആഗ്രഹം. അതിനായി പരമാവധിതുക സമാഹരിക്കുകയാണ് ലക്ഷ്യം. പ്രതിമാസം 90,000 രൂപയാണ് വരുമാനം. ആദ്യകാലത്ത് കുടുംബം കൂടെയുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെ നാട്ടിലേയ്ക്കയച്ചു. 

മ്യച്വൽ ഫണ്ടിലും ഓഹരിയിലുമൊക്കെ നിക്ഷേപമുണ്ടെങ്കിലും അതിൽനിന്ന് മികച്ച ആദായം ഇതുവരെ ലഭിച്ചില്ലെന്നാണ് അദ്ദേഹം ഇ-മെയിലിലൂടെ ആക്ഷേപമുന്നയിച്ചത്. ആരെങ്കിലുമൊക്കെ നല്ലതെന്ന് പറയുന്ന ഓഹരികൾ പലപ്പോഴായി വാങ്ങിക്കൂട്ടുക പതിവായിരുന്നു. അവയിൽ പലതും ഇപ്പോഴും നഷ്ടത്തിലാണ്. 

മികച്ച രീതിയിൽ ഓഹരി പോർട്ട്‌ഫോളിയോ കൈകാര്യംചെയ്യാൻ വിജിത്തിനായില്ല. വിജിത്തിനെപ്പോലെ സംശയമുന്നയിച്ച നിരവധിപേർക്ക് അതിന് പരിഹാരമായി ഇടിഎഫിലെ നിക്ഷേപം മുന്നോട്ടുവെക്കുന്നു. ഫ്രീഡം@40 സീരിസിൽ ഇടിഎഫിനെക്കുറിച്ച് പരാമർശിച്ചപ്പോൾ വിശദാംശങ്ങൾതേടിയവർക്കും ഈ 'പാഠം' ഉത്തരംനൽകും. മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മികച്ച വൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഓഹരികൾക്ക് ബദലായി ഇടിഎഫുകൾ നൽകുന്നത്. 

ഓഹരിയിൽ നിക്ഷേപിക്കുന്നവരിൽ പലർക്കും അറിയാത്ത നിക്ഷേപ പദ്ധതിയാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ്(ഇടിഎഫ്). ഒരുകൂട്ടം ഓഹരികളിലാണ് ഇടിഎഫുകൾ നിക്ഷേപം നടത്തുന്നത്. നിഫ്റ്റി, സെൻസെക്‌സ് പോലുള്ള സൂചികകളെ അതേപടി പിന്തുടരുന്നവയുമാകും ഇവ. മ്യൂച്വൽ ഫണ്ട്-ഓഹരി എന്നിവയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ് ഇടിഎഫുകൾ എന്നുചരുക്കം. 

2001ലാണ് രാജ്യത്ത് ഇടിഎഫ് അവതരിപ്പിച്ചതെങ്കിലും നിക്ഷേപക ശ്രദ്ധേനേടാൻ 2015വരെ കാത്തിരിക്കേണ്ടിവന്നു. അഞ്ചുവർഷത്തിനിടയിൽ ഇടിഎഫുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ 75ശതമാനം വാർഷിക വളർച്ചനേടി. 2016 ഫെബ്രുവരിയിലെ 17,600 കോടി രൂപയിൽനിന്ന് 2021 ഫെബ്രുവരി ആയപ്പോൾ 2.87 ലക്ഷംകോടി രൂപയായി ആസ്തി ഉയർന്നു. 

രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് എന്നീ മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി 100 ഇടിഎഫുകൾ ഉണ്ട്. 78 സ്‌കീമുകളിലായി 2.48 ലക്ഷംകോടി രൂപ കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഇടിഎഫുകളാണ് അതിൽ മുന്നിൽ. 12 ഡെറ്റ് ഇടിഎഫുകളിലായി 33,700 കോടിയിലേറയും 10 ഗോൾഡ് ഇടിഎഫുകളിലായി 14,000 കോടി രൂപയുമാണ് മൊത്തം ആസ്തിയുള്ളത്.

എന്തുകൊണ്ട് ഇടിഎഫ്?

നേട്ടങ്ങൾ പരിശോധിക്കാം
ലളിതമായി കൈകാര്യംചെയ്യുന്നു: ഒരു നിശ്ചിത സൂചികയെ പിന്തുടരുന്നവയാകും ഇടിഎഫുകൾ. അതുകൊണ്ടുതന്നെ ആ സൂചികയിലെ ഉയർച്ചയും താഴ്ചയും അതേ വിഭാഗത്തിലെ ഇടിഎഫിൽ പ്രതിഫലിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ പ്രതീക്ഷയുള്ളവരാണെങ്കിൽ സെൻസെക്‌സ്, നിഫ്റ്റി ഇടിഎഫുകളിൽ നിക്ഷേപിക്കാം. 

കുറഞ്ഞ ചെലവ്:  സജീവമായി കൈകാര്യംചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഫണ്ട് പരിപാലനചെലവായി നിക്ഷേപകരിൽനിന്ന് ഈടാക്കുക. അടിസ്ഥാന സൂചികയോടൊപ്പം നീങ്ങുന്നതിനാൽ സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിലേതുപോലുള്ള ഇടപെടൽ ഇവിടെ ആവശ്യമായിവരുന്നില്ല. അതുകൊണ്ടാണ് ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ കുറഞ്ഞതുക ഇടിഎഫുകളിൽ ഈടാക്കുന്നത്. 

വൈവിധ്യത്കരണം: ഓഹരികളിൽ നേരിട്ട് നിക്ഷേപിച്ചാൽ കൃത്യമായി എങ്ങനെ വൈവിധ്യവത്കരണം സാധ്യമാകും? ഏതൊക്കെ സെക്ടറുകളിലെ ഏതൊക്കെ ഓഹരികളിൽ നിക്ഷേപിക്കണമെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയുമോ?  അതിന് പരിഹാരമാണ് ഇടിഎഫുകൾ. കുറഞ്ഞ നിക്ഷേപതുകയിൽപോലും സൂക്ഷ്മമായി പരമാവധി വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫുകൾ നൽകുന്നത്. 

സുതാര്യത: നിക്ഷേപിച്ചിട്ടുള്ള ഇടിഎഫിന്റെ മൂല്യം തത്സമയം അറിയാൻ കഴിയും. അതിലൂടെ ആദായം എത്രയെന്ന് കണ്ടെത്താം. നിക്ഷേപ പോർട്ട്‌ഫോളിയോ അടിസ്ഥാന സൂചികയ്ക്ക് സമാനമായതിനാൽ ഏതൊക്കെ ഓഹരികളിലാണ് നിക്ഷേപമെന്ന് വിലയിരുത്താനുംകഴിയും.

ആർക്കാണ് അനുയോജ്യം
രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് ദീർഘകാലയളവിൽ മികച്ചനേട്ടം ആഗ്രഹിക്കുന്നവർക്കെല്ലാം ഇടിഎഫിൽ നിക്ഷേപംനടത്താം. മൂലധനനേട്ടം പരമാവധി സ്വന്തമാക്കുന്നതിനുള്ള ലളിതമായ നിക്ഷേപ പദ്ധതിയാണിത്. ഓഹരി പോർട്ട്‌ഫോളിയോ കൈകാര്യംചെയ്യുന്നതിന് വേണ്ടത്ര സമയമില്ലെങ്കിൽ ഇടിഎഫ് പരിഹാരമാണ്. 

നിങ്ങൾ പുതിയ നിക്ഷേപകനോ ഓഹരികളെക്കുറിച്ചോ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചോ കാര്യമായ ധാരണയില്ലാത്തയാളോ ആണെങ്കിൽ ഇടിഎഫുകളിൽനിന്ന് തുടങ്ങുന്നത് ഗുണംചെയ്യും. പരിചയസമ്പന്നനായ നിക്ഷേപകനാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ ഒരുഭാഗം ഇടിഎഫിൽ നിക്ഷേപിക്കുന്നത് മികച്ച വൈവിധ്യവത്കരണത്തിന് സഹായിക്കുകയുംചെയ്യും. പ്രതിമാസം നിശ്ചിതതുക എസ്‌ഐപിയായി നിക്ഷേപിക്കുന്നരീതി പിന്തുടരുക.

ഇടിഎഫ് എങ്ങനെ തിരഞ്ഞെടുക്കും?
ഇടിഎഫുകളുടെ ലോകവും വിശാലമാണ്. സെൻസെക്‌സ്, നിഫ്റ്റി എന്നിവയെ അടിസ്ഥാനമാക്കിതന്നെ 26 ഇടിഎഫുകളുണ്ട്. അവയെല്ലാം ഒരേ സൂചികയെ പിന്തുടരുകയാണെങ്കിൽ അവതമ്മിൽ എന്താണ് വ്യത്യാസംഎന്ന് തോന്നിയേക്കാം. താഴെപറയുന്നകാര്യങ്ങൾ കൂടുതൽ വ്യക്തതതരും.

അടിസ്ഥാന സൂചിക: ഏത് സൂചികയെ അടിസ്ഥാനമാക്കി നിങ്ങുന്ന ഇടിഎഫിൽ നിക്ഷേപിക്കണമെന്ന് ആദ്യം തീരുമാനിക്കുക. സെൻസെക്‌സിലും നിഫ്റ്റിയിലുമുള്ളത് ലാർജ് ക്യാപ് ഓഹരികളാണ്. ഈ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ലാർജ് ക്യാപ് ഓഹരികളിലാണ് നിക്ഷേപം നടത്തുന്നതെന്ന് മനസിലാക്കാം. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപംനടത്തുന്ന ഇടിഎഫുകൾ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളിലാകും നിക്ഷേപം നടത്തുന്നത്. 

CHART1

പണമാക്കൽ(ദ്രവ്യത): ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം എളുപ്പത്തിൽ നിക്ഷേപിക്കാനും നിക്ഷേപംപിൻവലിക്കാനും കഴിയുമോയെന്നതാണ്. അതുകൊണ്ടുതന്നെ ഉയർന്ന ട്രേഡിങ് വോള്യമുള്ള ഇടിഎഫ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓഹരിയിലെ നിക്ഷേപത്തിന്റെകാര്യംപോലതന്നെയാണിത്. വേണ്ടത്ര വാങ്ങൽ വിൽക്കലുകൾ വിപണിയിൽ നടന്നില്ലെങ്കിൽ ഓഹരികളെപ്പോലെ വാങ്ങാനും ആവശ്യമുള്ളപ്പോൾ വിൽക്കാനും കഴിഞ്ഞെന്നുവരില്ല.  

സൂചികയോടൊത്തുള്ള നീക്കം: ഇടിഎഫ് അതിന്റെ അടിസ്ഥാന സൂചികയെ എത്രത്തോളം അനുകരിക്കുന്നുണ്ടെന്നതിന് തെളിവ് പ്രതിഫലിപ്പക്കുന്നതാണിത്. ഉദാഹരണത്തിന് നിഫ്റ്റി രണ്ടുശതമാനം നേട്ടത്തിലാണെങ്കിൽ അതേസൂചികയെ പിന്തുടരുന്ന ഇടിഎഫും രണ്ടുശതമാനംനേട്ടത്തിലായിരിക്കും. 

ചെലവ്: ഇടിഎഫോ മ്യൂച്വൽ ഫണ്ടോ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ചെലവ് അനുപാതം ശ്രദ്ധിക്കേണ്ടതുണ്ട്. ഫണ്ടുകളുടെകാര്യത്തിൽ ചെലവിനേക്കാൽ മുൻഗണന പ്രകടനത്തിന് നൽകേണ്ടിവന്നേക്കാം. എന്നാൽ ഇടിഎഫുകളുടെകാര്യത്തിൽ, അടിസ്ഥാന സൂചികയോടൊപ്പമണ് ചലിക്കുന്നതെങ്കിൽ ചെലവ് കുറഞ്ഞ ഇടിഎഫിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത്, ഒരേ സൂചിക ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ താരതമ്യംചെയ്യുമ്പോൾ ചെലവുകുറഞ്ഞത് തിരഞ്ഞെടുക്കാം. 

എങ്ങനെ നിക്ഷേപിക്കും
എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇടിഎഫ്)നിക്ഷേപിക്കുന്നതിന് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതേസമയം, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനാകട്ടെ ഈ അക്കൗണ്ടുകൾ ആവശ്യമില്ല. ഇവ ഇല്ലാത്തവർക്ക് ഇടിഫിൽ നിക്ഷേപംനടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലോ(എഫ്ഒഎഫ്)ഇൻഡക്‌സ് ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്. ഇതേക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്: രാജ്യത്തെ ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകൾക്കുപുറമെ, ആഗോള ഓഹരി സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപിക്കുന്നവയുമുണ്ട്. കൂടുതൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇടിഎഫിലും ഗോൾഡ് ഇടിഎഫിലും നിശ്ചിത ശതമാനം തുക നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ നിഫ്റ്റി 50 ഇടിഎഫിനുപകരം കൂടുതൽ വളർച്ചാസാധ്യതയുള്ള ഓഹരികളിൽ നിക്ഷേപംനടത്തുന്ന നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് തിരഞ്ഞെടുക്കാം.